ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി

എണ്ണൂറു കോടിയിലധികം ഡോളര്‍ വിവിധ സംഘടനകള്‍ക്ക് സംഭാവന നല്കിയ ലോകോപകാരിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. താന്‍ നല്കുന്ന സംഭാവനകളെപ്പറ്റിയോ താനാകുന്ന വ്യക്തിയെപ്പറ്റിയോ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മനുഷ്യന്റെ മഹത്വം ലോകം മനസിലാക്കിവരുന്നതേയുള്ളൂ.
സാന്‍ ഫ്രാന്‍സിസ്കോയിലെ ഒരു സാധാരണ അപ്പാര്‍ട്ട്മെന്റിലാണ് അയാള്‍ ഭാര്യയുമൊത്ത് വാടകയ്ക്ക് താമസിക്കുന്നത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളൊന്നും അയാള്‍ ധരിക്കാറില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ സാധാരാണ ഇക്കോണമി ക്ലാസിലാണ് ഇരിക്കാറുള്ളത്. കോടികളുടെ സ്വത്തുക്കളുടെ ഉടമയായ അയാള്‍ക്ക് സ്വന്തമായി കാറില്ല. സാധാരണക്കാരെപ്പോലെ ബസില്‍ യാത്ര ചെയ്യും. കൈയില്‍ 15 ഡോളര്‍ മാത്രം വിലയുള്ള ഒരു വാച്ചാണ് ധരിക്കുന്നത്; ബ്രീഫ്കെയ്സിനുപകരം ഒരു പ്ലാസ്റ്റിക് സഞ്ചിയായിരിക്കും കൈയില്‍ കാണുക.
നമുക്ക് ആദ്യം തോന്നുക ഈ കോടീശ്വരന് അറുപിശുക്കനാണെന്നാണ്. പക്ഷേ അതല്ല വാസ്തവം. ചക്ക് ഫീനി എന്നറിയപ്പെടുന്ന ആ മനുഷ്യന് ചെയ്തിട്ടുള്ള സംഭാവനകളെക്കുറിച്ച് കേട്ടാല്‍ നമ്മള് അത്ഭുതപ്പെടും. തന്റെ ബിസിനസ് വഴി ലഭിക്കുന്ന വരുമാനം തന്റെ ആവശ്യങ്ങള്‍ക്കായി ചിലവഴിക്കാതെ മറ്റുള്ളവര്‍ക്കായി, ലോകപുരോഗതിക്കായി അദ്ദേഹം മാറ്റിവയ്ക്കുകയാണ്. യൂണിവേഴ്സിറ്റികളൂടെ റിസര്‍ച്ച് ആവശ്യങ്ങള്‍ക്കായി അദ്ദേഹം ചെയ്തിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. കോര്‍ണല്‍ യൂണിവേഴ്സിറ്റിക്ക് 588 മില്യന്‍ ഡോളറും, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിക്ക് 125 മില്യനും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിക്ക് 60 മില്യനും നല്കി. നൂറുകോടിയോളം ഡോളര്‍ അയര്‍ലണ്ടിലെ യൂണിവേഴ്സിറ്റികള്‍ നവീകരിക്കാനായി ചിലവഴിച്ചു. മാത്രമല്ല, അവികസിത രാജ്യങ്ങളിലെ കുട്ടികളുടെ സര്‍ജറിക്കായി ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഓരോ സംഭാവനയും അജ്ഞാതനായ ഡോണര്‍ എന്ന നിലയിലാണ് അദ്ദേഹം കൊടുത്തിരുന്നത്. തന്റെ പേര് പ്രശസ്തമാകാന് വേണ്ടി അദ്ദേഹം ഒന്നും ചെയ്തില്ല. ഈ അടുത്ത കാലത്താണ് മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചറിയുന്നത്. ഐറിഷ് അമേരിക്കന്‍ വംശജനായ ചക്ക് ഫീനിയുടെ യഥാര്‍ത്ഥപേര് ചാള്‍സ് ഫ്രാന്‍സിസ് ഫീനി എന്നാണ്. 1931ല്‍ ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ 88 വയസ് പ്രായമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഫൗണ്ടേഷനുകളിലൊന്നായ അറ്റ്ലാന്റിക് ഫിലാന്ത്രോ ഫീനിന്റെ സ്ഥാപകനും ഡ്യൂട്ടി ഫ്രീ ഷോപ്പേഴ്സ് ഗ്രൂപ്പിന്റെ സഹസ്ഥാപകനുമായ ഫീനിയുടെ പരോപകാര പ്രവൃത്തികള്‍ പലതും രഹസ്യമാണ്. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അത് രഹസ്യമായി ഇരിക്കേണ്ടതിന് വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ (മത്താ. 6:4) എന്ന യേശുവിന്റെ വാക്കുകളായിരിക്കാം അദ്ദേഹത്തെ നയിക്കുന്നത്.
