ക്രിസ്മസ് പ്രത്യാശയുടെ ആഘോഷം- ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

ക്രിസ്മസ് പ്രത്യാശയുടെ ആഘോഷം- ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

അകലങ്ങള്‍ കുറയുന്നതിന്റെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്തുവില്‍ ദൈവവും മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുമുള്ള അകലം പറഞ്ഞ് പറഞ്ഞ് ഇല്ലാതാകുന്നു. ‘ഇമ്മാനുവല്‍’ എന്ന പേരിന്റെ അര്‍ത്ഥം തന്നെ ദൈവം നമ്മോടു കൂടെ എന്നാണല്ലോ. മഹാമാരിയുടെ ഈ കൂരിരുട്ട് കാലത്ത് കൂടെയുള്ള ദൈവത്തെക്കുറിച്ചുള്ള ഓര്‍മ്മ തന്നെ പ്രത്യാശയുടെ ആഘോഷമായി മാറുന്നു!

സാങ്കേതിക വിദ്യകളുടെ വികാസം മൂലം ലോകം ഒരു ഗ്ലോബല്‍ വില്ലേജ് ആയി മാറി. വിശ്വപൗരര്‍ എന്ന് നാം സ്വയം വിളിക്കുന്നു. നവമാധ്യമങ്ങള്‍ നമ്മെ ഏറെ അടുപ്പിക്കുന്നു. എന്നിട്ടും നമ്മള്‍ പരസ്പരം എത്ര അകലെയാണ്! തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ പോലും ഹൃദയങ്ങള്‍ ഏറെ അകലെയാണ്. ക്രിസ്തു വിദൂരസ്ഥരെ പോലും സമീപസ്ഥരാക്കി. നാം സമീപസ്ഥരെ പോലും വിദൂരസ്ഥരാക്കുന്നു.

അടുപ്പങ്ങളുടെ ആഘോഷവും ആനന്ദവും ഇല്ലാതെ എന്തു ക്രിസ്മസ്! കൊറോണക്കാലത്തെ സാമൂഹിക അകലങ്ങള്‍ക്ക് എത്രയോ മുന്‍പ്തന്നെ മാനസിക അകലങ്ങള്‍ നമ്മെ പരസ്പരം അന്യരാക്കി മാറ്റി. അടുത്തു വരുന്ന ദൈവത്തെ കാണണമെങ്കില്‍ ആദ്യം അടുത്തു നില്‍ക്കുന്ന സഹോദരങ്ങളെ കാണാന്‍ ഉള്‍കണ്ണ് തുറക്കപ്പെടണം.
‘അടുത്തു നില്‍പ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ –
ക്കരൂപനീശ്വരന്‍ അദൃശ്യനാ
യാല്‍ അതിലെന്താശ്ച്ചര്യം!’
എന്ന് ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. ഈ ക്രിസ്മസ് അകലം കുറയ്ക്കലിന്റെ ആഘോഷമാകട്ടെ എന്നാണ് പ്രാര്‍ത്ഥന.

ക്രിസ്തു പിറന്നത് ബേത്‌ലെഹേമില്‍ ആണെന്നത് ചിന്തനീയമാണ്. ബേത്‌ലെഹേം എന്നാല്‍ ‘അപ്പത്തിന്റെ വീട്’ എന്നര്‍ത്ഥം. അപ്പത്തിന്റെ വീട്ടില്‍ അപ്പമായി പിറന്ന ക്രിസ്തു പിന്നീട് സ്വയം അപ്പമായി മാറണമെന്നുള്ള അന്ത്യ സന്ദേശവും നല്‍കിയാണ് മടക്കയാത്ര നടത്തിയത്.
1947 ല്‍ നൗഖലിയില്‍ വച്ചു നടത്തിയ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞത് പട്ടിണിപാവങ്ങള്‍ക്കു വേണ്ടി ദൈവം പിറക്കുന്നത് അപ്പമായിട്ടാകണമെന്നാണ്. അപ്പമായി പിറന്ന ക്രിസ്തുവിന്റെ ഓര്‍മ്മദിനം ആര്‍ഭാടത്തിന്റെയും അമിതാസക്തികളുടെയും ദിനമായി മാറരുത്. യേശു പിറന്ന ദിനത്തില്‍ ഹെരോദ് രാജാവിന്റെ വാള്‍ത്തലയാല്‍ ഏതാനും ശിശുക്കള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇന്ന് ലോകത്ത് അതിസമ്പന്നരുടെ അതിസ്വാര്‍ത്ഥതയുടെ വാളാല്‍ ഓരോ ദിവസവും കൊല ചെയ്യപ്പെടുന്നത് എത്രയോ അധികം കുഞ്ഞുങ്ങളാണ്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ ദിനത്തിലെ ഓരോ മിനിറ്റിലും നാലു കുഞ്ഞുങ്ങ
ളെങ്കിലും പട്ടിണി മൂലം മരിക്കുന്നു. ക്രിസ്മസ് പങ്കിട്ടു നല്കലിന്റെ ആഘോഷമാണ്.

