ക്രിസ്തുവെന്ന ആല്‍ക്കെമി

ഫാ. സുനില്‍ സി.ഇ
രോഗാതുരമായ ശരീരങ്ങള്‍ക്ക് പെട്ടെന്ന് ദൈവത്തെ കാണാനാകുമെന്ന് എഴുതിയതിനാണ് ഉനാമുനോയെ ഇപ്പോഴും സ്ളേവോജ് സിസേക് വിമര്‍ശിക്കുന്നത്. ദൈവത്തിന്റെ ബീജപദ്ധതിയെ ഒരു എളിയ വിശ്വാസി മനസ്സിലാക്കിയെടുക്കുന്നത് മരുന്നിന്റെ രൂപത്തില്‍ തന്നെയാണ്. അതീത പ്രതാപ പ്രകാശമായി ക്രിസ്തു ഉള്ളില്‍ കൊണ്ടുനടന്നത് അറിവിന്റെ ആ തീര്ത്ഥത്തെയാണ്. അതുകൊണ്ടാണ് ബൈബിളിലെ സൂക്തങ്ങളായ അപ്പവും വീഞ്ഞും ശബ്ദരൂപനായെത്തി രോഗികളെ തൊടുന്നതും അവര്‍ സൗഖ്യപ്പെടുന്നതും. ചില പാട്ടുകള്‍ ആല്ക്കെമിയായ ക്രിസ്തുവിന്റെ ജീവചരിത്രമായി മാറാറുണ്ട്. മനുഷ്യരുടെ ഏറ്റവും ഇരുണ്ട നിമിഷങ്ങളില്‍ മാത്രം പിറക്കുന്ന മഹാവെളിച്ചത്തിന്റെ പ്രൗഢഭാവം ചില പാട്ടുകളില്‍ കലര്‍ന്നിട്ടുണ്ടാവും. ശരീരത്തിലെ സര്‍വ്വ പീഡകളെയും വിറപ്പിക്കുന്ന ഒരു സ്വാഗതസംഗീതം മരുന്നിന്റെ രൂപത്തില്‍ ഈയടുത്ത കാലത്ത് അനുഭവിച്ചത് റോബിന്‍സ് ഹാര്‍മണി എന്ന യൂട്യൂബ് ചാനലിലാണ്.
രോഗം വേഷം കെട്ടി വരുന്ന ശരീരങ്ങളെ എളുപ്പത്തില്‍ ഗ്രഹിച്ചെടുത്ത, ക്രിസ്തുവിന്റെ ഹൃദയം എന്ന ഫാര്‍മസിയിലേക്കുള്ള നമ്മുടെ നടത്തത്തില്‍ അന്യസ്വരങ്ങള്‍ കടന്നുവരുന്നില്ല. മരുന്ന് ശരീരത്തിന്റെ എതിര് സങ്കല്പമായി മാത്രം കണ്ടിരുന്നവരുടെ ഇടയിലേക്കാണ് ക്രിസ്തു സ്വയമൊരു വൈദ്യമായെത്തുന്നത്. ഇത്തരം ഒരു അനുഭവമാണ് ഡി. ഷാജ്കുമാര്‍ എന്ന ക്രിസ്തീയ പാട്ടെഴുത്തുകാരനെ സംഗീതസഭയിലെ അംഗമാക്കുന്നത്.
ക്രിസ്തു എന്ന ഇടിമുഴക്കത്തെ ബൈബിള്‍ പ്രകീര്‍ത്തിക്കുന്നതു പോലും ഒരു ഭിഷഗ്വരനായിട്ടാണല്ലോ. ശരീരഭാവങ്ങളില് ഒരു വൈദ്യന്റെ യാതൊരു കാഞ്ചനതെളിമയുമില്ലാത്ത, മുറിവുകളെ വെച്ചുകെട്ടുന്ന ആ ക്രിസ്തുവിനെ ഞാന്‍ ഷാജ്കുമാര്‍ എന്ന പുരോഹിതന്റെ വരികളില്‍ കാണുന്നു.
വരികളിലെമരുന്നു മണം
ഈ പാട്ടിന്റെ വരികളിലുള്ളത് വിഷയജ്ഞാനമല്ല മറിച്ച്, വൈകാരികജ്ഞാനമാണ്. അഭിഷിക്തനാകുക എന്നു പറഞ്ഞാല്‍ ക്രിസ്തുവാകുക എന്നു തന്നെയാണര്‍ത്ഥം. ശരീരത്തിന്റെ പരിത്യാഗം കാല്‍വരിയില്‍ സംഭവിച്ചതു മുതല്‍ മുറിവുണക്കുന്ന, എന്നാല്‍ മുറിവേറ്റ വൈദ്യനായി ക്രിസ്തു മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇപ്പോഴും അമൃതനായി നിന്ന് നമ്മുടെ ശരീരങ്ങളിലെ മുറിവ് എന്ന രോഷത്തിന്റെ ആഴങ്ങളെ നികത്തുന്നു. ഇത് ഒരര്‍ത്ഥത്തില്‍ ശരീരസമ്പന്നതയുടെ നിരാകരണവുമാണ്. പാട്ടിലെ മരുന്നു മണമുള്ള ആദ്യ വരികള്‍ തന്നെ ഈ സത്യത്തെ മൂടിതുറന്നു കാട്ടുന്നുണ്ട്.
