ചരിത്ര നിയോഗങ്ങളുടെ ശ്രേഷ്ഠ ബസിലിക്ക

ചരിത്ര നിയോഗങ്ങളുടെ ശ്രേഷ്ഠ ബസിലിക്ക

വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസനദേവാലയവും അതിരൂപതാ ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാര്‍മ്മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദേവാലയം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനക്രമങ്ങള്‍ക്കായുള്ള തിരുസംഘം 2020 ഡിസംബര്‍ 11-ാം തീയതിയിലെ കല്പന വഴി മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മലബാര്‍ വികാരിയാത്തിനെ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ 312-ാം വാര്‍ഷികദിനമായ 2021 മാര്‍ച്ച് 13 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വരാപ്പുഴ ദേവാലയത്തില്‍ വച്ച് എന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമധ്യേ നടക്കും. അഭിവന്ദ്യ ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍, കെആര്‍എല്‍സിബിസി പ്രസിഡന്റും കൊച്ചിരൂപതാ മെത്രാനുമായ അഭിവന്ദ്യ ജോസഫ് കരിയില്‍, കോട്ടപ്പുറം മെത്രാന്‍ അഭിവന്ദ്യ ജോസഫ് കാരിക്കശേരി, കണ്ണൂര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അലക്സ് വടക്കുംതല, നിഷ്പാദുക കര്‍മലീത്താസഭ മഞ്ഞുമ്മല്‍ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ പെരിയ ബഹു. ഫാ. തോമസ് മരോട്ടിക്കപ്പറമ്പില്‍ ഒ.സി.ഡി. എന്നിവരും വൈദിക, സന്ന്യസ്ത, അല്മായ പ്രതിനിധികളും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരാകും. ബഹുമാനപ്പെട്ട ഫാ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒ.സി.ഡി. വചനസന്ദേശം നല്കും. കൊവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രസ്തുത തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ഈ അതുല്യ സമ്മാനത്തിന് നമുക്ക് ദൈവത്തിന് നന്ദിയര്‍പ്പിക്കാം.

പെരിയാര്‍ തീരത്ത് ചിരപുരാതനമായ വരാപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ഈ മഹാദേവാലയം കേരള കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിക്കുവാന്‍ വഹിച്ച പങ്കിനെ ഞാന്‍ അനുസ്മരിക്കുകയാണ്.മാര്‍ത്തോമായുടെ ‘മാര്‍ഗവും വഴിപാടും’ പിന്തുടര്‍ന്നുവന്ന മലയാളക്കരയിലെ പൂര്‍വ്വ ക്രൈസ്തവര്‍ക്കിടയില്‍ ഉടലെടുത്ത ഭിന്നിപ്പിന് അറുതിവരുത്തി റോമായിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിന്‍ കീഴില്‍ അവരെ അനുരഞ്ജിപ്പിക്കുക, പരിശുദ്ധ പാപ്പാമാരാല്‍ ഐക്യപ്പെട്ട പദ്രൊവാദൊ മിഷണറിമാരാല്‍ ലത്തീന്‍വല്‍കരിക്കപ്പെട്ട ക്രൈസ്തവരെയും അതേ മിഷണറിമാരുടെ സുവിശേഷവല്‍കരണത്തിലൂടെ രൂപംകൊണ്ട വിശ്വാസസമൂഹത്തെയും സത്യവിശ്വാസത്തില്‍ ആഴപ്പെടുത്തുക എന്നീ ചരിത്രനിയോഗങ്ങള്‍ ഏറ്റെടുത്ത കര്‍മലീത്താമെത്രാന്മാരുടെയും മിഷണറിമാരുടെയും അപ്പസ്തോലിക ശുശ്രൂഷയുടെ ശ്രേഷ്ഠഭദ്രാസനമായിരുന്നു വരാപ്പുഴ ദേവാലയം. 1659-ല്‍ മലബാര്‍ വികാരിയാത്തിന്റെ സ്ഥാപനാനന്തരമുള്ള രണ്ടര നൂറ്റാണ്ട് കേരളസഭയിലെ ഓരോ ചരിത്രമുഹൂര്‍ത്തത്തിനും സാക്ഷ്യം വഹിച്ച ലോകപ്രസിദ്ധമായ പുണ്യഭൂമിയാണിത്.

