ക്രൈസ്തവ ധര്‍മപരിശീലനം ഒരു പുനര്‍വിചിന്തനം

ക്രൈസ്തവ ധര്‍മപരിശീലനം ഒരു പുനര്‍വിചിന്തനം

കത്തോലിക്കാ സഭയുടെ ‘മതബോധനഗ്രന്ഥ’ത്തില്‍ (Catechism of the Catholic Church) ‘വിശ്വാസനിക്ഷേപം (Fidei Depositum) എന്ന പേരിലുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അപ്പസ്‌തോലിക അനുശാസനം ആരംഭിക്കുന്നത്, സര്‍വജനങ്ങളെയും ക്രിസ്തുവിന്റെ സ്‌നേഹം സ്വായത്തമാക്കുന്നതിനായി സജ്ജമാക്കുക എന്ന ആഹ്വാനത്തോടെയാണ്: ”വിശ്വാസനിക്ഷേപം കാത്തുസൂക്ഷിക്കുക എന്നതാണ് കര്‍ത്താവ് തന്റെ സഭയെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം. സഭ ഈ ദൗത്യം എക്കാലവും നിര്‍വഹിക്കുന്നു. സഭയുടെ ശ്ലൈഹികവും അജപാലനപരവുമായ ദൗത്യം കൂടുതല്‍ പ്രകാശിപ്പിക്കുക, സുവിശേഷ ദൗത്യം ഉജ്ജ്വലിപ്പിക്കുന്നതിലൂടെ സര്‍വ വിജ്ഞാനത്തെയും അതിശയിപ്പിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം തേടാനും, അതു സ്വായത്തമാക്കാനും സര്‍വജനങ്ങളെയും സജ്ജമാക്കുക.” കര്‍ത്താവായ യേശുക്രിസ്തു തന്റെ പെസഹാ രഹസ്യത്തിലൂടെ സഭയ്ക്ക് കൈമാറിയതാണ് സര്‍വജനങ്ങളുടെയും രക്ഷയ്ക്കായുള്ള അമൂല്യമായ ഈ വിശ്വാസനിക്ഷേപം. ക്രിസ്തുവിന്റെ രക്ഷയിലേക്ക് മനുഷ്യരെ നയിച്ച്, വിശ്വസിക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവും ബോധ്യവും നല്‍കി പഠിപ്പിച്ച് വിശുദ്ധീകരിച്ച് ഒരു പുതിയ ഭൂമിയും പുതിയ ആകാശവും സൃഷ്ടിക്കുക എന്നതാണ് അമൂല്യമായ ഈ വിശ്വാസനിക്ഷേപം കൈമാറ്റം ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ സഭയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടമാണ് ക്രൈസ്തവധര്‍മ പരിശീലനത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
ത്രിയേകദൈവത്തിലുള്ള വിശ്വാസത്തിലൂടെ പ്രത്യാശയിലും സ്‌നേഹത്തിലുമധിഷ്ഠിതമായി, ക്രിസ്തു രഹസ്യത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരെയും ലോകത്തെയും ചരിത്രസംഭവങ്ങളെയും സ്വന്തം ജീവിതത്തെയും നിരീക്ഷിച്ചും ചോദ്യം ചെയ്തും പ്രശ്‌നപരിഹാരം നടത്തിയും സത്യത്തിലും അഹിംസയിലും നീതിയിലും കാരുണ്യത്തിലും മര്യാദയിലും ഉത്തരവാദിത്വബോധത്തിലും വളര്‍ന്നുവരുന്ന ഉത്തമസ്വഭാവമുള്ള ഭാവിതലമുറയെ സൃഷ്ടിക്കാനുള്ള ഒട്ടും ലളിതമല്ലാത്ത ആത്മീയബോധനപ്രക്രിയയാണ് ക്രൈസ്തവധര്‍മപരിശീലനം. യേശുക്രിസ്തുവിനെ അറിയുകയും അവിടുത്തെ മൗതിക ശരീരമായ സഭയോടു ചേര്‍ന്നുനിന്നുകൊണ്ട് ആത്മീയവും ഭൗതികവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ജീവിതത്തിന്റെ എല്ലാ യാഥാര്‍ത്ഥ്യങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും അറിവുകളുടെയും സത്ത തിരിച്ചറിഞ്ഞ് ബലഹീനവും അപൂര്‍ണവുമായ, പരിമിതികളുമുള്ള ജീവിത പശ്ചാത്തലത്തില്‍ നിന്നു പൂര്‍ണതയിലേക്കും ക്രമത്തിലേക്കും ജ്ഞാനത്തിലേക്കും അപരിമേയത്വത്തിലേക്കും വിശ്വാസപരിശീലനത്തിലൂടെ പുതുതലമുറയെ രൂപാന്തരപ്പെടുത്തുകയെന്നതാണ് ക്രൈസ്തവധര്‍മപരിശീലനത്തിന്റെ കാതല്‍. വിശ്വാസപരിശീലനം നിര്‍വ്വഹിക്കുന്ന വൈദികരും സിസ്റ്റേഴ്‌സും അദ്ധ്യാപിക-അദ്ധ്യാപകരും ഈ പരിശീലനത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികളും, തീക്ഷ്ണതയോടെ ഈ വിശ്വാസസത്യങ്ങള്‍ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തുകൊണ്ട്, ജ്ഞാനസ്‌നാനത്തില്‍ ആരംഭിക്കുന്ന ക്രൈസ്തവജീവിതം വചനത്തിലൂടെയും കൂദാശകളിലൂടെയും പരിപോഷിപ്പിക്കുവാനും ദിവ്യകാരുണ്യാനുഭവത്തില്‍ ജീവിച്ച് ജീവിതസായുജ്യം പ്രാപിക്കുവാനും ഇടയാവണം. ഒറ്റവാചകത്തില്‍, ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രചോദിതരായി ദൈവത്തെയും പ്രകൃതിയെയും മനുഷ്യരെയും സ്‌നേഹിച്ച്, ശുശ്രൂഷിച്ച്, സമാധാനത്തില്‍, ആനന്ദത്തില്‍ സംതൃപ്തിയോടെ ജീവിക്കാന്‍ പഠിപ്പിക്കുന്നതാണ് കത്തോലിക്കാസഭയുടെ മതബോധനം.
കുടുംബം-ആദ്യ ആത്മീയവിദ്യാലയം
കുടുംബങ്ങളെ ഗാര്‍ഹിക സഭയെന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്. ഈ ലോകത്തിലേക്ക് ജനിക്കുന്ന ഓരോ കുഞ്ഞും സ്വന്തം മാതാവിനെയും പിതാവിനെയും കണ്ടും കേട്ടും അനുഭവിച്ചുമാണ് അതിന്റെ സ്വഭാവം രൂപപ്പെടുത്തുന്നത്. സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ സംസാരിക്കുന്ന ഭാഷ കുഞ്ഞിന് മാതൃഭാഷയാണ്. ആരും പഠിപ്പിക്കാതെ തന്നെ ആ ഭാഷ സംസാരിക്കാന്‍ കുഞ്ഞ് സാവധാനം പഠിക്കും. അതുപോലെ തന്നെയാണ് പ്രാര്‍ത്ഥനയുടെയും പെരുമാറ്റത്തിന്റെയും ശുചിത്വത്തിന്റെയും മര്യാദയുടെയും സംസ്‌കാരത്തിന്റെയുമൊക്കെ ആദ്യപാഠങ്ങള്‍ കുഞ്ഞ് കുടുംബത്തില്‍ നിന്നു പഠിക്കുന്നത്. പ്രാര്‍ത്ഥനയും പഠനവും മൂല്യബോധവും മര്യാദയുമില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ അതുപോലെ തന്നെയാവാനേ തരമുള്ളൂ. ക്രിസ്തീയ ജീവിതത്തിന്റെ ആത്മീയബോധനതലം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ഓരോ കുഞ്ഞിന്റെയും മാതാപിതാക്കളാണ് അവരുടെ ആദ്യത്തെ ആത്മീയ അദ്ധ്യാപകര്‍. മാതാപിതാക്കളില്‍ ഒരു വിഭാഗം ആത്മീയകാര്യങ്ങളില്‍ ശ്രദ്ധയും, ആത്മീയ മര്യാദകള്‍ മക്കളെ പരിശീലിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തി