തന് തിരുമുറിവിനാല്‍ എന്‍ മുറിവുണക്കുന്നു
മുറിവേറ്റ വൈദ്യന് യേശുനാഥന്‍
അപരന്റെ മുറിവില്‍ തൈലം പുരട്ടുവാന്‍
മുറിവേറ്റ എന്നെ അയച്ചിടുന്നു.
മുറിവുകളുടെ വസന്തം പേറുന്നവനാണ് പുരോഹിതന്. അവന്റെ വ്യാകുലതകള്‍ക്ക് കുരിശിനോളം ഭാരമുണ്ട്. എന്നിട്ടും ദൈവം അവനെ അനേകരുടെ മുറിവുണക്കാന്‍ ഇസ്തിരിയിട്ടെടുക്കുകയാണ്. ദൈവചിന്തയിലേക്ക് തിരിയുന്ന ശരീര ദുഃഖമാണിവിടെ സൗഖ്യമായി മാറുന്നത്. ഒരാള്‍ സ്വന്തം ജീവനെ പരിശോധനയ്ക്ക് അയയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള അദൃശ്യ മുറിവുകളുടെ വാഹകനിലേക്കാണെന്ന വലിയ തത്വാനവും ഈ വരികളില്‍ രൂപമെടുക്കുന്നുണ്ട്.
എന്‍ വിശപ്പാറ്റുവാന്‍ അപ്പമായി തീരുന്ന
ജീവന്റെ ഭോജ്യമാം യേശുനാഥാ
വിശക്കുന്നോര്ക്കപ്പമായി എന്നെ വിളമ്പുക
എന്‍ ദേഹമെന്നും അങ്ങേയ്ക്ക് സ്വന്തം
പഞ്ചേന്ദ്രിയങ്ങള്‍ ആത്മീയതയുടെ നിയന്താക്കളാണെന്നാണ് ഇന്ത്യന്‍ തത്വജ്ഞാനം പഠിപ്പിക്കുന്നത്. പക്ഷെ ദൈവത്തിന്റെ വൈദ്യരൂപത്തെ തിരിച്ചറിയാന്‍ അതു മാത്രം മതിയോ എന്ന ചോദ്യത്തിന്റെ മീറ്റര്‍ കുറഞ്ഞ ഉത്തരമാണ് മുകളിലെ വരികള്‍. ക്രിസ്തുവിന്റെ ശരീരം ഭക്ഷിക്കുന്ന ഒരാള്‍ ക്രിസ്തുവായി മാറി ഭക്ഷിക്കപ്പെടാന്‍ നിന്നു കൊടുക്കണമെന്ന് ഷാജ്കുമാര്‍ എഴുതുമ്പോള്‍, ദൈവമേ നിന്റെ ശരീരത്തിന്റെ തുടര്‍ച്ചയാണിത്, നിന്റെ രക്തത്തിന്റെ ഒഴുക്കാണ് എന്റെ ഞരമ്പുകളിലുള്ളത് എന്നൊക്കെയുളള പ്രഖ്യാപനം കൂടിയായി അതു മാറുന്നു. ശരീരത്തിലെ (മനസ്സിലെയും) രോഗം എന്ന രൂക്ഷമായ രാക്ഷസ പീഡകളുടെ കാലത്ത് മുറിവേറ്റ ഒരാള്‍ക്കേ മറ്റൊരാളുടെ മുറിവുണക്കാനാവൂ എന്ന തത്വബോധമാണ് ഇവിടെ ഇതള്‍ വിരിച്ചെത്തുന്നത്.-
എന്‍ ദാഹം മാറ്റുവാന്‍ പാനീയമാകുന്ന
ജീവന്റെ ഉറവയാം യേശുനാഥാ
ദാഹിക്കുന്നോര്‍ക്ക് നീ എന്നെ പകരുക
എന്‍ ദേഹിയെന്നും അങ്ങേയ്ക്കു സ്വന്തം.
