ചരിത്രം ആവശ്യപ്പെടുന്ന ജാഗ്രത

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാമതിലില്‍ അണിചേരുന്നതിന് സമൂഹത്തെ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച വിളംബരജാഥ വെള്ളയമ്പലത്തെ അയ്യങ്കാളി സ്ക്വയറില്‍ എത്തിയതിന് സാക്ഷ്യം നിന്ന ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. റോഡരികില്‍ പ്ലോട്ടുകളുണ്ട്. മുലക്കരം പിരിക്കാനെത്തിയവര്ക്ക് മുന്നിലേക്ക് തന്റെ മുല ഛേദിച്ചിട്ട നങ്ങേലിയെഓര്ത്തുകൊണ്ടുള്ള നിശ്ചലദൃശ്യത്തിനും തൊട്ടരികെ കണ്ണാടി സ്ഥാപിച്ചിട്ടുള്ള പ്ലോട്ടാണുണ്ടായിരുന്നത്. നാരായണഗുരുവിനെയാണ് ഉദ്ദേശിച്ചതെന്ന് മനസിലാകുന്നുണ്ട്. കണ്ണാടി പ്രതിഷ്ഠ എപ്പോഴും ഗുരുവിനോട് മാത്രം ചേര്‍ത്ത് പറയേണ്ടതുണ്ടോ? വൈകുണ്ഠ സ്വാമികള്‍ ഗുരുവിനു മുന്നേ കണ്ണാടി പ്രതിഷ്ഠ നടത്തുന്നുണ്ട്. അദ്ദേഹവും മലയാളി തന്നെ. രാഷ്ട്രീയസങ്കുചിത താല്പര്യങ്ങളാല് നാഞ്ചിനാട് തമിഴ്നാടിനോട് ചേര്‍ക്കപ്പെട്ടപ്പോള്‍ കന്യാകുമാരി ജില്ലയുടെ ഭാഗമായി സ്വാമിത്തോപ്പ് മാറിയതുകൊണ്ട് വൈകുണ്ഠസ്വാമികളെ തമിഴ്നാടിന്റേതെന്ന് തീറെഴുതേണ്ടതില്ല. നൂല് സമ്പ്രദായത്തില്‍ സ്വാമികള്‍ അരുള്‍ ചെയ്ത കാര്യങ്ങള്‍ (അരുള്‍ നൂല്) തൈക്കാട്ട് അയ്യാഗുരു വഴി ചട്ടമ്പിസ്വാമികളിലേയ്ക്കും നാരായണഗുരുവിലേയ്ക്കും പകര്‍ന്നെത്തുന്ന ചരിത്രവഴികളുടെ സത്യസന്ധമായ വിവരണം ചരിത്രപുസ്തകങ്ങളിലുണ്ട്.
ചരിത്രം തിരുത്തപ്പെടുകയോ അര്ധസത്യമായി അവതരിപ്പിക്കപ്പെടുകയോ ചരിത്രത്തിന്റെ ഏടുകള്‍ തമസ്കരിക്കപ്പെടുകയോ ചെയ്യുന്ന കാലത്ത് ചരിത്രത്തിന്റെ നാള്‍വഴികള്‍ പറയേണ്ടതു തന്നെ. ‘ഒരു ജാതി ഒരു ദൈവം അരുളൊന്ന്’ എന്ന വാക്യവും നാരായണഗുരുവിലേക്ക് എത്തുന്നത് വൈകുണ്ഠസ്വാമിയിലൂടെ തന്നെ. വാക്യത്തിന്റെ പ്രകാശം സമൂഹത്തെ ചലിപ്പിച്ചു എന്നതാണ് പ്രസക്തമായിട്ടുള്ളത്. ചോരവാര്‍ന്ന് നങ്ങേലി മരിക്കുകയും ചിരുകണ്ടന് തന്റെ സഹധര്‍മിണിയുടെ ചിതയില്‍ച്ചാടി ആത്മാഹുതി നടത്തുകയും ചെയ്തതിന്റെ സ്മരണ മുലച്ചിപ്പറമ്പില്‍ തങ്ങിനില്ക്കുന്നുണ്ട്. നങ്ങേലിയെ ഏറ്റെടുക്കാന്‍, എതിര്‍പ്പിന്റെ, മുന്നേറ്റത്തിന്റെ അവകാശം ആര്‍ക്കെന്ന് തീര്പ്പുകല്പിക്കാന് ഒരുപാട് ആളുകള്‍ ഇന്ന് സമൂഹരംഗത്തുണ്ട്. ഓരോരുത്തര്‍ക്കും തനത് താല്പര്യങ്ങളുമുണ്ട്-രാഷ്ട്രീയ, സാമൂഹ്യ താല്പര്യങ്ങള്. എല്ലാറ്റിനുമിടയില്‍ നിന്ന് സത്യത്തിന്റെ നാമ്പ് കിളിര്‍ത്തുവരാന്‍ സമയമേറെയെടുക്കുമെന്നറിയേണ്ടതാണ്. സമയമെടുക്കുമെന്നതിനര്ത്ഥം ജാഗ്രതയില്‍ അയവു വരുത്താമെന്നാണല്ലോ!
