ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ സര്‍വ്വകലാശാലകളിലും, പൊതുവിദ്യാഭ്യാസ കേന്ദ്രങ്ങളിലും, ബിരുദ-ബിരുദാനന്തര പഠന കോഴ്‌സുകള്‍ നടത്തുന്ന കോളേജുകളിലും ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്ന പഠനവിഭാഗം തുടങ്ങാന്‍ ചില ശ്രമങ്ങള്‍ നടത്താന്‍ ഇനിയും വൈകിയിരിക്കുന്നുവെന്ന് തോന്നുന്നു. വേദാന്തിക് സ്റ്റഡീസ്, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് സ്റ്റഡീസ് എന്നിങ്ങനെ മഹത്തരവും സമ്പന്നവുമായ സംസ്‌കൃതികളെ പഠനവിഭാഗങ്ങളായി ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അവതരിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാരുകള്‍ക്ക് ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് എന്ന പ്രാധാന്യമേറിയ വിഭാഗത്തേയും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സാധിക്കേണ്ടതാണ്.
കാലഘട്ടത്തിനനുയോജ്യമായ പഠന കോഴ്‌സുകള്‍, ഇന്റര്‍-ഡിസിപ്ലിനറി – മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍, ശാസ്ത്രത്തിന്റെയും നവീന സാങ്കേതികിവദ്യയുടെയും, തൊഴില്‍ നിപുണതയുടെയും വൈദഗ്ദ്ധ്യത്തിന്റെയും തലങ്ങളുള്ള കോഴ്‌സുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ഉത്സാഹം കാണിക്കുന്നത് മനസ്സിലാക്കുള്‍മ്പോള്‍ത്തന്നെ, മാനവിക, സാമൂഹ്യപഠനള്‍, ഭാഷാന്വേഷണ മേഖലകള്‍ എത്രയധികമായി ഇപ്പോഴും പ്രസക്തമായി നില്‍ക്കുന്നുവെന്ന് പറയാനുംകൂടി ഇന്ത്യയിലെ പൗരസമൂഹം തയ്യാറാകുന്നുണ്ട്. ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടാന്‍ ഇനിയും വൈകിക്കൂടാ എന്നുപറയുവാനുള്ള കാരണമെന്താണ്?  നിരവധി കാരണങ്ങള്‍ മുന്നോട്ടുവയ്ക്കാനുണ്ട്ള്‍. നിലവിലെ ആഗോള ക്രമത്തെ നയിക്കുന്ന പല സങ്കല്പനങ്ങളുടെയും (ഇീിരലിുെേ) വേരുകള്‍ ആഴ്ന്നിരിക്കുന്നത് പ്രധാനമായും ക്രിസ്ത്യന്‍ ദൈവശാസ്ത്ര- തത്വശാസ്ത്ര പാരമ്പര്യങ്ങളിലാണെന്ന യാഥാര്‍ത്ഥ്യം ഇനിയും മറച്ചുവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. നവോത്ഥാന പരിശ്രമങ്ങളുടെ യൂറോപ്യന്‍ മാതൃകയെ കത്തോലിക്കാ സഭയ്ക്ക് വിരുദ്ധമായ ശ്രമമായിട്ടെന്നോണം അവതരിപ്പിക്കാനാണ് ചരിത്രപഠിതാക്കള്‍ നാളിതുവരെ ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അത് അങ്ങനെയല്ലായെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുകയാണ്. ലോകത്തിന്റെ മാനവികമൂല്യങ്ങളെയും ശാസ്ത്രാന്വേഷണങ്ങളെയും സമഗ്രമായി പരിശോധിക്കാന്‍, ഇതരസംസ്‌കൃതികള്‍ക്കൊപ്പം ക്രിസ്തീയ സംസ്‌കാര മേഖലകളെയും  പുതുതലമുറകള്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുടെ പുതുകാലത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ മറ്റേതൊരു വിഭാഗത്തെയും പോലെ ക്രിസ്ത്യന്‍ സംസ്‌കൃതിയും ഉജ്ജ്വലമായ സംഭാവനകള്‍ ഈ നാടിന് നല്‍കിയിട്ടുണ്ട്; ഇപ്പോഴും നല്‍കുന്നുമുണ്ട്. അവിതര്‍ക്കമാണ് ഇക്കാര്യം. വിവിധങ്ങളായ ദര്‍ശനങ്ങളും തത്വചിന്തകളും സമഭാവനയോടെ പുലരുന്ന ഭാരതത്തിന്റെ സമ്പന്നമായ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അടക്കമുള്ള വിഭാഗങ്ങള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് സാന്നിദ്ധ്യമറിയിക്കേണ്ടതാണ്.
കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും പരിശോധിക്കുമ്പോള്‍ ക്രിസ്ത്യന്‍ വിഭാഗം അതിനായ നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകള്‍ ആര്‍ക്കും നിഷേധിക്കാന്‍ സാധിക്കില്ല. വിദ്യാഭ്യാസത്തിന്റെ സാര്‍വ്വത്രികമാനം ഉയര്‍ത്തിപ്പിടിച്ച മിഷനറിമാര്‍ മുതലിങ്ങോട്ടുള്ളവരുടെ ചരിത്രം തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുള്ളതാണ്. കേരള നവോത്ഥാന ശില്പികളില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പങ്ക് ആഴത്തില്‍ വേരുറപ്പിച്ചതാണ്. ചരിത്രത്തെ ശരിയായി മനസ്സിലാക്കുന്ന സമൂഹങ്ങള്‍ക്ക് ഭാവിയെ കരുപ്പിടിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. ഇന്ത്യയുടെ പൊതുവെയും കേരളത്തിന്റെ പ്രത്യേകമായുമുള്ള ഭാവിയെക്കുറിച്ചുള്ള പരിചിന്തനങ്ങളില്‍ ക്രിസ്ത്യന്‍ സ്റ്റഡീസിന് ഏറെ നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ട്. മനുഷ്യസങ്കല്പങ്ങളുംള്‍, സംസ്‌കാര സങ്കല്പങ്ങളും ദര്‍ശനങ്ങളും മൂല്യങ്ങളും അടങ്ങുന്ന പഠനവിഷയ സൂചിക തയ്യാറാക്കി കേരള സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍, അതിസമ്പന്ന പാരമ്പര്യമുള്ള ക്രിസ്ത്യന്‍ സ്റ്റഡീസിന് നല്‍കാനാകുന്ന ഉള്‍ക്കാഴ്ചകള്‍ പൊതുസമൂഹത്തിന് നഷ്ടപ്പെടാന്‍ ഇടവരരുത്. ഭാഷാപഠനങ്ങളിലും വ്യാഖാനശാസ്ത്രത്തിലും ധാര്‍മ്മിക സങ്കല്പന പഠനങ്ങളിലും ശാസ്ത്രവുമായുള്ള സംവാദങ്ങളിലും തുടങ്ങി, ചരിത്രപരമായ പുത്തന്‍ കണ്ടെത്തലുകളും അതിസമ്പന്നമായ  തത്വചിന്താ-ദൈവശാസ്ത്ര മേഖലയും ജീവിതദര്‍ശനങ്ങളുമെല്ലാം ഒന്നുചേര്‍ന്ന് വിലമതിക്കാനാവാത്ത അറിവിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകളുടെ സംസ്ഥാപനത്തോടെ സാദ്ധ്യമാകും.
ആഗ്രഹിക്കുന്നതുപോലെയും സങ്കല്പക്കുന്നതുപോലെയും പൊതുസമൂഹത്തിന്റെ മദ്ധ്യത്തില്‍ ഇത്തരമൊരു ഡിപ്പാര്‍ട്ടുമെന്റിന്റെ  സ്ഥാപനത്തിനുള്ള സാദ്ധ്യതകള്‍ എളുപ്പമാകണമെന്നില്ല. സര്‍ക്കാരുകള്‍, വിദ്യാഭ്യാസ മേഖലയിലുള്ള പൊതുപങ്കാളിത്തത്തിന്റെ അളവ് കുറച്ചുകൊണ്ടിരുന്ന കാലമാണിത്. സ്വകാര്യപങ്കാളികള്‍ അവരവര്‍ക്കനുയോജ്യമെന്ന് കരുതുന്ന കോഴ്‌സുകള്‍ നടത്താന്‍ സര്‍ക്കാരുകള്‍ അനുവാദം നല്‍കുന്നുണ്ട്. ശാസ്ത്രത്തലും സാങ്കോതിക വിദ്യയിലും മാത്രമായി വിദ്യാഭ്യാസം ചുരുങ്ങുമ്പോള്‍ മാനവികതയുടെ ബൃഹത്തായ ആശയങ്ങള്‍ അസ്തമിക്കാതിരിക്കാനുള്ള കരുതലുകള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ടതുണ്ട്. പൊതുസമൂഹം തങ്ങളുടെ സര്‍ക്കാരുകളെ ഓര്‍മ്മപ്പെടുത്തുന്ന ഈ ഉത്തരവാദിത്തമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ഈ നാട്ടില്‍ നടപ്പിലാക്കേണ്ടത്. പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ സര്‍ക്കാര്‍തലത്തില്‍ നടപ്പിലാക്കുമ്പോള്‍ വരുന്ന സാമ്പത്തിക ബാദ്ധ്യതകളാണ് പ്രധാന തടസ്സവാദമായി സര്‍ക്കാരുകള്‍ പറയുന്നത്. പൊതുബജറ്റിന്റെ എത്ര ശതമാനമാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ചെലവഴിക്കുന്നതെന്ന ചോദ്യത്തോടെ ഇത്തരം തടസ്സവാദങ്ങള്‍ അപ്രത്യക്ഷമാകും.
