ചാന്ദ്രദൗത്യത്തിന്റെ ജൂബിലിയില്‍ ആ ദിവ്യകാരുണ്യ സ്മരണയും

ചാന്ദ്രദൗത്യത്തിന്റെ ജൂബിലിയില്‍ ആ ദിവ്യകാരുണ്യ സ്മരണയും

വത്തിക്കാന്‍ സിറ്റി: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ, ‘മനുഷ്യന് ചെറിയൊരു കാല്‍വയ്പ്, മാനവരാശിക്ക് വലിയൊരു ചുവടുവയ്പ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ചരിത്രമുഹൂര്‍ത്തത്തിന്റെ, അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ പുരോഗതിയുണ്ടാകാന്‍ മാനവരാശിയുടെ ആ അസാധാരണ സ്വപ്‌നസാഫല്യത്തിന്റെ ഓര്‍മ പ്രേരണയാകുമെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ദുര്‍ബലരുടെ മാനവാന്തസ് വര്‍ധിക്കാനും ജനതകള്‍ക്ക് നീതി സംലഭ്യമാകാനും പാരിസ്ഥിതിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകാനും ഈ ജൂബിലി ആഘോഷം ഉതകുമാറാകട്ടെയെന്ന് ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ത്രികാല പ്രാര്‍ഥനാ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് ആശംസിച്ചു.
നീല്‍ ആംസ്‌ട്രോങ്ങ് 1969 ജൂലൈ 20ന് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ചന്ദ്രോപരിതലത്തില്‍ ഒരു ക്രൈസ്തവന്‍ ദിവ്യകാരുണ്യം സ്വീകരിച്ചതിന്റെ സ്മരണ കൂടിയാണ് അമേരിക്കയിലെ പ്രെസ്ബിറ്റേറിയന്‍ സഭ ഇതോടൊപ്പം ആഘോഷിക്കുന്നത്. ചാന്ദ്രദൗത്യത്തിന്റെ ചുമതല വഹിച്ച അമേരിക്കയിലെ നാഷണല്‍ ഏറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസാ) ബഹിരാകാശയാത്രികരുടെ വിശ്വാസപ്രഘോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചില കോടതിവ്യവഹാരങ്ങളുടെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകളോളം രഹസ്യമായി സൂക്ഷിച്ച രഹസ്യങ്ങളിലൊന്നാണ് ചന്ദ്രനില്‍ ഇറങ്ങിയ ഈഗിള്‍ എന്ന പേടകത്തിന്റെ പൈലറ്റായിരുന്ന എഡ്വിന്‍ ബസ്സ് ആള്‍ഡ്രിന്‍ ജൂനിയര്‍ അപ്പോളോ 11 മിഷനില്‍ ചന്ദ്രനില്‍ വച്ച് അപ്പവും വീഞ്ഞും ഉള്‍ക്കൊണ്ടു എന്നത്.
ദിവ്യകാരുണ്യം സ്വയം സ്വീകരിക്കാമോ എന്ന മൗലികമായ ചോദ്യത്തിന് നാസാ ആസ്ഥാനമായ ഹൂസ്റ്റണിനടുത്തുള്ള വെബ്സ്റ്റര്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ചിലെ തന്റെ പാസ്റ്ററായ റവ. ഡീന്‍ വൂഡ്‌റഫില്‍ നിന്ന് അനുകൂലമായ മറുപടി കിട്ടിയ സാഹചര്യത്തില്‍ ആ സഭയില്‍ ‘മൂപ്പന്‍’ സ്ഥാനമുള്ള ആല്‍ഡ്രിന് ബഹിരാകാശത്തേക്കു കൊണ്ടുപോകാവുന്ന സാധനങ്ങളുടെ പരമാവധി ഭാരത്തിന് ഒത്തവണ്ണം കൂദാശ ചെയ്യപ്പെട്ട അപ്പവും വീഞ്ഞും സംവഹിക്കുന്നതിന് പ്രത്യേക ചാലിസും സിബോറിയവും സഭയില്‍ നിന്ന് സമ്മാനിച്ചിരുന്നു. നീല്‍ ആംസ്‌ട്രോങ് ചന്ദനില്‍ ഇറങ്ങി ഏതാണ്ട് 20 മിനിറ്റിനുശേഷമാണ് ആല്‍ഡ്രിന്‍ ഈഗിളില്‍ നിന്ന് താഴെയിറങ്ങിയത്. അതിനിടെയാണ് ചന്ദ്രോപരിതലത്തിലെ ആ പേടകത്തിലിരുന്ന് ആല്‍ഡ്രിന്‍ മിഷന്‍ കണ്‍ട്രോളിലേക്ക് വിളിച്ചുപറഞ്ഞത്: ‘എന്നെ ശ്രവിക്കുന്ന എല്ലാവരോടും, അവര്‍ ആരൊക്കെയായാലും എവിടെയായാലും, ഒരു നിമിഷം ധ്യാനത്തില്‍ മുഴുകണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്, ഇക്കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സംഭവിച്ച കാര്യങ്ങളെ ഓര്‍ത്ത് സ്വന്തം നിലയില്‍ നന്ദി അര്‍പ്പിക്കാനായി അല്പനേരം ചെലവഴിക്കുക.’ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിലെ 15-ാം അധ്യായം അഞ്ചാം വാക്യം തുടര്‍ന്ന് അദ്ദേഹം വായിച്ചു: ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല.
