ക്രൈസ്തവ ധര്‍മപരിശീലനം പ്രായോഗിക നിര്‍ദേശങ്ങള്‍

നമ്മുടെ കുട്ടികള്‍ കൂടുതല്‍ കാര്യങ്ങള്‍ നന്നായി പഠിക്കണം എന്ന ലക്ഷ്യത്തോടെയാണെങ്കിലും ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്നതിലും മനസിലാക്കാനാവുന്നതിലും കൂടുതല്‍ ‘ആശയങ്ങള്‍’ ഓരോ പുസ്തകത്തിലും ‘കുത്തി നിറച്ചിട്ടില്ലേ’ എന്ന് ഈ പുസ്തകങ്ങളിലൂടെ കടന്നുപോയപ്പോള്‍ ചിന്തിച്ചുപോയി. ഒന്നുമുതല്‍ മൂന്നാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളില്‍ ഓരോ പാഠത്തിന്റെയും അവസാനം കൊടുത്തിരിക്കുന്ന ‘നമുക്കു പ്രതിജ്ഞ ചെയ്യാം’, ‘സത്പ്രവൃത്തികള്‍ ശീലിക്കൂ’ എന്നീ കാര്യങ്ങള്‍ അത്യന്തം ഗുണകരമാണ്. പ്രതിജ്ഞയും ശീലവും സ്വഭാവത്തെ വിമലീകരിക്കാന്‍ ഏറെ സഹായിക്കുമെന്നതിനാല്‍ 12-ാം ക്ലാസുവരെയുള്ള പാഠപുസ്തകങ്ങളിലും ഓരോ പാഠത്തിനുശേഷവും ഇത് ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ!
ഒന്നു മുതല്‍ മൂന്നു വരെയുള്ള ക്ലാസുകളില്‍ ത്രിയേകദൈവത്തെക്കുറിച്ചും 4-ാം ക്ലാസില്‍ കൂദാശകളും 5ല്‍ ദൈവകല്പനകളും, 6ല്‍ പഴയനിയമവും, 7ല്‍ യുഗങ്ങളുടെ പ്രതീക്ഷയായ ക്രിസ്തുവും, 8ല്‍ സഭയും സഭാചരിത്രവും, 9ല്‍ സഭയുടെ ഘടനയും, സഭയും ലോകവും തമ്മിലുള്ള ബന്ധവും, 10ല്‍ യുവജനങ്ങളും അവരുടെ ദൗത്യവും, 11ല്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളും 12-ാം ക്ലാസില്‍ ഈ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ തിരിച്ചറിഞ്ഞ് എങ്ങനെ ഉത്തമ ക്രൈസ്തവരായി ജീവിക്കാമെന്നും പഠിപ്പിക്കുന്നു. ഓരോ പുസ്തകത്തിന്റെയും അവസാനം തിരുസഭയിലെ മഹാവിശുദ്ധരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഒരുപാടുപേര് ഏറെ കഠിനാദ്ധ്വാനം ചെയ്താണ് ഈ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. അത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണ്. ഇതിലെ ഭാഷാശൈലിയും ഉള്ളടക്കവും ഇന്നത്തെ ‘ന്യൂജെന്‍’ കുട്ടികള്‍ക്കും യുവാക്കള്‍ക്കും കടുകട്ടിയാണെങ്കിലും-ആശയസമൃദ്ധവും എക്കാലവും ഉപയോഗപ്രദവുമാണ് ഓരോ പുസ്തകവും. ഓരോ ക്ലാസിലും പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ ഓരോ വിഷയവും ആഴത്തില്‍ ഗ്രഹിച്ച് കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പഠിപ്പിക്കുക എന്നതാണ് അദ്ധ്യാപകര്‍ക്കുള്ള വെല്ലുവിളി. നിശ്ചയിക്കപ്പെട്ട തീരെ കുറഞ്ഞ സമയത്തിനുള്ളില്‍ പുസ്തകം മുഴുവന്‍ ‘ഓടിച്ചിട്ട് തീര്‍ത്ത്’ പഠിപ്പിക്കുന്നയാള്‍ക്കും പഠിക്കുന്നയാള്‍ക്കും ഒരു ഗുണവുമില്ലാതെ ഈ ആത്മീയ പാഠങ്ങള്‍ ‘തലവേദനയും, അസ്വസ്ഥതയു’മാവാതെ എല്ലാ വിഷയങ്ങളും പൊതുവായും തിരഞ്ഞെടുത്ത പാഠങ്ങളും പാഠഭാഗങ്ങളും സമയമെടുത്ത് യുക്തമായും പഠിപ്പിക്കുന്നതാവും ഉചിതമെന്ന് ഈ ലേഖകന്‍ അഭിപ്രായമുണ്ട്.
