ചരിത്രപുരുഷനായ പത്രാധിപര്‍ പി. സി വര്‍ക്കി

ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് അന്‍പതിലധികം വര്‍ഷം പത്രാധിപരായിരുന്ന എത്രപേര്‍ ഉണ്ടെന്ന സ്വന്തം ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്റെ അന്വേഷണം തുടരുന്നുണ്ട്. സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി. വര്‍ക്കി മാത്രമാണ് ആ ചരിത്രപദവിക്ക് അര്‍ഹന്‍. ഈ ചരിത്രവസ്തുത അടിവരയിട്ട് രേഖപ്പെടുത്താനാണ് ഇന്ത്യയിലെ പത്രാധിപരുടെ സേവനദൈര്ഘ്യത്തെക്കുറിച്ച് ഞാന്‍ അന്വേഷിച്ചത്. 52 വര്‍ഷം സത്യനാദത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ച പി.സി. വര്‍ക്കി മാധ്യമലോകത്തെ ഉന്നതസ്ഥാനീയനാണ്. 1876 മേയ് മൂന്നാം തീയതി എറണാകുളം ജില്ലയിലെ പള്ളിപ്പുറത്തെ പാലതന്‍ കുടുംബത്തില്‍ വര്‍ക്കി ജനിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് ഹൈസ്കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സെന്റ് ആല്‍ബര്‍ട്ട്സില്‍ തന്നെ അധ്യാപകനായി പൊതുജീവിതം ആരംഭിക്കാന്‍ വര്‍ക്കിക്ക് ഭാഗ്യം സിദ്ധിച്ചു. ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ അദ്ദേഹം മികവാര്‍ന്ന പരിജ്ഞാനം നേടി. കത്തോലിക്കാ സമുദായനേതാവ്, നിയമസഭാ സാമാജികന്, പത്രാധിപര്‍ എന്നീ നിലകളില്‍ ശോഭിച്ച അദ്ദേഹത്തിന് പത്താംപീയൂസ് പാപ്പ ‘ബേനെമെരേന്തി’ എന്ന ബഹുമതി നല്കി ആദരിച്ചു. 1951 മെയ് 3ന് തന്റെ 76-ാമത്തെ വയസില്‍ പത്രാധിപരായിരിക്കെ പി.സി.വര്‍ക്കി നിര്യാതനായി. ഫാ. ജോര്‍ജ് വെളിപ്പറമ്പില്‍ രചിച്ച ‘സത്യനാദത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തില്‍ അദ്ദേഹത്തിന്റെ ജീവിതകഥ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
പത്രങ്ങളുടെ നടത്തിപ്പില്‍ രണ്ടു തരത്തിലുള്ള നിക്ഷേപങ്ങള്‍ ആവശ്യമാണ്. ഒന്നു സാമ്പത്തികം. രണ്ട് ബൗദ്ധികം. കേരള ചരിത്രത്തില്‍ ഇത്തരം നിക്ഷേപങ്ങള്‍ നടത്താന്‍ തക്കവിധം വ്യക്തികളും സമുദായങ്ങളും ശക്തിപ്രാപിക്കുന്നത് 1860കളോടെയാണ്. 1864 മുതല്‍ 1890 വരെ ഇരുപത്തിരണ്ട് പത്രമാധ്യമങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങി. സത്യനാദകാഹളം (1876), നസ്രാണി ദീപിക (1887) മലയാളി (നായര്‍), കേരള ദീപകം (മുസ്ലിം)എന്നിവ സമുദായങ്ങളുടെ പത്രങ്ങളായിരുന്നു. പശ്ചിമതാര (1864), സന്ദിംഷ്ടവാദി (1867), കേരളമിത്രം (1881), കേരള പത്രിക (1854), കേരള സഞ്ചാരി (1886), മലയാള മനോരമ (1888) തുടങ്ങിയവയാണ് സ്വകാര്യ വ്യക്തികള്‍ നടത്തിയ പത്രങ്ങളില്‍ പ്രധാനം. ദേവ്ജിഭീംജി, ചെങ്കുളത്ത് വലിയ കുഞ്ഞിരാമമേനോന്, പൂവാടന്‍ രാമന് വക്കീല്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള എന്നീ സമ്പന്നരായിരുന്നു ഇതിന്റെ നടത്തിപ്പുകാര്‍. വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍, സി. വി രാമന്‍പിള്ള തുടങ്ങിയ ബുദ്ധിജീവികളായിരുന്നു അക്കാലത്തെ പ്രമുഖ പത്രപ്രവര്‍ത്തകര്‍. ആ നിരയില്‍ തന്നെയാണ് കഥാനായകനായ പി.സി വര്‍ക്കിയും.
