ഗോത്രവര്‍ഗ സമൂഹങ്ങള്‍ നീതി തേടുന്നു

ഗോത്രവര്‍ഗ സമൂഹങ്ങള്‍ നീതി തേടുന്നു

വനമേഖലയില്‍ കഴിയുന്ന ആദിവാസി ഗോത്രവര്‍ഗക്കാരും വനവിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന ഗോത്രവര്‍ഗക്കാരല്ലാത്ത ജനസമൂഹങ്ങളില്‍പ്പെട്ട ആളുകളും അവരവരുടെ വേരുകളറുത്ത് കാടിറങ്ങാന്‍ തയ്യാറാകേണ്ട ചരിത്രസന്ദര്‍ഭത്തിനാണോ നമ്മള്‍ ഇനി സാക്ഷികളാകാന്‍ പോകുന്നത്? 2006ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വനാവകാശ നിയമത്തെ കൃത്യതയോടെ പിന്‍തുടരാനോ വനത്തിനുള്ളില്‍ കഴിയുന്ന ആദിമ ഗോത്രവര്‍ഗ സമൂഹത്തിനനുകൂലമായി വനാവകാശനിയമത്തെ വ്യാഖ്യാനിച്ചെടുക്കാനോ സാധിക്കാതെപോയ ജനാധിപത്യ സമൂഹമെന്ന് ചരിത്രം നമ്മളെ അടയാളപ്പെടുത്തും. പരമോന്നത നീതിപീഠത്തിന്റെ ഏറ്റവും പുതിയ വിധിയില്‍, വനത്തിനുള്ളില്‍, സംരക്ഷിത മേഖലയില്‍ അവകാശത്തോടെ കഴിയാനുള്ളവരുടെ ലിസ്റ്റില്‍ കയറിക്കൂടാന്‍ സാധിക്കാത്തവരെല്ലാം കാടിന്റെ സംരക്ഷിത മേഖലയില്‍ അതിക്രമിച്ചുകയറിയവരാണ്. അവരെയെല്ലാം ഒട്ടും വൈകാതെ സംസ്ഥാന സര്‍ക്കാരുകള്‍ കൂടിയൊഴിപ്പിക്കേണ്ടതാണ്. 2019 ജൂലൈ മാസത്തിനുള്ളില്‍ ഇവരെ കുടിയിറക്കിയതിന്റെ റിപ്പോര്‍ട്ട് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ ബോധിപ്പിക്കേണ്ടതുമാണ്. വനത്തിനുള്ളില്‍ അവകാശത്തോടെ കഴിയാന്‍, തങ്ങള്‍ ഇവിടെ തലമുറകളായി പാര്‍ക്കുന്നവരാണ് എന്നുപറയാന്‍ വനാശ്രിതരെ സഹായിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരെല്ലാം വനമേഖലയ്ക്ക് പുറത്തേയ്ക്ക് കുടിയൊഴിപ്പിക്കപ്പെടാന്‍ പോകുന്നു. 16 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവുമുണ്ട്. വലിയ വാര്‍ത്താപ്രാധാന്യമൊന്നും പത്രമാധ്യമങ്ങള്‍ ഇതിന് നല്‍കിയില്ല.
പരമോന്നത നീതിപീഠത്തിന്റെ വിധി വന്ന ദിവസം കേരളത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മധു എന്ന ആദിവാസി യുവാവിനെ ഇടിച്ചും തൊഴിച്ചും മലയാളി സമൂഹത്തിന്റെ പ്രതിനിധികള്‍ കൊന്നിട്ട് ഒരു വര്‍ഷം തികയുകയായിരുന്നു. അനുസ്മരണങ്ങളൊന്നും കണ്ടില്ല. ആരും ഉപവാസമിരുന്നില്ല. അല്ലെങ്കില്‍ തന്നെ ദീനനായ ഒരു മനുഷ്യന്റെ ജീവന് ഇവിടെ എന്തുവില? കൊന്നും കൊല്ലിച്ചും മത്സരിക്കുകയല്ലേ? കാസര്‍ഗോഡ് വെട്ടിനുറക്കപ്പെട്ട രണ്ടുയുവാക്കളുടെ മൃതദേഹം സംസ്‌കരിച്ചതിന്റെ ചൂട് ചിതയില്‍ ആറിയിട്ടില്ല. ഇവിടെ എന്തും