ചരിത്രപരതയുടെ ക്രിസ്മസ്‌

ചരിത്രപരതയുടെ ക്രിസ്മസ്‌

‘ആര്‍ക്കറിയാം’ സക്കറിയായുടെ പ്രസിദ്ധമായ കഥയാണ്. ക്രിസ്മസിന്റെ അതി മഹത്തായ രഹസ്യങ്ങളിലേക്ക് വായനക്കാരെ ക്ഷണിക്കുന്ന ഉജ്ജ്വലമായ സര്‍ഗസൃഷ്ടി. ഗണികാഗൃഹത്തിലേക്ക് പട്ടാളക്കാരന്‍ ക്ഷീണിതനായി എത്തുകയാണ്. അന്ന് മുഴുവന്‍ അയാള്‍ക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. ഹേറോദിന്റെ ആജ്ഞ നിറവേറ്റാന്‍ പോയതാണയാള്‍. കുഞ്ഞുങ്ങളുടെ ചോരവീണ് നനഞ്ഞ വസ്ത്രങ്ങളും വാളുമായി അയാള്‍ വന്നു. അയാള്‍ക്ക് കുളിക്കണം. ആ വീടിന്റെ ഉടമസ്ഥയായ മുതിര്‍ന്ന സ്ത്രീയുടെ ചോദ്യങ്ങള്‍ കേട്ട് അയാള്‍ മുഖം കുനിക്കുന്നു. കുഞ്ഞുങ്ങളുടെ നേരെ വാളുയര്‍ത്തുമ്പോള്‍ തങ്ങള്‍ കൊല്ലപ്പെടാന്‍ പോകുകയാണെന്ന് അവര്‍ അറിഞ്ഞിരുന്നോ എന്നവര്‍ ചോദിക്കുന്നു. കുഞ്ഞുങ്ങള്‍ക്കെന്തറിയാം? അവര്‍ക്കെന്ത് മരണബോധം? അയാള്‍ മുഖം കുനിച്ചിരിപ്പാണ്. ആരോടാണീ യുദ്ധവും കൊലയും എന്ന അസാമാന്യമായ ധാര്‍മിക ചോദ്യം അവരുടെ വര്‍ത്തമാനത്തില്‍ ഉയരുന്നുണ്ട്. ”അയാള്‍ തന്റെ രണ്ടു കൈകളും കൂട്ടിയമര്‍ത്തി അവയില്‍ നോക്കിക്കൊണ്ട് പറഞ്ഞു: ആര്‍ക്കറിയാം. ഒരു പക്ഷേ, എന്റ ഈ കൈകളില്‍ തൂങ്ങിക്കിടന്ന് യഹൂദന്മാരുടെ രക്ഷകന്‍ ഇന്ന് മരിച്ചു. ഉടമസ്ഥ പറഞ്ഞു: അതെ, ആര്‍ക്കറിയാം. പട്ടാളക്കാരന്‍ മുന്നോട്ടാഞ്ഞ് അവരുടെ മുഖത്തുനോക്കിക്കൊണ്ടു ചോദിച്ചു: ഇത്ര ആയിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ ഒരു രക്ഷകന്‍ വരുന്നത്? കുറെക്കഴിഞ്ഞ് അയാള്‍ പറഞ്ഞു: ഒരു രക്ഷകന്‍ മഹിമയോടെയല്ലേ വരേണ്ടത്? ആ കുഞ്ഞ് ഈ ചോരയ്‌ക്കെല്ലാം ഉത്തരം പറയേണ്ടേ? അവനെങ്ങനെ ഈ കടം വീട്ടും? പട്ടാളക്കാരന്‍ പറഞ്ഞു: ഇവന്‍ രക്ഷപ്പെട്ടുവെങ്കിലല്ലേ? ആര്‍ക്കറിയാം. പട്ടാളക്കാരന്‍ വീണ്ടും പറഞ്ഞു: മറിച്ച് അവനെ നിങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍, നിങ്ങള്‍ ആദ്യം വധിച്ചത് അവനെയായിരുന്നുവെങ്കില്‍ മറ്റു കുഞ്ഞുങ്ങള്‍ക്ക് മരിക്കേണ്ടി വരില്ലായിരുന്നു. പക്ഷേ, അപ്പോള്‍… പട്ടാളക്കാരന്‍ പറഞ്ഞു: രക്ഷകന്റെ വരവ് സംഭവിക്കില്ല. ഇനിയാവട്ടെ, സാധ്യതയെങ്കിലുമുണ്ട്. ഇല്ലേ? ഉടമസ്ഥ പറഞ്ഞു: ശരിയാണ്. അവള്‍ കൈനീട്ടി അയാളുടെ കാല്‍മുട്ടില്‍ തൊട്ടുകൊണ്ടു പറഞ്ഞു: നമുക്ക് രക്ഷകന്മാരെ വേണം. ചോരയിലൂടെയോ പ്രതാപത്തിലൂടെയോ അവര്‍ വരട്ടെ. പട്ടാളക്കാരനും വേശ്യയ്ക്കും രക്ഷകന്മാരെ വേണം.