കൂനമ്മാവ് അമലോത്ഭവ മാതാവിന്റെ അച്ചുകൂടത്തില്‍ നിന്നു പ്രസിദ്ധീകരണമാരംഭിച്ച സത്യനാദകാഹളത്തിന്റെ പത്രാധിപര്‍ കര്‍മ്മലീത്താ സഭാംഗമായിരുന്ന ഫാ. ലൂയിസ് വൈപ്പിശ്ശേരിയായിരുന്നു. മഞ്ഞുമ്മലില്‍ താമസിച്ചിരുന്ന ഫാ. ലൂയിസ് കഠിനാധ്വാനം മൂലം രോഗബാധിതനായി. മഞ്ഞുമ്മലില്‍ നിന്ന് എറണാകുളത്തെത്തി പത്രാധിപരുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹം ഏറെ ക്ലേശിച്ചു. ആ അവസ്ഥയിലാണ് ഫാ. ലൂയിസ് പി. സി. വര്‍ക്കിയോട് സത്യനാദകാഹളത്തിന്റെ പത്രാധിപരാകാന്‍ ആവശ്യപ്പെടുന്നത്. 1899 സെപ്തംബര്‍ 10-ാം തീയതി വര്‍ക്കി ആ ദൗത്യം ഏറ്റെടുത്ത് സഹപത്രാധിപരായി. കുറഞ്ഞകാലം കൊണ്ട് ആ 27 വയസുകാരന് പത്രപ്രവര്‍ത്തനത്തില്‍ പ്രാവീണ്യം നേടി പത്രാധിപപദവിയിലേക്ക് ഉയര്‍ന്നു. മരണം വരെ ആ പദവിയില്‍ പ്രശംസനീയമാംവിധം സേവനം ചെയ്ത് ചരിത്രപുരുഷനാകുകയും ചെയ്തു. ആ പത്രാധിപരുടെ സദ്ഫലങ്ങളാണ് പിന്നീട് ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവുന്നത്. 1899ല്‍ സത്യനാദകാഹളത്തിന്റെ പേരു പരിഷ്ക്കരിച്ചു. കാഹളം ഉപേക്ഷിച്ച് സത്യനാദമെന്നാക്കി. പുസ്തകരൂപത്തില്‍ നിന്ന് ഡമ്മി വലിപ്പത്തിലുള്ള പത്രരൂപത്തിലാക്കി. 1900ല്‍ മാസത്തില്‍ രണ്ട് പതിപ്പുകള്‍ എന്നത് മൂന്നാക്കി ഉയര്‍ത്തി. 1904ല്‍ മാസത്തിലെ എല്ലാ ആഴ്ചയിലും (വെള്ളിയാഴ്ചതോറും) പ്രസിദ്ധീകരിക്കുന്ന അവസ്ഥയിലേക്ക് സത്യനാദം ഉയര്‍ന്നു. അക്കാലത്തെ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ ഇത് ഒരു കുതിച്ചുകയറ്റം തന്നെയാണ്. സത്യനാദത്തിന്റെ ഉള്ളടക്കത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. ഈടുറ്റ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാകവി ഉള്ളൂര്‍, കെ. പി. കേശവമേനോന്, സി. അന്തപ്പായി, കട്ടക്കയം, ഡോ. പി. ജെ. തോമസ്, ഐ. സി ചാക്കോ, പുത്തേഴത്ത് രാമന്മേനോന് എന്നിവരൊക്കെയായിരുന്നു പ്രധാന എഴുത്തുകാര്‍. 1911ഓടുകൂടി ഐ. എസ്. പ്രസ്സില്‍ നല്ലൊരു ബ്ലോക്ക് സ്റ്റുഡിയോ ആരംഭിച്ചു. അതോടെ സത്യനാദം കേരളത്തിലെ ആദ്യത്തെ സചിത്ര വാരികയായി തീര്‍ന്നു. ഒന്നാം പേജില്‍ സ്വന്തം ലേഖകന്മാരുടെ വാര്‍ത്തകളും പത്രാധിപര്‍ക്കുള്ള കത്തുകളും രണ്ടാം പേജില്‍ മുഖപ്രസംഗവും പ്രധാന വാര്‍ത്തകളും പ്രസിദ്ധീകരിച്ചുവന്നു. അന്താരാഷ്ട്ര വാര്‍ത്തകള്‍, സമസ്ത കേരളം, പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങിയ സ്ഥിരം പംക്തികളും വായനക്കാരെ തൃപ്തരാക്കി. എറണാകുളം വാര്‍ത്തകള്‍ സത്യനാദത്തിലെ ഒരു പ്രധാന കോളമായിരുന്നു. 