യൂറോപ്പില്‍ നിന്നുള്ള പുണ്യചരിതരും കര്‍മ്മധീരരുമായ പ്രേഷിതസന്ന്യാസിവര്യര്‍ വഴിനടത്തിക്കാണിച്ചതാണ് മലയാളദേശത്തിന്റെ സര്‍വ്വമേഖലകളിലേയും നവോത്ഥാനവും നവീകരണവും. ദുഷിച്ച ജാതിവ്യവസ്ഥയുടെയും സാമൂഹിക അനീതിയുടെയും ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളില്‍ നിന്നും വിശ്വാസപരമായ അപഭ്രംശങ്ങളില്‍ നിന്നും ദൈവജനത്തെയും കേരളസമൂഹത്തോടൊപ്പം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു.

വരാപ്പുഴ ദ്വീപില്‍ പരിശുദ്ധ കര്‍മ്മലമാതാവിന്റെ നാമധേയത്തില്‍ 1673-ല്‍ ആദ്യ ദേവാലയം പണിതുയര്‍ത്തിയത് മത്തേവൂസ് പാതിരി എന്ന് മലയാളികള്‍ വിളിക്കുന്ന മാത്യു ഓഫ് സെന്റ് ജോസഫ് എന്ന ഇറ്റലിക്കാരനായ കര്‍മ്മലീത്താ മിഷണറിയാണ്. പോര്‍ട്ടുഗീസ് പദ്രൊവാദൊ സംവിധാനത്തിന്റെ ഭാഗമായിരുന്ന കൊടുങ്ങല്ലൂര്‍ അതിരൂപതയിലെ ഈശോസഭാ മേലധ്യക്ഷനെ നിരസിച്ച മാര്‍ത്തോമാ നസ്രാണി വിഭാഗത്തെ അനുനയിപ്പിക്കുന്നതിനും സഭയില്‍ ഐക്യം പുനഃസ്ഥാപിക്കുന്നതിനുമായി മട്ടാഞ്ചേരി കൂനന്‍കുരിശ് ശപഥത്തിനുശേഷം മൂന്നാം വര്‍ഷം അലക്സാണ്ടര്‍ ഏഴാമന്‍ പാപ്പാ നിയോഗിച്ച അപ്പസ്തോലിക കമ്മിസറി ഇറ്റലിക്കാരനായ കര്‍മ്മലീത്താ ദൈവശാസ്ത്ര ആചാര്യന്‍ ജോസഫ് മരിയ സെബസ്ത്യാനി 1657 ഫെബ്രുവരി 22ന് ആദ്യം കേരളത്തിലെത്തുകയുണ്ടായി. കേരളസഭയില്‍ സെബസ്ത്യാനി നടത്തിയ മേല്പറഞ്ഞ അനുരഞ്ജനശുശ്രൂഷയുടെ വിവരങ്ങള്‍ റോമില്‍ പരിശുദ്ധ സിംഹാസനത്തെ അറിയിക്കാന്‍ അദ്ദേഹം പോയപ്പോള്‍ സെബസ്ത്യാനിയെ പരിശുദ്ധ സിംഹാസനം മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായി നിയമിക്കുകയും റോമില്‍വച്ച് അഭിഷേകം ചെയ്ത് വീണ്ടും കേരളത്തിലേക്ക് അയക്കുകയും ചെയ്തു. ഈ രണ്ടു മഹനീയ സന്ദര്‍ഭങ്ങളിലും ബിഷപ് സെബസ്ത്യാനി കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സംഘത്തില്‍ വരാപ്പുഴ ദേവാലയ സ്ഥാപകനായ മത്തേവൂസ് പാതിരിയും ഉണ്ടായിരുന്നു.