ഈ വര്‍ത്തമാനങ്ങള്‍ക്കിടയിലെപ്പോഴോ ആ വീട്ടില്‍ രക്ഷകന്‍ ജീവനോടെയുള്ളതിന്റെ സൂചന കിട്ടുന്നു. പട്ടാളക്കാരന്‍ അതെപ്പറ്റി അറിയുന്നുണ്ട്. എന്തെന്നില്ലാതെ അയാള്‍ പക്ഷേ ഉദാരവാന്‍ ആകുകയാണ്. അന്നു രാത്രിയില്‍ തളര്‍ന്നുറങ്ങുന്ന പട്ടാളക്കാരനരികിലൂടെ തങ്ങളുടെ നവജാത ശിശുവിനെയുമെടുത്ത് ഒരു സ്ത്രീയും പുരുഷനും പുറത്തേയ്ക്ക് പോകുന്നു. ആ വീട്ടിലെ സ്ത്രീകള്‍ അവരെ മുറ്റം വരെ അനുഗമിക്കുന്നു. മുറ്റത്ത് സംജാതമായി നിന്ന കഴുതപ്പുറമേറി അവര്‍ യാത്രായാകാന്‍ തുടങ്ങുന്നു. കുഞ്ഞിനെ മാറോടടുപ്പിച്ച് അമ്മ എല്ലാവര്‍ക്കും നന്ദി പറയുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യുപകാരവും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ എന്ന് അമ്മ ഖേദിക്കുന്നു. ഉടമസ്ഥ പറഞ്ഞു: ഉവ്വ്. നിന്റെ മകന്‍ വളര്‍ന്ന് രാജാവാകുമ്പോള്‍ ഞങ്ങളെയും രക്ഷിക്കാന്‍ പറയൂ. ഞങ്ങള്‍ വേശ്യകളാണ് പക്ഷേ, അമ്മയുടെ വാക്ക് അവന്‍ അനുസരിക്കും. അമ്മയുടെ വാക്ക് അനുസരിക്കുന്ന, തഴയപ്പെട്ട ജനസമൂഹത്തെ രക്ഷിക്കുന്ന രക്ഷകന്റെ ജനനത്തെ സക്കറിയായുടെ കഥ അടയാളപ്പെടുത്തുന്നു.
ക്രിസ്മസിന്റെ വെട്ടം ഇരുള്‍മൂടുന്ന പുതുകാല പ്രതിഭാസങ്ങളെ കാണാനുള്ളതു തന്നെ. ക്രിസ്മസ് സുവിശേഷം പറയുന്ന ഭരണ വര്‍ഗ അതിക്രമങ്ങളുടെ കഥകള്‍ ചരിത്രത്തിനുവെളിയിലല്ലല്ലോ. ചരിത്രത്തിലുടനീളം അത് ആവര്‍ത്തിക്കപ്പെടുന്നു. ഡോക്യുമെന്ററി സംവിധായകനായും പത്രപ്രവര്‍ത്തകനായും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ജോണ്‍ പില്‍ഗര്‍, ‘ഫ്രണ്ട്‌ലൈന്‍’ മാഗസിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തില്‍ ആഗോളതലത്തില്‍ നടക്കുന്ന യുദ്ധവെറികളുടെയും ആയുധമത്സരത്തിന്റെയും കഥകള്‍ പറയുന്നുണ്ട്. ആയുധങ്ങള്‍ ശേഖരിക്കുന്നതിന്റെ, ആയുധ വ്യവസായത്തിന്റെ, മുന്‍ഗണനാക്രമില്ലാതെ രാഷ്ട്രത്തിന്റെ സമ്പത്ത് യുദ്ധക്കോപ്പുകള്‍ക്കായി ചെലവാക്കുന്നതിന്റെ, യുദ്ധ വ്യവസായത്തിന്റെയൊക്കെ ചരിത്രമാണ് പില്‍ഗര്‍ പറയുന്നത്. ആര്‍ക്കുവേണ്ടിയാണിതെല്ലാം? ആരോടാണ് രാഷ്ട്രങ്ങള്‍ യുദ്ധം