എന്തുകൊണ്ടാണ് തന്റെ ഭൂരിഭാഗം സ്വത്തുക്കളും സംഭാവനയായി നല്‍കുന്നത് എന്നാരാഞ്ഞപ്പോള്‍ അദ്ദേഹം പറയുന്നത്, ”നമ്മളെല്ലാവരും ജനിക്കുന്നത് ഒന്നുമില്ലാത്തവരായിട്ടാണ്. അതുപോലെ തന്നെയായിരിക്കും നമ്മള് മരിക്കുമ്പോഴും. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ സമ്പാദ്യം മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോഴുണ്ടാകുന്ന സുഖം മരിച്ചുകഴിയുമ്പോള്‍ മറ്റുള്ളവര്‍ കൊണ്ടുപോകുമ്പോള്‍ നമുക്കുണ്ടാകുമോ?” ലോകപ്രശസ്തരായ കോടീശ്വരന്മാരായ ബില്‍ഗേറ്റ്സും വാരന്‍ ബഫറ്റും ചക്ക് ഫീനിയെ തങ്ങളുടെ ആരാധ്യപുരുഷനായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ജീവിതശൈലിയും മാതൃകയും തങ്ങളെ ഒത്തിരിയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് രണ്ടുപേരും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ ഫൗണ്ടേഷനുകള്‍ക്ക് സംഭാവനകള്‍ നല്കുന്നതിലുപരിയായി ലോകസമാധാനത്തിനായി ചക്ക് ഫീനി മുന്‍പന്തിയിലുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുവാന്‍ അദ്ദേഹം മുന്‍കൈ എടുത്തിട്ടുണ്ട്. അതുപോലെ കുറ്റവാളികളായ കുട്ടികളുടെ വധശിക്ഷ നിര്‍ത്തലാക്കാനും സൗത്ത് ആഫ്രിക്കയിലെ എച്ച്ഐവി/എയ്ഡ്സ് ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യചികിത്സ നല്‍കാനും അദ്ദേഹം മുന്‍പന്തിയിലുണ്ട്. വിയറ്റ്നാമിലെ ജനങ്ങളെ യുദ്ധക്കെടുതികളില്‍നിന്ന് കരകയറ്റാനും ഓസ്ട്രേലിയായിലെ ബയോ മെഡിക്കല്‍ റിസര്‍ച്ചുകള്‍ക്ക് സംഭാവന നല്‍കാനും ചക്ക് ഫീനി രംഗത്തുണ്ട്. ഇതുപോലെയുള്ള മനുഷ്യസ്നേഹികള്‍ യേശുനാഥന്റെ തന്നെ മാതൃകയല്ലേ പിന്തുടരുന്നത്?
യേശുനാഥന്‍ തന്റെ പക്കല്‍ വന്ന എല്ലാവരെയും സുഖപ്പെടുത്തി; പിശാചുക്കളെ ബഹിഷ്ക്കരിച്ചു; വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്കി. പക്ഷേ അതൊന്നും തന്റെ പ്രശസ്തിക്കോ നേട്ടത്തിനോ വേണ്ടിയല്ലായിരുന്നു. ഒരിക്കല്‍ അപ്പം വര്‍ധിപ്പിച്ച് ജനങ്ങളെ തൃപ്തരാക്കിയപ്പോള് അവര്‍ യേശുവിനെ രാജാവാക്കാന്‍ വേണ്ടി ബലമായി പിടിച്ചുകൊണ്ടുപോകാന്‍ തുനിഞ്ഞപ്പോള്‍ അവിടുന്ന് തന്ത്രപൂര്‍വം അവിടെനിന്ന് പിന്മാറി (യോഹ. 6:15). ജനങ്ങളുടെമേല്‍ അനുകമ്പ തോന്നിയതിനാലാണ് അവിടുന്ന് രോഗശാന്തി നല്കിയതും അപ്പം വര്‍ധിപ്പിച്ചു നല്കിയതും.
നമ്മുടെ രാഷ്ട്രീയ നേതാക്കളും ജനസേവനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും ചില സുവിശേഷ പ്രഘോഷകരും തങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കുവാനാണ് പലതും ചെയ്യുന്നത്. കവലകള്‍തോറും ബാനറുകളും പടങ്ങളും പരസ്യപ്പെടുത്തി തങ്ങള്‍ ചെയ്യുന്ന സഹായങ്ങളെക്കുറിച്ചും തങ്ങള്‍ വഴി സംഭവിക്കുന്ന അത്ഭുതരോഗശാന്തിയെക്കുറിച്ചുമെല്ലാം നിരന്തരം മറ്റുള്ളവരെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ചക്ക് ഫീനിയും വാരന്‍ ബഫറ്റും ബില്‍ഗേറ്റ്സും മറ്റും ചെയ്യുന്ന സംഭാവനകളുടെ നാലയലത്തുപോലും വരാത്ത ഇത്തരക്കാരുടെ പ്രൊപ്പഗാന്‍ഡകള്‍ കേള്‍ക്കുമ്പോള്‍ യേശുവിന്റെ ഈ വാക്കുകളാണ് ഓര്മ്മയിലേക്കുവരുക. തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. (ലൂക്ക. 14:11).
അടുത്ത ലക്കം:
കിന്‍സുഗിയുടെ സൗന്ദര്യം
Related
Related Articles
ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം
കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി
കൊടുംനാശത്തിന്റെ മഹാപ്രളയത്തില്‍
പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളുടെ പെരുമഴക്കാലത്ത് പ്രകാശം പരത്തുന്ന മനുഷ്യക്കൂട്ടായ്മയുടെ ചില നേര്‍ക്കാഴ്ചകള്‍ നമ്മെ തരളഹൃദയരാക്കുന്നു. പരസ്നേഹം, സാഹോദര്യം, ദയ, കാരുണ്യം, ഔദാര്യം, കരുതല്‍, ത്യാഗം, ധീരത, പൗരബോധം തുടങ്ങി
കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം
ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.