Breaking News

ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍

ഗുജറാത്ത് തീവ്രസാക്ഷ്യങ്ങള്‍

2002ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയകലാപങ്ങളെക്കുറിച്ച് ഇരകളും അന്വേഷണ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും പങ്കുവയ്ക്കുന്ന ചില അനുഭവങ്ങളാണ്. കലാപം നടന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് മാധ്യമ പ്രവര്‍ത്തകനായ കൃഷ്ണന്‍ മോഹന്‍ലാല്‍ ഗുജറാത്തിലൂടെ സഞ്ചരിച്ച് സാഹസികമായി ഈ അനുഭവങ്ങള്‍ പകര്‍ത്തുന്നത്. 2019ലാണ് പ്രണത ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഗുജറാത്ത് കത്തിയെരിഞ്ഞിട്ട് ഏകദേശം രണ്ടു പതിറ്റാണ്ടോളമാകുന്നു. അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി രണ്ടാംവട്ടം ഇന്ത്യന്‍ പ്രധാനമന്ത്രിയായിരിക്കുന്നു. മോദിയുടെ പ്രേരണയാലാണ് ഹൈന്ദവ തീവ്രവാദികള്‍ മുസ്ലീങ്ങളെ ആക്രമിച്ചതെന്ന ആരോപണം കോടതി തള്ളിക്കളഞ്ഞു. ഇനിയും ഇത്തരത്തിലൊരു പുസ്തകത്തിന്റെ പ്രസക്തിയെന്തെന്നും ബോധ്യപ്പെട്ടിരുന്നില്ല-പുസ്തകം വായിക്കുന്നതുവരെ.
ജര്‍മന്‍ ഗ്യാസ്‌ചേംബറുകളില്‍ പിടഞ്ഞുമരിച്ച ആയിരങ്ങളുടെ രോദനം ഇന്നും ലോകത്തിന്റെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടെങ്കില്‍ ഗുജറാത്തിലെ നരഹത്യയും നമുക്ക് ഓര്‍മിക്കേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലാണ് ഗുജറാത്ത് തീവ്രസാക്ഷ്യങ്ങളെന്ന് ഏതാനും പുറങ്ങള്‍ മറിക്കുമ്പോള്‍ തന്നെ ബോധ്യപ്പെടും.
ഗുജറാത്ത് കലാപത്തെക്കുറിച്ച് നാമെല്ലാം കേള്‍ക്കുകയും കലാപകാരികളുടെ മുന്നില്‍ ജീവനുവേണ്ടി കൈകൂപ്പി യാചിക്കുന്ന കുദ്ബുദീന്‍ അന്‍സാരിയുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുവയ്ക്കുകയും ചെയ്‌തെങ്കിലും കലാപത്തിന്റെ ആഴങ്ങളിലേക്ക് നമ്മില്‍ പലരും ഇറങ്ങിച്ചെന്നിരുന്നോ എന്ന ചോദ്യം പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്. അതോടൊപ്പം കലാപത്തിന് 17 വര്‍ഷങ്ങള്‍ക്കുശേഷം അക്കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പഴയതിനേക്കാള്‍ നാം ഭീരുക്കളായിരിക്കുന്നു എന്നും തിരിച്ചറിയണം.
2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയം പോലെ അപ്രതീക്ഷിതമായിരുന്നു ഗുജറാത്ത് കലാപം. വെള്ളം അതിവേഗത്തില്‍ വീടുകളിലേക്ക് പാഞ്ഞുകയറി ജീവനുകളും സ്വത്തും കവര്‍ന്നതുപോലെയായിരുന്നു ഗുജറാത്തില്‍ വര്‍ഗീയ തീവ്രവാദികള്‍ മുസ്ലീം കുടുംബങ്ങളെ ഇല്ലാതാക്കിയത്. മഴ പെയ്യുമ്പോഴേക്കും നമുക്ക് പ്രളയപ്പേടി വരുന്നതുപോലെ ഇലയനങ്ങുമ്പോഴും തെരുവില്‍ അസാധാരണമായ ഒരു ശബ്ദം കേള്‍ക്കുമ്പോഴും ഗുജറാത്തിലെ മുസ്ലീങ്ങള്‍ പേടിച്ചുവിറക്കുകയാണ് ഇന്നും.