ചെയ്യുന്നത്? കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്ന, ശുദ്ധ ജലം കിട്ടാക്കനിയാകുന്ന, ആരോഗ്യമേഖല താറുമാറാകുന്ന അടിസ്ഥാന സൗകര്യവികസനം ജലരേഖയാകുന്ന കാലത്ത് ഭൂമിയില്‍ തീമഴ പെയ്യിക്കാന്‍ കോടാനുകോടികള്‍ ചെലവിടുന്നതിന്റെ ഭ്രാന്തന്‍ നാടകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. വമ്പന്‍ വ്യവസായികള്‍ തമ്മിലുള്ള ആയുധ വ്യാപാരങ്ങള്‍ക്കിടയിലെ ലാഭതര്‍ക്കങ്ങളാണല്ലോ നാട്ടിലെ പത്രവാര്‍ത്തകളായി നിറയുന്നത്. റഫേല്‍ ഇടപാടും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും ബോഫോഴ്‌സുമെല്ലാം വായിച്ചുരസിക്കാവുന്ന ഫാന്‍സികഥകള്‍ പോലെ പത്രങ്ങള്‍ പുഴുങ്ങി വിളമ്പുമ്പോള്‍ അറിയണം കോടിയുടെ കഥകളില്‍ മുങ്ങിപ്പോകുന്നത് കര്‍ഷകന്റെയും തഴയപ്പെട്ടവന്റെയും അഭയാര്‍ത്ഥികളുടെയും കണ്ണീരിന്റെ ചരിത്രമാണ്. അതുകൊണ്ട് നമ്മുക്ക് രക്ഷകന്മാരെ വേണം.
സക്കറിയായുടെ കഥയിലെ പട്ടാളക്കാരന്‍ പറയുന്നതു പോലെ ‘ആരോടാണീ യുദ്ധം’ എന്ന് ചോദിക്കുന്ന ചരിത്ര സന്ധികളിലെല്ലാം ക്രിസ്മസ് സംഭവിക്കുന്നുണ്ട്.
ക്രിസ്മസ് പറയുന്ന ചരിത്രപാഠങ്ങള്‍, സാമൂഹ്യചരിത്രങ്ങള്‍, പുതുയുഗസന്ദേശങ്ങള്‍ വേണ്ടത്ര കൃത്യതയോടെ അതത് കാലത്തിനു നല്‍കാന്‍ സഭാസമൂഹങ്ങള്‍ക്ക് കഴിയേണ്ടതാണ്. ക്രിസ്മസിന്റെ അടയാളങ്ങളെ ആഘോഷത്തിന്റെ സമവാക്യമായി അവതരിപ്പിക്കുന്ന കച്ചവടകാലത്ത് ക്രിസ്മസ് എന്നത് പ്രതിരോധത്തിന്റെ അടയാളമാണെന്ന് പറയേണ്ടതല്ലേ? ക്രിസ്മസ് രാവില്‍ അടയാളപ്പെടുന്ന ദൈവശാസ്ത്ര പ്രമേയങ്ങളെല്ലാം ചരിത്രത്തിന്റെ വെള്ളവും വളവും നുകര്‍ന്നാണ് പ്രകാശിതമാകുന്നത്. അവരവരുടെ ആഘോഷങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും തീര്‍ത്ഥാടന മഹാമഹങ്ങളും നടന്നുകൊണ്ടിരിക്കേ, അന്തിയുറങ്ങാന്‍ കുര അന്വേഷിച്ച് കുഞ്ഞിനെപെറാന്‍ സ്വകാര്യതയുടെ ഒരു കീറ് സ്ഥലം തിരക്കി രണ്ട് മനുഷ്യര്‍ അലയുന്നുവെന്ന് സുവിശേഷകന്‍ എഴുതുമ്പോള്‍ അത് വൈകാരികതയില്‍ പൊതിഞ്ഞെടുത്ത പൈങ്കിളിക്കഥയായി വായിച്ചെടുക്കരുത്. ആശുപത്രിയില്‍ പോകാന്‍ വാഹനമില്ലാതെ മലമ്പാതകള്‍ താണ്ടി, മുളങ്കമ്പില്‍ കെട്ടിയ തുണിയില്‍ ഗര്‍ഭിണിയെ ചുമന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്, അവിടെ പടിവാതില്‍ക്കല്‍ പിന്നെയും മണിക്കൂറുകള്‍ കാത്തുകെട്ടി കിടക്കേണ്ടിവരുന്ന ആദിവാസികളെ ഈ ചരിത്ര നിമിഷം ഓര്‍മപ്പെടുത്തുന്നില്ലേ? ഇത് പത്രവാര്‍ത്തകളിലെ ചില കൗതുകങ്ങള്‍ മാത്രമാണെന്നും അതിന് അത്രയ്ക്ക് മാത്രമുള്ള പ്രാധാന്യം കൊടുത്താല്‍ മതിയെന്നും ചിന്തിച്ചാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പത്തില്‍ ചുരുക്കിക്കെട്ടാനാകും. പിന്നെ സമാധാനമായി ക്രിസ്മസ് ലഞ്ച് കഴിക്കാനാകും. കരോള്‍ ഗാനങ്ങള്‍ പാടാനാകും. ടെലിവിഷന്‍ വാരിക്കോരി തരുന്ന ചാനല്‍പ്പരിപാടികള്‍ കണ്ട് നിര്‍വൃതിയടയാനാകും.
മതസംവിധാനത്തിന്റെയും രാഷ്ട്രീയ-ഭരണകൂട സംവിധാനത്തിന്റെയും അടിച്ചമര്‍ത്തല്‍ നയങ്ങള്‍ മൂലം അരികിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട വലിയ വിഭാഗം ആളുകളുണ്ടായിരുന്ന പാലസ്തീനായില്‍, പ്രത്യാശയുടെ ഏതു സ്വരത്തിനും ചെവിയോര്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. അമിതമായ നികുതിഭാരവും കാര്‍ഷിക വ്യവസ്ഥയുടെ തകര്‍ച്ചയും മീന്‍പിടുത്തത്തൊഴിലാളികള്‍ നേരിട്ട ചൂഷണങ്ങളും ജനങ്ങളെ ഞെരുക്കിയിരുന്നു. ചെറിയ തീപ്പൊരികള്‍ വലിയ കലാപാഗ്നിയായി പടര്‍ന്നു. എങ്ങും ഇരുട്ടിന്റെ കനത്ത തിരശ്ശീല വീണപോലെ ജനങ്ങള്‍ അസ്വസ്ഥരായിരുന്നു. അതുകൊണ്ടാണ് അവിടുത്തെ നക്ഷത്രം ഉദിക്കുന്നത് അന്ധകാരത്തില്‍ കഴിഞ്ഞ ജനങ്ങളുടെ മേലാണ് എന്ന വാക്യം തിളക്കമുള്ളതാകുന്നത്. സ്വര്‍ഗത്തിന്റെ പാട്ട് വിരിഞ്ഞത് ചൂഷണവിധേയരായവരുടെയും ദളിതാനുഭവത്തില്‍ മുറിഞ്ഞ മനുഷ്യരുടെയും മീതെയാണ.് ക്രിസ്മസിനെക്കുറിച്ചുള്ള സുവിശേഷ ആഖ്യാനങ്ങള്‍ മുഴുവന്‍ ചരിത്രപരമായ പൊള്ളുന്ന ജീവിതാനുഭവങ്ങളോട് ഇഴചേര്‍ന്ന് കിടക്കുന്നു. മാംസത്തില്‍ വിരിയുന്ന വാക്ക് ആകാശത്തിന്റെ തെളിച്ചങ്ങളെ ഭൂമിയുടെ സമാധാനമാക്കി മാറ്റി. അത്യുന്നതങ്ങളുടെ മഹത്വം ഭൂമിയുടെ മീതെ സമാധാനത്തിന്റെ മഞ്ഞ് പൊഴിയുമ്പോള്‍ മാത്രമുണ്ടാകുന്നത്; ആകാശം നീതിമാനെ വര്‍ഷിക്കുമ്പോള്‍ മാത്രം സംഭവിക്കുന്നത്.