ക്രൈസ്തവധര്മപരിശീലനം വിശ്വാസജീവിതത്തിനുള്ള, ഉത്തമമനുഷ്യനായി ജീവിക്കുവാനുള്ള പരിശീലനമാണ്. അതിനാല്‍ ഏറ്റവും പ്രാധാന്യത്തോടെ ആരാധനക്രമത്തിലുള്ള പങ്കാളിത്തത്തിനും, കൂദാശകളുടെ സ്വീകരണത്തിനും, വിശ്വാസപഠനത്തിനും കുഞ്ഞുനാള് തൊട്ടേ നമ്മുടെ മക്കളെ ശീലിപ്പിക്കണം. ഒരു കാര്യം പഠിക്കുന്നതും (ഒരാശയം ഓര്‍മയില്‍ സൂക്ഷിക്കുന്നത്) അക്കാര്യം ശീലിക്കുന്നതും (പ്രവര്‍ത്തിക്കുന്നതും) രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. പുതിയ തലമുറയിലെ മക്കള്‍ക്ക് ആത്മീയ മര്യാദയുടെയും പ്രാര്ത്ഥനാനുഭവത്തിന്റെയും കൂദാശാനുഷ്ഠാനത്തിന്റെയും ശീലങ്ങള്‍ ഇല്ലാതെ പോകുന്നതുകൊണ്ടാണ് അവര്‍ക്ക് അടിസ്ഥാന പ്രാര്‍ത്ഥനകളും ആത്മീയ മര്യാദകളും ബോദ്ധ്യമുള്ള വിശ്വാസജീവിതവും ഇല്ലാതെ പോകുന്നത്. അറിവ് എന്ന രീതിയില്‍ അവര്‍ അത് പഠിക്കുന്നുണ്ടാവാം, പക്ഷേ അതു ശീലമായി പ്രാവര്‍ത്തികമാകുന്നില്ലെങ്കില്‍ എന്തു ഫലം? ”പ്രവൃത്തിയില്ലാത്ത വിശ്വാസം ചത്തതാകുന്നു” എന്നാണ് വിശുദ്ധ പൗലോസ് പറയുന്നത്.
