ചരിത്രത്തില്‍ ഇടം നേടി 100 വില്ലുവണ്ടി ഘോഷയാത്രകള്‍

ചരിത്രത്തില്‍ ഇടം നേടി 100 വില്ലുവണ്ടി ഘോഷയാത്രകള്‍

എറണാകുളം: ചരിത്രത്തില്‍ ഇടം നേടി കെപിഎംഎസിന്റെ 100 വില്ലുവണ്ടി ഘോഷയാത്രകള്‍. പ്രതീകാത്മകമായി പൂക്കള്‍ വിരിച്ച പാതയിലൂടെ വില്ലുവണ്ടികള്‍ നീങ്ങിയത് ജനങ്ങള്‍ക്ക് നയാനന്ദകരമായി. കോയമ്പത്തൂര്‍, വള്ളിയൂര്‍, പൊള്ളാച്ചി തുടങ്ങിയിടങ്ങളില്‍ നിന്നാണ് 100 വില്ലുവണ്ടികള്‍ എത്തിച്ചത്. നവോത്ഥാന ചരിത്രത്തിലെ സുപ്രധാനവും വിപ്ലവാത്മകവുമായ സംഭവങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ യാത്രയില്‍ അണിനിരന്നു. എറണാകുളം ജില്ലയില്‍ മാത്രം 20 കേന്ദ്രങ്ങളില്‍ ഘോഷയാത്രയും ‘സ്മൃതിപഥം’ സമ്മേളനങ്ങളും നടന്നു. നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തി സമൂഹത്തിലെ ജീര്‍ണതയെ ചെറുക്കുക എന്ന ആഹ്വാനവുമായി കെപിഎംഎസിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്.
എറണാകുളം നഗരത്തില്‍ രാജേന്ദ്രമൈതാനത്തു നിന്ന് തുടങ്ങിയ ഘോഷയാത്ര ലാലന്‍ ടവറില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം ഹൈബി ഈഡന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.വി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി. രാജു, ജിസിഡിഎ ചെയര്‍മാന്‍ വി. സലിം, കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. രമേശന്‍, ജനറല്‍ കണ്‍വീനര്‍ ടി.പി ഷാജി, ഇ.കെ സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാരംഭിച്ച വില്ലുവണ്ടി ഘോഷയാത്ര തൃക്കാക്കര നഗരസഭ കമ്യൂണിറ്റി ഹാളില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം പി.ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ രാജപ്പന്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍, തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.ടി. ഓമന, എം.ടി ശിവന്‍, ഷാജി ഇടപ്പള്ളി, എം.എ ബിജു, രാജു പൊട്ടച്ചാലി എന്നിവര്‍ പ്രസംഗിച്ചു.
പത്തനാപുരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ നേതൃത്വം നല്‍കി. ആചാര ലംഘനങ്ങളിലൂടെയാണ് കേരളം ഇന്നത്തെ നിലയില്‍ എത്തിയത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് സൃഷ്ടിക്കപ്പെട്ടതാണ് ആചാരങ്ങള്‍. നിലവില്‍ മാറ്റപ്പെടേണ്ട ശേഷിക്കുന്ന ആചാരങ്ങള്‍കൂടി ഉന്മൂലനം ചെയ്യാന്‍ പരിഷ്‌കൃത സമൂഹം തയാറാകണമെന്ന് സമ്മേളനത്തില്‍ ശ്രീകുമാര്‍ ആഹ്വാനം ചെയ്തു.
ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് മഹാത്മാ അയ്യന്‍കാളി നയിച്ച അധഃസ്ഥിതന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വില്ലുവണ്ടി യാത്രവിപ്ലവം ഇന്നും പ്രസക്തമാണ്. ആധുനിക കേരളം ചാതുര്‍വര്‍ണ്യത്തിന്റെ ഇരുണ്ട നാളുകളിലേക്ക് തിരികെ നടക്കുന്ന ഈ സാഹചര്യത്തില്‍ ആശയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് കെപിഎംഎസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി ആയിരങ്ങള്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തു.
വില്ലുവണ്ടി വിപ്ലവം
1924ല്‍ വൈക്കം ശിവക്ഷേത്ര പരിസരത്തെ പാതകളില്‍ നിലനിന്ന തീണ്ടല്‍പ്പലകയുടെ ഉഗ്രശാസനത്തെ അതിജീവിച്ച വൈക്കം സത്യഗ്രഹത്തിനും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് മഹാത്മാ അയ്യങ്കാളി നയിച്ച വില്ലുവണ്ടി സമരമാണ് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കേരളത്തിലെ പ്രഥമ പോരാട്ടം. പൊതുനിരത്തുകള്‍ നിഷേധിക്കപ്പെട്ട അധഃസ്ഥിത ജനത സവര്‍ണന്റെ ഹോയ് ഹോയ് ശബ്ദം കേട്ടാല്‍ കാട്ടുപൊന്തകളില്‍ ഒളിക്കണമെന്ന വരേണ്യകല്പനയെ വില്ലുവണ്ടി വിപ്ലവത്തിലൂടെ മറികടക്കുകയും കാടുകളും തോടുകളും താണ്ടി മാത്രം സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരെ പൊതുനിരത്തുകളുടെ അവകാശികളാക്കി മാറ്റുകയും ചെയ്തു.
അവര്‍ണ്ണന് അയിത്തം കല്പിച്ചിരുന്ന വെങ്ങാനൂരിലെ നാട്ടിടവഴികളില്‍ നിന്ന് കവടിയാറിലെ രാജവീഥിയിലേക്ക് സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ വീരോചിതമായ വിപ്ലവ പ്രയാണം നടത്തി. ജാതിവെറിയന്മാരായ സവര്‍ണപ്രമാണിമാര്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി തടസപ്പെടുത്തിയിട്ടും കൈക്കരുത്തുകൊണ്ട് പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച് അയ്യന്‍കാളിയുടെ വില്ലുവണ്ടി അധഃസ്ഥിതന്റെ ചോരകൊണ്ട് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ പുതിയ ചരിത്രമെഴുതി.


Related Articles

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം

ജപമാലയിലെ രഹസ്യങ്ങൾ

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും

ഉത്തമമായ നിയമത്തിന് ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍ വേണം

വിവാഹബന്ധത്തിന് പുറത്ത് സ്ത്രീ പങ്കാളി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ പ്രതിയാകുന്ന പുരുഷനെ ഉള്‍പ്പെടുത്തി ക്രിമിനല്‍ കുറ്റമാക്കുന്ന വകുപ്പുകള്‍ റദ്ദുചെയ്ത് പരമോന്നത കോടതി നടത്തിയ വിധി പ്രസ്താവം മാധ്യമങ്ങള്‍ വാര്‍ത്താ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*