1843 ല്‍ ഇറങ്ങിയ ലോകത്തെ ആദ്യത്തെ ക്രിസ്മസ് കാര്‍ഡില്‍ പോലും പാവങ്ങളെ സഹായിക്കലിന്റെ ചിത്രമാണ് ആലേഖനം ചെയ്തിരുന്നത്. കൊവിഡ്-19 മൂലം പട്ടിണിയുടെ വക്കിലെത്തിയ നമ്മുടെ സഹോദരര്‍ക്ക് അപ്പമേകാനും അപ്പമാകാനും നമുക്ക് സാധിക്കണം. ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്ഷണം നല്കിയാല്‍ നിന്റെ പ്രകാശം അന്ധകാരത്തില്‍ ഉദിക്കും എന്നാണ് ദൈവം നല്കുന്ന വാഗ്ദാനം. (ഏശ 58:10) ക്രിസ്തുവിന് പിറക്കാന്‍ ഇടമില്ലായിരുന്നു എന്നത് ഒരു പ്രതീകാത്മകതയാണ്. പിറക്കാനൊരു വീടില്ലാതിരുന്ന ക്രിസ്തു ഏവരുടെയും വീടായി മാറി. ഭയമില്ലാത്ത അഭയത്തിന്റെ പേരാണ് ക്രിസ്തു. ഇന്ന് വീടില്ലാതെ അലയുന്നവരുടെ നൊമ്പരം നമ്മള്‍ തിരിച്ചറിയേണ്ടതല്ലേ. അവര്‍ക്കു വേണ്ടി വീടാകുവാനും വീടേകുവാനും നമുക്കും കടമയുണ്ട്.
‘കഞ്ഞിവെള്ളം മണക്കാതെ
കുഞ്ഞു പൈതങ്ങള്‍ കേഴുമ്പോള്‍
കൊഴുത്ത വേതനം തിന്ന്
മദിക്കുമീ ഞാന്‍ മരിക്കണം!
പീടികത്തിണ്ണ വീടാക്കി
സ്വസഹോദരി മയങ്ങവേ
കൈക്കോഴയാല്‍ മാളിക തീര്‍ക്കുമീ ഞാന്‍ മരിക്കണം!’
എന്ന കവിയുടെ ആത്മരോദനം നമ്മുടെ ഉള്ളിലും മുഴങ്ങണം, ഈ ക്രിസ്മസ് കാലത്ത്. പ്രകൃതിയോടുള്ള കരുതലും ക്രിസ്മസിന്റെ ഭാഗമാണ്. ‘കരുതലിന്റെ സംസ്‌ക്കാരം’ രൂപപ്പെടുത്തുന്നതിനെകുറിച്ച് ലൗദോസി എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ക്രിസ്മസ് പച്ചപ്പിന്റെ ആഘോഷം കൂടിയാണ് എന്നൊരു ചിന്താധാര നമ്മളും സ്വാംശീകരിക്കണം. എല്ലാ ആഘോഷങ്ങളും പ്രകൃതിയോട് നീതി പുലര്‍ത്തുന്നതാകണം എന്നര്‍ത്ഥം. സന്മനസ്സുള്ളവര്‍ നിറഞ്ഞ ഭൂമി ക്രിസ്മസിന്റെ വാഗ്ദാനമാണ്. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ നിറയുമ്പോള്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും ശാന്തിയും അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവുമുണ്ടാകും.

പുറമെയുള്ള ആഘോഷങ്ങള്‍ ഈ ക്രിസ്മസ് കാലത്ത് കുറവായിരിക്കാം. പക്ഷെ, അകത്ത് അടുപ്പത്തിന്റെയും ആനന്ദത്തിന്റെയും വിരുന്നൊരുക്കാന്‍ നമുക്കു കഴിയും. ഇത്തവണ ഹൃദയങ്ങളില്‍ ഏറ്റവും അധികം വേണ്ടത് പ്രത്യാശയും പ്രതീക്ഷയുമാണ്. രോഗദുരിതങ്ങളും പ്രയാസങ്ങളും ഇരുള്‍നാളുകളും എല്ലാം കടന്നു പോകും. നമുക്കും യഹൂദ പഴമൊഴി ഏറ്റു പറയാം: Gam Zeh Yaoor! ഇതും കടന്നു പോകും!

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

24 കോടി രൂപയുടെ കുടിശിക 108 ആംബുലന്‍സ് സര്‍വീസ് നിര്‍ത്തുമെന്ന് കമ്പനി

  തിരുവനന്തപുരം: 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. ഏപ്രില്‍ 25 ശനിയാഴ്ച മുതല്‍ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുമെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി. 108 ആംബുലന്‍സിന്റെ മേല്‍നോട്ട ചുമതലയുള്ള

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ

ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം

വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*