2002 ഫെബ്രുവരി 27ന് ഗോധ്രാ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ തീവയ്ക്കുകയും അതിനുള്ളിലുണ്ടായിരുന്ന 59 കര്‍സേവകര്‍ വെന്തുമരിക്കുകയും ചെയ്തിരുന്നു. മുസ്ലീം തീവ്രവാദികളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിച്ച ഹിന്ദു തീവ്രവാദി സംഘങ്ങള്‍ സംഘടിക്കുകയും ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്‍ മുസ്ലീം വിരുദ്ധ അക്രമങ്ങള്‍ നടത്തുകയും ചെയ്തു. ബിജെപിയായിരുന്നു അന്ന് ഗുജറാത്ത് ഭരിച്ചിരുന്നത്, നരേന്ദ്രമോദി മുഖ്യമന്ത്രിയും. കലാപമുണ്ടായപ്പോള്‍ സംസ്ഥാന ഭരണകൂടം അക്രമികള്‍ക്ക് സഹായകരമായ നിലപാടെടുത്തു എന്ന ആരോപണത്തില്‍ ഏകദേശം അവസാനിക്കുന്നു പലരുടെയും അറിവുകള്‍.
അതിനുമപ്പുറത്തേക്ക് നീളുന്നതായിരുന്നു കലാപത്തിന്റെ ഭീകരതയെന്ന് പുസ്തകം വെളിപ്പെടുത്തുന്നു. ഗുജറാത്തിലെ മുന്‍ ഡിജിപിയായിരുന്ന ആര്‍.ബി.ശ്രീകുമാറിന്റെ കുറിപ്പ്, കൂട്ടമാനഭംഗത്തിന്നിരയായ ബില്‍കിസ് ബാനു, കുദ്ബുദീന്‍ അന്‍സാരി, ബിജെപി നേതാവും സംസ്ഥാന ആഭ്യന്തരമന്ത്രിയുമായിരുന്ന ഹരണ്‍ പാണ്ഡ്യയുടെ കുടുംബാംഗങ്ങള്‍, കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായിരുന്ന എഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി, സാമൂഹ്യപ്രവര്‍ത്തകയായ ടീസ്റ്റ സെതെല്‍വാദ് എന്നിവരുമായുളള അഭിമുഖങ്ങളുമാണ് ഉള്ളടക്കം.
വര്‍ഗീയകലാപങ്ങള്‍ ഗാന്ധിയുടെ നാടിന് അപരിചിതമല്ല. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം രാജ്യത്തു നടന്ന വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു 1969ല്‍ ഉണ്ടായത്. അനൗദ്യോഗിക റിപ്പോര്‍ട്ടുകളനുസരിച്ച് 2000 പേര്‍ കൊല്ലപ്പെട്ടു. അമ്പതിനായിരത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാപാര സ്ഥാപനങ്ങളും വീടുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു.
കേശുഭായ് പട്ടേല്‍ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു ഹരണ്‍ പാണ്ഡ്യ. കേശുഭായി പട്ടേലിനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നു നീക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചപ്പോള്‍ പകരം വന്ന പേരായിരുന്നു ഹരണ്‍ പാണ്ഡ്യയുടേത്. എന്നാല്‍ താരതമ്യേന ചെറുപ്പക്കരനായിരുന്ന ഹരണിനു പകരം നരേന്ദ്രമോദിയെ മുഖ്യമന്ത്രിയാക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭാംഗമല്ലാതിരുന്ന മോദിക്ക്മത്സരിക്കാന്‍ ഹരണിന്റെ സീറ്റായ എല്ലിസ് ബ്രിഡ്ജ് ഒഴിഞ്ഞുകൊടുക്കണമെന്ന മോദിയുടെ ആവശ്യം ഹരണ്‍ നിഷേധിച്ചു. രാജ്‌കോട്ടിലാണ് മോദി മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നത് എഹ്‌സാന്‍ ജാഫ്രിയായിരുന്നു. മുഖ്യമന്ത്രിക്കു ചേര്‍ന്ന പ്രഭാവത്തിലല്ലായിരുന്നു മോദിയുടെ വിജയം. 14,000 വോട്ടുകള്‍ മാത്രമായിരുന്നു ഭൂരിപക്ഷം.
