ക്ഷേത്രപ്രവേശന വിളംബരം: തിരിഞ്ഞുനോക്കുമ്പോള്‍

ക്ഷേത്രപ്രവേശന വിളംബരം: തിരിഞ്ഞുനോക്കുമ്പോള്‍

നവംബര്‍ 12ന് ക്ഷേത്രപ്രവേശന വിളംബരം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ വാര്‍ഷികം സര്‍ക്കാര്‍ ആഘോഷിക്കുകയാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ഷികാഘോഷത്തിന് രാഷ്ട്രീയമായ, സാംസ്‌കാരികമായ ധ്വനികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത് സ്വകാര്യ ചാനലുകാര്‍ അവതരിപ്പിക്കുന്ന, മുഖ്യമന്ത്രി പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ എന്ന പരിപാടിയുടെ ഒടുവില്‍, അഞ്ചോ ആറോ മിനിറ്റുകളില്‍ ക്ഷേത്രപ്രവേശന വിളംബരത്തിലേക്ക് നയിച്ച ചരിത്ര സന്ദര്‍ഭങ്ങള്‍ വിശദമാക്കുന്ന ഡോക്യുമെന്ററിയും ഈ ദിവസങ്ങളില്‍ ചാനലുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവിന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തില്‍ തുല്യം ചാര്‍ത്തിയ വിളംബരം ഇന്ത്യയിലുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളില്‍ നാഴികക്കല്ലാണെന്ന് അന്നും ഇന്നും വാഴ്ത്തപ്പെടുന്നു.
വിളംബരത്തെപ്പറ്റി ചരിത്രപരമായ വിശകലനങ്ങള്‍ നിരവധിയുണ്ടായി. ”കേരളത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രാദേശിക പുരാരേഖ സര്‍വേ കമ്മിറ്റി ശേഖരിച്ച് ക്രമപ്പെടുത്തി, സാംസ്‌കാരിക വകുപ്പ് പ്രസിദ്ധപ്പെടുത്തിയ പുസ്തകത്തില്‍ ദീര്‍ഘമായ ഒരു പ്രബോധനം ക്ഷേത്രപ്രവേശന വിളംബരത്തിലേക്കു നയിച്ച ചരിത്ര മുന്നേറ്റങ്ങളെക്കുറിച്ചാണ്. ചരിത്രപരമായ വിശദാംശങ്ങള്‍ നല്‍കുന്ന വ്യക്തതയുള്ള അടിക്കുറിപ്പുകളോടെയുള്ള ഈ പഠനം ചരിത്രവിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, പൗരബോധമുള്ള ആര്‍ക്കും ചരിത്രത്തെക്കുറിച്ചുള്ള മനനത്തിന് ഉപകാരപ്പെടും. ശബരിമലയുമായി ബന്ധപ്പെട്ട വിധിയെ വിശകലനം ചെയ്യുന്ന ചാനല്‍ ചര്‍ച്ചാ വിദഗ്ദ്ധരും രാഷ്ട്രീയക്കാരും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രസന്ദര്‍ഭങ്ങളുടെ സങ്കീര്‍ണത അറിയുന്നത് നല്ലതാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള മലക്കംമറിച്ചിലുകളും പാര്‍ട്ടി കോണ്‍ഗ്രസ് നയരേഖകളുടെ ഒളിച്ചുകടത്തലുകളും വിശ്വാസസന്ദര്‍ഭങ്ങളെ രാഷ്ട്രീയമായി മുതലെടുക്കുന്ന കപടതകളും വിശ്വാസത്തെ മൊത്തമായും ഏറ്റെടുക്കുന്ന സ്വയം പ്രഖ്യാപിത നേതാക്കളുമെല്ലാം ചേര്‍ന്ന് അതിസങ്കീര്‍ണമായ വിശ്വാസജിവിതത്തെ കൂടുതല്‍ കലക്കിമറിക്കുകയും ചിന്തിക്കാനുള്ള ഇടം കൊടുക്കാതെ കേള്‍വിക്കാരെ വിഷമവൃത്തത്തിലാക്കുകയും ചെയ്യുന്ന നാളുകളാണിത്. വിധി നടപ്പിലാക്കാന്‍ ഭരണഘടനാപരമായും നീതിന്യായ വ്യവസ്ഥ പ്രകാരവും ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. മതപരമായ, ആചാരപരമായ കാര്യങ്ങളില്‍ നിയമവ്യവസ്ഥയ്ക്ക് എത്രമാത്രം കൈകടത്താമെന്നതിനെക്കുറിച്ചുള്ള തര്‍ക്കം വേറൊരു ഭാഗത്ത് നടക്കുന്നു. ആചാരപരതയെ നിര്‍ണയിക്കുന്നതാര് എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു. മതപരവും ദാര്‍ശനികവുമായ വശങ്ങള്‍ വേണ്ടത്ര ഗൗനിക്കപ്പെടുന്നില്ലെങ്കിലും രാഷ്ട്രീയമായ മേല്‍ഗതിക്കായി മതപരമായ കാര്യങ്ങള്‍ വിശദമാക്കപ്പെടുന്നതായി തോന്നുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്കും ഈ വിഷയത്തില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ട്. സാവകാശത്തില്‍ ഇഴപിരിച്ചെടുത്താല്‍ മാത്രം വെളിവാകുന്ന അടരുകളുള്ളതാണ് ഈ അജണ്ടകള്‍. കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ മതപരമായ ദൃഢീകരണ സന്ദര്‍ഭമായി ഈ വിഷയത്തെ ബിജെപി കണ്ടെത്തുന്നുണ്ട്. ‘യൂണിഫോം സിവില്‍ കോഡ്’ എന്ന രാഷ്ട്രീയ നിയമസാധ്യത നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഈ വിധിയെന്ന് വാദിക്കുന്ന കൂട്ടരെ ഈ രാഷ്ട്രീയ ഗണത്തിന്റെ ഏത് കള്ളിയിലാണ് ഉള്‍പ്പെടുത്തേണ്ടത് എന്നതിനെപ്പറ്റി നിരീക്ഷകര്‍ക്ക് സംശയമുണ്ടാകാം. സാമൂഹ്യവും സാംസ്‌കാരികവുമായ വ്യതിരിക്തതകളെയും വ്യത്യസ്തതകളെയും ഏകശിലാത്മകമായി വ്യാഖ്യാനിച്ച്, നിയമത്തിന്റെ ഓരൊ വഴിയേ ആട്ടിത്തെളിക്കാനുള്ള പുറപ്പാട് ചെറുക്കണമെന്നാണ് അവരുടെ വാദം. ഈ വാദഗതിക്കാര്‍ ആചാരങ്ങളുടെ സത്തയെ വ്യാഖ്യാനിക്കാനുള്ള അവകാശം പാരമ്പര്യത്തിന്റെ അധികാരം പേറാന്‍ പ്രാപ്തിയുണ്ടെന്നു കരുതുന്ന ഏതാനും പേരുടെ കുത്തകയാക്കി ചുരുക്കുകയാണ് ചെയ്യുന്നത്. പ്രാഗത്ഭ്യവും കഴിവുമുള്ള പാരമ്പര്യത്തിന്റെ കൈകാര്യക്കാര്‍ കാര്യങ്ങള്‍ വിശദമാക്കും- ബാക്കിയുള്ളവര്‍ അത് അനുസരിച്ചാല്‍ മതിയാകുമെന്നാണ് ഇവരുടെ വാദം. ഭരണഘടനാമൂല്യങ്ങളുടെ വെളിച്ചത്തില്‍ ആചാരങ്ങള്‍ വിശദമാക്കണമെന്നാണ് മറ്റൊരു വാദം. ഭരണഘടനാമൂല്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ കാലാനുസൃതമായി പൊളിച്ചെഴുതണമെന്നാണ് ഇവര്‍ പറയുന്നത്. യൂണിഫോം സിവില്‍ കോഡിനെതിരെയെന്നവണ്ണം ആചാരങ്ങള്‍ ഇയര്‍ത്തിപ്പിടിക്കുന്നവരുടെ വ്യത്യസ്തതകള്‍ക്കു വേണ്ടിയുള്ള നിലപാടുകളും പാരമ്പര്യവാദവും ഭരണഘടനാപരമായ മൂല്യത്തിനുവേണ്ടിയുള്ള നിലപാടും തമ്മില്‍ പ്രത്യക്ഷത്തില്‍ തന്നെ സംഘര്‍ഷമുണ്ട്. കാരണം, മതപരമായ വ്യതിരിക്തതകള്‍ക്കിടയിലും ജീവിക്കുവാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ട്. ഒപ്പം ഭരണഘടനാമൂല്യസംവിധാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളെ തുടച്ചുമാറ്റാനുള്ള അവകാശവും ഭരണഘടനയ്ക്കുണ്ട്. ഉയരുന്ന ചോദ്യമിതാണ്: ഏത് ആചാരമാണ് ഭരണഘടനാവിരുദ്ധമാകുന്നത്? ആചാരങ്ങളുടെ വിശദാംശങ്ങളെ ആരാണ് നിര്‍ണയിക്കേണ്ടത്? എല്ലാ ആചാരങ്ങളും മതപരതയുടെ, മതാത്മകതയുടെ, ആധ്യാത്മികതയുടെ ഭാഗമാണോ? ഏത് ആചാരത്തെ സ്പര്‍ശിക്കുമ്പോഴാണ് ഒരു മതത്തിന്റെ വ്യതിരിക്തതയിലേക്കുള്ള നിയമത്തിന്റെ കടന്നുകയറ്റമായി അത് മാറുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അത്ര എളുപ്പത്തില്‍ ലഭിക്കുമെന്നു തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമാക്കുന്നുണ്ട് പല കാര്യങ്ങളിലുമുള്ള ഇടതുപക്ഷ നിലപാടുകള്‍. ഒരേസമയം ഭരണഘടനാമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണമെന്നു വാദിക്കുമ്പോള്‍ തന്നെ സംവരണം പോലുള്ള പ്രശ്‌നങ്ങളില്‍ സാമ്പത്തികകാര്യങ്ങള്‍ മാനദണ്ഡമാക്കണമെന്ന് പറഞ്ഞുകൊണ്ട് ജാതീയതയുടെ പ്രശ്‌നങ്ങളെ വര്‍ഗം എന്ന സംവര്‍ഗത്തിലേക്ക് ഒതുക്കുന്നുണ്ട്. ഭരണഘടനാ നിര്‍ദേശകതത്വങ്ങളെ അവഗണിക്കുന്നുണ്ട്. ജാതിയെ കൃത്യമായി വിശകലനം ചെയ്യാനോ ജാതീയപ്രശ്‌നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാനോ ഇടതുപക്ഷപാര്‍ട്ടികള്‍ക്കായിട്ടുണ്ടോ എന്ന ചോദ്യം പ്രബലമായിട്ടുണ്ട്. മതത്തെപ്പറ്റിയുള്ള ഇടതുപക്ഷ നിലപാടുകളും സംശയകരം തന്നെ. ഏക സിവില്‍കോഡിലേക്കുള്ള നടക്കലാണ് ഈ വിധി എന്ന വാദത്തോട് ഇടതുപക്ഷം പ്രതികരിക്കുന്നതെങ്ങിനെയെന്നതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ആ വാദത്തോട് ഇതുവരെ അവര്‍ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധിക്കേണ്ടതു തന്നെ.
സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്‌നം മാത്രമാണോ ശബരിമലയിലേത് എന്ന നിലയ്ക്കുള്ള സംശയങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ മനസിലുണ്ട്. നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ മതാത്മകതയുടെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നതെങ്ങിനെയെന്ന ചോദ്യവും പ്രസക്തമല്ലേ? ഇത് ശബരിമലവിഷയത്തിന്റെ മാത്രം പ്രശ്‌നമല്ലാതാകുന്നത് അങ്ങനെയാണ്. ഈ ചോദ്യങ്ങള്‍ പുതിയതല്ലായെന്ന്‌ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ചരിത്രരേഖകള്‍ കാണിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരത്തെ നവോത്ഥാനചരിത്രത്തിലെ നാഴികകല്ലായി അവതരിപ്പിക്കുമ്പോള്‍ തന്നെ, അതിലേക്കു നയിക്കുന്ന വാദപ്രതിവാദങ്ങളുടെ, കമ്മിറ്റി റിപ്പോര്‍ട്ടിന്റെയൊക്കെ സൂക്ഷ്മതരാല്‍ സൂക്ഷ്മമായ അന്വേഷണ വിചിന്തനങ്ങളുമൊക്കെ പഠനവിധേയമാക്കേണ്ടതാണ്.