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്ക്കുമിടയില് വനിതാമതില്‍ എന്ന നവോത്ഥാന മതില് ഉയര്‍ന്നു. എന്തിനുവേണ്ടി എന്ന ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്നു. മന്ത്രിസഭയില്‍ തന്നെ വ്യത്യസ്ത സ്വരങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നു. ആചാരങ്ങള്ക്കെതിരല്ലായെന്ന് പറഞ്ഞ് ദേവസ്വം മന്ത്രി തുടങ്ങുന്നു, തൊട്ടടുത്ത നിമിഷം താന്‍ പറഞ്ഞത് സ്വയം വിഴുങ്ങി മലക്കം മറിയുന്നു. വനിതാമതിലിന് ആചാരവുമായി ബന്ധമില്ലായെന്നു പറഞ്ഞെത്തിയ മകന് വെള്ളാപ്പള്ളിയുടെ സ്വരമാണ് ഏറ്റവും പുതിയ രാഷ്ട്രീയ വെളിപാട്. മുഖ്യമന്ത്രി പറഞ്ഞത് തുടക്കം കോടതി വിധിയിലാണെന്നാണ്. ഒടുക്കത്തെപ്പറ്റി മിണ്ടുന്നില്ല. തുടങ്ങിയേടത്തു തന്നെ നില്‍ക്കണമെന്ന് ഈ പാര്‍ട്ടിയെക്കുറിച്ച്, മുന്നണിയെപ്പറ്റി അറിയാത്തവര്‍ മാത്രമേ പറയൂ എന്നാകുമോ മുഖ്യമന്ത്രി ധ്വനിപ്പിച്ചത്. ഡയലക്ടിക്കല്‍ മെറ്റീരിയലിസം വായിച്ചു പഠിക്കാത്തവര്‍ക്ക് നിരന്തരമായ ചലനത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. അങ്ങനെ നിരന്തരം ചലിക്കുന്നതു കൊണ്ടാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് കൂടുമാറി വീണ്ടുമെത്തുമ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഈ മുന്നണി തീരുമാനിക്കുന്നത്. ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് അങ്ങനെ പലതും പറയും. അത് കാനം കൈകാര്യം ചെയ്തോളും. കാനത്തെ പരിഷ്ക്കാര കമ്മീഷനും കൈകാര്യം ചെയ്തോളും. വീരന്റെ പാര്‍ട്ടിയും സദാ ചലന സിദ്ധാന്തത്തിന് കീഴ്പ്പെട്ടാണല്ലോ കഴിയുന്നത്. പെരുന്നയില്‍ നിന്ന് സ്വരം കടുപ്പിച്ച സുകുമാരന്‍ ചേട്ടന്റെ വിരട്ടല്‍ തണുപ്പിക്കാന്‍ പാളയത്തില്‍ പിള്ളയുണ്ടാകുന്നത് നല്ലതു തന്നെ. കുളിച്ചാല്‍ പുള്ളി മാറാത്ത പുള്ളിപ്പുലിയെ ഡയലക്ടിക്കല്‍ മെറ്റീരിയലിസത്തിലൂടെ കടത്തിവിട്ട് പുള്ളിയില്ലാത്ത പുലിയാക്കണമെന്ന് കണ്ടെത്തും പോലെ വര്‍ഗീയപ്പാര്‍ട്ടിയെന്ന് ആക്ഷേപിക്കപ്പെടുന്ന പാര്‍ട്ടിയുടെ വര്ഗീയപ്പാടുകള് കഴുകിത്തുടച്ച് മതേതരശക്തിയാകാനേയുള്ളൂവെന്ന് സൈദ്ധാന്തികതയിലൂന്നുമ്പോള് എന്തിന്റെയും തുടക്കവും ഒടുക്കവും തമ്മില്‍ കാര്യമായ ബന്ധം വേണമെന്നില്ല. അല്ലെങ്കില്‍ തന്നെ അറബിക്കടലില്‍ ഒഴുകിയെത്തിയ നദികളൊക്കെ ഏതേതെന്ന് വ്യവച്ഛേദിച്ചറിയാന്‍ പ്രാപ്തിയുള്ളവരാര്? ഇനി അഥവാ തിരിച്ചറിയണമെങ്കില്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ അധികാര മോഹക്കൊടുങ്കാറ്റ് ആഞ്ഞടിക്കും