ഗുജറാത്ത് കലാപത്തെക്കുറിച്ച് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ഹരണ്‍ പാണ്ഡ്യേ ജനകീയ അന്വേഷണ കമ്മീഷനു കൈമാറുന്നു. അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരായിരുന്നു കമ്മീഷന്റെ ചെയര്‍മാന്‍. കലാപംകഴിഞ്ഞ് കൃത്യം ഒരു വര്‍ഷത്തിനുശേഷം ഒരുപാട് ദുരൂഹതകള്‍ ശേഷിപ്പിച്ച് ഹരണ്‍ കൊല്ലപ്പെട്ടു. പ്രഭാതസവാരിക്കിറങ്ങിയ അദ്ദേഹത്തെ കാറില്‍ വെടിയേറ്റു മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്വേഷണം സിബിഐയെ ഏല്പിച്ചെങ്കിലും തെളിവുകള്‍ നശിപ്പിക്കപ്പെടുകയും സാക്ഷിമൊഴികള്‍ വേണ്ടരീതിയില്‍ രേഖപ്പെടുത്താതിരിക്കുകയും ചെയ്ത കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ഹരണിന്റെ ബന്ധുക്കളുടെ ആരോപണം. മുസ്ലീം തീവ്രവാദികളാണ് ഹരണിനെ വെടിവച്ചുകൊന്നതെന്ന സിബിഐയുടെ വാദം ഹരണിന്റെ പിതാവ് വിത്തല്‍ഭായിയും ഭാര്യ ജാഗൃതിയും തള്ളിക്കളഞ്ഞു. കേസ് വിചാരണക്കെടുത്ത ഹൈക്കോടതിയും സിബിഐ നിരീക്ഷണങ്ങളില്‍ സംശയം പ്രകടിപ്പിച്ചു. കാറിനുള്ളിലിരുന്നിരുന്ന ഹരണിന്റെ കാല്‍പാദത്തില്‍നിന്ന് മുകളിലേക്കായിരുന്നു ഒരു വെടിയുണ്ട തുളച്ചുകയറിയിരുന്നത്. കാറിന്റെ ചില്ലാകട്ടെ ഏതാനും ഇഞ്ചുകള്‍ മാത്രമേ തുറന്നിരുന്നുള്ളൂ. മുഖ്യപ്രതിയായി സിബിഐ അവതരിപ്പിച്ച അസ്ഗര്‍ അലി 140 കിലോമീറ്റര്‍ അകലെനിന്ന് 18 മണിക്കൂര്‍കൊണ്ട് കൊലപാതകസ്ഥലത്ത് എത്തുകയായിരുന്നുവെന്നാണ് സിബിഐ വാദം. സിബിഐക്കുവേണ്ടി കേസന്വേഷണം നടത്തിയത് കേരളത്തിലെ ഇപ്പോഴത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയായിരുന്നു.
ബില്‍ക്വിസ് ബാനു അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെയാണ് കലാപം ഗ്രാമത്തെ പിടിച്ചുകുലുക്കിയത്. രക്ഷപ്പെടാനായി പലായനം ചെയ്യുകയായിരുന്ന അവളെയും കുടുംബത്തെയും കലാപകാരികള്‍ പിടികൂടി. കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊന്നു. പുരുഷന്മാരെ മര്‍ദിച്ചവശരാക്കിയശേഷം വെട്ടിക്കൊന്നു. കുട്ടികളെയും വെറുതെ വിട്ടില്ല. ബില്‍ക്വിസിന്റെ മൂന്നു വയസുള്ള മകളെ പാറക്കൂട്ടത്തിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. മൃഗീയമായ പീഡനത്തിനുശേഷം മരിച്ചെന്നു കരുതിയായിരിക്കണം അവളെ ഉപേക്ഷിച്ചുപോയി. കൊല്ലപ്പെട്ടവരില്‍ ബില്‍ക്വിസിന്റെ 14 കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മറ്റുള്ളവരെ പേടിച്ച് മാളത്തിലൊളിക്കാന്‍ തയ്യാറായിരുന്നില്ല അവള്‍. ഭര്‍ത്താവ് യാക്കൂബിന്റെ സഹായത്തോടെയും