ഇന്ന് വാദങ്ങളിലുണ്ടായിരുന്ന പല കാര്യങ്ങളും അന്നത്തെ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായിരുന്നത് വായിക്കാനാകും. ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ വിയോജിപ്പോടെ ഭരണഘടനാബെഞ്ച് നല്കിയ ശബരിമല യുവതി പ്രവേശന വിഷയത്തിലെ വിധിതീര്‍പ്പില്‍ വിയോജനക്കുറിപ്പിന്റെ പല ധാരകളും ക്ഷേത്രപ്രവേശന വിളംബരത്തിന്റെ മുന്നോടിയായി നടന്ന കമ്മിറ്റി ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നവ തന്നെയാണ്.
ക്ഷേത്രപ്രവേശന വിളംബരം ഏതെങ്കിലുമൊരു പ്രഭാതത്തില്‍ പൊടുന്നനെ സംഭവിച്ചതല്ല. ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ അകറ്റി നിര്‍ത്തപ്പെട്ടിരുന്ന ജനവിഭാഗങ്ങളെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തിന്റെ പൊതുധാരയിലേക്ക് അടുപ്പിച്ചുനിര്‍ത്താനുള്ള ദീര്‍ഘകാല പരിശ്രമങ്ങളുടെ പരിണതഫല
മാണ് സുപ്രധാനമായ ഈ വിളംബരം. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രക്ഷോഭങ്ങളുണ്ടായി. പൊതുസ്ഥലങ്ങളും റോഡുകളും സ്‌കൂളുകളും കിണറുകളും ഭരണകൂടത്തിന്റെ ഫണ്ടുപയോഗിച്ചു നിര്‍മിച്ചവയാണെങ്കില്‍ അവയെല്ലാം പൊതുസമൂഹത്തിന് ഉപയോഗയോഗ്യമാംവിധം തുറക്കണമെന്ന നിലപാടുകളിലേക്ക് സഞ്ചരിച്ചെത്താന്‍ നിരവധി കടമ്പകള്‍ കടക്കേണ്ടിയിരിക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെയും അലയൊലികളും മഹാത്മാഗാന്ധിയുടെ ഇടപെടലുകളും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലെ ദേശീയ-പ്രാദേശിക നേതൃനിരയിലുള്ളവരുടെ ഉത്സാഹവും ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച പല പ്രമേയങ്ങളും തുടര്‍ന്നുനടന്ന ചര്‍ച്ചകളുമെല്ലാം ക്ഷേത്രപ്രവേശന വിളംബരദിനത്തിലേക്ക് വഴിതെളിച്ചു. സര്‍ക്കാര്‍ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റി നടത്തിയ ചര്‍ച്ചകളും നല്കിയ നിര്‍ദേശങ്ങളും ശബരിമലവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പല നിര്‍ദേശങ്ങളുടെയും ആദിരൂപമായി മനസിലാക്കാനാകും.
ക്ഷേത്രപ്രവേശന വിളംബരത്തെ സാധ്യമാക്കിയ മുന്നേറ്റങ്ങള്‍ പ്രസക്തമായി ഇന്നും തുടരുന്നു. ഒരു മാറ്റവും പൊടുന്നനെ സംഭവിക്കില്ല. അവധാനതയോടെ ഒരോന്നും മനസിലാക്കണമെന്നുമാത്രം.


Related Articles

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന

വരാപ്പുഴ ബസിലിക്ക കേരളസഭയുടെ ദേവാലയ മാതാവ്

ചരിത്രപ്രസിദ്ധമായ വരാപ്പുഴയിലെ പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും ദേവാലയം മൈനര്‍ ബസിലിക്കാ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണല്ലോ. കര്‍മ്മലീത്താപൈതൃകം പേറുന്ന വരാപ്പുഴ ദ്വീപിലെ ദേവാലയവും ആശ്രമവും കേന്ദ്രീകരിച്ചുകൊണ്ടാണ് കേരള

പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു

എയ്ഡഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ സമിതിയും ടീച്ചേഴ്സ് ഗിൽഡ് ന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*