ക്രിസ്മസ് എന്ന ദിനത്തിന്റെ ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതാണ്. ‘ക്രൈസ്തവ മുക്തഭാരതം’ എന്ന മുദ്രാവാക്യമുയര്‍ത്തി സമൂഹത്തെ വിഷമയമാക്കാന്‍ ശ്രമിക്കുന്ന സംഘടനകളും അവര്‍ക്കുള്ള രാഷ്ട്രീയ പിന്തുണയും ഇന്ത്യയുടെ മതേതര സ്വഭാവത്തിന് ഇണങ്ങാത്ത രീതിയില്‍ നിലകൊള്ളുന്നു. നിലവിലെ ഭരണകൂടം അധികാരം കൈയാളിയതിനുശേഷമുള്ള ഓരോ ക്രിസ്മസ് ദിനവും ഈസ്റ്ററാഘോഷവും ഏതെങ്കിലും രീതിയില്‍ സമ്മര്‍ദ്ദത്തിന് വിധേയമായിട്ടുണ്ട്. ക്രിസ്മസ് കരോള്‍ സംഘങ്ങള്‍ ആക്രമിക്കപ്പെട്ടതും വൈദികരും സെമിനാരിക്കാരും ജയിലിലടയ്ക്കപ്പെട്ടതും കഴിഞ്ഞ ക്രിസ്മസ് രാവിലാണ്. കേരളത്തിന്റെ സ്വാസ്ഥ്യപൂര്‍ണമായ ക്രിസ്മസ് രാവ് ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിലും ലഭ്യമല്ലായെന്ന് സമീപകാല സംഭവങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. വ്യത്യസ്തതയോടെ ആത്മീയാനുഭവം ജീവിക്കുന്ന ചെറിയൊരു വിശ്വാസീസമൂഹത്തെ ഉള്‍ക്കൊള്ളാതിരിക്കാന്‍ മാത്രം ഇന്ത്യയുടെ മതേതര സങ്കല്പം സങ്കുചിതമായി പോകുന്നുണ്ടെങ്കില്‍, അതിനെതിരായ ജാഗ്രതയായി കൂടി ക്രിസ്മസ് ദിനത്തെ ഈ വിശ്വാസീസമൂഹം കണ്ടെടുക്കേണ്ടതായുണ്ട്. അടിച്ചമര്‍ത്തലിന്റെ എല്ലാ ഘടനകള്‍ക്കുമെതിരായ നിലപാടു കൂടിയായിരുന്നല്ലോ ക്രിസ്തുവിന്റേത്.
കേരളത്തിന്റെ മദ്യനയത്തിനെതിരായ ക്രൈസ്തവ വിശ്വാസീസമൂഹത്തിന്റെ നിലപാടറിയിക്കാന്‍ ഈ ക്രിസ്മസ് ദിനത്തില്‍ പ്രതിജ്ഞാബദ്ധരാകേണ്ടതുമാണ് നമ്മള്‍. ക്രിസ്മസ് മുതല്‍ നവവത്സരം വരെ വിറ്റഴിയുന്ന മദ്യത്തിന്റെ സമ്പത്തിലാണ് സര്‍ക്കാരിന്റെ സാമ്പത്തികബലം കുടികൊള്ളുന്നത് എന്ന അറിവ് ലജ്ജാകരമാണ്. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെ നോയമ്പുദിനങ്ങളെ കുപ്പി പൊട്ടിച്ചാഘോഷിക്കുന്ന ക്രിസ്മസ് ദിനമായി തീര്‍ക്കുന്ന ആഘോഷം ഇല്ലാതിരിക്കുന്നതാണ് ഉചിതം.
ക്രിസ്മസ് വെറും ആഘോഷം മാത്രമല്ല; നിലപാടും തിരിച്ചറിവും കൂടിയാണത്. ആയതിലേയ്‌ക്കൊരു നോട്ടം സാധ്യമാകട്ടെ.


Related Articles

പുതുജീവിതത്തിലേക്കുള്ള ചുവടുവയ്പ്

കൊവിഡ് കാലത്തെ മരണഭീതിയെക്കാള്‍ നമ്മെ അലട്ടുന്നത് ഈ മഹാമാരി സൃഷ്ടിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത നമ്മുടെ മാനസികാവസ്ഥയാണ്. അസാധാരണമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്നു. സമൂഹജീവിയായ മനുഷ്യന്

കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണം: ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം-

എറണാകുളം: കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സംയുക്തമായി കേന്ദ്രത്തോട് ശുപാര്‍ശചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ

ചെല്ലാനം തീരസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തു താമസിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും ദുരിതമാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*