ചാന്‍സലറെ കരുവാക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍

ചാന്‍സലറെ കരുവാക്കുന്ന രാഷ്ട്രീയതന്ത്രങ്ങള്‍

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അതിരുവിട്ട രാഷ്ട്രീയ ഇടപെടലുകളില്‍ എത്രത്തോളം സഹികെട്ടാവണം താന്‍ ചാന്‍സലര്‍ പദവി ഒഴിയാം, മുഖ്യന്ത്രിതന്നെ അതു കൈയാളിക്കൊള്ളൂ എന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിദ്ധാന്തിക്കേണ്ടിവരുന്നത്! മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പാക്കാനാണെങ്കില്‍ സര്‍വകലാശാലകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കിയാല്‍ മതിയല്ലോ എന്നു പരസ്യമായി ക്ഷോഭപ്രകടനം നടത്തിയ ഗവര്‍ണര്‍, ചാന്‍സലര്‍ പദവി തന്നില്‍നിന്ന് എടുത്തുമാറ്റുന്നതിനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ താന്‍ അതില്‍ ഒപ്പിട്ട് വിജ്ഞാപനമിറക്കാമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. തന്റെയോ തന്റെ മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിന്റെയോ ഭാഗത്തുനിന്ന് ഗവര്‍ണറുടെമേല്‍ യാതൊരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചതിനു തൊട്ടുപിന്നാലെ, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ അതീവ താല്പര്യത്തോടെ പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഇടപെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്കു നല്കിയ ശുപാര്‍ശക്കത്തുകള്‍ പുറത്തുവന്നതില്‍നിന്ന് യൂണിവേഴ്‌സിറ്റികളിലെ ഉന്നതതലങ്ങളില്‍ നടക്കുന്ന നിയമവിരുദ്ധമായ സ്വജന നിയമനങ്ങളെ സംബന്ധിച്ച വിവാദങ്ങള്‍ പുതിയ തലങ്ങളിലേക്കു കടന്നിരിക്കുകയാണ്.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഒരു ടേം പൂര്‍ത്തിയാക്കിയ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ വിരമിക്കുന്നതിനു തൊട്ടുതലേന്ന് അദ്ദേഹത്തെ നാലു വര്‍ഷത്തേക്കു കൂടി വീണ്ടും നിയമിക്കുന്നതിന് താന്‍ ആവശ്യപ്പെടാതെതന്നെ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവുമായി സര്‍ക്കാര്‍ തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും, യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും പിണറായി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതിന് തനിക്ക് ആ പുനര്‍നിയമനം അംഗീകരിക്കേണ്ടിവന്നുവെന്നുമാണ് ഗവര്‍ണര്‍ പരസ്യമായി ഏറ്റുപറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ രാജ്യസഭാംഗവുമായ കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് യൂണിവേഴ്‌സിറ്റി മലയാളം വകുപ്പില്‍ ചട്ടങ്ങള്‍ മറികടന്ന് അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്കി എന്നതായിരുന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ ഉയര്‍ന്നുകേട്ട രാഷ്ട്രീയ വിവാദം. ഈ വിസിയുടെ ഒത്താശയോടെ നേരത്തെ സിപിഎം എം.എല്‍.എ എ.എന്‍. ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് കഴിഞ്ഞ ഏപ്രിലില്‍ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു.

പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കെ, ”രാജ്യത്തെ ഏറ്റവും ശ്രേഷ്ഠവും പ്രമുഖവുമായ സര്‍വകലാശാലയായി” കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയെ ഉയര്‍ത്തിയ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പ്രാഗത്ഭ്യം മുന്‍നിര്‍ത്തി അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുന്നത് അത്യധികം പ്രയോജനകരമായിരിക്കും എന്ന ശുപാര്‍ശയോടെയാണ് പ്രോ ചാന്‍സലര്‍ എന്ന തന്റെ അധികാരം എടുത്തുകാട്ടി മന്ത്രി ബിന്ദു ചാന്‍സലറായ ഗവര്‍ണര്‍ക്കു കത്തുനല്കിയത്. വൈസ് ചാന്‍സലര്‍ തസ്തികയിലേക്കുള്ള അപേക്ഷകരില്‍ നിന്ന് മൂന്നുപേരുടെ പാനല്‍ നിര്‍ദേശിക്കാനായി കമ്മിറ്റിയെ നിയോഗിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടന്‍ റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തു. ഗോപിനാഥ് രവീന്ദ്രന്‍ വിരമിക്കേണ്ട നാളിലാണ് പുനര്‍ നിയമനത്തിന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിനെയും മറ്റും രംഗത്തിറക്കി സര്‍ക്കാര്‍ തിടുക്കത്തില്‍ കാര്യങ്ങള്‍ നീക്കിയത്. വൈസ് ചാന്‍സലര്‍ നിയമനത്തിന് പ്രായപരിധി 60 എന്നാണ് യൂണിവേഴ്‌സിറ്റി ചട്ടത്തില്‍ പറയുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ പ്രായം 61 ആണ്. യു.ജി.സി ചട്ടപ്രകാരം ഇതില്‍ കുഴപ്പമില്ല എന്നാണ് സര്‍ക്കാര്‍ വാദം. വിസിയുടെ സേവനതുടര്‍ച്ചയാണിതെന്നും പുനര്‍നിയമനമായി കണക്കാക്കേണ്ടതില്ലെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് വാദിക്കുന്നുമുണ്ട്. എന്നാല്‍ യൂണിവേഴ്‌സിറ്റി നിയമവ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് വിസി നിയമനത്തിന് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഗവര്‍ണര്‍ക്ക് ശുപാര്‍ശക്കത്തു നല്കിയതിന് മന്ത്രി ബിന്ദു രാജിവയ്ക്കണമെന്നും, അഴിമതി, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാലംഘനം എന്നിവയ്ക്ക് നിയമനടപടി നേരിടണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

