Breaking News

കോവില്‍ത്തോട്ടത്തിന്റെ കണ്ണീര്‍

കോവില്‍ത്തോട്ടത്തിന്റെ കണ്ണീര്‍

ചരിത്രത്തിലൂടെ
കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കടലോര ഗ്രാമമാണ് കോവില്‍ത്തോട്ടം. സമ്പുഷ്ടമായ കരിമണല്‍കൊണ്ട് സമ്പന്നം. മത്സ്യത്തൊഴിലാളികള്‍ അധിവസിച്ചിരുന്ന ഗ്രാമം. പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ദേശീയജലപാത. ഇവയ്ക്ക് മധ്യത്തിലായി ഏകദേശം ഒന്നര കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഭൂപ്രദേശം. ഏതാണ്ട് 500 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. തെങ്ങും മാവും മറ്റു ഫലവൃക്ഷങ്ങളും ഇവിടെ സമൃദ്ധമായി വളര്‍ന്നിരുന്നു. ചുറ്റുപാടും ഉപ്പ് ജലാശയങ്ങളാണെങ്കിലും കിണറുകളിലെ ശുദ്ധമായ കുടിവെള്ളം ദേശത്തിന്റെ അനുഗ്രഹവുമായിരുന്നു.
ഏഷ്യയിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലത്ത് 1398ല്‍ സ്ഥാപിതമായ ചിരപുരാതനമായ സെന്റ് ആന്‍ഡ്രൂസ് ദേവാലയം, 120 വര്‍ഷം പഴക്കമുള്ള സെന്റ് ലിഗോരിയോസ് എല്‍പി സ്‌കൂള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള സെമിത്തേരി എന്നിവ പ്രദേശത്തിന്റെ വിലപിടിച്ച പൈതൃകങ്ങളാണ്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട വിശ്വാസചൈതന്യത്തില്‍ ജീവിച്ച ഒരു ജനതയുടെ കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായി കെട്ടിപ്പടുത്തതാണ് കോവില്‍ത്തോട്ടം എന്ന സുന്ദരമായ പ്രദേശം.
കോവില്‍ത്തോട്ടം പാക്കേജും കുടിയൊഴിപ്പിക്കലും
ചവറ കെഎംഎംഎല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ കരിമണല്‍ ലഭിക്കാതെ കമ്പനി അടച്ചുപൂട്ടല്‍ നേരിട്ട ഘട്ടത്തിലാണ് കോവില്‍ത്തോട്ടത്തെ കരിമണല്‍ നോട്ടമിട്ട് കമ്പനി മാനേജിമെന്റ് പ്രദേശത്ത് തമ്പടിച്ചത്. തുടര്‍ന്ന് പ്രമുഖരുടെ സാന്നിധ്യത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. പ്രലോഭനങ്ങളും വാഗ്ദാനങ്ങളും സമ്മര്‍ദ്ദതന്ത്രങ്ങളുമെല്ലാം അരങ്ങു തകര്‍ത്തു. സംസ്ഥാനത്തെ രണ്ട് മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സഭാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പല തവണ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ കരാറിന് അന്തിമരൂപം നല്കിയത്.
ഭൂമിയുടെ വില ഉള്‍പ്പെടെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുള്ള അവകാശങ്ങളോ നിയമപരമായ നഷ്ടപരിഹാരമോ നേടിയെടുക്കുന്നതിന് പ്രദേശവാസികള്‍ക്ക് സാധിച്ചില്ല. ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും അനൈക്യംസൃഷ്ടിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ നടത്തി. ഈ അനൈക്യം മുതലെടുത്താണ് സ്ഥലമെടുപ്പ് എളുപ്പത്തിലാക്കിയത്.
കുടിയൊഴിപ്പിക്കല്‍ കരാര്‍ കോവില്‍ത്തോട്ടം പാക്കേജ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ജനാധിപത്യഭരണസംവിധാനമുള്ള ഈ നാട്ടില്‍ ഇത്തരം ഒരു കരാറിന് നിയമപരമായ നിലനില്പും ജനാധിപത്യപരമായ ഉറപ്പും ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയും വീടും വിട്ടുനല്കിയത്.