1914ല്‍ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം മുതല്‍ യുദ്ധവാര്‍ത്തകള്‍ സവിസ്തരം സത്യനാദത്തിലുണ്ടായിരുന്നു. മുഖപ്രസംഗങ്ങളുടെ കാര്യത്തിലും സത്യനാദം ചരിത്രം കുറിച്ചു. അന്നേവരെ സഭാവിഷയങ്ങള്‍ മുഖപ്രസംഗങ്ങളാക്കിയിരുന്ന വാരിക സാമൂഹികരാഷ്ട്രീയ വിഷയങ്ങള്‍ മുഖപ്രസംഗങ്ങളാക്കി. പി. സി. വര്‍ക്കി രാഷ്ട്രീയ പ്രബുദ്ധതയുള്ള നല്ല പത്രാധിപരും രാഷ്ട്രീയ ആചാര്യനുമായിരുന്നു. ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും മാത്രമല്ല അന്തര്‍ദേശീയ വിഷയങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. 1904ല്‍ അദ്ദേഹമെഴുതിയ ‘ഭാരതത്തില്‍ ഉപ്പുനികുതി, തിരുവിതാംകൂറില്‍ ഉപ്പ്’ എന്നീ രണ്ടു മുഖപ്രസംഗങ്ങള്‍ ഇതിനുദാഹരണമാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും സത്യനാദത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തി.
കൊച്ചി സംസ്ഥാനത്തിന്റെയും വിശേഷിച്ച് കൊച്ചി തുറമുഖത്തിന്റെയും എറണാകുളം പട്ടണത്തിന്റെയും വികസനത്തിനു വേണ്ടി സത്യനാദവും അതിന്റെ പത്രാധിപരും സവിശേഷ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. സത്യനാദത്തിലെ ചില വാര്‍ത്തകള്‍ വികസനോത്മുഖ പത്രപ്രവര്‍ത്തനത്തിന് ഉദാഹരണമാണ്. മട്ടാഞ്ചേരിയിലെ വൈദ്യുതിദീപങ്ങള്‍ (1924 ജൂണ്‍ 24) കടലാക്രമണം (1924 സെപ്റ്റംബര്‍ 13) ചിറ്റൂര്‍ റോഡ് (1924 ഓക്ടോബര്‍ 4) തീവണ്ടിക്കാര്യം (1929 മാര്‍ച്ച് 26) കൊച്ചി തുറമുഖവും എറണാകുളവും (1929 ജനുവരി 12) സര്‍വീസിലെ അസമത്വം (1929 ഒക്ടോബര്‍ 29) എന്നിവയെല്ലാം ഇത്തരത്തില്‍ എടുത്തുപറയാവുന്നതാണ്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ആധുനിക ജീവിതത്തിന്റെ ഗുണഫലങ്ങള്‍ സമുദായത്തിനു ലഭിക്കൂ എന്ന് സത്യനാദം നിരന്തരം എഴുതി. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും ജാതി വിവേചനത്തിനെതിരെയും പത്രം ഉറച്ച നിലപാടെടുത്തു. ഭൂപരിഷ്കരണത്തിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്ന ഇന്നത്തെ കേരളസമൂഹം 1914 ഒക്ടോബര്‍ 14ന് ജന്മി കുടിയാന് നിയമം എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം എഴുതിയ പത്രാധിപര്‍ പി. സി വര്‍ക്കിയെ നവോത്ഥാന നായകനായി തന്നെയാണ് ഉള്‍ക്കൊള്ളേണ്ടത്.
സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിലെ നിറവാര്‍ന്ന സാന്നിധ്യം കൊണ്ട് രാഷ്ട്രീയ രംഗത്തും പി. സി വര്‍ക്കി ശ്രദ്ധാകേന്ദ്രമായി. കൊച്ചിന് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് വര്‍ക്കി നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. കൗണ്‍സിലില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഉജ്ജ്വലങ്ങളായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനെയും സഹോദരന് അയ്യപ്പനെയും ടി. കെ. നായരെയും വിമര്‍ശിക്കാന്‍ അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 1947 ഒക്ടോബര്‍ 10ന് നടത്തിയ പ്രസംഗം ഇന്നും പ്രസക്തമാണ്. ജനപ്രതിനിധി സഭകളുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി (1888-1988) കേരള നിയമസഭ പ്രസിദ്ധീകരിച്ച സ്മരണികയില്‍ തിരഞ്ഞെടുത്ത നിയമസഭാ പ്രസംഗങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
””എന്നെ പത്രപ്രവര്‍ത്തകന്മാരുടെ പ്രതിനിധിയായി ഈ കൗണ്സിലേയ്ക്കു നോമിനേറ്റു ചെയ്ത ഗവണ്മെന്റിനോട് പ്രത്യേകിച്ച് മുന്‍പ്രധാനമന്ത്രിയോട് പത്രപ്രവര്‍ത്തകസംഘത്തിന്റെ പേരില്‍ ഞാന്‍ കൃതജ്ഞത പ്രകാശിപ്പിച്ചുകൊള്ളുന്നു. പത്രപ്രവര്‍ത്തകരോടുള്ള പ്രത്യേകാദരമാണ് ഈ പ്രവൃത്തിയാല്‍ ഗവണ്മെന്റു പ്രത്യക്ഷപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഞാന്‍ ഒരു മാപ്പുസാക്ഷിയായിട്ടല്ല ഇവിടെ വന്നിരിക്കുന്നതെന്നു ധരിക്കേണ്ടതാണ്. ഗവണ്മെന്റു എന്നെ നാമകരണം ചെയ്തതില്‍ ഹൃദയപൂര്‍വ്വമായ നന്ദിയുണ്ടെങ്കിലും ആര്‍ക്കും വേണ്ടാത്ത ഈ ബില്ലിനെ എന്റെയും എന്റെ സഹപ്രവര്ത്തകന്മാരുടെയും പേരില്‍ ഞാന്‍ സര്വ്വശക്തിയോടുകൂടി എതിര്‍ക്കുന്നു. ഈ ബില്ലില്‍ പത്രങ്ങളെയും പത്രപ്രവര്‍ത്തകരെയും സംബന്ധിച്ചുള്ള കര്‍ക്കശമായ വ്യവസ്ഥകളെപ്പറ്റിയാണ് പ്രധാനമായി പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. ചില സംഘടനകള്‍ ഇതാവശ്യമാണെന്നുള്ള അഭിപ്രായം പുറപ്പെടുവിച്ചിരിക്കെ എന്തുകൊണ്ടാണ് ഇത് ആര്‍ക്കും വേണ്ടാത്ത ബില്ലാണെന്നു പറയുന്നതെന്നു നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. ഈ ബില്ലിന്റെ പൂര്‍വ്വചരിത്രം കേള്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞതു ശരിയാണെന്നു നിങ്ങള്‍ക്കു ബോദ്ധ്യമാകും. ശ്രീ. ടി. കെ. നായര്‍ പ്രധാനമന്ത്രിയായപ്പോള്‍ ഇതുവേണം. എന്നാല്‍ ശ്രീ. ടി. കെ. നായര്‍ ജനപ്രതിനിധിയായിരുന്നപ്പോള്‍ ഇതാവശ്യമില്ലായിരുന്നു. ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോന് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇതുവേണം. എന്നാല്‍ ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോന് ജനപ്രതിനിധിയായിരുന്നപ്പോള്‍ ഇതാവശ്യമില്ലായിരുന്നു. ശ്രീ. കെ. അയ്യപ്പന് മന്ത്രിയായിരുന്നപ്പോള്‍ ഇതുവേണം. ജനപ്രതിനിധിയായിരുന്നപ്പോള്‍ ഇത്തരം ബില്ലിനെ അദ്ദേഹം ശക്തിയുക്തം പ്രതിഷേധിക്കുകയുണ്ടായിട്ടുണ്ട്.