കൂദാശ ചെയ്ത വീഞ്ഞ് ചഷകത്തില്‍ നിന്ന് കാസയിലേക്ക് പകരുമ്പോള്‍ ചന്ദ്രനിലെ ആറിലൊന്ന് ഗുരുത്വാകര്‍ഷണത്തില്‍ അത് ആ പാനപാത്രത്തിന്റെ അരികില്‍ ചുരുളായി പതിഞ്ഞുവെന്നാണ് ആല്‍ഡ്രിന്‍ പറയുന്നത്. ചന്ദ്രനില്‍ ആദ്യമായി മനുഷ്യന്‍ കുടിച്ച പാനീയം ആ വീഞ്ഞും, ഭക്ഷിച്ച അപ്പം തിരുവോസ്തിയുമായിരുന്നു എന്നതാണ് നാസ വെളിപ്പെടുത്താതിരുന്ന ഒരു സത്യം. എട്ടാം അപ്പോളോ മിഷനില്‍ യുഎസ് ബഹിരാകാശയാത്രികന്‍ ആകാശവിതാനത്തില്‍ രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു എന്ന ഉല്പത്തിപ്പുസ്തക
ത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചതിനെതിരെ കോടതിയില്‍ കേസുണ്ടായ സാഹചര്യത്തിലാ
ണ് നാസ വിശ്വാസപ്രഘോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഊന്നല്‍ നല്‍കാതിരുന്നത്.
ആ ചരിത്ര നിമിഷത്തില്‍ റോമിനു സമീപം കാസ്തല്‍ ഗണ്ടോള്‍ഫോയിലെ വത്തിക്കാന്‍ വാനനിരീക്ഷണകേന്ദ്രത്തിലെ ടെലിസ്‌കോപ്പിലൂടെ ചന്ദ്രനെ നേരിട്ടു വീക്ഷിക്കുകയും തുടര്‍ന്ന് ടെലിവിഷനിലെ തത്സമയ സംപ്രേഷണം പിന്തുടരുകയും ചെയ്ത വിശുദ്ധ പോള്‍ ആറാമന്‍ പാപ്പാ ആംസ്‌ട്രോങ്ങിനും ആല്‍ഡ്രിനും ആശംസകള്‍ നേര്‍ന്നുകൊണ്ടു പറഞ്ഞു: ‘നമ്മുടെ രാവുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ചെറുവെളിച്ചമേകുന്ന ചന്ദ്രനെ കീഴടക്കിയ നിങ്ങള്‍ക്ക് ആദരവും അഭിവാദ്യങ്ങളും ആശീര്‍വാദവും. നമ്മുടെ സ്രഷ്ടാവും പിതാവുമായ ദൈവത്തിനുള്ള സ്തുതിയായ ആത്മാവിന്റെ സ്വനം നിങ്ങളുടെ സജീവസാന്നിധ്യത്താല്‍ ചന്ദ്രനിലും എത്തിക്കുക.’
അപ്പോളോ 11 ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ ചന്ദ്രനില്‍ നിന്നുകൊണ്ടുവന്ന ശിലാശകലങ്ങളുടെ ഒരു ഭാഗം യുഎസ് പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ വത്തിക്കാന്‍ മ്യൂസിയത്തിനു സമ്മാനിക്കുകയുണ്ടായി.


Related Articles

തെക്കന്‍ കുരിശുമലയിലെ ക്രിസ്മസ്-പുതുവത്സരാഘോഷം ജനുവരി ഒന്നിന് സമാപിക്കും

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ക്രിസ്മസ്-പുതുവത്സരഘോഷം 24 ന് ആരംഭിച്ചു. 2019 ജനുവരി ഒന്നിന് അവസാനിക്കും. 24 ന് വൈകുന്നേരം 6.00 ന് ആഘോഷങ്ങള്‍ തീര്‍ത്ഥാടനകേന്ദ്രം

ജമ്മുവില്‍ വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു; 3 പേര്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: വ്യോമസേനയുടെ എം.ഐ-17 ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മുകാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള സ്ഥലത്താണ്

ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ?

ഡോ. സിസ്റ്റര്‍ ജയ ജോസഫ് സിടിസി ന്യൂജനില്‍ നിന്ന് വിശുദ്ധരുണ്ടാകുമോ എന്ന ചോദ്യത്തിന് സമാനമായ ഒരു ചോദ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നഥാനയേല്‍ പീലിപ്പോസിനോട് ചോദിച്ച ചോദ്യമാണ്:

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*