തങ്ങളുടെ മക്കളെ ബൗദ്ധികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ അടിസ്ഥാനധാരണകള്‍ പോലുമില്ലാത്ത മാതാപിതാക്കള്‍ മക്കളെ കുരിശുവരയ്ക്കാനും അടിസ്ഥാന പ്രാര്‍ത്ഥനകള്‍ ചൊല്ലുവാനും അറിയാത്തവരായി മാറ്റുകയും ചെയ്യുന്നു. കുടുംബപ്രാര്‍ത്ഥനയില്ലാത്ത, ഞായറാഴ്ചയില്‍ പോലും കുര്‍ബാനയില്‍ സംബന്ധിക്കാത്ത, കുമ്പസാരിക്കാത്ത, ബൈബിള്‍ വായനയില്ലാത്ത, മരിച്ച പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കാത്ത, ആത്മീയകാര്യങ്ങള്‍ സംസാരിക്കാത്ത മാതാപിതാക്കളുടെ മക്കള്‍ക്ക് എങ്ങനെയാണ് ക്രൈസ്തവ ആത്മീയതയുടെ ആദ്യപാഠങ്ങള്‍ കുടുംബത്തില്‍ നിന്നു ലഭിക്കുന്നത്? കുടുംബകലഹങ്ങള്‍, ദമ്പതിമാര്‍ തമ്മിലെ പൊരുത്തമില്ലായ്മ, മാതാപിതാക്കളുടെ അറിവില്ലായ്മ, വിദ്യാഭ്യാസ-തൊഴില്‍-സാമ്പത്തിക പരാധീനതകള്‍, ചീത്ത കൂട്ടുകെട്ടുകള്‍, തരം താഴ്ന്ന കലാസ്വാദന അഭിരുചികള്‍ (ടിവി സീരിയല്‍, മൂന്നാംകിട കോമഡിഷോ, കാമ്പില്ലാത്ത സിനിമകള്‍) ഇവയൊക്കെയാണ് ഒരു കുടുംബത്തിലെ ആത്മീയതയുടെ വളര്‍ച്ചയെ ഇല്ലാതാക്കുന്ന ഘടകങ്ങള്‍. വിശ്വാസത്തെക്കുറിച്ചും, കൗദാശിക ജീവിതത്തെക്കുറിച്ചും, കുഞ്ഞുങ്ങളെ വിശ്വാസപരിശീലനത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ദമ്പതികളെ ബോധ്യമുള്ളവരാക്കാന്‍ സഭയ്ക്ക് കടമയുണ്ട്. വിവാഹ ഒരുക്ക കോഴ്‌സുകളില്‍ ഈ പാഠങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം ദാമ്പത്യത്തിന്റെ ഓരോ ഘട്ടത്തിലും (രണ്ട്/അഞ്ച് വര്‍ഷങ്ങളുടെ ഇടവേളകളില്‍) പോസ്റ്റ് കാനാ കോഴ്‌സുകളും നടത്തേണ്ടതുണ്ട്. വിശ്വാസപരിശീലനം യഥാവിധി കുടുംബത്തില്‍ നല്‍കപ്പെടാതിരുന്നാല്‍ ആ കുടുംബത്തിലെ മക്കള്‍ ഭൗതിക കാര്യങ്ങള്‍ക്ക് പ്രഥമസ്ഥാനവും ആത്മീയകാര്യങ്ങള്‍ക്ക് ഒടുവിലത്തെ സ്ഥാനവുമാകും നല്‍കുക. അതവരെ ആത്മീയ മര്യാദയില്ലാത്തവരാക്കും തീര്‍ച്ച. ”എന്റെ കുഞ്ഞുമക്കളേ, ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നതുവരെ ഞാന്‍ ഈറ്റുനോവനുഭവിക്കുന്നു” എന്നുകുറിച്ച വിശുദ്ധ പൗലോസിനെപ്പോലെ മക്കളുടെ ആത്മീയ വളര്‍ച്ചയില്‍ ഈറ്റുനോവ് അനുഭവിക്കാന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ മാത്രമേ
നമ്മുടെ മക്കള്‍ കുടുംബത്തിനും
സഭയ്ക്കും ലോകത്തിനും നന്മ ചെയ്യുന്നവരാകൂ. മാതാപിതാക്കളില്‍ നിന്നു ലഭിക്കുന്ന ആത്മീയശിക്ഷണം തേച്ചുമിനുക്കി പോരായ്മകള്‍ നികത്താനും, ഉള്ളതു മെച്ചപ്പെടുത്താനും ഇടവകയിലെ ക്രൈസ്തവധര്‍മപരിശീലനം തീര്‍ച്ചയായും കുട്ടിയെ സഹായിക്കും.