എന്തെങ്കിലും ഒരു വിഷയത്തെപ്പറ്റി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുന്നതിനു മുന്‍പ് പത്രാധിപന്മാര് അത് സെന്ഷറിന് അയച്ചുകൊടുക്കണം എന്നുള്ളതിനെപ്പറ്റിയാണത്. സെന്‍ഷര്‍ പറയുന്നതുപോലെ പത്രാധിപര്‍ പ്രവര്‍ത്തിക്കണം. ഈ നിയമം നടപ്പില്‍വരികയാണെങ്കില്‍ പത്രങ്ങളെല്ലാം നാഷണലൈസ് ചെയ്യുകയാണ് നല്ലത്. ഇപ്പോള്‍ ദേശീയവല്ക്കരണത്തിന്റെ കാലമാണല്ലോ. പത്രങ്ങളെല്ലാം ഗവണ്മെന്റ് ഏറ്റെടുത്തു നടത്തുക. പത്രസ്വാതന്ത്യത്തിന്റെ മൗലികാവകാശത്തെ ഹനിക്കുന്ന ഒരു ഏര്‍പ്പാടാണ് ഈ സെന്ഷറിങ്ങ് സമ്പ്രദായം, പത്രങ്ങള്‍ക്ക് ഇത്രയും സ്വാതന്ത്ര്യമേ അനുവദിക്കുകയുള്ളുവെന്ന് കൊച്ചി ഗവണ്മെന്റ് തീരുമാനിക്കുകയാണെങ്കില്‍, ഈ നാട്ടില്‍ പത്രം ഉണ്ടായിട്ടു കാര്യമില്ല. എല്ലാം ഗവണ്മെന്റു ഗസറ്റുകളാവട്ടെ. ഗവണ്മെന്റിനു ഇഷ്ടമുള്ള പ്രസ്സുനോട്ടുകളും, കല്പ്പനകളും മാത്രമേ പ്രസിദ്ധപ്പെടുത്താന്‍ കഴിവുണ്ടാകയുള്ളു. സ്വാതന്ത്യമായിട്ട് ഒരു അഭിപ്രായം പ്രസിദ്ധീകരിക്കുവാന്‍ പത്രങ്ങള്‍ക്ക് അവകാശമില്ലെന്നുവന്നാല് പിന്നെ അങ്ങനെയുള്ള പത്രങ്ങളെക്കൊണ്ട് എന്താണ് പ്രയോജനം? പൗരന്മാരുടെ നാല് മൗലികാവശ്യങ്ങള്ക്ക് കടകവിരുദ്ധമായിട്ടുള്ളതാണ് ഈ ബില്‍. പ്രസംഗസ്വാതന്ത്യം, പത്രപ്രവര്ത്തനസ്വാതന്ത്യം, ആരാധനാ സ്വാതന്ത്യം, സംഘടനാ സ്വാതന്ത്യം എന്നിങ്ങനെയുള്ള നാലു സ്വാതന്ത്യത്തേയും ഹിംസിക്കുന്ന ഒരു നിയമം നടപ്പിലാക്കുവാന്‍ മുതിരുകയാണെങ്കില്‍, അമ്പതുകൊല്ലത്തോളം പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിക്കൊണ്ടിരുന്ന എന്റെ സര്‍വ്വശക്തിയോടുംകൂടി എനിക്ക് അതിനെ എതിര്‍ക്കാതെ നിവൃത്തിയില്ല. ശക്തിയായി പ്രതിഷേധിക്കാതേയും നിവൃത്തിയില്ല.””
ചിന്തയില്‍ നീതിബോധവും എഴുത്തില്‍ ധൈഷണികതയും കര്‍മത്തില്‍ ആദര്‍ശനിഷ്ഠയും പുലര്‍ത്തിയ ചരിത്രപുരുഷനാണ് പത്രാധിപരായ പി. സി വര്‍ക്കി.
Related
Related Articles
തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍
ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി
ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ
ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണം; പ്രാരംഭ അന്വേഷണത്തിന് തുടക്കമായി എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ്
അട്ടിപ്പേറ്റിയുടെ നാമകരണത്തിനുള്ള കാനോനികമായ പ്രാരംഭ അന്വേഷണത്തിന് തുടക്കം കുറിച്ചു. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 49-ാം ചരമവാര്‍ഷിക അനുസ്മരണത്തോടനുബന്ധിച്ച് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്