Breaking News

കൗമാര പ്രായക്കാരനില്‍ ഉണ്ടായ ഹാര്‍ട്ടറ്റാക്ക്

കൗമാര പ്രായക്കാരനില്‍ ഉണ്ടായ ഹാര്‍ട്ടറ്റാക്ക്

പാതിരാത്രി ഏതാണ്ട് രണ്ടുമണിയോടുകൂടി ഗാഢനിദ്രയില്‍ ആയിരുന്ന എന്നെ പെട്ടെന്ന് ഉണര്‍ത്തിയത് സുഹൃത്തായ വൈദികന്റെ ടെലഫോണ്‍ വിളിയാണ്. അച്ചന്റെ സഹോദരന്റെ കേവലം 17 വയസുള്ള മകന് കലശലായ നെഞ്ചുവേദന. നെഞ്ചുവേദന കുറയാതെ അസഹ്യമായപ്പോള്‍ കൊടുങ്ങല്ലൂരിലുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇസിജി കണ്ട അവിടത്തെ കാര്‍ഡിയോളജിസ്റ്റ് ഹാര്‍ട്ടറ്റാക്കാണെന്നു പറഞ്ഞു. ഉടനെ ആഞ്ജിയോഗ്രാഫി ചെയ്യണമെന്നും പറഞ്ഞു. എന്റെ അഭിപ്രായമാണ് അച്ചന് അറിയേണ്ടത്. അതനുസരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. ഉറക്കത്തില്‍നിന്ന് പെട്ടെന്നുണര്‍ന്ന ഞാന്‍ ഉടനെ അഭിപ്രായം അറിയിക്കണം. ഞങ്ങള്‍ കാര്‍ഡിയോളജിസ്റ്റുകള്‍ക്ക് ഹാര്‍ട്ടറ്റാക്ക് സംബന്ധിച്ച വിളികളെല്ലാം കൂടുതല്‍ വരുന്നത് രാത്രിയിലാണ്. അതും രാത്രിയുടെ അവസാനയാമങ്ങളില്‍ ഉറക്കം സുഖമായിരിക്കുമ്പോള്‍. ആശുപത്രിയില്‍നിന്നും മറ്റു ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഇത്തരം അത്യാഹിത അവസരങ്ങളില്‍ വരുന്ന വിളികള്‍ രാത്രി ഉറക്കത്തെയും വിശ്രമത്തെയും അവതാളത്തിലാക്കുകതന്നെ ചെയ്യും. പരാതി പറയുകയല്ല, ഇത് ഞങ്ങള്‍ നിര്‍വഹിക്കേണ്ട കര്‍ത്തവ്യം തന്നെ. എന്റെ സുഹൃത്തായ അച്ചന്റെ പിതാവിനെ 25 വര്‍ഷക്കാലത്തോളം ഞാന്‍ ചികിത്സിച്ചതാണ്. ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്ന അദ്ദേഹത്തിന് ബൈപാസ് സര്‍ജറി തന്നെ വേണ്ടിയിരുന്നു. അപ്പോള്‍ ഹൃദ്രോഗ സാധ്യത കുടുംബത്തില്‍ രൂഢമൂലമായിട്ടുണ്ട്. ആ പശ്ചാത്തലത്തില്‍ വേണം ഞാന്‍ തീരുമാനം എടുക്കാന്‍. നെഞ്ചുവേദന തുടര്‍ന്നുകൊണ്ടിരിക്കേ ഇത്രദൂരം യാത്ര ചെയ്ത് രാത്രി ലൂര്‍ദ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് ഭദ്രമല്ലെന്നും പ്രാരംഭ ചികിത്സാനടപടികള്‍ അവിടെത്തതന്നെ തുടരട്ടെയെന്നും ഞാന്‍ പറഞ്ഞു. 17 വയസുള്ള ഒരു കൗമാരപ്രായക്കാരന് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുക അസാദ്ധ്യമാണെങ്കിലും കുടുംബത്തിലുള്ള ഹൃദ്രോഗ പശ്ചാത്തലം കണക്കിലെടുത്തുകൊണ്ടും നെഞ്ചുവേദനക്ക് അറുതിവരാത്തതുകൊണ്ടും ഇസിജിയില്‍ വ്യതിയാനങ്ങള്‍ ഉള്ളതുകൊണ്ടും ആഞ്ജിയോഗ്രാഫി ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ആഞ്ജിയോഗ്രാഫി ചെയ്തപ്പോള്‍ കാര്യമായ ബ്ലോക്കുകള്‍ ഒന്നും തന്നെ കണ്ടില്ല. അതുകൊണ്ട്. ‘പ്രൈമറി ആഞ്ജിയോ പ്ലാസ്റ്റി’ വേണ്ടിവന്നില്ല. എന്നാലും രോഗിക്ക് ആശ്വാസം ലഭിക്കുന്നതുവരെ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തി ചികിത്സിക്കണമെന്ന് പറഞ്ഞു. ആശുപത്രികളയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ച്ചെന്ന് ആവശ്യത്തിനുള്ള വിശ്രമത്തിനുശേഷം രോഗിയെ വിദഗ്ധ പരിശോധനയ്ക്കായി ലൂര്‍ദ്ദ് ആശുപത്രിയില്‍ എന്റെ അടുത്തുകൊണ്ടുവന്നു.
തികച്ചും വിസ്മയകരമായ ഒരു സംഭവമല്ലേ! കേവലം 17 വയസുള്ള കൗമാരക്കാരന് ഹാര്‍ട്ടറ്റാക്കുണ്ടായി എന്നത്? ഞാന്‍ ആവശ്യത്തിനുവേണ്ട പരിശോധനകളെല്ലാം നടത്തി. ഹാര്‍ട്ടറ്റാക്കുണ്ടായി എന്നത് യാഥാര്‍ഥ്യം തന്നെ. എപ്രകാരമാണ് അത് സംഭവിച്ചത്? രോഗി ആറടിക്കുമേല്‍ പൊക്കമുള്ള നൂറുകിലോയില്‍ കൂടുതല്‍ ഭാരമുള്ള ഒരു അജാനുഭാഹുവാണ്. നല്ല ഹോളിബോള്‍ കളിക്കാരന്‍. ഇത്ര നന്നായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഹാര്‍ട്ടറ്റാക്ക്? ഓരോന്നും വളരെ വിശദമായി ചോദിച്ചപ്പോഴാണ് കാര്യം മനസിലായത്. കുറെദിവസങ്ങളായി തീവ്രമായും വ്യായാമ മുറകളിലേര്‍പ്പെടുകയായിരുന്നു, ശരീരഭാരം കുറക്കാന്‍. പാരമ്പര്യമായി ഹൃദ്രോഗസാധ്യതയുള്ള, അമിതഭാരമുള്ള ഈ ചെറുപ്പക്കാരന്റെ തീവ്രമായ വ്യായാമപരിപാടികള്‍ ശരീരം താങ്ങിയില്ല. അതാണ് സംഭവിച്ചതും. അമിതമായ ശാരീരികാഭ്യാസം ഹൃദയോത്തേജകങ്ങളായ ഹോര്‍മോണുകള്‍ ക്രമാതീതമായി ഉല്പാദിപ്പിച്ചു. അവ ഹൃദയധമനികളില്‍ ഘടനാപരിവര്‍ത്തനമുണ്ടാക്കി, ഹൃദയപേശികള്‍ക്ക് ആഘാതമുണ്ടാക്കി. ആഡ്രിനാലിന്‍ തുടങ്ങിയ സ്‌ട്രൈസ് ഹോര്‍മോണുകള്‍ ക്രമരഹിതമായാല്‍ ഹൃദയപ്രവര്‍ത്തനത്തിന് ആഘാതമേല്‍ക്കുക തന്നെ ചെയ്യും. അപ്പോള്‍ എല്ലാ ഹാര്‍ട്ടറ്റാക്കും ഹൃദയധമനികളിലെ ബ്ലോക്കുകൊണ്ടല്ല സംഭവിക്കുന്നത് എന്നോര്‍ക്കണം. ‘മിനോക്ക’ എന്നുപറയുന്ന ഹൃദയാഘാതം കൊറോണ്ടറി ധമനികളില്‍ യാതൊരു ബ്ലോക്കുമില്ലാത്തവരില്‍ 5-10 ശതമാനം വരെ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കൃത്യമായ മുന്‍കരുതലുകളും ചികിത്സയും നടത്തിയില്ലെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മരണസാധ്യത 4.7-14 ശതമാനം വരെ കാണാമെന്ന് സ്വീഡനില്‍ നടന്ന പഠനങ്ങള്‍ വെളിപ്പെടുത്തി. ഹൃദയാരോഗ്യത്തിന് വ്യായാമപരിപാടികള്‍ ആവശ്യമാണ്. എന്നാല്‍ അമിതമാകുന്ന ഒന്നും ശരീരം താങ്ങില്ല. കുടുംബത്തില്‍ ജനിതകമായി ഹൃദ്രോഗസാധ്യതയുള്ളവര്‍ തീര്‍ച്ചയായും കൃത്യമായ ചെക്കപ്പുകള്‍ ചെയ്തുകൊണ്ടിരിക്കണം. ഒഴിവാക്കാവുന്ന പലതും മുന്‍കൂട്ടി കണ്ടെത്തണം.