കേരളതീരത്തെ പോര്‍ട്ടുഗീസ് മേല്‍ക്കോയ്മ തകര്‍ത്ത് കൊടുങ്ങല്ലൂരിലെയും കൊച്ചിയിലെയും കോട്ടകള്‍ പിടിച്ചെടുത്ത ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 1663-ല്‍ അധികാരത്തിലേറിയപ്പോള്‍ ബിഷപ് സെബസ്ത്യാനിക്ക് രാജ്യംവിട്ടുപോകേണ്ടിവന്നു. കുറവിലങ്ങാട് പള്ളിവികാരി പള്ളിവീട്ടില്‍ ചാണ്ടി കത്തനാരെ (അലക്സാണ്ടര്‍ ദെ കാംപോ) മലബാര്‍ വികാരി അപ്പസ്തോലിക്കയായി സെബസ്ത്യാനി വാഴിച്ചു. നൂറ്റാണ്ടുകളുടെ പഴമയും പാ
രമ്പര്യവുമുള്ള മലങ്കരയിലെ നസ്രാണി ക്രൈസ്തവ സമൂഹത്തില്‍ നിന്ന് രാജ്യത്ത് ആദ്യമായി നാട്ടുകാരനായ ഒരു മേല്‍പ്പട്ടക്കാരന്‍ സഭാഭരണമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവും മിഷനില്‍ തന്റെ ഡെലിഗേറ്റുമായി ഫാ. മത്തേവൂസിനെയാണ് സെബസ്ത്യാനി ചുമതലപ്പെടുത്തിയത്. നമുക്കറിയാവുന്നതുപോലെ മെഡിക്കല്‍ ബിരുദധാരിയും പ്രകൃതിശാസ്ത്രചിത്രകാരനും അറബിപണ്ഡിതനുമായ ഫാ. മത്തേവൂസിന്റെ സസ്യചിത്രീകരണങ്ങളും ഔഷധസസ്യങ്ങളുടെ വിവരണവും കണ്ട് ആകൃഷ്ടനായ ഡച്ച് ഗവര്‍ണര്‍ ഹെന്‍ഡ്രിക് ഏഡ്രിയാന്‍ വാന്‍ റീഡ് അദ്ദേഹത്തിന്റെ പങ്കാളിത്തത്തോടെയാണ് ‘ഹോര്‍ത്തുസ് ഇന്‍ഡിക്കുസ് മലബാറിക്കുസ്’ എന്ന വിഖ്യാത സസ്യശാസ്ത്രഗ്രന്ഥം ലത്തീനില്‍ 12 വാല്യങ്ങളിലായി കൊച്ചിയില്‍ സമാഹരിച്ച് ആംസ്റ്റര്‍ഡാമില്‍ നിന്നു പ്രസിദ്ധീകരിച്ചത്. ഈ ബൃഹദ്പദ്ധതിക്കു നല്‍കിയ സഹായത്തിനു പ്രത്യുപകാരമായാണ് ചാത്യാത്തും വരാപ്പുഴയിലും പള്ളി നിര്‍മിക്കാന്‍ പ്രോട്ടസ്റ്റന്റുകാരനായ വാന്‍ റീഡ് മത്തേവൂസിന് അനുമതി നല്‍കിയത്.

കൊച്ചി രാജ്യത്തിലെ നാടുവാഴിയായ ചേരാനല്ലൂര്‍ കര്‍ത്താവ് വരേക്കാട്ട് രാമന്‍കുമാരന്‍ കൈമള്‍ ചാത്യാത്തും വരാപ്പുഴയിലും പള്ളിക്കായി സ്ഥലം ദാനംചെയ്തു എന്നതും ധന്യചരിത്രമാണ്. പൂര്‍വ ക്രൈസ്തവരുടെ ഒരു ചെറുസമൂഹം വരാപ്പുഴയില്‍ അക്കാലത്തുണ്ടായിരുന്നു. വരാപ്പുഴ പള്ളിയോടൊപ്പം ആശ്രമഭവനവും സെമിനാരിയും മത്തേവൂസച്ചന്‍ സ്ഥാപിക്കുകയുണ്ടായി. വരാപ്പുഴ സെമിനാരി റെക്ടറായിരിക്കെ 1700 ഫെബ്രുവരിയില്‍ മലബാര്‍ വികാരി അപ്പസ്തോലിക്കയായി നിയമിതനായ ബിഷപ് ആഞ്ചലോ ഫ്രാന്‍സിസ് മുതല്‍ 1904-ല്‍ വരാപ്പുഴ അതിരൂപതയുടെ ആസ്ഥാനം എറണാകുളത്തേക്കു മാറ്റിസ്ഥാപിച്ച ബര്‍ണാര്‍ഡ് ആര്‍ഗ്വിന്‍സോണിസ് മെത്രാപ്പോലീത്ത വരെ ഒന്‍പതു മെത്രാന്മാരുടെയും അഞ്ചു മെത്രാപ്പോലീത്താമാരുടെയും ഔദ്യോഗികവസതി വരാപ്പുഴ ആശ്രമവും, കത്തീഡ്രല്‍ വരാപ്പുഴ ദേവാലയവുമായിരുന്നു.

പോര്‍ട്ടുഗീസുകാര്‍ക്ക് കേരളത്തിലുണ്ടായിരുന്ന എല്ലാ കേന്ദ്രങ്ങളും ഡച്ചുകാര്‍ കരസ്ഥമാക്കിയതിനോടൊപ്പം കൊച്ചി, കൊടുങ്ങല്ലൂര്‍ ഭദ്രാസനങ്ങളും ദേവാലയങ്ങളും 1663-ല്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. വികാരി അപ്പസ്തോലിക്കമാരുടെ ഭരണാരംഭം മുതല്‍, പ്രത്യേകിച്ച് മേല്‍പ്രസ്താവിച്ച ബിഷപ് ആഞ്ചലോ ഫ്രാന്‍സിസിന്റെ കാലം (1709) മുതല്‍ ഈ സഭാകേന്ദ്രങ്ങളെ റോം മലബാര്‍ വികാരിയാത്തിനെ ഏല്‍പ്പിക്കാന്‍ തുടങ്ങി. അത് പൂര്‍ണമാകുന്നത് 1838-ലെ ഗ്രിഗറി പതിനാറാമന്‍ പാപ്പായുടെ ”മുള്‍ത്താ പ്രെക്ലാരെ” എന്ന തിരുവെഴുത്ത് വഴിയാണ്. ഈ തിരുവെഴുത്ത് പ്രകാരം കൊടുങ്ങല്ലൂര്‍, കൊച്ചി രൂപതകള്‍ പ്രസ്തുത വികാരിയാത്തില്‍ ലയിപ്പിക്കുകയുണ്ടായി. അപ്പോള്‍ മുതല്‍ മലബാര്‍ വികാരിയാത്തിന്റെ അതിരുകള്‍ വടക്ക് കാനറാദേശത്തുള്ള സുവര്‍ണാനദി മുതല്‍ തെക്ക് കന്യാകുമാരിവരെയുള്ള അതിവിശാലമായ ഭൂമികയായി രൂപാന്തരപ്പെട്ടു. ഇപ്രകാരം പുരാതന മലബാര്‍ തീരത്ത് നീണ്ടുനിവര്‍ന്നു കിടന്നിരുന്നതും, വരാപ്പുഴ പട്ടണത്തില്‍ ആസ്ഥാനമുറപ്പിക്കപ്പെട്ടിരുന്നതുമായ മലബാര്‍ വികാരിയാത്തിന്റെ കത്തീഡ്രല്‍ ദേവാലയമായിരുന്നു ഇന്ന് ബസിലിക്കയായി ഉയര്‍ത്തപ്പെടുന്ന വരാപ്പുഴ പള്ളി. 1845-ല്‍ അതിവിശാലമായ ഈ വികാരിയാത്തിനെ മംഗലാപുരം, വരാപ്പുഴ, കൊല്ലം എന്നീ മൂന്നു വികാരിയാത്തുകളായി തിരിച്ചപ്പോള്‍ സെബസ്ത്യാനി മുതല്‍ വികാരി അപ്പസ്തോലിക്കമാര്‍ ആരംഭിച്ച അനുരഞ്ജനവും ഏകീകരണവും തത്ത്വത്തില്‍ സാക്ഷാത്കരിക്കപ്പെട്ടു. 1886-ല്‍ വരാപ്പുഴ വികാരിയാത്ത് വരാപ്പുഴ അതിരൂപതയായി ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അരനൂറ്റാണ്ടോളം കാലം വരാപ്പുഴ പള്ളി തന്നെയായിരുന്നു കത്തീഡ്രല്‍ ദേവാലയം.

എന്റെ മുന്‍ഗാമികളായ ഒന്‍പതു മെത്രാന്മാര്‍, വിശിഷ്യ വരാപ്പുഴ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ ലെയോനാര്‍ദോ മെല്ലാനോ ഉള്‍പ്പെടെ 28 കര്‍മ്മലീത്താ മിഷണറിമാര്‍ ഈ ദേവാലയത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഇവരുടെ ത്യാഗോജ്ജ്വലമായ പ്രേഷിതശുശ്രൂഷകളുടെ ദീപ്തമായ സ്മരണകള്‍ക്കു മുമ്പില്‍ ഞാന്‍ പ്രണമിക്കുന്നു.