ഒന്നാം ക്ലാസു മുതല്‍ മൂന്നാം ക്ലാസു വരെയുള്ള കുട്ടികളെ ബൈബിളോ ദൈവശാസ്ത്രമോ അല്ല പഠിപ്പിക്കേണ്ടത്. ഇക്കാലയളവില്‍ അവരെ ആത്മീയ മര്യാദകളും അനുഷ്ഠാനങ്ങളും അച്ചടക്കവും ക്രമവും പാലിക്കാനുള്ള ശീലങ്ങളുമാണ് പഠിപ്പിക്കേണ്ടത്. കുടുംബപ്രാര്‍ത്ഥന നടത്തുന്നത്, മുതിര്‍ന്നവര്‍ക്ക് സ്തുതി ചൊല്ലുന്നത്, ത്രിസന്ധ്യാജപം ചൊല്ലേണ്ടത്, വൃത്തിയായി കുരിശുവരയ്ക്കുന്നത്, അടിസ്ഥാനപ്രാര്ത്ഥനകള് മനഃപാഠം ചൊല്ലുന്നത്, ജപമാല ചൊല്ലുംവിധം, കുര്‍ബാനയുടെ പ്രാധാന്യം, കുര്‍ബാനയില്‍ സംബന്ധിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, ഭക്ഷണത്തിനു മുമ്പും ശേഷവും പ്രാര്‍ത്ഥിക്കുന്നത്, യാത്ര പുറപ്പെടും മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്, ദാനധര്‍മം ചെയ്യുന്നത്, മാതാവിനെയും വിശുദ്ധരെയും വണങ്ങുന്നത്, സക്രാരിയിലെ യേശുവിനെ കുമ്പിട്ട് വണങ്ങുന്നത്, ദൈവാലയത്തില്‍ പെരുമാറുന്നവിധം, പ്രായമായവരോട് ഇടപെടേണ്ടവിധം, വൈദികരെയും സിസ്റ്റേഴ്സിനെയും അദ്ധ്യാപകരെയും മാനിക്കണമെന്ന പാഠം, ചീത്തവാക്കുകള്‍ ഉപയോഗിക്കാതിരിക്കാന്‍, നുണ പറയാതിരിക്കാന്‍, മുടിയും നഖവും വസ്ത്രവും വൃത്തിയായി സൂക്ഷിക്കാന്‍, ശരീരത്തിന്റെയും മനസിന്റെയും വിശുദ്ധി പാലിക്കാന്‍, ബൈബിള്‍ ഭാഗങ്ങള്‍ വ്യക്തമായും സ്ഫുടമായും വായിക്കാന്‍, നൊവേനയില്‍ സംബന്ധിക്കാന്‍, ദൈവാലയഗീതങ്ങള്‍ ഉച്ചത്തില്‍ പാടാന്‍ ഇതൊക്കെയാണ് ആദ്യ മൂന്നുവര്‍ഷങ്ങളില്‍ ബൈബിളിലെ പഴയനിയമത്തിലെയും കഥകള്‍ മാത്രം പറഞ്ഞുകൊണ്ട് അവ കവിതകളാക്കി ചൊല്ലി, പഠിപ്പിച്ച് പരിശീലിപ്പിക്കേണ്ടത് എന്നാണ് ഈ ലേഖകന്റെ സുദൃഢമായ അഭിപ്രായം. ഈ ആദ്യവര്‍ഷങ്ങളില്‍ അവരുടെ ഉള്ളില്‍ പതിയുന്ന ബൈബിള്‍ കഥകള്‍ ഒരു ദിവ്യപ്രകാശം അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കും. അന്ധകാരത്തിന്റെയും പാപത്തിന്റെയും ഇടയില്‍ കാന്തിയുള്ള വജ്രം പോലെ അതവിടെ ഉണ്ടാകും. വലിയ പ്രബോധനത്തിന്റെയോ വ്യാഖ്യാനത്തിന്റെയോ ആവശ്യമില്ല. കുഞ്ഞുങ്ങളുടെ ഉള്ളില്‍ ഈ സദുപദേശകഥകളും ശീലങ്ങളും മരിക്കുവോളം മായാതെ കിടക്കും. അതവരെ നന്മയുള്ളവരാക്കും. ലളിതമായ ബൈബിള്‍ കഥകള്‍ കൊണ്ടും ആത്മീയ മര്യാദയുടെ ശീലങ്ങള്‍ കൊണ്ടും നമ്മുടെ മക്കളുടെ ഹൃദയങ്ങളെ വിജ്ഞാനസമ്പന്നമാക്കാന് കഴിയും, തീര്‍ച്ച.
ചില പാഠങ്ങള്‍-പ്രായോഗിക നിര്‍ദേശങ്ങള്‍
നമ്മുടെ ക്രൈസ്തവധര്മപരിപാലനം പൂര്‍ണ ഫലപ്രാപ്തിയില്‍ എത്തുന്നതിനായി ചില നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്നു.