ജലത്തിന്റെ പ്രാമാണ്യതയെകുറിച്ച് ഒരുപാട് പാട്ടുകള്‍ നാം കേട്ടിട്ടുണ്ട്. അവയിലൊക്കെ ഈര്പ്പമാകലിന്റെ രാഷ്ട്രീയം മാത്രമേ നാം കണ്ടിട്ടുണ്ടാവുകയുള്ളു. ഈര്പ്പമാകാന് വെറുതെ സ്നാനപ്പെട്ടാല്‍ മതി. പക്ഷെ ജീവന്റെ തുടിപ്പുകള്‍ അവശേഷിപ്പിക്കാന്‍ ഉറവ പൊട്ടി വരികതന്നെ വേണം. അഭിഷിക്തന്റെ രക്തം അവനു സ്വന്തമല്ല. അതു മുറിവേറ്റവരുടെ അവകാശ പാനീയമാണ്. അപ്പോഴാണ് പുരോഹിതനിലെ വൈദ്യമാകാനുള്ള ഈര്‍പ്പം ഉറവയായി പരിഭാഷപ്പെടുന്നത്. മുറിവേറ്റിട്ടും മുറിവുണക്കാന്‍ മനസ് പാകപ്പെടുത്തിയ ക്രിസ്തുമാരായിരുന്നെങ്കില് എല്ലാ പുരോഹിതന്മാരും…
അനുബന്ധം
ഒവിആര്‍ എന്ന സംഗീതജ്ഞന്റെ വിരലുകള്‍ ഈ പാട്ടിന് ഈണം തരപ്പെടുത്തിയപ്പോള്‍ ഉണ്ടായിരിക്കുക ക്രിസ്തുവിന്റെ ഫാര്മസിയിലായിരിക്കും. ഇതെഴുതിയ ഷാജ്കുമാര്‍ എന്ന പുരോഹിതന് പൗരോഹിത്യത്തിന്റെ മുറിവ് നിര്മ്മാണകാലത്തിലെ വെച്ചുകെട്ടുകാരനായിരിക്കും. കേരളത്തിന്റെ സംഗീത സഭയിലെ കൊച്ചു മിടുക്കി എന്നറിയപ്പെടുന്ന (ഫ്ളവേഴ്സ് ഫെയിം) ആന്‍ ബെന്‍സനെ പാട്ടിന്റെ നേരങ്ങളില്‍ അദൃശ്യമായി പിന്തുടര്ന്നിട്ടുണ്ടാവുക ചരിത്രത്തിലെ ആദ്യത്തെ പിന്നണി ഗായിക എന്നറിയപ്പെടുന്ന സാക്ഷാല്‍ പരിശുദ്ധ കന്യക മറിയം (ലൂക്കയുടെ സുവിശേത്തിലെ മറിയത്തിന്റെ സ്തോത്രഗീതം) തന്നെയായിരിക്കും. പാട്ടിന്റെ പശ്ചാത്തല ദൃശ്യഭംഗി ചിട്ടപ്പെടുത്തിയ ആര്‍പി റോബിന് രാജ് എന്ന പുരോഹിതന്റെ റോബിന്‍സ് ഹാര്‍മണി എന്ന ചാനല്‍ ശരിക്കും ഒരു വൈദ്യകേന്ദ്രമാകുകയായിരുന്നു. ഇതിന്റെ ലിങ്ക് ഷെയര്‍ ചെയ്യപ്പെടട്ടെ. ക്രിസ്തുവെന്ന ആല്‍ക്കെമി എല്ലാവരിലേക്കും പടരട്ടെ.
—
Related
Related Articles
മൂല്യബോധന പരിപാടി ‘വൈകാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു
കൊച്ചി: കൊച്ചി രൂപതയിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മതബോധന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിച്ച മതബോധന പരിപാടി ‘വൈ ക്യാറ്റലിസ്റ്റ്’ സംഘടിപ്പിച്ചു. രൂപത വികാരി ജനറല്‍
മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
മദ്യം, പുകയില, സിഗരറ്റ് വില്പനയ്ക്ക് നിരോധനം പൊതുആരാധന പാടില്ല പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരം റോഡ്-കെട്ടിട നിര്‍മാണം, ജലസേചന പദ്ധതികള്‍ക്ക് അനുമതി ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാം തൊഴിലുറപ്പ്
കെവിന്റെ കൊലപാതകം- കര്‍ശന നടപടികള്‍ എടുക്കണം
#JUSTICE_FOR_KEVIN തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും കേസില്‍ പ്രതി ചേര്‍ക്കണം കോട്ടയത്ത് കെവിന് പി ജോസഫ് എന്ന ചെറുപ്പക്കാരനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഔദ്യോഗിക ഗൂഢാലോചനകള്‍ നടന്നതായി സംശയിക്കുന്നു