എല്ലാ കരകളിലും പള്ളികള്‍ക്കൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ഇടയലേഖനത്തിലൂടെ കല്പിക്കുകയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള ഏതദ്ദേശീയ കര്‍മ്മലീത്താ സന്ന്യാസസമൂഹങ്ങളുടെ സംസ്ഥാപനത്തിന് കാനോനിക അംഗീകാരം നല്‍കുകയും വരാപ്പുഴ സെമിനാരിയുടെ തുടര്‍ച്ചയായി പുത്തന്‍പള്ളി സെമിനാരി സ്ഥാപിക്കുകയും ചെയ്ത മഹാമിഷണറി ബര്‍ണര്‍ദീന്‍ ബച്ചിനെല്ലി പിതാവിനെയും, മലയാളഭാഷയ്ക്കും സാഹിത്യത്തിനും അച്ചടിക്കും അതുല്യ സംഭാവകള്‍ നല്‍കിയ ശ്രേഷ്ഠരായ വരാപ്പുഴ മിഷണറിമാരേയും കേരളത്തിന് വിസ്മരിക്കാനാവില്ല.

ചരിത്രപ്രാധാന്യം, ദേവാലയനിര്‍മിതിയിലെ വാസ്തുകലാ വൈദഗ്ധ്യത്തിന്റെ ഔന്നത്യം, ഒരു രൂപതയില്‍ ആ ദേവാലയത്തിനുള്ള സവിശേഷമായ സ്ഥാനം, പ്രാദേശികമായും ദേശീയതലത്തിലും പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രം എന്നിങ്ങനെയുള്ള പൊതുവായ മാനദണ്ഡങ്ങളില്‍ ഭൂരിഭാഗവും ഉണ്ടോ എന്നു പരിശോധിച്ചാണ് സാര്‍വത്രികസഭ ഒരു ദേവാലയത്തിന് ബസിലിക്ക എന്ന കാനോനിക സ്ഥാനിക പദവി നല്‍കുന്നത്. യുദ്ധങ്ങളും പ്രളയങ്ങളും രാഷ്ട്രീയ അധീശത്വമാറ്റങ്ങളും റോക്കോസ്, മേലൂസ് ശീശ്മകള്‍പോലുള്ള പ്രതിസന്ധികളും അധികാരതര്‍ക്കങ്ങളും നയതന്ത്രപ്രശ്നങ്ങളും ഉയര്‍ത്തിയ വെല്ലുവിളികളെയുമെല്ലാം അതിജീവിച്ച വിശ്വാസസ്ഥൈര്യത്തിന്റെ പ്രതീകമായ കേരളസഭയുടെ ദേവാലയമാതാവാണ് വരാപ്പുഴ ബസിലിക്ക എന്നത് അനന്യ പൈതൃക മഹിമയുടെ നിദാനമാകുന്നു എന്നതില്‍ നമുക്കഭിമാനിക്കാം.

കര്‍മ്മലീത്താ നവീകരണപ്രസ്ഥാനത്തിന്റെയും കര്‍മ്മലീത്താ പൈതൃകത്തിന്റെയും ഉത്തമദൃഷ്ടാന്തമായി വരാപ്പുഴ ദേവാലയം പരിശുദ്ധ കര്‍മ്മലമാതാവിനും വിശുദ്ധ യൗസേപ്പിതാവിനും പ്രതിഷ്ഠിതമായി. ലെയോ പതിമൂന്നാമന്‍ പാപ്പായുടെ 1888 ഏപ്രില്‍ ഒന്നിലെ തിരുവെഴുത്തുവഴി വിശുദ്ധ യൗസേപ്പിതാവ് വരാപ്പുഴ അതിരൂപതയുടെ മധ്യസ്ഥനുമാണല്ലോ. ഈ വര്‍ഷം യൗസേപ്പിതാവര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം നല്‍കിയിരിക്കെ, ഇന്ത്യയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തില്‍ പ്രതിഷ്ഠിക്കപ്പെടുന്ന ആദ്യ ബസിലിക്കയായി വരാപ്പുഴ പള്ളി മാറുന്നു എന്നത് ചരിത്രത്തിന്റെ മഹാസുകൃതമായി ഞാന്‍ കാണുന്നു.