സാധ്യമാണ്. അമ്പത്തൊന്ന് വെട്ടിന്റെ വാള്‍ച്ചരിത്രമെഴുതിയവരില്‍ പലരും പരലോളിലിറങ്ങി നൃത്തം ചവിട്ടുന്നതിന്റെ ചിത്രങ്ങള്‍ നവീന മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചികിത്സിക്കാനാണ് പരോളിലിറങ്ങുന്നതെങ്കില്‍ ജയിലില്‍ സുഖമായിക്കിടന്ന് ചികിത്സിച്ചുകൂടെയെന്ന് കോടതി പ്രശസ്തനായ പ്രതിയോട് ചോദിക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെട്ട വധക്കേസുകളിലൊന്നില്‍, കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പ്രതിപ്പട്ടികയില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിലെ തലയെടുപ്പുള്ളവരുമുണ്ട്. ഇതൊക്കെ ചര്‍ച്ചചെയ്യാന്‍ തന്നെ പ്രൈംടൈം ന്യൂസില്‍ സമയം കിട്ടുന്നില്ല. പിന്നെയെവിടെ മധുവിനെ ഓര്‍മ്മിക്കാന്‍ നേരം? പക്ഷേ ഒന്നുണ്ട്, സ്വരമില്ലാത്തവരുടെയും അരികുചേര്‍ക്കപ്പെട്ടവരുടെയും മറവിയിലേക്ക് മറിഞ്ഞുവീഴുന്നവരുടെയും കൂടിയാണ് ജനാധിപത്യം. നമ്മള്‍ സംസ്‌കാരത്തിന്റെ പതാകാവാഹകരാകുന്നതിനും മുന്നേ പ്രകൃതിയുടെ മക്കളായി ഒരു സമൂഹം വനത്തിനുള്ളില്‍ പാര്‍ത്തിരുന്നു. വെറുതെയല്ല നമുക്കുവേണ്ടി ഭൂമിയുടെ ശ്വാസകോശത്തെ സംരക്ഷിച്ചുകൊണ്ട്.
പെട്ടെന്നാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. പലതിനും വേണ്ടി കാടുകയറാന്‍ പലരും വന്നു. പഞ്ഞവും പട്ടിണിയും ദുരിതവും സഹിക്കാന്‍ വയ്യാതെ ജീവന്‍മരണപോരാട്ടത്തിനായി കാടുകയറി കൃഷിയിറക്കാന്‍ വന്നവര്‍ തുടങ്ങി വില കൂടിയ ധാതുക്കള്‍ ഖനനം ചെയ്യാനെത്തിയ ദുരമൂത്ത കോര്‍പറേറ്റ് വമ്പന്മാര്‍വരെ കാടുകളില്‍ കയറിയിറങ്ങി. നാട് കയറി കാട് മുടിഞ്ഞപ്പോള്‍ ഉത്തരവാദിത്തബോധം നശിക്കാത്തവര്‍ കാട് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സമൂഹമനഃസാക്ഷിയെ ഉണര്‍ത്താന്‍ ശ്രമിച്ചു. കടലില്‍ മരമുണ്ടായിട്ടാണോ മഴപെയ്യുന്നത് എന്നു ചോദിച്ച രാഷ്ട്രീയ നേതാവ് തൊട്ട്, ഏറ്റവും പുതിയ ഡാം പണിതിട്ടേ മന്ത്രിപ്പണി നിര്‍ത്തൂ എന്നു നാഴികയ്ക്ക് നാല്പതുവട്ടം പറയുന്ന ഏറ്റവും പുതിയ വൈദ്യുതി മന്ത്രിവരെയുള്ളവരെ എതിരിട്ട് മനുഷ്യര്‍ കാടുകള്‍ സംരക്ഷിക്കാനിറങ്ങി. ഇന്ത്യ ബ്രിട്ടന്റെ കോളനിയായി മാറിയ കാലം മുതലിങ്ങോട്ട് കാടിനെ കാക്കാനിറങ്ങിയവരെന്നും, എന്തുവിലകൊടുത്തും വനസമ്പത്ത് നാടിനുവേണ്ടി ചോര്‍ത്താനിറങ്ങിയവരുമെന്ന രണ്ടുകൂട്ടര്‍ മാത്രമേ കാടിനെപ്പറ്റി