Related Articles

ലൂര്‍ദ് ആശുപത്രിയില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ക്ലബ് ആരംഭിച്ചു

റണാകുളം: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പിസിഓഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ക്ലബ് രൂപികരിച്ചു. കൗമാരപ്രായക്കാരായ പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ക്രമമല്ലാത്ത ആര്‍ത്തവത്തിനും സ്ത്രീകളിലെ വന്ധ്യതക്കും പ്രധാന കാരണമാകുന്ന പോളിസിസ്റ്റിക്

 റവ ഡോ. സ്റ്റീഫന്‍ ആലത്തറ സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി

ബംഗളൂരു: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ഭാതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിസിബിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായി. ബംഗളൂരുവില്‍ നടന്ന സിസിബിഐയുടെ നിര്‍വാഹക

പുനരധിവാസ പാക്കേജ്‌ കാലോചിതമായി പരിഹരിക്കണം

മൂലമ്പിള്ളി പാക്കേജ്‌ നടപ്പിലാക്കല്‍ പരമദയനീയമാണന്ന്‌ പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്‌കര്‍ ചൂണ്ടിക്കാട്ടി. മൂലമ്പിള്ളി പാക്കേജ്‌ പ്രകാരം സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ നിര്‍മിച്ച വീടുകള്‍ തകര്‍ന്നിരിക്കുകയാണ്‌. മൂലമ്പിള്ളിയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*