പിന്തുണയോടെയും അവള്‍ നീതിക്കുവേണ്ടി അലഞ്ഞു. ദേശീയ മനുഷ്യവകാശ കമ്മീഷന്റെ അംഗമായിരുന്ന ഗുജറാത്ത് മുന്‍ ഡിജിപിയും മലയാളിയുമായ ജാതവേദന്‍ നമ്പൂതിരിയാണ് ഒടുവില്‍ നീതിയുടെ കവാടങ്ങള്‍ അവള്‍ക്കുമുന്നില്‍ തുറന്നിട്ടത്. കേസിലെ പ്രതികളെയെല്ലാം കണ്ടെത്താനും ശിക്ഷ വാങ്ങിക്കൊടുക്കാനും അതുവഴി കഴിയുകയും ചെയ്തു. ഹിന്ദുവായ നിങ്ങള്‍ ഹിന്ദുക്കള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കരുതെന്നായിരുന്നു പലരും ജാതവേദന്‍ നമ്പൂതിരിയോട് ആവശ്യപ്പെട്ടതെന്ന് പുസ്തകത്തില്‍ പറയുന്നു. (ബില്‍ക്വിസ് ബാനുവിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാനും തൊഴില്‍ നല്കാനും അവള്‍ക്ക് ഇഷ്ടമുള്ളിടത്ത് താമസിക്കാന്‍ സൗകര്യമൊരുക്കാനും 2019ല്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 17 വര്‍ഷത്തിനുശേഷം ആദ്യമായി അവള്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്തു. കലാപത്തിനുശേഷം അഹമ്മദ്ബാദ്, വഡോദര, ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവിടങ്ങളിലെ എണ്ണമോര്‍മയില്ലാത്ത താമസസ്ഥലങ്ങളില്‍ ബാനുവും കുടുംബവും താമസിച്ചിരുന്നു.)
പുസ്തകത്തിലെ ഏറ്റവും വികാരഭരിതവും ഞെട്ടിക്കുന്നതുമായ വിവരണം എഹ്‌സാന്‍ ജാഫ്രിയുടെ കൊലപാതകമാണ്. ഒരു ഫഌറ്റ് പോലെ 20 ഓളം കുടുംബങ്ങള്‍ ഒന്നിച്ചു താമസിച്ചിരുന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി പതിനായിരത്തോളം വരുന്ന അക്രമികള്‍ വളഞ്ഞ് പുരുഷന്മാരെയും കുഞ്ഞുങ്ങളെയും മാരകമായി വെട്ടിമുറിവേല്പിച്ചശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. സ്ത്രീകളെ ബലാത്കാരത്തിനു
ശേഷമാണ് കൊന്നത്. ആദ്യം കൊല്ലപ്പെട്ടത് പ്രദേശത്തുകാരുടെ പ്രിയങ്കരനും


Related Articles

ഒരു ഡിജിറ്റല്‍ അപാരത

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

പത്രോസിന്റെ നൗകയില്‍ യുവജനങ്ങള്‍ക്ക് പ്രത്യാശ – ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലോകത്തിന്റേതായ ക്രൂരമായ കൊടുങ്കാറ്റ് സഭയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴുംപത്രോസിന്റെ തോണിയില്‍ പ്രത്യാശയുണ്ടെന്നും അത് തങ്ങള്‍ക്ക് ഇടം നല്ക്കുമെന്നും അതില്‍ പിടിച്ചു കരകേറാമെന്നും യുവജനങ്ങള്‍ ഇനിയും വിശ്വസിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ്

ഓണ്‍ലൈന്‍ വ്യക്തിഹത്യ പൊലീസ് എന്തുചെയ്യും ?

ആശയവിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ അപരന് ശല്യമാകുന്നതോ വ്യക്തിഹത്യയിലെത്തുന്നതോ ആയ സ്വാതന്ത്ര്യം അനുവദനീയമല്ല. ഒരുകാലത്ത് ഇത്തരം ശല്യങ്ങള്‍ പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*