Breaking News

ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേല്‍ സഖ്യത്തിലേക്ക്

ഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേല്‍ സഖ്യത്തിലേക്ക്

 

വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ഐക്യ അറബ് എമിറേറ്റ്സിന്റെ (യുഎഇ) അപ്രതീക്ഷിത തീരുമാനം മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സമവാക്യങ്ങളെ തകിടംമറിക്കുന്നു. പലസ്തീന്‍ അധിനിവേശ മേഖലയിലെ വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റക്കാര്‍ കൈയടക്കിയിട്ടുള്ള ഭൂമി ഇസ്രയേലിനോടു ചേര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പിന്മാറുമെന്ന ധാരണയിലാണ് യഹൂദരാഷ്ട്രവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശത്രുത അവസാനിപ്പിച്ച് സഖ്യത്തിലാകാനുള്ള അറേബ്യന്‍ ഗള്‍ഫിലെ ആധുനികതയുടെയും പുരോഗമനാശയങ്ങളുടെയും ചാലകശക്തിയായ യുഎഇയുടെ ഭൂരാഷ്ട്രതന്ത്രം മാറ്റിക്കുറിക്കുന്ന തീരുമാനം. അറബ് ലീഗ് രാഷ്ട്രങ്ങളില്‍ ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള ഈജിപ്തും ജോര്‍ദാനും, ഗള്‍ഫ് മേഖലയില്‍ ഒമാനും ബഹ്റൈനും മാത്രമാണ് യുഎഇയുടെ നീക്കത്തെ ആദ്യം സ്വാഗതം ചെയ്തതെങ്കിലും ഷിയ മുസ്ലിം രാജ്യമായ ഇറാനെതിരെ ഗള്‍ഫിലെ സുന്നി മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഇസ്രയേലിന്റെ ശക്തമായ പിന്തുണ കൂടി ഉറപ്പാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴത്തിനായി വരുന്ന നവംബറില്‍ ജനവിധി തേടുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു ശക്തിപകരുന്ന വലിയ നയതന്ത്രവിജയമായാണ് ഇസ്രയേല്‍-യുഎഇ സൗഹൃദ ഉടമ്പടിയെ യുഎസ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജറൂസലേം ഇസ്രയേലിന്റെ അവിഭാജ്യ തലസ്ഥാനനഗരമാണെന്നും കിഴക്കന്‍ ജറൂസലേമിലെയും വെസ്റ്റ് ബാങ്കിലെയും കുടിയേറ്റ കോളനികളും ജോര്‍ദാന്‍ താഴ്വരയും സിറിയയില്‍ നിന്ന് യുദ്ധത്തില്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളും ഇസ്രയേലിന് അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് ഈ വാര്‍ഷാരംഭത്തില്‍ അവതരിപ്പിച്ച സമാധാന പദ്ധതി പാടെ തള്ളിയ പലസ്തീന്‍ അതോറിറ്റി ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലുമായി പുതിയ സഖ്യമുണ്ടാക്കിയ യുഎഇയുടെ നടപടിയെ പലസ്തീന്‍ ജനതയോടുള്ള കൊടിയ ചതിയും വഞ്ചനയുമായാണ് കാണുന്നത്. യുഎഇയിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിക്കുമെന്ന് പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് അറിയിച്ചു.
യുഎഇ പലസ്തീന്‍ ജനതയെ പിന്നില്‍ നിന്നു കുത്തി എന്നാണ് പലസ്തീനിലെ ഗസ മേഖല നിയന്ത്രിക്കുന്ന ഹമാസ് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പ് പ്രതികരിച്ചത്. ‘പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുനേരെ ത്രികക്ഷി ആക്രമണം’ എന്ന തലക്കെട്ടാണ് പലസ്തീനിലെ ഔദ്യോഗിക പത്രമായ അല്‍ ഹയാത്ത് അല്‍ ജദീദ യുഎഇ-ഇസ്രയേല്‍ ഉടമ്പടിക്കു നല്‍കിയത്.
ഇസ്രയേല്‍ പലസ്തീന്‍ മേഖലയിലെ അധിനിവേശം അവസാനിപ്പിച്ച് 1967-ല്‍ നിലവിലുണ്ടായിരുന്ന അതിര്‍ത്തിയിലേക്കു പിന്മാറിയാലേ അറബ് രാഷ്ട്രങ്ങള്‍ ആ യഹൂദരാഷ്ട്രത്തെ അംഗീകരിക്കൂ എന്ന് 2002-ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സമാധാന ഉടമ്പടിക്ക് അറബ് ലീഗ് മുന്നോട്ടുവച്ച ഉപാധി അവഗണിച്ചുകൊണ്ടാണ് പലസ്തീനില്‍ തല്‍സ്ഥിതി തുടരുന്നതിന് ഇസ്രയേലിന് അനുമതി നല്‍കുംവണ്ണം ഗള്‍ഫ് സഹകരണ സഖ്യത്തിലെ ഒരു പ്രമുഖ രാഷ്ട്രമായ യുഎഇ ‘അബ്രഹാം ഉടമ്പടി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പരസ്പര സഹകരണ കരാറില്‍ ഏര്‍പ്പെടുന്നത്. എംബസി തുറക്കല്‍, നേരിട്ടുള്ള വിമാന സര്‍വീസ്, സാമ്പത്തിക നിക്ഷേപം, രാജ്യസുരക്ഷ, ടൂറിസം, ടെലികമ്യൂണിക്കേഷന്‍, ഊര്‍ജം, ടെക്നോളജി, പരിസ്ഥിതി എന്നീ മേഖലകള്‍ക്കു പുറമെ കൊവിഡ് പ്രതിരോധം, വാക്സിന്‍ ഗവേഷണം എന്നിവ ഉള്‍പ്പെടെ ആരോഗ്യമേഖലയിലും പരസ്പര സഹകരണത്തിന് വഴിതെളിക്കുന്നതാണ് ഇസ്രയേലും യുഎഇയും തമ്മിലുള്ള ഉടമ്പടി.
അബുദാബി കിരീടാവകാശിയും യുഎഇ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് യുഎഇ നിര്‍ണായകമായ നീക്കം നടത്തിയത്. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിന്തുണ ഇക്കാര്യത്തില്‍ യുഎഇക്ക് ഉണ്ടെന്നാണ് സൂചന. പലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കാനുള്ള അറബ് രാഷ്ട്രങ്ങളുടെ രാജ്യാന്തര സമ്മര്‍ദതന്ത്രങ്ങള്‍ തത്കാലം വിസ്മരിച്ചുകൊണ്ട് ഇറാനില്‍ നിന്നുള്ള ഷിയ മുസ്ലിം തീവ്രവാദ ഭീഷണിയെ ചെറുക്കുന്നതിന് ഇസ്രയേലിനോടൊപ്പം ചേരാന്‍ ഖത്തര്‍, കുവൈറ്റ് എന്നിവ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തയാറാണെന്നതിന്റെ പ്രത്യക്ഷ അടയാളം കൂടിയാണ് യുഎഇ നീക്കം.
പലസ്തീന്‍ ജനതയെയും, ജറൂസലേം, അല്‍ അഖ്സാ മോസ്‌ക് എന്നിവയുടെ കാര്യത്തില്‍ ഇസ്ലാമിക ലോകത്തെയും യുഎഇ വഞ്ചിച്ചതായി തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിബ് എര്‍ദുഗാന്‍ കുറ്റപ്പെടുത്തി. യുഎഇയുമായുള്ള നയതന്ത്രബന്ധം വിഛേദിക്കുന്ന കാര്യം പരിഗണിക്കുമെന്നും എര്‍ദുഗാന്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് ട്രംപിനെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാനുള്ള യുഎഇയുടെ ബുദ്ധിശൂന്യവും അപമാനകരവുമായ ശ്രമം എ്ന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശറിഫ് യുഎഇ തീരുമാനത്തെ വിലയിരുത്തിയത്.
അമേരിക്ക മുന്‍കൈ എടുത്ത് ഇസ്രയേലും യുഎഇയും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഏറെ മുന്‍പായി 2015 മുതല്‍ അബുദാബിയിലെ ഇന്റര്‍നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ഏജന്‍സി കാര്യാലയത്തോടനുബന്ധിച്ച് ഇസ്രയേലി നയതന്ത്രജ്ഞന്‍ റമി പാറ്റന്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചുവന്നിരുന്നു. അവിടെ ഒരു സിനഗോഗും അതില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള യഹൂദ പുരോഹിതന്‍ ലെവി ഡച്ച്മാനുമുണ്ടായിരുന്നു. ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ ഡയറക്ടര്‍ യോസി കോഹന്‍ നിരവധി തവണ അബുദാബിയിലും ദുബായിലും രഹസ്യനീക്കങ്ങള്‍ നടത്തിവന്നിരുന്നതായും നയതന്ത്ര നിരീക്ഷകര്‍ പറയുന്നു.
യെമനില്‍ ഹൂതികള്‍ക്കെതിരെയും ലിബിയയില്‍ തുര്‍ക്കി ഇടപെടലിനെതിരെയും സിറിയയില്‍ അസദ് വിരുദ്ധരോടൊപ്പവും ചേര്‍ന്ന് യുഎഇ നടത്തിയ സൈനികസഖ്യനീക്കങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.
1971-ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ അബു മാസ, ടന്‍ബ്സ് എന്നീ എമിറാത്തി ദ്വീപസമൂഹങ്ങള്‍ ഇറാന്‍ കൈയടക്കിയതിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ക്കു പുറമെ ഇറാഖിലെ ഷിയ ഭരണകൂടം, ലബനോനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി, സിറിയയിലെ ഷിയ സായുധസംഘങ്ങള്‍ എന്നിവയിലൂടെയും ചില ഗള്‍ഫ് രാജ്യങ്ങളിലെ തീവ്രവാദികളിലൂടെയും രാഷ്ട്രീയ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു എന്ന ആരോപണവും ഇറാനെതിരെയുള്ള സംയുക്ത നീക്കത്തിനു പിന്നിലുണ്ട്.


