ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ബൈബിള്‍ ചോദ്യോത്തരം
റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി

ചോദ്യം:  ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു’ (ലൂക്കാ 12, 49-53). സമാധാന രാജാവായ യേശു ഭിന്നിപ്പുണ്ടാക്കുന്ന ദൈവമോ?
ജോസഫ് സെബാസ്റ്റ്യന്‍, കോട്ടപ്പുറം

ഉത്തരം: ലൂക്കായുടെ സുവിശേഷത്തിലെ വാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം. മത്താ. 10, 34 സമാന്തര ഭാഗമാണ്. ലൂക്കാ ‘അഗ്നി,’ ‘ഭിന്നിപ്പിക്കല്‍’ എന്നീ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മത്തായി ‘വാള്‍’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. വിഷയസംബന്ധമായി മത്താ. 10, 21ഉം മര്‍ക്കോ 13, 12ഉം സമാന്തര ഭാഗങ്ങളാണ്. ഒരു കുടുംബത്തിലെ അംഗങ്ങള്‍തന്നെ പരസ്പരം വേര്‍പെടുത്തപ്പെടുന്ന കാര്യമാണ് വിഷയം. യുഗാന്ത്യവും വിധിയും എല്ലാ ഭാഗങ്ങളുടെയും വ്യാഖ്യാനത്തിന് പശ്ചാത്തലമായി നില്‍ക്കുന്ന വസ്തുതയുമാണ്.
പ്രധാന വിഷയം യേശു എന്ന വ്യക്തിയുടെ നിര്‍ണായകതയാണ്. യേശുവുമായുള്ള ബന്ധമാണ് നമ്മുടെ ജീവിതത്തിന്റെ അളവുകോല്‍. പക്ഷെ ദൈവത്തിന്റെ സ്വയംവെളിപ്പെടുത്തലിന്റെ വഴിത്തിരിവായ യേശുവുമായുള്ള ബന്ധം ഓരോ വ്യക്തിയുടെയും സ്വതന്ത്ര തീരുമാനമാണ്. തീരുമാനമെടുക്കാതെ നിസ്സംഗ മനോഭാവത്തോടെ കടന്നുപോകാനോ തീരുമാനം മാറ്റിവയ്ക്കാനോ സാധ്യമല്ല. എടുക്കുന്ന തീരുമാനം സ്വന്തം ജീവിതത്തിലും അതുപോലെ മറ്റുള്ളവരുമായുള്ള ബന്ധത്തിലും അടിസ്ഥാന വ്യതിയാനങ്ങള്‍ കൊണ്ടുവരും. ആ വ്യതിയാനങ്ങളുടെ ഫലമാണ് ‘ഭിന്നിപ്പും’ ‘വാളും’ ‘അഗ്നിയു’മൊക്കെ സൂചിപ്പിക്കുന്നത്.
യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുന്ന രംഗം വിവരിക്കുമ്പോള്‍ ലൂക്കാ സുവിശേഷകന്‍ ശിമയോന്റെ അധരങ്ങളിലൂടെ യേശു കാരണം ഉണ്ടാകുന്ന ഭിന്നിപ്പും വിഭജനവും സൂചിപ്പിക്കുന്നുണ്ട്. ‘ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ ഒരു അടയാളവുമായിരിക്കും’ (ലൂക്കാ 2, 34). യേശുവിന്റെ ഭാഗത്തോ യേശുവിനെതിരെയോ മനുഷ്യര്‍ അവശ്യം എടുക്കേണ്ട തീരുമാനത്തിന്റെ ഫലമാണ് വിഭജനം. ഒരു കുടുംബത്തില്‍തന്നെ ഇതു സംഭവിക്കാം. അങ്ങനെ ബാല്യകാല വിവരണത്തില്‍ സൂചിപ്പിക്കുന്ന വിഷയമാണ് യേശുവിന്റെ പ്രബോധനത്തില്‍ യാഥാര്‍ഥ്യമാകുന്നത്. അതുകൊണ്ടാണ് ‘ഞാന്‍ വന്നത് തീയിടാനും ഭിന്നത സൃഷ്ടിക്കാനുമാണ്’ എന്നു പറയുന്നത്.
മത്തായിയുടെ സുവിശേഷത്തിലും ബാല്യകാല വിവരണത്തില്‍ തന്നെ വിഷയം സൂചിപ്പിക്കപ്പെടുന്നുണ്ട്. യേശു ജനിച്ചപ്പോള്‍ തന്നെ അവന്റെ സ്വന്തം ജനതയുടെ പ്രതിനിധികളായ ഹേറോദേസും കൂട്ടരും അവനെ എതിര്‍ക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. മറുവശത്ത് വിജാതീയരായ ജ്ഞാനികള്‍ യേശുവിനെ അംഗീകരിച്ച് ആരാധിക്കാന്‍ എത്തി. പിന്നെ അങ്ങോട്ട് യേശുവിന്റെ ശുശ്രൂഷ മുഴുവന്‍ ഈ വിഭജനം സമൂഹത്തില്‍ കൊണ്ടുവരുന്ന സാഹചര്യമാണ്. അതാണ് ‘വാള്‍’ എന്ന പ്രതീകത്തിലൂടെ വെളിപ്പെടുന്നത്.