ഭൂമി നല്കി 3 വര്‍ഷത്തിനകം ഖനനഭൂമി നികത്തി വാസയോഗ്യമാക്കി പുനരധിവാസത്തിനായി തിരികെ ജനങ്ങള്‍ക്ക് നല്കും. അതിന് സാധിച്ചില്ലെങ്കില്‍ ഒരു കുടുംബത്തിന് വാടക ഇനത്തില്‍ 75,000 രൂപ നല്കും. കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍, ദേവാലയത്തിന്റെയും അനുബന്ധസ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്തും എന്നിവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍. പുനരധിവാസത്തിനുള്ള ഭൂമിയും ഉപജീവനത്തിനായി തൊഴിലും ലഭിക്കുമെന്ന വ്യവസ്ഥയില്‍ വിശ്വസിച്ചാണ് നഷ്ടപരിഹാരത്തുക കുറവായിരുന്നിട്ടും ഭൂമിവിട്ടുനല്കാന്‍ ജനങ്ങള്‍ തയ്യാറായത്. കുടിയൊഴിപ്പിക്കലിനെ തുടര്‍ന്ന് കരിമണല്‍ഖനനം നടത്തി കമ്പനി കോടിക്കണക്കിനു രൂപയുടെ ലാഭവും കൊയ്തു. ഏകദേശം 10 വര്‍ഷമായിട്ടും കരാര്‍ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതില്‍ കമ്പനി മാനേജ്‌മെന്റ് ഗുരുതരമായ വീഴ്ചയും നിയമലംഘനവും നടത്തിവരുന്നു.
കരാര്‍ലംഘനം ഇങ്ങനെ
കരാര്‍ പ്രകാരം 2015 ഒക്ടോബര്‍ 21 ന് പുനരധിവാസത്തിനായി ലഭിക്കേണ്ടിയിരുന്ന ഭൂമി നല്കിയില്ലെന്നു മാത്രമല്ല കഴിഞ്ഞ 2 വര്‍ഷമായി വീട്ടുവാടക പോലും നിഷേധിച്ചിരിക്കുകയാണ്. ഇതുമൂലം പലരും വാടകവീടുകളില്‍ നിന്നും ഒഴിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഏകദേശം 450 പേര്‍ക്ക് കുറച്ചുകാലം പേരിനു മാത്രം തൊഴില്‍ നല്കിയിരുന്നു. ജനങ്ങളെ ഒന്നടങ്കം വഞ്ചിക്കാനുള്ള തന്ത്രമായിരുന്നു അത്. ഉണ്ടായിരുന്ന തൊഴില്‍ നഷ്ടപ്പെടുത്തിയാണ് പലരും കമ്പനിയില്‍ ജോലിക്ക് എത്തിയത്. അവരും കുടുംബങ്ങളും ഇപ്പോള്‍ തീരാദുരിതത്തിലാണ്.
അശാസ്ത്രീയവും നിയമവിരുദ്ധവുമായ ഖനനത്തെത്തുടര്‍ന്ന് ദേവാലയത്തിന്റെ തെക്കും വടക്കും പ്രദേശങ്ങള്‍ വലിയ ഗര്‍ത്തങ്ങളായി മാറി. ഏകദേശം 60 അടി താഴ്ചയില്‍ രൂപപ്പെട്ട കുഴികളും കടലുമായി 10 മീറ്ററിന്റെ ദൂരവ്യത്യാസമേ ഉള്ളൂ. ഒരു ചെറിയ കടല്‍ക്ഷോഭം ഉണ്ടായാല്‍പോലും ഈ ചെറിയ മണ്‍തിട്ടകള്‍ തകര്‍ത്ത് കുഴിയിലെ വെള്ളവുമായി കടല്‍ ഒന്നാകും. അത് ദേശീയ ജലപാതയുമായി ചേര്‍ന്നാല്‍ വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും.
പാരിസ്ഥിതികമായി തകര്‍ക്കപ്പെട്ടതിനാല്‍ ദേവാലയവും സെമിത്തേരിയും കടലാക്രമണഭീഷണിയിലാണ്. അടുത്ത മഴക്കാലത്തിനു മുമ്പ് കടലാക്രമണ പ്രതിരോധ നടപടികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ദേവാലയം ഉള്‍പ്പെടെയുളള സ്ഥാപനങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കും. ശാസ്ത്രീയരീതിയില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് വര്‍ഷങ്ങളായി കമ്പനിയുടെ ഫയലുകളില്‍ വിശ്രമിക്കുകയാണ്. തീരവും അവിടുത്തെ സ്ഥാപനങ്ങളും സംരക്ഷിക്കുമെന്ന കരാര്‍ വ്യവസ്ഥ നടപ്പിലാക്കാത്ത കമ്പനിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഈ പ്രദേശത്തെ എല്ലാ ജലസ്രോതസുകളിലും ഖനനശേഷം ഉപ്പുവെള്ളമായി. ദേവാലയത്തിലെയും പാരീഷ്ഹാളിലെയും ആവശ്യത്തിനുള്ള കുടിവെള്ളത്തിന് ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. കുടിവെള്ള വിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും കമ്പനി നിരാകരിച്ചിരിക്കുകയാണ്.
സഭയുടെ ഇടപെടല്‍
കോവില്‍ത്തോട്ടം പാക്കേജുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ക്കും നീതിയ്ക്കും വേണ്ടിയുള്ള ജനങ്ങളുടെ കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടിവന്നെങ്കിലും യാതൊരു പരിഹാരവും ഉണ്ടായില്ല. ജനങ്ങള്‍ നിരാശരായി. നിസാഹായരായ ജനങ്ങളുടെ രോദനങ്ങള്‍ക്ക് ഉത്തരം നല്കാന്‍ അധികാരികളാരും മുന്നോട്ടു വന്നില്ല. ദീര്‍ഘനാളായി നീതി നിഷേധിക്കപ്പെട്ടുകൊണ്ടിരുന്ന ജനതയുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടിത്തരുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും കാണിച്ച അനാസ്ഥയും അവഗണനയും ഏറെ ദുഃഖകരമാണ്. ഇടവകസമൂഹം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയെ സന്ദര്‍ശിച്ച് തങ്ങള്‍ നേരിടുന്ന വിഷമാവസ്ഥകള്‍ ബോധ്യപ്പെടുത്തി. പ്രശ്‌നം