Related Articles

ബാലാമിന്റെ അന്ത്യം

ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.

പുണ്യശ്ലോകനായ ദൈവദാസന്‍ തിയോഫിനച്ചന്‍

വേദനിക്കുന്ന മനുഷ്യന്റെ തോളില്‍ കയ്യിട്ട് പുഞ്ചിരിയുടെ ദീപശിഖ ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയാണ് തിയോഫിനച്ചന്‍. എറണാകുളം വൈറ്റില-പാലാരിവട്ടം റോഡില്‍ പൊന്നുരുന്നിയില്‍ വിശുദ്ധ പത്താം പീയൂസിന്റെ ദൈവാലയത്തിനു സമീപം സ്ഥിതിചെയ്യുന്ന കപ്പൂച്ചിന്‍

ദലിത് ക്രൈസ്തവ അവകാശപോരാട്ടങ്ങള്‍

സ്വന്തം രാജ്യത്ത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കു വേണ്ടി, തുല്യനീതിക്കു വേണ്ടി പോരാടുന്ന ദലിത് ക്രൈസ്തവരുടെ സമരചരിത്രം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോളമാണ്. ഒരുപക്ഷേ മനുഷ്യാവകാശത്തിനു വേണ്ടി ഇത്രയും ദീര്‍ഘനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*