ക്രിസ്തുധര്‍മപരിശീലകര്‍ വിശ്വാസദീപങ്ങളാവണം
കുടുംബത്തിലും സമൂഹത്തിലും മാതൃകാപരമായ ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്നവരാവണം ക്രൈസ്തവധര്‍മപരിശീലകര്‍. അവര്‍ പ്രാര്‍ത്ഥനാചൈതന്യമുള്ളവരും വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ (ബൈബിള്‍, ദൈവശാസ്ത്രം, ആത്മീയത) അവഗാഹമുള്ളവരും ബൗദ്ധികവിഷയങ്ങളില്‍ നിലവാരമുള്ളവരുമാകണം. പ്രീ പ്രൈമറി വിഭാഗം അദ്ധ്യാപകരെപ്പോലും സ്‌കൂളുകളില്‍ നിയമിക്കുന്നത് അവരുടെ പഠനയോഗ്യതയും കാര്യക്ഷമതയും കണക്കിലെടുത്താണ്. അങ്ങനെയെങ്കില്‍ നഴ്‌സറി ക്ലാസു മുതല്‍ 12-ാം ക്ലാസുവരെ വിശ്വാസശിക്ഷണം നല്‍കുന്നവരെ തിരഞ്ഞെടുക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണം. പ്രാര്‍ത്ഥനകളും കൗദാശികാനുഷ്ഠാനങ്ങളും വിശ്വാസസത്യങ്ങളും ആത്മീയദര്‍ശനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നവര്‍ തീര്‍ച്ചയായും പരിശുദ്ധാത്മാവിന്റെ ചൈതന്യമുള്ളവരാകണം. ആത്മാവിന്റെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, ആലോചന, അറിവ്, ആത്മശക്തി, ഭക്തി, ദൈവഭയം എന്നിവ തിളങ്ങിവിളങ്ങണം ഈ ആത്മീയ പരിശീലകരില്‍. സ്വന്തം ജീവിതത്തില്‍ താന്‍ സ്വായത്തമാക്കിയ വിശ്വാസപക്വതയില്‍ നിന്നും ജ്ഞാനത്തില്‍ നിന്നും വേണം ഓരോ അദ്ധ്യാപകനും ക്രൈസ്തവിശ്വാസം പഠിപ്പിക്കേണ്ടത്.
ആത്മീയ പരിശീലകരില്‍ രണ്ടു കൂട്ടരുണ്ട്. ഒന്നാമത്തെ കൂട്ടര്‍ ആത്മീയ പരിശീലന പ്രക്രിയയില്‍ പങ്കാളികളാവുന്നത്, അത് ദൈവവിളിയായി സ്വീകരിക്കുന്നതിനാലും ആത്മാര്‍ത്ഥമായ സഭാസേവന സന്നദ്ധതമൂലവുമാണ്. അവര്‍ വിശ്വാസബോധ്യമുള്ളവരും പ്രാര്‍ത്ഥനയില്‍ സന്തോഷമുള്ളവരും ത്യാഗസമ്പന്നരുമാണ്. സഭയെ സ്‌നേഹിക്കുകയും സഭാധികാരികളോട് ചേര്‍ന്നുനില്ക്കുകയും ചെയ്യുന്ന ഇവര്‍ പുതിയ തലമുറയ്ക്ക് സഭയുടെ വിശ്വാസനിക്ഷേപം കൈമാറ്റം ചെയ്യുന്നതില്‍ തികച്ചും യോഗ്യര്‍ തന്നെ.
രണ്ടാമത്തെ കൂട്ടര്‍ ഇപ്രകാരമല്ല. കത്തോലിക്കാസഭയുടെ അടിസ്ഥാനദര്‍ശനങ്ങളും വിശ്വാസസത്യങ്ങളും അറിയാത്ത, പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമില്ലാത്ത, ആത്മീയപാഠങ്ങള്‍ ലളിതമായി പഠിപ്പിക്കാന്‍ അറിഞ്ഞുകൂടാത്ത, തന്റെ സാമൂഹ്യവത്ക്കരണത്തിനുള്ള (ടീരശമഹശ്വമശേീി) ഉപാധിയായി മാത്രം പരിശീലനപ്രക്രിയയില്‍ പങ്കുചേരുന്നവരാണ് ഇവര്‍. ഇവരുടെ വാക്കുകളും പ്രവൃത്തികളും കുട്ടികളില്‍ ആശയക്കുഴപ്പവും അരോചകത്വവും ഭയവുമാവും സൃഷ്ടിക്കുന്നത്. ആത്മീയകാര്യങ്ങളിലുള്ള ഇവരുടെ അജ്ഞതയും ബൗദ്ധിക നിലവാരമില്ലായ്മയും അനാവശ്യ അധികാരപ്രയോഗവും ഈ വിശുദ്ധ പരിശീലനപ്രക്രിയയില്‍ വിപരീതഫലമാകും ഉളവാക്കുക. സഭയെ വിമര്‍ശിച്ചും വൈദികരെ കുറ്റംപറഞ്ഞും ഔചിത്യമില്ലാത്ത അഭിപ്രായപ്രകടനം നടത്തിയും ഇക്കൂട്ടര്‍ മതബോധനപ്രക്രിയയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കും. വിരലിലെണ്ണാവുന്ന ഇത്തരക്കാര്‍ ഈ വിശുദ്ധമായ ആത്മീയപ്രക്രിയയെ പിറകോട്ടടിക്കുന്നവരാണ്.