പറഞ്ഞിരുന്നുള്ളൂ. കാലം മാറി സ്ട്രാറ്റജികള്‍ മാറി. ഇപ്പോള്‍ കാടിനെ നോക്കാനിറങ്ങുന്നവര്‍ ആര്‍ക്കുവേണ്ടിയാണ് കരുക്കള്‍ നീക്കുന്നതെന്നറിയാന്‍ വയ്യാത്ത സ്ഥിതിയായിരിക്കുന്നു. കാടടച്ച് വെടിവയ്ക്കുകയല്ല. അടിസ്ഥാന രഹിതവുമല്ല പറഞ്ഞത്. കാടിനുള്ളില്‍ അവകാശത്തോടെ ജീവിക്കുന്നവരുടെ ലിസ്റ്റില്‍ പെടാത്തവരെയെല്ലാം കാടിനുപുറത്തേയ്ക്ക് ഓടിക്കണമെന്നും കാട് പരിപാലിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജിനല്‍കിയ ഗവണ്‍മെന്റിതര സന്നദ്ധ സംഘടനയില്‍ അംഗങ്ങളായിട്ടുള്ളവരില്‍ പ്രധാനികള്‍ ജോലിയില്‍ നിന്നും വിരമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. കാടിനെ, അതിന്റെ സാധ്യതകളെപ്പറ്റി നന്നായി അറിയുന്നവര്‍. അത് നല്ലതല്ലേ? നല്ലതാണ്. മാത്രമല്ല കൂടുതല്‍ നല്ല കാര്യങ്ങള്‍ എങ്ങനെ സംഭവിക്കുമെന്നും പലര്‍ക്കുമറിയാം. വനാവകാശ നിയമപ്രകാരം വനഭൂമിയില്‍ തങ്ങള്‍ക്കവകാശമുണ്ടെന്ന് തെളിയിക്കാന്‍ മാത്രമുള്ള രേഖകളൊന്നും പാവം പിടിച്ച വനവാസികള്‍ക്കില്ലെന്നും അറിയാം. ലിസ്റ്റില്‍ ഇടംപിടിക്കാന്‍ വേണ്ട ഡോക്യുമെന്റ്‌സ് എന്തൊക്കെയെന്ന് അറിയാവുന്നവര്‍ വേറെയുണ്ടെന്നുമറിയാം. വനാവകാശമുള്ളവരെന്നു തെളിയിക്കുന്ന രേഖകളോടെ ലിസ്റ്റില്‍ കയറിക്കൂടുന്നവരെ നിര്‍ണയിക്കുന്ന അടിസ്ഥാന രാഷ്ട്രീയക്കൂട്ടങ്ങളെ, ഗ്രാമസഭകളെയൊക്കെ അറിയാം. ഇങ്ങനെ അറിഞ്ഞതെല്ലാം പരതിനോക്കുമ്പോള്‍ സാവകാശത്തില്‍ ടൂറിസം പദ്ധതികള്‍, കോര്‍പ്പറേറ്റ് അജണ്ടകളൊക്കെ കാടിനുള്ളില്‍ നടപ്പാക്കപ്പെടുകതന്നെ ചെയ്യും. ഇത് മുന്‍വിധിയോടുള്ള പ്രസ്താവനയല്ലേ? അല്ല. ചരിത്രം അതാണ് കാണിക്കുന്നത്. കാര്യങ്ങളെപ്പറ്റി ധാരണകള്‍ കിട്ടിത്തുടങ്ങിയ ഗോത്രവര്‍ഗജനത സംഘടിച്ചു തുടങ്ങിയിരിക്കുന്നു.
ലിസ്റ്റില്‍ കയറിപ്പറ്റാന്‍ സാധിച്ചില്ലെങ്കിലും വനാശ്രിത സമൂഹങ്ങളെ സംരക്ഷിച്ചു നിര്‍ത്തുമെന്നും അവര്‍ക്ക് വനത്തില്‍ പട്ടയം നല്‍കി പാര്‍പ്പിക്കുമെന്നും എം.കെ.ബാലന്‍ കേരള സമൂഹത്തോട് പ്രസ്താവിച്ചിട്ടുണ്ട്. നടപ്പിലാക്കിയാല്‍ നല്ലകാര്യം. ആദിവാസി സമൂഹം സെക്രേട്ടറിയറ്റിനു മുന്നില്‍ നടത്തിയ നില്‍പുസമരത്തിന്റെ ഓര്‍മ്മകള്‍ മങ്ങിയിട്ടില്ല. സര്‍ക്കാരുകള്‍ മാറിമാറി വന്നുകൊണ്ടേയിരിക്കുന്നു. എവിടെ നിന്നാണ് നീതി ലഭിക്കുകയെന്നറിയാന്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് വി.കെ. ജാനു രാഷ്ട്രീയപ്പാര്‍ട്ടികളുടെ പാളയങ്ങള്‍ മാറിമാറി പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും കാലം കൂടാരമടിച്ചിരുന്ന ബിജെപിയുടെ ലാവണത്തിലെ കല്യാണ്‍ വനവാസിസംഘടനയുടെ അര്‍ത്ഥംപോലും ഗോത്ര മഹാസഭയ്ക്ക് പിടികിട്ടിയില്ല. അരിപ്പ, ചെങ്ങറ, മുത്തങ്ങ സമരങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അല്ലെങ്കില്‍, അടുത്ത ഒരു അങ്കത്തിനുള്ള കളമൊരുങ്ങുകയാണ്. കേരളത്തിന്റെ വനമേഖലില്‍ നിന്ന്, സംരക്ഷിതവനങ്ങളില്‍ നിന്ന്, അര്‍ഹരായവരാരും പോകേണ്ടിവരില്ലെന്ന് സംസ്ഥാന പട്ടികവര്‍ഗ ക്ഷേമമന്ത്രി പറയുമ്പോള്‍, ഒഡീഷയിലെ ഡോഗ്രിയ ഗോണ്ട് ഗോത്രവര്‍ഗക്കാര്‍ തങ്ങളെ ഒഴിപ്പിക്കാന്‍ വരുന്നവരെ ഗോത്രവീര്യത്തോടെ ചെറുക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അവര്‍ വെറുതെ പറയുന്നതല്ല. തങ്ങളുടെ ദേവത കുടികൊള്ളുന്ന നിയമംഗിരി മലനിരകളുടെ താഴെയുള്ള സമ്പന്നമായ ബോക്ലൈറ്റ് അയിരുകളില്‍ കണ്ണുവച്ച് നടക്കുന്ന വേദാന്ത ഖനവ്യവസായ സാമ്രാജ്യത്തിനെതിരെ പടപൊരുതി അവര്‍ വിജയിച്ചതിന്റെ ചരിത്രം അത്ര പഴയതല്ല. പത്രങ്ങള്‍ അത് അറിഞ്ഞോ ആവോ! സംരക്ഷിത വനമേഖകളിലും ഭൂമിയിലും ഇടിച്ചുകയറി പാര്‍ട്ടി ആപ്പീസും പഞ്ചായത്താപ്പീസും പണിതുയര്‍ത്തുന്ന പാര്‍ട്ടികളുള്ള കേരളത്തില്‍, സമയാസമയങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന നീതിന്യായ ബോധമുള്ള സബ് കളക്ടര്‍മാരും ശരിയായ വനവാസികളും വനത്തിന്റെ സംരക്ഷകരായി നിലനില്‍ക്കുകതന്നെ ചെയ്യുമെന്ന് പ്രത്യാശിക്കാം.
ഈ രാഷ്ട്രം ഇനിയെങ്കിലും ഗോത്രസമൂഹങ്ങളെ ഈ നാടിന്റെ ജനാധിപത്യത്തിന്റെ ഭാഗം തന്നെയെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. സ്വരമില്ലാത്തവരെന്ന് കരുതിയവര്‍ ഉണരുന്നുണ്ട്-കൂടുതല്‍ കരുത്തോടെ.


Related Articles

ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള്‍ സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ

സമൂഹം, രാഷ്ട്രീയം, നേതൃത്വം ചില ഉള്‍ക്കാഴ്ചകള്‍

പുനലൂര്‍ രൂപതയുടെ പത്തനാപുരം സെന്റ് സേവ്യേഴ്‌സ് ആനിമേഷന്‍ സെന്ററില്‍ കേരളാ റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ കുറച്ചുസമയം പങ്കെടുത്തതിന്റെ വെളിച്ചത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്.

ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*