1. വൈദികരും സിസ്റ്റേഴ്സും ക്രൈസ്തവധര്മ പരിശീലനത്തില്‍ അതീവ താല്പര്യവും ജാഗ്രതയും പുലര്‍ത്തണം. കാരണം ഇത് സഭയുടെ പ്രഥമ ദൗത്യമാണ്. ചില വൈദികരും സന്യസ്തരും ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയും പാപകരമായ ഉപേക്ഷയും കാണിക്കുന്നുവെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
2. മതാദ്ധ്യാപകരെ തിരഞ്ഞെടുക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കണം. പ്രാപ്തരെ മാത്രം തിരഞ്ഞെടുക്കണം. അവര്‍ക്ക് കൃത്യമായി പരിശീലനം നല്‍കുകയും വേണം. മതാദ്ധ്യാപകര്‍ തങ്ങളേറ്റെടുത്തിരിക്കുന്ന ചുമതലയുടെ ഗൗരവം അറിയുന്നവരും ആ ചുമതല കൃത്യമായി നിര്വഹിക്കുന്നവരുമാവണം.
3. മതബോധനത്തിനു വരുന്ന തന്റെ ക്ലാസിലെ കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും ഓരോ അദ്ധ്യാപകനും വ്യക്തിപരമായ ബന്ധമുണ്ടാകണം. ഓരോ കുട്ടിയുടെയും ഭവനം സന്ദര്‍ശിക്കുകയും വേണം.
4. സഭാപ്രബോധനങ്ങള്‍ക്കനുസൃതമായി സഭാമേലധികാരികളോട് ചേര്‍ന്നു നിന്നുവേണം മതാദ്ധ്യാപകര്‍ മതബോധനം നല്കാന്. സ്വന്തം പാഠങ്ങളല്ല, സഭാപാഠങ്ങള് വേണം അവര്‍ പഠിപ്പിക്കേണ്ടത്.
5. ഇടവകയില്‍ കൃത്യമായും വൃത്തിയായും മതപഠനം നടത്താന്‍ വേണ്ട സ്ഥലസൗകര്യങ്ങള്‍ കണ്ടെത്തണം.
6. മതബോധനദിനങ്ങളിലെ കുര്‍ബാനയും ക്ലാസുകളും നിശ്ചിതസമയക്രമം കൃത്യമായി പാലിക്കണം.
7. പഠിപ്പിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നതിനും ടീച്ചിംഗ് നോട്ട് തയ്യാറാക്കുന്നതിനും അദ്ധ്യാപകര്‍ ഏറെ ശ്രദ്ധാലുക്കളാവണം.
8. പിടിഎ അംഗങ്ങളുടെ സഹകരണത്തോടെ അധ്യാപകര്‍ കുട്ടികള്‍ കുര്‍ബാനയ്ക്ക് കൃത്യസമയത്ത് എത്തുന്ന കാര്യം ശ്രദ്ധിക്കുകയും പ്രാര്‍ത്ഥനകള്‍ ഉച്ചത്തില്‍ ചൊല്ലുന്നതിനും പാട്ടുകള്‍ ഒന്നായി പാടുന്നതിനും കുട്ടികളെ സഹായിക്കുകയും വേണം.
9. ദൈവശിക്ഷയുടെയും ശാപത്തിന്റെയും പാഠമല്ല ക്രിസ്തുവിന്റെ പാഠമെന്നും അതു സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും പാഠമാണെന്നും കുട്ടികളെ പഠിപ്പിക്കണം.
10. വാക്കുകള്‍ കൊണ്ട് വിദ്യാര്‍ത്ഥികളെ മുറിപ്പെടുത്താതിരിക്കാനും അപമാനിക്കാതിരിക്കാനും അദ്ധ്യാപകര്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളെ യാതൊരുവിധ ശാരീരിക പീഡനമേല്പ്പിക്കാതിരിക്കാന് അദ്ധ്യാപകര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
11. പ്രകൃതിക്ക് ഏറെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്, ഫ്ളെക്സ് എന്നിവ നിയന്ത്രിതമായി ഉപയോഗിക്കുന്നതിന് കുട്ടികളെ പഠിപ്പിക്കണം. അതോടൊപ്പം, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും പള്ളിയും സെമിത്തേരിയും പള്ളിപരിസരങ്ങളുമൊക്കെ വൃത്തിയാക്കേണ്ടതുമാണ്.