ഈ ഭിന്നിപ്പും വിഭജനവും വളരെ ഉപരിപ്ലവമായ അനുഭവമല്ല, മറിച്ച് തലമുറകളെ തമ്മില്‍ വേര്‍തിരിക്കാന്‍ തക്ക ആഴമുള്ളതാണ്. അതുകൊണ്ടാണ് മക്കളും മാതാപിതാക്കളും തമ്മിലും മാതാപിതാക്കളും മരുമക്കളും തമ്മിലും എന്നു പറഞ്ഞിരിക്കുന്നത് (മത്താ 10, 21). അഗ്നി ശുദ്ധീകരണത്തിന്റെ പ്രതീകമാണ്. വിധിയുമായി ബന്ധമുണ്ടീ പ്രതീകത്തിന്. ‘വാള്‍’ വിഭജിക്കുന്ന ഉപകരണമാണ്. വിഭജനവും വിധിയുടെ ഭാഗമാണ്. നെല്ലും പതിരും വേര്‍തിരിക്കല്‍, ഫലം നല്‍കുന്ന വൃക്ഷങ്ങളും നല്‍കാത്ത വൃക്ഷങ്ങളും തമ്മില്‍ വേര്‍തിരിക്കല്‍, നല്ല മത്സ്യങ്ങളും ചീത്തയും വേര്‍തിരിക്കല്‍, ആടുകളെ വേര്‍തിരിക്കല്‍ തുടങ്ങിയ സുവിശേഷത്തിലെ പ്രയോഗങ്ങള്‍ പ്രസക്തമാണിവിടെ.
യേശുവിന്റെ സാന്നിധ്യം യുഗാന്ത്യത്തിന്റെ ആരംഭമാണ്. യേശുവിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം വിധിയിലൂടെ വരുന്ന വിഭജനത്തിന്റെ മുന്നോടിയാണ്. വിധിയില്‍ നടക്കുന്നത് ജീവിതസമയത്ത് യേശുവിനെപ്രതി എടുക്കുന്ന ആ തീരുമാനത്തിന്റെ പൂര്‍ണമാകല്‍ മാത്രമാണ്.
യേശുവിനെ പരിഗണിച്ചുകൊണ്ട് യേശുവിന്റെ മൂല്യങ്ങള്‍ക്കനുസരിച്ച് സ്പഷ്ടമായ നിലപാടും തീരുമാനവും എടുക്കുമ്പോള്‍ ഒത്തുതീര്‍പ്പും മറ്റു പരിഗണനകളുമില്ലാതെ പലരെയും പലതിനെയും ഉപേക്ഷിക്കേണ്ടിവരും. ഭിന്നിപ്പും വിഭജനവും നിരന്തര സംഘര്‍ഷവും ആ തീരുമാനത്തിന്റെയും പക്ഷംചേരലിന്റെയും ഫലമാണ്.
അതിനാല്‍ യേശു ഭിന്നിപ്പുണ്ടാക്കുന്നതോ വിഭജനം ഉണ്ടാക്കുന്നതോ അല്ല. സമൂലമായ ശിഷ്യത്വം ഏറ്റെടുക്കുന്നതിലൂടെ മനുഷ്യജീവിതത്തില്‍ വരുന്ന ഒഴിച്ചുകൂടാനാവാത്ത അനുഭവങ്ങളാണ് വിഭജനവും ഭിന്നിപ്പും നിരന്തര സംഘര്‍ഷവും. യേശു ജനനം മുതല്‍ ഇന്നു വരെ സമൂഹത്തില്‍ ‘ശല്യക്കാരന്‍’ ആണ്. ക്രിസ്തുശിഷ്യര്‍ തങ്ങളുടെ സാന്നിധ്യത്തിലൂടെ, തീരുമാനങ്ങളിലൂടെ, നിലപാടുകളിലൂടെ, പ്രവര്‍ത്തനങ്ങളിലൂടെ ലൗകികതയുടെ ‘ശല്യക്കാരായി’ മാറുന്നില്ലെങ്കില്‍ യേശു തമസ്‌കരിക്കപ്പെടുകയല്ലേ?

 


Related Articles

30ഓളം കുടുംബങ്ങള്‍ക്ക് ആശ്വാസഭവനങ്ങൾ ഒരുക്കി കോട്ടപ്പുറം കിഡ്‌സ്

കോട്ടപ്പുറം: കൊടുങ്ങല്ലൂര്‍ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിരാലംബരായ 30ഓളം കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ഭവനം ഒരുക്കി കോട്ടപ്പുറം രൂപതയുടെ സാമുഹ്യ സേവനവിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി

വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും

മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന

മത്സ്യതൊഴിലാളികള്‍ക്ക് അനുവദിച്ച സഹായധനം പകുതിയോളം പേര്‍ക്ക് ലഭിച്ചില്ല

കൊച്ചി:  കൊവിഡ്-19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം മത്സ്യബന്ധന മേഖലയില്‍ സര്‍ക്കാര്‍ അനുവദിച്ച സഹായധനം പലര്‍ക്കും ലഭിച്ചില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളികള്‍ക്കു സഹായമായി 2000 രൂപ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും പകുതിയോളം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*