വിസി പുനര്‍നിയമനം ചോദ്യം ചെയ്ത് ഒരു സെനറ്റ് അംഗവും അക്കാദമിക് കൗണ്‍സില്‍ അംഗവും സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത് സര്‍ക്കാരിന് താത്കാലിക ആശ്വാസമാണെങ്കിലും അപ്പീലും നിയമവ്യവഹാരങ്ങളും തുടരുമെന്നുതന്നെയാണ് സൂചന. അഴിമതി അന്വേഷിക്കുന്ന ലോകായുക്തയുടെ മുന്നിലേക്കും കേസ് ചെന്നെത്തുമെന്നത് ഉറപ്പാണ്. കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അധ്യക്ഷനായ സേര്‍ച്ച് കമ്മിറ്റി രണ്ടുമാസത്തിനകം പട്ടിക നല്‍കിയില്ല എന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ഒരാളുടെ പേരുമാത്രമാണ് ചാന്‍സലര്‍ക്കു നല്കിയത്. ഏഴ് അപേക്ഷകരുണ്ടായിരുന്നു. മൂന്നു പേരുകള്‍ നിര്‍ദേശിക്കുന്നതിനു പകരം ഒരൊറ്റയാളെ നിര്‍ദേശിച്ചാല്‍ ഗവര്‍ണര്‍ക്ക് അതില്‍ എന്താണ് ചെയ്യാന്‍ കഴിയുക? ഗവര്‍ണര്‍ ആ ഫയല്‍ മുഖ്യമന്ത്രിക്കു തിരിച്ചയച്ചു. കാലടിയില്‍ യു.ജി.സി ചട്ടം നോക്കേണ്ടതില്ല എന്നായിരുന്നുവത്രെ നിയമോപദേശം. യൂണിവേഴ്‌സിറ്റി നിയമവും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അവസരം നോക്കി മാറ്റിമറിക്കുന്ന ഈ ഇരട്ടത്താപ്പിനു കൂട്ടുനില്ക്കാന്‍ തനിക്കാവില്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്നയാളെ ചാന്‍സലറുടെ നോമിനിയായി അവതരിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഓര്‍ഡിനന്‍സ് ഇറക്കി തിടുക്കത്തില്‍ കൊല്ലത്ത് സ്ഥാപിച്ച ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തതിനാല്‍ യു.ജി.സി അംഗീകാരം കിട്ടാത്ത സാഹചര്യമുണ്ടായി. ഫാക്കല്‍റ്റി നിയമനം നടക്കാത്തതിനാല്‍ രണ്ടാം വര്‍ഷവും അക്കാദമിക പ്രോഗ്രാമുകളും കോഴ്‌സുകളും ആരംഭിക്കാനാവാത്ത സ്ഥിതിയാണ്. വൈസ് ചാന്‍സലര്‍ക്ക് ഒരു വര്‍ഷത്തിലേറെയായി ശമ്പളം നല്കിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടി ചാന്‍സലര്‍ അഞ്ചുവട്ടം കത്ത് എഴുതിയിട്ടും ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് അതു കൈപ്പറ്റിയതിനു മറുപടിക്കുറിപ്പു പോലും അയച്ചിട്ടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അവിടത്തെ ദിവസവേതനക്കാരായ നാല്പതിലേറെ ജീവനക്കാരുടെ സേവനകാലാവധി നീട്ടിനല്കിയെങ്കിലും ശമ്പളം ഇനിയും ഉറപ്പായിട്ടില്ല. ഇത്രയേറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ കാര്യത്തില്‍ പോലും സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ദുരവസ്ഥയാണ് തുറന്നുകാട്ടുന്നതെന്ന് ചാന്‍സലര്‍ പരിതപിക്കുന്നു.

കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയായിരുന്ന കെ.ടി. ജലീല്‍ കേരള സാങ്കേതിക സര്‍വകലാശാലയിലും എം.ജി. യൂണിവേഴ്‌സിറ്റിയിലും നിയമവിരുദ്ധമായി പ്രത്യേക അദാലത്തു നടത്തി ചില വിദ്യാര്‍ത്ഥകള്‍ക്ക് മാര്‍ക്കുദാനം ചെയ്തത് കോടതി നടപടികളിലേക്കു നയിക്കുകയുണ്ടായി. രണ്ടര വര്‍ഷമായി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളിലും താന്‍ വല്ലാതെ അസ്വസ്ഥനാണെന്നാണ് ഗവര്‍ണര്‍ ഉള്ളുതുറന്നു പറയുന്നത്. അഞ്ചു സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കള്‍ക്ക് യൂണിവേഴ്‌സിറ്റി നിയമനം നല്കിയത് വിവാദത്തിന് ഇടവരുത്തുകയുണ്ടായി. അക്കാദമിക് കൗണ്‍സിലിലും ഫാക്കല്‍റ്റി നിയമനങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ എല്ലാ പരിധികളും കടന്നിരിക്കുന്നുവെന്നതാണ് വസ്തുത. യൂണിവേഴ്‌സിറ്റികളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാനും നിയമനങ്ങളില്‍ നീതി നടപ്പാക്കാനും തനിക്കു ബാധ്യതയുള്ളതിനാല്‍ ഇനിയും മൗനം പാലിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറയുന്നു.

ഗവര്‍ണര്‍ എന്ന നിലയില്‍ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, ചാന്‍സലര്‍ എന്ന നിലയില്‍ സംസ്ഥാന യൂണിവേഴ്‌സിറ്റികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും സ്വന്തമായ തീരുമാനങ്ങളെടുക്കാന്‍ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. പൗരത്വ നിയമഭേദഗതി, കാര്‍ഷിക നിയമങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാന നിയമസഭ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കുന്നതിനെ പരസ്യമായി എതിര്‍ത്ത ഗവര്‍ണറുടെ രാഷ്ട്രീയ നിലപാടുകള്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ കാര്യത്തില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ആശങ്കകള്‍ക്കു പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്നു പറയാന്‍ ഇടതുനേതാക്കള്‍ക്കേ കഴിയൂ. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയൊന്നുമല്ലെന്നും, വേണ്ടിവന്നാല്‍ യൂണിവേഴ്‌സിറ്റി നിയമപ്രകാരമുള്ള ചാന്‍സലറുടെ അധികാരം ഗവര്‍ണറില്‍ നിന്ന് എടുത്തുമാറ്റാന്‍ നിയമസഭയില്‍ നിയമഭേദഗതി കൊണ്ടുവരാനും തങ്ങള്‍ക്കാകുമെന്നുമാണ് ഭരണകക്ഷി നേതാക്കളില്‍ ചിലര്‍ ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വീണുകിട്ടിയ ഒരു കച്ചിതുരുമ്പുപോലെ, ഹൈക്കോടതി കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയില്ല എന്ന സാങ്കേതിക ന്യായംപറഞ്ഞ് ഗവര്‍ണറെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാവും ഇനി അവര്‍ ശ്രമിക്കുക. മമതാ ബാനര്‍ജിയോട് എന്തെല്ലാം എതിര്‍പ്പുണ്ടെങ്കിലും ബംഗാളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ക്കു കൂച്ചുവിലങ്ങിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് 2019-ല്‍ നടപ്പാക്കിയ മാതൃക എങ്ങനെ പിന്തുടരാം എന്നാകും എകെജി സെന്ററിലെയും കേരള സെക്രട്ടേറിയറ്റിലെയും ഇടതുസൈദ്ധാന്തികരുടെ ഉന്നതശ്രേണി ഇപ്പോള്‍ പരിചിന്തനം ചെയ്യുന്നത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ദിശമാറ്റത്തിന്റെ തരംഗത്തില്‍ പുതിയ ദശകം

തെരുവുപ്രക്ഷോഭകരുടെ വര്‍ഷം എന്ന് വിശേഷിപ്പിക്കപ്പെട്ട 2019 കടന്നുപോകുമ്പോള്‍, ഫ്രാന്‍സ്, സിംബാബ്‌വേ, ലബനോന്‍, സുഡാന്‍, ചിലി, ഇറാഖ്, വെനെസ്വേല, അല്‍ജീരിയ, ഹയ്തി, സ്‌പെയിന്‍, ഹോങ്കോംഗ്, കൊളംബിയ, പ്യുര്‍ട്ടൊ റിക്കോ,

നീതിക്കായി ഇനി ഉറച്ചപോരാട്ടം

കൊല്ലം: നീതിനിഷേധത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലത്തീന്‍ കത്തോലിക്കാ സമുദായദിന നീതിസംഗമം. ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ

ഹൃദയത്തില്‍ ഇടം തന്ന ജോസഫ് റാറ്റ്‌സിങ്ങറച്ചന്‍

വിദ്യാര്‍ത്ഥിയായും ഡോക്ടറായും ജര്‍മനിയില്‍ ചെലവഴിച്ച സുദീര്‍ഘമായ ഇരുപത് വര്‍ഷക്കാലത്ത് എനിക്കുണ്ടായ ഏറ്റവും അവിസ്മരണീയമായ അനുഭവമേതായിരുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പെട്ടെന്നു തരുവാന്‍ പറ്റും. അത് റാറ്റ്‌സിങ്ങര്‍ കുടുംബവുമായുണ്ടായിരുന്ന ഹൃദയാംഗമായ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*