കേരളത്തിലെ സര്‍വ്വകലാശാലകളിലും മാനേജ്‌മെന്റ് കോളേജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ തുടങ്ങണമെന്ന ആവശ്യമുന്നയിക്കുമ്പോള്‍, ഇത് ക്രിസ്തീയ വിശ്വാസികളായവര്‍ക്കുള്ള പരിശീലന കേന്ദ്രങ്ങളെന്ന് തെറ്റിദ്ധരിക്കരുത്. പൊതുസമൂഹത്തിന്റെ ഉന്നതലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയള്ള പരിശ്രമങ്ങളില്‍ മൂല്യവത്തായ ഈ സംസ്‌കാരത്തെക്കൂടി ഇന്ത്യയിലെ ജനാധിപത്യസമൂഹം കൂടെക്കൂട്ടുന്നുവെന്നണ് അത് അര്‍ത്ഥമാക്കുന്നത്. ഇന്ത്യ വിഭാവനം ചെയ്യുന്ന മൂല്യാധിഷ്ഠിതമായ ഭാവി കരുപ്പിടിപ്പിക്കാന്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കുന്നതില്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് സാധിക്കുമെന്നാണ് ഇതിനര്‍ത്ഥം. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, യൂണിവേഴ്‌സിറ്റികള്‍ ചെയറുകള്‍ സ്ഥാപിച്ച് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതായി നടിക്കാറുണ്ട്. ഈ ലേഖനത്തിന്റെ താല്പര്യം ഇത്തരം ചെയറുകളുടെ സ്ഥാപനത്തെപ്പറ്റിയല്ല. വ്യത്യസ്തതകളുള്‍ം വ്യതിരിക്തതകളുമുള്ള പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസം നേടലിന്റെ ഭാഗമായി ക്രിസ്ത്യന്‍ സ്റ്റഡീസും മാറണമെന്നതാണ്  ഈ കുറിപ്പിന്റെ താല്പര്യം. നിരവധി കാര്യങ്ങള്‍, അക്കാദമികവും ഭരണപരവുമായവയുള്‍പ്പെടെ, ഇതിനോടു ബന്ധപ്പെട്ട് ചര്‍ച്ചയ്‌ക്കെടുക്കുവാനുണ്ടാകും. കൃത്യതയുള്ള വീക്ഷണങ്ങളോടെയും പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനനുയോജ്യമായ, രൂപീകരണ ലക്ഷ്യങ്ങളോടെയും ഇതില്‍ തല്പരരാകുന്നവര്‍ മുന്നിട്ടിറങ്ങേണ്ടിവരും. ഭാവി രൂപപ്പെടുന്നത് ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ സംഭവിക്കുന്നതല്ല. അത് നിരന്തരമായ പരിശ്രമങ്ങളിലൂടെയും കൂട്ടായ ചര്‍ച്ചകളിലൂടെയും പുത്തനാശയങ്ങള്‍ നല്‍കുന്ന ഉണര്‍വ്വുകളിലൂടെയും തുറന്ന സംവാദങ്ങളിലൂടെയും പരിഗണനാര്‍ഹമായ ഇക്കാര്യം ശ്രദ്ധയില്‍ വരുമെന്ന് പ്രതീക്ഷിക്കുകതന്നെ വേണം.


Related Articles

കോട്ടപ്പുറത്ത് കാരുണ്യഭവനത്തിന് തറക്കല്ലിട്ടു

കോട്ടപ്പുറം: കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ മദ്ധ്യസ്ഥതിരുനാളിന്റെ ഭാഗമായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് പണിതു നല്‍കുന്നതിന്റെ തറക്കല്ലിടല്‍ ബിഷപ് ഡോ.

മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ചെല്ലാനം വീഡിയോ നമ്പര്‍ വണ്‍

അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ എറണാകുളത്തെ ചെല്ലാനത്തു നിന്നുള്ള വീഡിയോ നിലവില്‍ ഒന്നാം സ്ഥാനത്ത്. ചെല്ലാനം കടപ്പുറത്തിനു സമീപമുള്ള സെന്റ് സെബാസ്റ്റ്യന്‍സ്

ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ ജീവനാദം മാനേജിംഗ് എഡിറ്റര്‍; ഫാ. ആന്റണി വിബിന് യാത്രയയപ്പ് നൽകി

എറണാകുളം: ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കലിനെ ജീവനാദത്തിന്റെ പുതിയ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് നിയമന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*