12. മതബോധനത്തിനായി വരുന്ന കുട്ടികളില്‍ പ്രാപ്തരെ കണ്ടെത്തി അവരെ അള്‍ത്താര ബാലന്മാരും ബാലികകളുമാക്കാന് പരിശീലനം നല്‍കണം.
13. സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധാപൂര്‍വം കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അതിന്റെ ദുരുപയോഗം വരുത്തുന്ന ദുരന്തങ്ങളെക്കുറിച്ച് അവരെ ബോദ്ധ്യമുള്ളവരാക്കണം.
14. അന്ധവിശ്വാസങ്ങളിലേക്കും ഇതര അബദ്ധസിദ്ധാന്തങ്ങളിലേക്കും പോവാതിരിക്കാന്‍ കുട്ടികള്‍ക്ക് ബോദ്ധ്യം നല്‍കണം.
15. പള്ളിക്കു പുറത്തുനിന്നു കുര്‍ബാന കൂടുന്ന കുട്ടികളെ മുതിര്‍ന്നവരുടെയും പിടിഎയുടെയും സഹായത്തോടെ പള്ളിയില്‍ പ്രവേശിപ്പിക്കണം.
16. ആരെങ്കിലും കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചാല്‍ കുട്ടികള്‍ എത്രയും വേഗം അതു മാതാപിതാക്കളെയോ അധ്യാപകരെയോ വൈദികരേയോ സിസ്റ്റേഴ്സിനേയോ അറിയിക്കണം എന്ന് അവരെ പഠിപ്പിക്കണം.
17. കുടുംബക്കൂട്ടായ്മയില്‍ പങ്കുചേരുന്നതിനും ഇടവക പരിപാടികളില്‍ സജീവമായി പങ്കുചേരുന്നതിനും കുട്ടികളെ പഠിപ്പിക്കണം.
18. മദ്യപാനം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിനെതിരായി ബോധവല്‍ക്കരണ ക്ലാസുകള്‍ കുട്ടികള്‍ക്ക് നല്‍കണം.
19. ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് (പ്രൊജക്ടര്‍/സ്ക്രീന്‍) ക്ലാസുകള്‍, മീറ്റിംഗുകള്‍ നടത്തണം.
20. കുട്ടികളെ പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും അവരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയും വേണം. പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ആത്മസന്തോഷത്തെയും ശാരീരിക-ആത്മീയ ശക്തികളെയും ജീവിത സൗഖ്യത്തെയും കുറിച്ച് അവരെ അവബോധമുള്ളവരാക്കുകയും വേണം.
21. ഓരോ വാക്കിനും, ഒരാശയലോകമുണ്ടെന്നും അതിനൊരു ശരീരമുണ്ടെന്നും ആത്മാവുണ്ടെന്നും സുഗന്ധമുണ്ടെന്നും അതിനുള്ളില്‍ അത്ഭുതമുണ്ടെന്നും കുട്ടികളെ പഠിപ്പിക്കണം.
22. സ്വന്തം മനസില്‍ സൂക്ഷിക്കുന്ന സങ്കല്പങ്ങളാലും ആശയങ്ങളാലും ദര്‍ശനങ്ങളാലും വഹിച്ചുകൊണ്ടു പോകപ്പെടുന്നതാണ് മനുഷ്യസ്വഭാവം. അതിനാല്‍ ക്രിസ്തുവിനെയും അവന്റെ സ്നേഹത്തിന്റെയും രക്ഷയുടെയും സമാധാനത്തിന്റെയും പാഠങ്ങളും മനസില്‍ നിറച്ച് സ്വഭാവം ക്രിസ്തുവിന് അനുരൂപപ്പെടാന്‍ കുട്ടികളെ പഠിപ്പിക്കണം.