വരാപ്പുഴ ബസിലിക്ക ഭക്തിയോടെ സന്ദര്‍ശിക്കുകയും ഏതെങ്കിലും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുകയോ അല്ലെങ്കില്‍ കര്‍തൃപ്രാര്‍ത്ഥനയും വിശ്വാസപ്രമാണവും ചൊല്ലുകയോ ചെയ്യുന്ന വിശ്വാസികള്‍ക്ക് കുമ്പസാരം, ദിവ്യകാരുണ്യസ്വീകരണം, പാപ്പായുടെ നിയോഗത്തിനായുള്ള പ്രാര്‍ത്ഥന എന്നീ സാധാരണ വ്യവസ്ഥകള്‍ക്ക് വിധേയമായി താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നതാണ് എന്ന് ഞാന്‍ അറിയിക്കുന്നു.

1. വരാപ്പുഴ ബസിലിക്ക ദേവാലയത്തിന്റെ പുനഃപ്രതിഷ്ഠാപന വാര്‍ഷികദിനം – ഫെബ്രുവരി 24
2. ‘ബസിലിക്ക’ എന്ന ശീര്‍ഷകം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ദിനം – 2021 മാര്‍ച്ച് 13
3. അപ്പസ്തോലന്മാരായ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസിന്റെയും തിരുനാള്‍ദിനമായ ജൂണ്‍ 29
4. ‘ബസിലിക്ക’ എന്ന ശീര്‍ഷകം നല്കി കല്പന പുറപ്പെടുവിച്ചതിന്റെ വാര്‍ഷികദിനം – ഡിസംബര്‍ 11
5. അതിരൂപതാ മെത്രാപ്പോലീത്ത വര്‍ഷത്തില്‍ ഒരിക്കല്‍ പ്രത്യേകം നിശ്ചയിക്കുന്ന ദിനം
6. വര്‍ഷത്തില്‍ ഒരിക്കല്‍ ഓരോ വിശ്വാസിയും സ്വതന്ത്രമായി തീരുമാനിച്ച് സ്വന്തമായി സന്ദര്‍ശനം നടത്തുന്ന ദിനം
ഇപ്പോള്‍ വരാപ്പുഴ ബസിലിക്ക ദേവാലയത്തില്‍ അജപാലനശുശ്രൂഷ നിര്‍വഹിക്കുന്ന മഞ്ഞുമ്മല്‍ കര്‍മ്മലീത്താ നിഷ്പാദുക സന്ന്യാസസഭയിലെ വൈദികരെ ഞാന്‍ നന്ദിപൂര്‍വ്വം അനുസ്മരിക്കുന്നു. വരാപ്പുഴ ഇടവകയിലെ വിശ്വാസിസമൂഹത്തിനും അതിരൂപതയിലെ എല്ലാ വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായസഹോദരങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. വരാപ്പുഴ ബസിലിക്ക സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധ കര്‍മ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും പ്രത്യേക മധ്യസ്ഥസഹായം എന്നും തുണയേകട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
(‘വരാപ്പുഴ മൗണ്ട് കാര്‍മ്മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദേവാലയം മൈനര്‍ ബസിലിക്ക പദവിയില്‍’ എന്ന ഇടയലേഖനത്തില്‍ നിന്ന്)

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ

ഐസാറ്റും സീമും ധാരണാപത്രം കൈമാറി

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കളമശേരിയിലെ ആല്‍ബെര്‍ട്ടീയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും (ഐസാറ്റ്), സൊസൈറ്റി ഓഫ് എനര്‍ജി എന്‍ജിനീയേഴ്‌സ് ആന്‍ഡ് മാനേജേഴ്‌സും (സീം) തമ്മില്‍

കഠ്‌വ സംഭവം: കെഎല്‍സിഡബ്ല്യുഎ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തുപരം: ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ കേരള ലാറ്റിന്‍ കാത്തലിക്ക് വിമണ്‍സ് അസോസിയേഷന്‍ (കെഎല്‍സിഡബ്ല്യുഎ) തിരുവനന്തപുരം അതിരൂപത സമിതി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം സെന്റ് ജോസഫ്‌സ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*