ക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്

ക്രിസ്തുവിന്റെ മണമുള്ള പന്ത്രണ്ട്

ക്രിസ്തുവിനെയും സുവിശേഷത്തെയും പ്രമേയമാക്കി ധാരാളം സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ഏറെയും ചരിത്ര സിനിമകളാണ്. ക്രിസ്തുവിനെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും സമകാലിക വിഷയങ്ങളിലേക്ക് പറിച്ചുനട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. 1973ല്‍ നോര്‍മന്‍ ജെവിസെന്‍ സംവിധാനം ചെയ്ത ജീസസ്‌ക്രൈസ്റ്റ് സൂപ്പര്‍സ്റ്റാര്‍ അതില്‍ ഒന്നാണ്. കുരിശുമരണത്തിന്റെ തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ക്രിസ്തുവും യൂദാസും തമ്മില്‍ നടക്കുന്ന സംഘര്‍ഷമാണ് കഥ. അതേ വര്‍ഷംതന്നെ ഇറങ്ങിയ ഡേവിഡ് ഗ്രീന്‍ സംവിധാനം ചെയ്ത ഗോഡ്സ്പെല്‍ മത്തായിയുടെ സുവിശേഷത്തിലെ ഉപമകള്‍ ആധുനികരീതിയില്‍ തെരുവില്‍ അവതരിപ്പിക്കുന്ന തിയേറ്റര്‍ സംഘത്തിന്റെ കഥ പറയുന്നു. 1989ല്‍ ഡെന്നിസ് ആര്‍കാന്ദ് സംവിധാനം ചെയ്ത ജീസസ് ഓഫ് മോണ്ട്റീല്‍ എന്ന ഫ്രഞ്ച് സിനിമ ഒരു പള്ളിമുറ്റത്ത് ക്രിസ്തുവിന്റെ പീഡാനുഭവം അവതരിപ്പിക്കാന്‍ വന്ന കലാകാരന്മാരുടെ കഥ പറയുന്നു. ക്രിസ്തുവിന്റെ കഥാപാത്രം ചെയ്യുന്ന നടന്‍ റിയല്‍ലൈഫില്‍ ക്രിസ്തു അനുഭവിച്ച അതേ പീഡകളിലൂടെ കടന്നു പോകുന്നു. മുന്നൂറു മില്യണ്‍ കാഴ്ചക്കാരുള്ള ഡല്ലാസ് ജെങ്കിന്‍സിന്റെ വെബ്സീരീസ് ദി ചോസെന്‍ റീയലിസ്റ്റിക്കായി ക്രിസ്തുവിനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും ചരിത്ര പശ്ചാത്തലത്തില്‍ നിന്നും ക്രിസ്തുവിനെയും അവന്റെ പരിസരങ്ങളെയും മാറ്റി നിര്‍ത്തുന്നില്ല.

ഈ പറഞ്ഞ സിനിമകളില്‍ നിന്നു വ്യത്യാസപെട്ടു 2020ല്‍ നെറ്റ് ഫ്ളിക്സ് റിലീസ് ചെയ്ത വെബ്സീരീസാണ് മൈക്കിള്‍ പെട്രോണി സംവിധാനം ചെയ്ത പത്തു എപ്പിസോഡുകള്‍ ഉള്ള മിശിഹാ. അന്തര്‍ദേശിയതലത്തില്‍ ഒരു പ്രക്ഷോഭത്തിനു തുടക്കം കുറിക്കുന്ന ഒരു ചെറുപ്പക്കാരനും അവന്റെ അനുയായികള്‍ക്കും എതിരെ സിഐഎ ഏജന്റ് നടത്തുന്ന അന്വേഷണമാണ് ഇതിവൃത്തം. ഇന്ന് ക്രിസ്തുവന്നാല്‍ എങ്ങനെ ഇടപെടും എന്ന് കൃത്യമായി കാഴ്ചയാക്കിയ സീരിയല്‍. ഈ പരീക്ഷണസിനിമാ ശ്രേണിയിലേക്ക് മലയാള സിനിമയുടെ ശക്തമായ കാല്‍വെയ്പാണ് ഈ മാസം 24ന് തിയേറ്ററില്‍ എത്തുന്ന ലിയോ തദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട്.

കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലേക്കു എങ്ങോ നിന്നെത്തുന്ന ചെറുപ്പക്കാരന്‍ കൊട്ടേഷനും കൊലയും ഫുള്‍ടൈം ജോബാക്കിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ വാനിലേക്കും ജീവിതത്തിലേക്കും കയറുന്നതാണ് കഥ. നന്നായി അറിയാവുന്ന ഒരു കഥയുടെ പുനര്‍വായനയല്ല ഈ സിനിമ. ഓരോ സീനും പുതിയ കണ്ടെത്തലുകളുടെ ത്രില്ല് കാഴ്ചക്കാരില്‍ ഉണ്ടാക്കും. ലാസറിനെ കൊന്നുകുഴിച്ചുമൂടിയ ടീം പന്ത്രണ്ട് മൂന്നാംദിവസം കൊട്ടേഷന്റെ കൂലി മേടിക്കാന്‍ പോകുന്ന വഴി കണ്ട കാഴ്ച മരിച്ച ലാസര്‍ ഒരു ചായേംകുടിച്ചു തട്ടു കടയിലിരിക്കുന്നു. അത് കഴിഞ്ഞു ലാസര്‍ വളരെ കൂളായി ഒരാളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്നു പോവുന്നു. ആ സമയം ഇടവേള എന്ന് സ്‌ക്രീനില്‍ വരുന്നുണ്ടെങ്കിലും കാഴ്ചക്കാര്‍ ത്രില്ലടിച്ചു ബ്രേക്ക് എടുക്കാതെ തീയേറ്ററില്‍ തന്നെ ഇരുന്നുപോകും.

സംവിധായകന്‍ തന്നെയാണ് തിരക്കഥ എഴുതിയതും. ഡയലോഗുകള്‍ ചെറുതാണെങ്കിലും കാമ്പും കരുത്തുമുണ്ട്. ഇമ്മാനുവേല്‍ എന്ന കേന്ദ്ര കഥാപാത്രത്തിനെ പീലി മുതലാളി ഭീഷണിപ്പെടുത്തുന്നു. എന്റെ പിള്ളേരെ വിട്ടു പൊയ്ക്കോ. എന്റെ വേലിയാണവര്. ഇമ്മാനുവേല്‍ തിരിച്ചടിക്കുന്നു, പക്ഷെ എന്റെ അതിര്‍ത്തിയിലാ നീ വേലി കെട്ടിയിരിക്കുന്നെ. കടലും മുഴുനീള കഥാപാത്രമാവുന്ന ഈ സിനിമയില്‍ സൈലെന്‍സും ഡയലോഗായി മാറുന്നുണ്ട്. രണ്ടര മണിക്കൂറില്‍ ഒരു ഇതിഹാസ കഥയെ അച്ചടക്കത്തോടെ പറഞ്ഞ ലിയോ തദേവൂസിന്റെ കൈയടക്കത്തിന് മുഴുവന്‍ മാര്‍ക്കും കൊടുക്കണം.

അല്‍ഫോന്‍സ് ജോസഫിന്റെ പാട്ടുകള്‍ ട്രെന്‍ഡിയാണ്. പാട്ടുകളൊന്നും സിനിമയില്‍ നിന്നു മാറിനില്‍ക്കുന്നില്ല. പശ്ചാത്തലസംഗീതം പോലെയാണ് പല പാട്ടുകളും പോകുന്നത്. ഒരു ഫൈറ്റ്സീനില്‍ പശ്ചാത്തലം മുഴുനീള പാട്ടാണ്. അല്‍ഫോന്‍സ് മാജിക് നന്നായി വര്‍ക്കൗട്ട് ആയിട്ടുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ പ്രോപ്‌സിലൂടെ ചില കണക്ഷന്‍സ് കൊണ്ടുവന്നിട്ടുള്ളത് അദ്ഭുതപ്പെടുത്തുന്നതാണ്. ഗ്രാമത്തിലെ വീടുകളുടെ ചുവരുകള്‍ കടുംനിറമാണ്. അകത്തു ഒരു സങ്കട മൂഡും. കാരണം സിനിമയിലെ സോഷ്യല്‍ ആക്ടിവിസ്റ്റ് ജോണ്‍ പറയുന്നുണ്ട്; ഈ വീടുകള്‍ക്കു പുറത്തേ നിറമുള്ളു, അകത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റാണ്, ഇവിടത്തെ ജനങ്ങളെ പോലെ. കുറഞ്ഞ സമയംകൊണ്ട് വലിയൊരു കഥ പറയുമ്പോള്‍ പശ്ചാത്തലവും സംസാരിക്കണമല്ലോ.

നന്മയുടെ മണമുള്ള പന്ത്രണ്ട് മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുവീശും. സ്‌കൈ പാസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മിച്ച ഈ ചിത്രത്തില്‍ ലാല്‍, സൂഫിഫെയിം ദേവ് മോഹന്‍, വിനായകന്‍, ഷൈന്‍ ടോംചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സ്വരൂപ് ശോഭ ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം

ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?

ലൂർദ് ആശുപത്രിയിൽ പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള ലൂർദ് ആശുപത്രിയിൽ പ്രളയ ദുരിതബാധിതർക്ക് സൗജന്യനിരക്കിൽ ചികിത്സയും തുടർ ചികിത്സകളും നൽകുമെന്ന് ആശുപത്രി മാനേജർ അറിയിച്ചു. പല ദുരിതാശ്വാസ ക്യാമ്പുകളിലും ലൂർദ്ദ് ആശുപത്രിയിലെ

മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു

കൊച്ചി: കൊച്ചി രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിച്ച മതബോധന പരിപാടി ‘വൈ ക്യാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു. രൂപത വികാരി ജനറല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*