ഞായറാഴ്ച മാത്രം കുര്‍ബാനയില്‍ സംബന്ധിക്കുകയും ഒരു മണിക്കൂര്‍ ക്ലാസെടുത്ത് മടങ്ങുകയും ചെയ്യുന്നവരാവരുത് സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍. അവര്‍ കുടുംബപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരും ഇടദിവസങ്ങളില്‍ കുര്‍ബാനയില്‍ സംബന്ധിക്കുന്നവരും ഇടവകയിലെ മറ്റ് വിശ്വാസാനുഷ്ഠാനങ്ങളിലും യൂണിറ്റുകളിലും സജീവ പങ്കാളിത്തമുള്ളവരുമാകണം. പ്രാര്‍ത്ഥനയിലൂടെ, ദൈവവചന പാരായണ-ധ്യാനത്തിലൂടെ യേശുവുമായുള്ള വ്യക്തിപരമായ ബന്ധം വളര്‍ത്തി ആത്മീയ വളര്‍ച്ച നേടിയിട്ടുള്ളവരാവണം ഈ പരിശീലകര്‍.
ക്രിസ്തു തന്റെ ശിഷ്യരായി സ്വീകരിച്ചത് തികച്ചും സാധാരണക്കാരായ മനുഷ്യരെയാണ്, ഉന്നത ബൗദ്ധിക നിലവാരമോ ആത്മീയതയോ ഇല്ലാത്ത ബലഹീനരായ മനുഷ്യരെ. പക്ഷേ, ക്രിസ്തുവിനോട് ചേര്‍ന്ന് അവന്റെ പാഠങ്ങള്‍ സ്വീകരിച്ച് പരിശുദ്ധാത്മാവില്‍ നിറഞ്ഞതോടെ പിന്നീട് അവര്‍ ബൗദ്ധികമായും ആത്മീയമായും ഉന്നതനിലവാരമുള്ളവരായി രൂപാന്തരപ്പെട്ടു. ഭൗതിക മനുഷ്യര്‍ ആത്മീയ മനുഷ്യരായി മാറി. ഈ മാറ്റമാണ് ക്രമത്തിലും സാവധാനത്തിലും ഓരോ വിശ്വാസപരിശീലകനും ആര്‍ജ്ജിക്കേണ്ടത്. ഉന്നതമായ ആദര്‍ശങ്ങളും മൂല്യങ്ങളും ജീവിതത്തിലുടനീളം ഇവര്‍ സൂക്ഷിക്കണം. വിശ്വാസ അദ്ധ്യാപകര്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരും കുട്ടികള്‍ക്ക് മാതൃകയുമാവണം.
(തുടരും)


Related Articles

തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കും : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ

കര്‍മനിരതരായി കടന്നുപോയ രണ്ടു പേര്‍

കെ.എസ് മാര്‍ക്കോസ്മാസ്റ്ററെ സ്മരിക്കുമ്പോള്‍സണ്ണി പൗലോസ് ബഹുമുഖമായ കഴിവുകളുടെ ആള്‍രൂപമായിരുന്നു ശ്രീ മാര്‍ക്കോസ് മാസ്റ്റര്‍. കണ്ണൂര്‍ രൂപതക്കെന്ന പോലെ കേരള സഭയ്ക്കും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന കാര്യത്തില്‍

ഉത്തർപ്രേദശിൽ ട്രെയിനിൽ യാത്രചെയ്യവേ സന്യാസിനിമാരെ തടഞ്ഞുവെച്ച സംഭവം പ്രതിഷേധാർഹം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽകൊച്ചി : ഉത്തർപ്രേദേശിൽ ട്രെയിൻ യാത്രക്കിടെ അവഹേളനത്തിനിരയായ സന്യാസിനികളെക്കുറിച്ചുള്ള വാർത്ത ഭാരതത്തിന്റെ മതേതര മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു .

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*