23. ഈ സമൂഹം നമ്മുടെ ജീവിതത്തെ ഓരോ ദിവസവും കൂടുതല്‍ യാന്ത്രികവും കര്‍ക്കശവും ഉപരിപ്ലവവും ഉദാസീനവും ആക്കുകയാണ്. ഈ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ അറിവിലൂടെയും ആത്മീയതയിലൂടെയും മാത്രമേ സാധിക്കൂ എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.
24. ജീവിതത്തിലെ ഏറ്റവും മഹത്തായ ധര്‍മവും മൂല്യവും കാരുണ്യമാണെന്നും മനുഷ്യരോടും മൃഗങ്ങളോടും സര്‍വ ചരാചരങ്ങളോടും കാരുണ്യം കാണിക്കണമെന്നും അവരെ പഠിപ്പിക്കണം.
25. പരസ്പരം കണ്ടുമുട്ടുകയും ഒന്നിച്ച് സഹവസിക്കുകയും പരസ്പരം അറിയുകയും സ്നേഹിക്കുകയും ചെയ്യേണ്ടതിനാണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നതെന്നും, ചിന്തയും വാക്കും പ്രവൃത്തികളും നന്മനിറഞ്ഞതാക്കണമെന്നും അവരെ പഠിപ്പിക്കണം.
26. ”സ്നേഹത്തോടെ ജീവിക്കുന്നതിനും നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും പരസ്പരം പ്രോത്സാഹിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന് നമുക്ക് പര്യാലോചിക്കാം” (ഹെബ്ര. 10:11) എന്ന വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ഓരോ ദിവസവും മെച്ചപ്പെട്ട മനുഷ്യരാകണമെന്ന് അവരെ പഠിപ്പിക്കണം.
ഇനി ഒരു ചെറിയ കഥ. ഒരു പുഴു മള്‍ബറി ഇല തിന്നുകയാണ്. അതു പിന്നെ കുറെ ദിനങ്ങള്‍ മള്‍ബറി ഇല വേണ്ടെന്നു വച്ചു. പിന്നെ അത് ധ്യാനത്തില്‍ മുഴുകി. പുഴുവിന് മുകളില്‍ ഒരു സമാധിയുണ്ടായി. അതറിഞ്ഞു, ഞാന്‍ വെറുമൊരു പുഴുവല്ല, എന്റെ ഉള്ളില്‍ വര്‍ണ്ണങ്ങളുടെ മനോഹാരിത ഉണ്ട്, പറന്നുയരാന്‍ ചിറകുകളുണ്ട്, സ്വന്തമായി അതിരുകളില്ലാത്ത ആകാശമുണ്ട്. ഒരു ദിവസം, ആ സമാധി പിളര്‍ന്നു. അതില്‍ നിന്നു വര്‍ണാഭമായ ഒരു ശലഭം പുറത്തുവന്നു. അത് ചിറകടിച്ച് ആകാശത്തിലേക്കുയര്‍ന്നു.
ഒരുവന് തന്റെ ഉള്ളിലെ ക്രിസ്തുവിനെ തിരിച്ചറിയുകയും സ്വന്തമാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ക്രൈസ്തവധര്മപരിശീലനം.
Related
Related Articles
റോമിലെ ഒക്ടോബര്‍ വിസ്മയം
സുവിശേഷത്തിന്റെ ആനന്ദത്തിനു പകരം ലോകത്തിന്റെ പല ഭാഗത്തും ദൈവജനം കടുത്ത സങ്കടത്തിലും കോപത്തിലും നിരാശയിലുമാണ്ടിരിക്കെ, യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും സംബന്ധിച്ച വിചിന്തനങ്ങള്‍ക്കായി സാര്‍വത്രിക കത്തോലിക്കാ സഭയിലെ
ലത്തീന്‍ പാട്ടുകുര്‍ബാനയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു
ലത്തീന്‍ ആരാധനാക്രമത്തിലെ പാട്ടുകുര്‍ബാനയുടെ പുതുതായി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പിഒസിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ ആര്‍ച്ച്ബിഷപ്
എം ഐ ഷാനവാസ് എം പി അന്തരിച്ചു
ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന്