ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍ വീണ്ടും ചോരപ്പാടുകള്‍

ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍ വീണ്ടും ചോരപ്പാടുകള്‍

പോര്‍ബന്തറിലെ ദിവാന്റെ മകനായി ജനിച്ച്, ഇംഗ്ലണ്ടില്‍ പോയി നിയമം പഠിച്ച് ബാരിസ്റ്ററായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഇന്ത്യയുടെ ദരിദ്രകോടികളുടെ പ്രതിരൂപമായി ദാരിദ്ര്യം സ്വയംവരിച്ച് ആത്മത്യാഗത്തിന്റെ അതികഠിന പരീക്ഷണങ്ങളിലൂടെ സ്ഫുടംചെയ്‌തെടുത്ത ജീവിതദര്‍ശത്തിലെ അഗാധമായ ഉള്‍ക്കാഴ്ചകളെക്കുറിച്ച് ഗാന്ധിജയന്തിയുടെ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, ഗ്രാമസ്വരാജ്, അഹിംസ, സത്യഗ്രഹം തുടങ്ങിയ ഗാന്ധിയന്‍ സംജ്ഞകളാണ് വീണ്ടും തെളിഞ്ഞുവരുന്നത്. ഇന്ത്യയുടെ കാര്‍ഷികസമ്പദ്‌വ്യവസ്ഥയില്‍ സമൂല മാറ്റം – ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ചരിത്രവിപ്ലവം’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്ന സമ്പൂര്‍ണ ഉദാരവത്കരണ പരിഷ്‌കാരങ്ങള്‍ തന്റെ സമഗ്രാധിപത്യശൈലിയില്‍ – നടപ്പാക്കുന്നതിനെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധ മുന്നേറ്റങ്ങള്‍ കൊവിഡ് മഹാമാരിയുടെ ഭയാശങ്കകള്‍ക്കുമീതെയും ഇരമ്പിയാര്‍ക്കുകയാണ്.


മൂല്യനിഷ്ഠയില്ലാത്ത രാഷ്ട്രീയത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുതുടങ്ങേണ്ടത്. ഗാന്ധിജി 1925 ഒക്‌ടോബര്‍ 22ന് ‘യങ് ഇന്ത്യ’ എന്ന തന്റെ വാരികയില്‍ പ്രസിദ്ധീകരിച്ച ഏഴു സാമൂഹിക തിന്മകളുടെ പട്ടികയില്‍ എല്ലാം സംഗ്രഹിക്കുന്ന മട്ടിലുള്ള അവസാനത്തെ ഇനമാണിത്. (അധ്വാനമില്ലാത്ത ധനസമ്പാദനം, മനഃസാക്ഷിയില്ലാത്ത സുഖഭോഗം, സ്വഭാവഗുണമില്ലാത്ത ജ്ഞാനം, ധാര്‍മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വമില്ലാത്ത ശാസ്ത്രം, പരിത്യാഗമില്ലാത്ത ആരാധന എന്നിങ്ങനെ പോകുന്നു മറ്റു തിന്മകള്‍). ഫ്രെഡറിക് ലുവിസ് ഡൊണാള്‍ഡ്‌സണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന്‍ ആറു മാസം മുന്‍പ് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ വചനപ്രഘോഷണത്തില്‍ അക്കമിട്ടു പറഞ്ഞ ചാവുദോഷങ്ങളുടെ പട്ടിക ആരോ ഗാന്ധിജിക്ക് അയച്ചുകൊടുത്തതാണെന്ന ഒരു കഥയുമുണ്ട്. പന്ത്രണ്ടാം വയസില്‍ ആദ്യമായി മുത്തച്ഛനെ കാണാനായി ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നത്താല്‍ ഡര്‍ബനിലെ ഫീനിക്‌സ് ആശ്രമത്തില്‍ നിന്ന് വാര്‍ധയിലെ സേവാഗ്രാം ആശ്രമത്തിലെത്തിയ അരുണ്‍ മണിലാല്‍ ഗാന്ധി രണ്ടു വര്‍ഷം കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ – മഹാത്മജി വെടിയേറ്റു വീഴുന്നതിന് ഏതാനും നാള്‍ മുന്‍പ് – ആ പൗത്രന് അദ്ദേഹം ഒരു കടലാസുതുണ്ടില്‍ അവസാനമായി കുറിച്ചുകൊടുത്തത് ഏഴു തിന്മകളുടെ ഈ പട്ടികയാണ്. സാമൂഹികജീവിതത്തിലെ ‘നിഷ്‌ക്രിയ ഹിംസ’യുടെ ആഖ്യാനങ്ങളില്‍ അരുണ്‍ ഗാന്ധി രാഷ്ട്രീയത്തിലെ അധാര്‍മികതയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നത് ആ കുറിപ്പ് ഉദ്ധരിച്ചുകൊണ്ടാണ്.


ഇടനിലക്കാരോ സര്‍ക്കാര്‍ നിയന്ത്രണമോ ഒന്നുമില്ലാതെ കൃഷിക്കാരന് ഏതു കമ്പോളത്തിലും മത്സരത്തിലൂടെ മെച്ചപ്പെട്ട വിലയ്ക്ക് തന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കാനും വരുമാനം ഇരട്ടിയാക്കാനും ആഗോള വിതരണശൃംഖലയുടെ ഭാഗമാകാനും അവസരം നല്‍കുന്നു എന്ന് ഉദ്‌ഘോഷിച്ച് കൃഷിയിടങ്ങളും കാര്‍ഷിക വിളകളുടെ വിപണിയും വന്‍കിട ക്രോണി കാപ്പിറ്റലിസ്റ്റ് കോര്‍പറേറ്റുകള്‍ക്കായി തുറന്നുകൊടുക്കുന്ന കാര്‍ഷികോത്പന്ന വ്യാപാരവാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബില്‍, വില ഉറപ്പിനും കാര്‍ഷിക സേവനങ്ങള്‍ക്കും വേണ്ടിയുള്ള കര്‍ഷക ശാക്തീകരണസംരക്ഷണ ബില്‍ എന്നിവ പ്രതിപക്ഷ പാര്‍ട്ടികളുടെ അതിശക്തമായ എതിര്‍പ്പുകള്‍ക്കും ബഹളത്തിനുമിടയില്‍ രാജ്യസഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയെടുക്കാന്‍ തിടുക്കം കൂട്ടിയ ഉപാധ്യക്ഷന്റെ അസാമാന്യ കടുങ്കൈ നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അപചയത്തിന്റെ ഏറ്റവും ഒടുവിലത്തെ കറുത്ത ഏടായി കാണാം.


ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായ പഞ്ചാബിലെ ശിരോമണി അകാലി ദള്‍ അധ്യക്ഷന്റെ ഭാര്യയും കേന്ദ്രമന്ത്രിസഭയില്‍ പാര്‍ട്ടിയുടെ ഏക പ്രതിനിധിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രി പദവി രാജിവയ്ക്കുകയും, ഹരിയാനയില്‍ ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയെ പിന്തുണയ്ക്കുന്ന ജനനായക് ജനതാ പാര്‍ട്ടി കര്‍ഷകരോടൊപ്പം പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിനു പുറത്തുനിന്നു പിന്തുണ നല്‍കാറുള്ള ഏതാനും പാര്‍ട്ടികളടക്കം പന്ത്രണ്ടില്‍ പരം കക്ഷികള്‍ എതിര്‍ത്തു വോട്ടുചെയ്യുമെന്ന് ഉറപ്പായിരിക്കെ കൃത്യമായ എണ്ണം കാണിക്കുന്ന ഇലക്‌ട്രോണിക് വോട്ടെടുപ്പ് (ഡിവിഷന്‍) വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ചട്ടവിരുദ്ധമായി ശബ്ദവോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പു പ്രക്രിയ നടക്കുമ്പോള്‍ രാജ്യസഭാ ടിവി ഫീഡ് നിര്‍ത്തിവച്ചുവത്രെ. കൊവിഡ് പ്രോട്ടോകോള്‍ മറന്ന് നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചവരില്‍ എട്ട് അംഗങ്ങളെ സഭയ്ക്ക് അപമാനമുണ്ടാക്കി, ഉപാധ്യക്ഷനെ അപമാനിച്ചു എന്നതിന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള ജനതാ ദള്‍ (യു) അംഗമായ രാജ്യസഭാ ഉപാധ്യക്ഷനെ ‘ആക്രമിക്കാന്‍ മുതിര്‍ന്ന’ പ്രതിപക്ഷത്തിനെതിരെ ആ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം ആഞ്ഞടിക്കുമെന്ന് പ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.  


ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളക്കിഴങ്ങ് അടക്കമുള്ള മുഖ്യാഹാര സാധനങ്ങള്‍, എണ്ണകുരുക്കള്‍ എന്നിവയെ അവശ്യവസ്തുനിയമത്തില്‍ നിന്ന് ഒഴിവാക്കുന്ന നിയമഭേദഗതി കൂടി പാര്‍ലമെന്റ് പാസാക്കിയതോടെ ഒരു പരിധിയുമില്ലാതെ ആര്‍ക്കും ഇവയൊക്കെ വാങ്ങിക്കൂട്ടി സ്‌റ്റോക്ക് ചെയ്യാനും സംസ്ഥാനത്തിനകത്തും പുറത്തും നിര്‍ബാധം കച്ചവടം ചെയ്യാനും വഴിതുറന്നിരിക്കുന്നു. ഉത്പാദനം എത്രയാണ്, ആരുടെ കൈയില്‍ എന്തൊക്കെ സ്‌റ്റോക്കുണ്ട്, ചരക്കുനീക്കത്തിന്റെ സ്ഥിതിയെന്താണ്, വിലനിലവാരം ആരു നിയന്ത്രിക്കും തുടങ്ങി ഒന്നിനും വ്യക്തതയില്ലാത്ത അവസ്ഥയില്‍ പൂഴ്ത്തിവയ്പ്പിന് സാധ്യതയേറുന്നു. അവശ്യവസ്തുക്കളേറെയും പുറത്തുനിന്നു വരേണ്ട കേരളത്തില്‍ വിലക്കയറ്റം എത്രമേലാകും?

കരാര്‍ കൃഷിയുടെ മറവില്‍ മുതല്‍മുടക്കുന്നവര്‍ തീരുമാനിക്കും എന്തു വിള വേണമെന്നും ഏതു വിത്തിറക്കണമെന്നും. വിള ഇറക്കുംമുന്‍പേ വിലയെക്കുറിച്ചു കര്‍ഷകര്‍ക്കു ധാരണ കിട്ടുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. മുതല്‍മുടക്കുന്ന കോര്‍പറേറ്റുകള്‍ വിലനിര്‍ണയിക്കുമെന്ന് ഉറപ്പാണ്. ആറു പതിറ്റാണ്ടായി ഓരോ മേഖലയിലും കാര്‍ഷികോത്പന്ന വിപണന സമിതി (എപിഎംസി) സംവിധാനത്തില്‍ ലൈസന്‍സുള്ള ഇടനിലക്കാരിലൂടെ മിനിമം താങ്ങുവില ഉറപ്പാക്കി പൊതുമേഖലാ സംഭരണം ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ നടന്നുവന്നിടത്താണ് ലൈസന്‍സോ സ്‌റ്റോക്ക് നിയന്ത്രണമോ ഒന്നുമില്ലാതെ പാന്‍ കാര്‍ഡുള്ള ആര്‍ക്കും ഏതു ചന്തയില്‍ നിന്നും എന്തും വാങ്ങിക്കൂട്ടാനുള്ള പുതിയ വ്യവസ്ഥ വരുന്നത്. കൃഷിയും ഭക്ഷ്യവിപണിയും സംസ്ഥാന വിഷയമാണെങ്കിലും ആരുമായും ഒരു കൂടിയാലോചനയും കൂടാതെയാണ്, ഫെഡറലിസത്തിന്റെ സാമാന്യ മര്യാദകള്‍ പോലും നോക്കാതെ, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ എപിഎംസി മണ്ഡികളില്‍ നിന്നുള്ള ലൈസന്‍സ് ഫീയും ലെവിയും മറ്റും ഒറ്റയടിക്ക് ഇല്ലാതാക്കുന്നത്. ജിഎസ്ടി കുടിശിക പോലും സംസ്ഥാനങ്ങള്‍ക്കു കൃത്യമായി നല്‍കാനാവാത്ത അവസ്ഥയിലാണ് കേന്ദ്രമെന്നോര്‍ക്കണം. മിനിമം താങ്ങുവില ഇനി കര്‍ഷകന് ആര് ഉറപ്പാക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നു.


സ്വാശ്രയശീലത്തിന്റെ ഉള്‍ക്കരുത്തുള്ള ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര സാമൂഹികക്രമമാണ് ഗാന്ധിജിയുടെ ഗ്രാമ റിപ്പബ്ലിക്. കര്‍ഷകന്റെ സ്വയംനിര്‍ണയാവകാശമാണ് ഗാന്ധിയന്‍ അഗ്രൊണോമിക്‌സിന്റെ ജൈവിക രീതിശാസ്ത്രം. ഉപജീവന ഭക്ഷ്യസുരക്ഷയുടെയും സ്വയംപര്യാപ്തതയുടെയും സ്ഥിതിസമത്വത്തിന്റെയും ആവാസവ്യവസ്ഥയില്‍ പരമദരിദ്രന്റെയും മാനവാന്തസും ആത്മാഭിമാനവും പരിരക്ഷിക്കുന്ന അന്ത്യോദയ, സര്‍വോദയ സങ്കല്പങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം എന്ന ഗ്രാമസ്വരാജ് ലക്ഷ്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ഗാന്ധിജിയുടെ ചംപാരന്‍, ഖേഡാ, ബാര്‍ഡോലി സത്യഗ്രഹങ്ങള്‍.
ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്‌ക്കെതിരായ പോരാട്ടത്തില്‍ ഗാന്ധിജി അവതരിപ്പിച്ച അക്രമരഹിത സമരമുറകളില്‍ പ്രധാനപ്പെട്ട വഴിത്തിരിവായ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നൂറാം വാര്‍ഷികത്തില്‍, സ്വരാജിനുവേണ്ടി രാജ്യത്തെ കര്‍ഷകര്‍ ഗാന്ധിമാര്‍ഗത്തിലെ സഹനസമരങ്ങളിലേക്കുതന്നെ തിരിയട്ടെ. വംശീയവിദ്വേഷങ്ങളുടെ ഹിംസാത്മക ലോകത്ത്, മൂല്യനിഷ്ഠമല്ലാത്ത രാഷ്ട്രീയത്തിന്റെ കൊടിയ തിന്മയെ നേരിടാന്‍ ഗാന്ധിയന്‍ സമരമുറയല്ലാതെ മറ്റെന്തുണ്ട്! രാഷ്ട്രീയ ധാര്‍മികതയുടെ കാര്യം പറയുമ്പോള്‍, ഇന്ത്യയില്‍ ഇന്ന് കമ്യൂണിസ്റ്റുകാരുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കേരളത്തിലെ രാഷ്ട്രീയ ജീര്‍ണതയോ? അടിസ്ഥാന മാര്‍ക്‌സിയന്‍ മൂല്യങ്ങള്‍ക്കു ചേരാത്ത അഴിമതിയുടെ, അധികാരദുര്‍വിനിയോഗത്തിന്റെ, സ്വജനപക്ഷപാതത്തിന്റെ, ജനാധിപത്യവിരുദ്ധ നിലപാടുകളുടെ കഥകളെക്കാള്‍ അമ്പരിപ്പിക്കുന്നതാണ് ഒരു ഗള്‍ഫ് രാജ്യത്തെ ഡിപ്ലൊമാറ്റിക് ചാനലിലൂടെ സ്വര്‍ണകള്ളക്കടത്തു നടത്തിയതുമായി ബന്ധപ്പെട്ട് ഒരുപറ്റം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പു സെക്രട്ടറിയുമായിരുന്ന ഐഐഎസ് ഉദ്യോഗസ്ഥനും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനും ഒരു മന്ത്രിയും തുടര്‍ച്ചയായ മൊഴിയെടുക്കലിനും ചോദ്യംചെയ്യലിനും വിധേയരായതിനെ തുടര്‍ന്ന്, പ്രതിപക്ഷ പാര്‍ട്ടികള്‍ കൊവിഡ് പ്രോട്ടോകോളില്‍ പ്രയോഗിക്കാവുന്ന ഗാന്ധിയന്‍ സമരമുറകള്‍ ഫലവത്താകില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കെ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരു മതഗ്രന്ഥത്തിന്റെ പേരില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള അത്യന്തം പരിതാപകരമായ രാഷ്ട്രീയതന്ത്രം പയറ്റുന്നത്.

 


Related Articles

മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന

രാഷ്ട്രീയത്തിന്റെ ഗാന്ധിയന്‍ പാഠം

അധികാരം കൈയൊഴിയുമ്പോള്‍ നേതാവ് പിറക്കുന്നുവെന്ന ചൊല്ലുണ്ട്, അധികാരത്തെച്ചൊല്ലിയും രാജ്യത്ത് നേതൃസ്ഥാനത്തിരിക്കേണ്ടവരെച്ചൊല്ലിയും ഡല്‍ഹിയില്‍ ചൂടുപിടിച്ച ചര്‍ച്ചകളും ബഹളങ്ങളും നടന്നുകൊണ്ടിരുന്ന 1947 ന്റെ തുടക്കമാസങ്ങളില്‍ ഗാന്ധിജി എല്ലാറ്റില്‍ നിന്നും അകന്നുനിന്നു.

അധികാരവും അവകാശവും പൗരത്വവും എല്ലാവരുടേതും – ബിഷപ് ഡോ. ജോസഫ് കരിയില്‍

നെയ്യാറ്റിന്‍കര: അധികാരവും അവകാശവും പൗരത്വവും രാജ്യത്തെ എല്ലാവരുടേതുമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കെആര്‍എല്‍സിസി 35-ാമത് ജനറല്‍ കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ അധ്യക്ഷത

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*