കാലത്ത് തിരിച്ചൊഴുകും നദികളുടെ ഗതികാണും വരെ കാത്തിരിക്കണം. പെരുമഴക്കാലത്ത് ഊത്തകള്‍ പാടവരമ്പുകള്‍ ഭേദിച്ച് പ്രവാഹത്തിലേറും പോലൊരു പ്രയാണമെന്ന് അതിനെ കരുതിയാല്‍ മതിയാവും. പറഞ്ഞുവന്നത് നവോത്ഥാന മതിലെന്ന വനിതാമതില്‍ എന്തിനെന്ന് കാലം തെളിയിക്കാനുള്ളതാണെന്ന രാഷ്ട്രീയ പാഠം അറിയാത്തവരാണ് വിവാദമുണ്ടാക്കുന്ന സിന്‍ഡിക്കേറ്റ് പത്രങ്ങളെന്ന് ഇനിയെന്നാണ് നാട്ടുകാര്‍ മനസിലാക്കുന്നത് എന്നാണ.് പ്രത്യേകിച്ച് ലോക്സഭാതിരഞ്ഞെടുപ്പ് പടിവാതില്ക്കല് മുട്ടിവിളിക്കുമ്പോള്‍!
ഇതിനിടയില്‍ കേരളത്തിന്റെ ഫ്ളേട്ട് റിപ്പബ്ലിക്ക് പരേഡില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത അധികം പുകയാതെ അണഞ്ഞുപോയി. കേരള നവോത്ഥാനമായിരുന്നു പ്ലോട്ടിന്റെ വിഷയം. രാജ്യം ഭരിക്കും പാര്‍ട്ടിയുടെ സംസ്ഥാനനേതാക്കള്‍ മാറി മാറി നിരാഹാരം കിടക്കുമ്പോള്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ഫ്ളോട്ട് അങ്ങ് രാജ്യതലസ്ഥാനത്ത് ഉരുട്ടുന്നത് രാഷ്ട്രീയ അഭംഗിയല്ലേ? എന്താണ് ഉരുത്തിരിയുന്ന പാഠമെന്ന് മനസിലായോ? അതായത്, ചരിത്ര പാഠങ്ങളൊക്കെ രാഷ്ട്രീയ താല്പര്യങ്ങള്ക്കായി തരാതരം പോലെ മറിച്ചും തിരിച്ചുമിടാമെന്നതാകാമത്! ഏതായാലും കേരളത്തിന്റെ നവോത്ഥാന ഫ്ളോട്ട് ഡല്‍ഹിയുടെ രാഷ്ട്രീയ മണ്ണില്‍ ഉരുളാന്‍ സമയമെടുക്കും. മധ്യപ്രദേശില്‍, രാജ്യസ്ഥാനില്‍ പുതിയ സര്‍ക്കാരുകള്‍ തിരുത്തപ്പെട്ട ചരിത്രപാഠപുസ്തകങ്ങള്‍ വീണ്ടും തിരുത്തി പഴയതുപോലാക്കാനോ പുതിയതാക്കാനോ തുടങ്ങിയതായി വാര്‍ത്ത കണ്ടു. കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് ജാഗ്രതയോടെ നില്‍ക്കാത്ത സമൂഹത്തിന് വഴിതെറ്റാന്‍ എളുപ്പമാണെന്നു തന്നെ. മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുമ്പോള്‍ വിവാദങ്ങള്‍ കൊഴുപ്പിക്കുമ്പോള്‍, സത്യം വിളിച്ചു പറയാനുള്ള നാവുകള്‍ ഉണരണം.
Related
Related Articles
നിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ
First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27) ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:-
വിദ്യാഭ്യാസ നയം പൊളിച്ചെഴുതാന്‍ എന്തിത്ര തിടുക്കം?
നിപ വൈറസ് ഭീഷണി പൊട്ടിപുറപ്പെടും മുന്‍പേ കേരളത്തില്‍ പുതിയ അധ്യയനവര്‍ഷം കലുഷിതമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഒന്നു മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ കുടക്കീഴിലാക്കി ഹൈസ്കൂള്‍,
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