വളരെ ഗുരുതരമാണെന്നും സഭ വേദനിക്കുന്നവരുടെ കൂടെ എപ്പോഴുമുണ്ടാകുമെന്നും ബിഷപ് ഉറപ്പു നല്കി. ഇതിനെ തുടര്‍ന്ന് രൂപതാ തലത്തില്‍ വൈദികരുടെ യോഗങ്ങളിലും അല്മായ സംഘടനാ യോഗങ്ങളിലും പ്രശ്‌നം ഉന്നയിക്കപ്പെടുകയും ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇടവക തലത്തില്‍ അജപാലന സമിതിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും തൊഴിലാളികളുടെയും യോഗങ്ങള്‍ സംഘടിപ്പിച്ചു. വികാരി ഫാ. ആബേല്‍ ലക്ഷ്യസ് ചെയര്‍മാനായി അജപാലന സമിതി, തൊഴില്‍ഫോറം, പുനരധിവാസ കമ്മിറ്റി തുടങ്ങിയവ ഉള്‍പ്പെട്ട സമരസമിതിക്ക് രൂപം നല്കി. വിവിധ തലങ്ങളില്‍ നടന്ന കൂട്ടായ ചര്‍ച്ചകളുടെയും വിചിന്തനത്തിന്റെയും ഫലമായാണ് ഈ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ കൊല്ലം രൂപതാ സഭാനേതൃത്വം തീരുമാനമെടുത്തത്.
ഉപവാസയജ്ഞം
പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി കെഎംഎംഎല്‍ കമ്പനിയുടെ പടിക്കല്‍ 2019 മാര്‍ച്ച് 6ന് ഉപവാസയജ്ഞം സംഘടിപ്പിച്ചു. ക്ഷാരബുധനാഴ്ചയായിരുന്ന അന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയാണ് ഉപവാസം ഉദ്ഘാടനം ചെയ്തത്. പുനരധിവാസത്തിനായി ഭൂമി നല്കുക, തൊഴിലാളികള്‍ക്ക് ഇടക്കാലാശ്വാസ ധനവും സ്ഥിരവരുമാനമുള്ള തൊഴിലും നല്കുക, വീട്ടുവാടക അടിയന്തരമായി അനുവദിക്കുക, കടല്‍ഭിത്തിയോടു കൂടിയ പുലിമുട്ട് നിര്‍മിച്ച് ദേവാലയം, സെമിത്തേരി, സ്‌കൂള്‍ എന്നിവ സംരക്ഷിക്കുക, കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസസമരം സംഘടിപ്പിച്ചത്. വ്യവസായത്തിനോ വികസനത്തിനോ സഭ എതിരല്ലെന്നും ജനങ്ങളുടെ അവകാശങ്ങളും സാമൂഹ്യനീതിയും നിഷേധിച്ചാല്‍ ശക്തമായ സമരപോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്നും ബിഷപ് പോള്‍ മുല്ലശേരി മുന്നറിയിപ്പ് നല്കി. വികാര്‍ ജനറല്‍ മോണ്‍. വിന്‍സെന്റ് മച്ചാഡോ ഉള്‍പ്പെടെ രൂപതയിലെ നൂറോളം വൈദികരും സന്യസ്തരും കെഎല്‍സിഎ, കെസിവൈഎം, കെഎല്‍സിഡബ്ല്യുഎ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ രൂപതാ നേതാക്കന്മാരും അല്മായരും ഉപവാസത്തില്‍ സംബന്ധിച്ചു. അതിജീവനം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യവുമായി ദേവാലയത്തില്‍ നിന്ന് പ്രകടനമായാണ് ജനങ്ങള്‍ ഉപവാസപന്തലിലെത്തിയത്.
വിമോചനയാത്ര
അശാസ്ത്രീയമായ ഖനനം മൂലം പാരിസ്ഥിതികമായും സാമൂഹികവുമായും തകര്‍ക്കപ്പെട്ട കോവില്‍ത്തോട്ടം പ്രദേശത്തിന്റെ പുനര്‍നിര്‍മാണത്തിനായി 2019 മാര്‍ച്ച് 24ന് വിമോചന പ്രാര്‍ഥനാ യാത്ര സംഘടിപ്പിച്ചു. ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തില്‍ കത്തിച്ച തിരികളുമായി തകര്‍ക്കപ്പെട്ട പ്രദേശത്തുകൂടി വൈദികരും സന്യസ്തരും ആയിരക്കണക്കിന് വിശ്വാസികളും യാത്രയില്‍ പങ്കെടുത്തു. തങ്ങളുടെ ആരാധനാലയവും പൂര്‍വികര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയും ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നും നാടിന്റെ പുനര്‍നിര്‍മാണത്തിന് മുന്നിട്ട് ഇറങ്ങുന്നുവെന്നും പ്രതിജ്ഞ എടുത്തശേഷമാണ് ജനങ്ങള്‍ മടങ്ങിയത്.
യുവജന സെമിനാര്‍
കോവില്‍ത്തോട്ടത്തിന്റെ പുനര്‍നിര്‍മാണം ലക്ഷ്യമാക്കിയുള്ള റീബില്‍ഡ് കോവില്‍ത്തോട്ടം ക്യാമ്പയിന്റെ ഭാഗമായി യുവജനസെമിനാര്‍ സംഘടിപ്പിച്ചു. വിപ്ലവവും വിശ്വാസവും, പ്രദേശികസഭ നേരിടുന്ന വെല്ലുവിളികള്‍ എന്നതായിരുന്നു വിഷയം. സമരപോരാട്ടങ്ങളില്‍ യുവജനശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ നീണ്ടകര മുതല്‍ അഴീക്കല്‍ വരെയുള്ള തീരദേശ ഇടവകകളിലെ യുവജനങ്ങള്‍ സംബന്ധിച്ചു.


Tags assigned to this article:
kovilthottam

Related Articles

നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

മീന്‍പിടിത്തത്തൊഴിലിനെയും തൊഴിലാളികളെയും അന്താരാഷ്ട്ര ജനസമൂഹം ആദരവോടെ ഓര്‍മിക്കുന്ന ഒരുദിനം നവംബര്‍ മാസത്തിലുണ്ട്. വെള്ളത്തിന്റെയും ജീവന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പച്ചപ്പിന്റെയും ഓര്‍മപോലെ നവംബര്‍ 21 കടന്നുപോകുന്നു. അവര്‍ കടലിനോട്

കൊടുങ്ങല്ലൂര്‍-കോട്ടപ്പുറം ബൈപാസില്‍ സുരക്ഷ ഉറപ്പുവരുത്തണം -കെഎല്‍സിഎ, കെസിവൈഎം

കോട്ടപ്പുറം: നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ള കൊടുങ്ങല്ലൂര്‍ -കോട്ടപ്പുറം ബൈപാസില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികള്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് കെഎല്‍സിഎ, കെസിവൈഎം എറിയാട് ഫാത്തിമ മാത

ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍ വീണ്ടും ചോരപ്പാടുകള്‍

പോര്‍ബന്തറിലെ ദിവാന്റെ മകനായി ജനിച്ച്, ഇംഗ്ലണ്ടില്‍ പോയി നിയമം പഠിച്ച് ബാരിസ്റ്ററായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയുടെ ദരിദ്രകോടികളുടെ പ്രതിരൂപമായി ദാരിദ്ര്യം സ്വയംവരിച്ച് ആത്മത്യാഗത്തിന്റെ അതികഠിന പരീക്ഷണങ്ങളിലൂടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*