ചാവുനിലത്തെ ആർത്തനാദം കേട്ടുവോ

ചങ്കുപിളര്‍ക്കുന്ന കാഴ്ചയാണത്. വിശന്നുപൊരിഞ്ഞവന്റെ നെഞ്ചത്താഞ്ഞുതൊഴിച്ച് കൊലവിളിക്കുന്ന വേട്ടക്കാരുടെ നൃശംസതയ്ക്കു മുന്നില്‍ വിറപൂണ്ടുനില്ക്കുന്ന ഇരയുടെ ദൈന്യം. ഉടുമുണ്ടുകൊണ്ട് കൈകള്‍ ബന്ധിച്ച് പരസ്യവിചാരണ ചെയ്ത് അവര്‍ അവനെ തല്ലിക്കൊല്ലാന്‍ ഒരുങ്ങുകയാണ്. സാമൂഹികമാധ്യമങ്ങളിലെ ദൃശ്യാവിഷ്കാരത്തിനായി ആത്മരതിയോളമെത്തുന്ന ഹിംസാത്മക വീര്യത്തോടെ നിസ്സഹായനായ സഹജീവിയെ ചവിട്ടിമെതിക്കുന്ന ജനക്കൂട്ടത്തിന്റെ പൈശാചിക രൗദ്രഭാവം. മനുഷ്യത്വത്തിന്റെയോ കരുണയുടെയോ കണിക പോലുമില്ലാതെ നിസ്വനും നിരാലംബനുമായ ഒരു ചെറുപ്പക്കാരന്റെ കഥകഴിക്കുന്നത് ആഘോഷിക്കാന്‍ ഒരുമ്പെടുകയാണവര്‍.
ഇത്രമേല്‍ ദാരുണമായ അരുംകൊലയുടെ പ്രാഗ്ദൃശ്യങ്ങള് കണ്ട് നെഞ്ചകം വിങ്ങി, ഉള്ളുരുകി, കണ്ണുകലങ്ങി ലോകമെമ്പാടുമുള്ള ഹൃദയാലുക്കള്‍ അമ്പരന്നത് മലയാളക്കരയുടെ മഹിത ഭൂമികയില്‍ ഇതെങ്ങനെ സംഭവിച്ചു എന്നാവും. പാലക്കാട് അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ മധു എന്ന ഇരുപത്തേഴുകാരനായ ആദിവാസിയുവാവിനെ കാടിനുള്ളില്‍ നിന്നു പിടിച്ചുകെട്ടി കൊണ്ടുവന്ന് പട്ടാപ്പകല്‍ ടൗണിലെ കവലയിലിട്ട് കഠോരമായി മര്‍ദിച്ചുകൊന്നത് അരി മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ചാണ് എന്നുകൂടി അറിയുമ്പോള്‍ കേരളം ഇന്നുവരെ കൈവരിച്ചതായി അവകാശപ്പെട്ടിരുന്ന സാമൂഹിക-സാമ്പത്തിക പുരോഗതിയുടെ ലോകോത്തര മാനദണ്ഡങ്ങളുടെയും സാംസ്കാരിക നവോത്ഥാന മുന്നേറ്റത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും പൊള്ളത്തരം മുഴുവനേ വെളിപ്പെടുകയാണ്. കേഴുക, പ്രിയ നാടേ!
കാടിന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ എന്ന കവിയുടെ രോദനത്തിന്റെ കരാളബിംബകല്പനയിലെ വിശപ്പിന്റെയും യാതനകളുടെയും വംശീയ പീഡനങ്ങളുടെയും അപമാനത്തിന്റെയും തീയും ഗന്ധകവും എത്രയോ കാലമായി ആ ചാവുനിലങ്ങളിലെ ഇരുണ്ട ജീവിതങ്ങളെ ചുട്ടെരിക്കയാണ്! അട്ടപ്പാടിയിലെയും മറ്റും പ്രാക്തന ഗോത്രവര്‍ഗ ഊരുകളിലെ ദുരിതപര്‍വങ്ങള്‍ വല്ലപ്പോഴുമൊക്കെ മുഖ്യധാരാ മാധ്യമങ്ങളില്‍ പരമ്പരയായി പ്രത്യക്ഷപ്പെടുകയും, സംസ്ഥാനത്തെയും കേന്ദ്രത്തിലെയും വാര്‍ഷിക ബജറ്റുകളില്‍ മോഹിപ്പിക്കുന്ന വന്‍ ഉദ്ധരണികളോടെ ഫണ്ടുവിഹിത അടങ്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമ്പോഴും ആദിവാസികള്‍ തങ്ങളുടെ സ്വാഭാവിക കുടിയിരിപ്പുകളില്‍ നിന്നും പ്രകൃതിസങ്കേതങ്ങളില് നിന്നും ജീവിതവ്യവസ്ഥയില്‍ നിന്നും പുറംതള്ളപ്പെട്ട് കൊടുംപട്ടിണിയുടെയും മാറാരോഗങ്ങളുടെയും മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും മനോരോഗത്തിന്റെയും പിടിയിലമര്‍ന്ന് അന്യവല്ക്കരിക്കപ്പെട്ട പുറമ്പോക്കുമനുഷ്യരായി, വേട്ടക്കാരുടെ ഇരകളായി കഴിയുന്നു എന്നതാണ് ദുരന്ത യാഥാര്‍ത്ഥ്യം.
നാടു ഭരിക്കുന്ന പുരോഗമന വിപ്ലവ പാര്‍ട്ടിയുടെ സംസ്ഥാന മാമാങ്കം അരങ്ങേറുന്ന ആഘോഷാരവങ്ങള്‍ക്കിടയില്‍ അട്ടപ്പാടിയില്‍ മധുവിന്റെ ദാരുണാന്ത്യം മലയാണ്മയുടെ രാഷ്ട്രീയ കൊണ്ടാട്ടത്തില്‍ അവതാളം സൃഷ്ടിച്ചു. കണ്ണൂരിലെ രാഷ്ട്രീയവൈരത്തിന്റെ പേരിലുള്ള ആസൂത്രിത കൊലപാതകങ്ങളുടെ പരമ്പരയിലെ അവസാനത്തെ ഇരയുടെ കാലുകള്‍ വെട്ടിനുറുക്കിയതിന്റെ മൃഗീയശൈലി ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളുടെ പ്രൈം സ്ലോട്ടുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കെയാണ് ദയയും ദൈവഭയവും തൊട്ടുതീണ്ടാത്തവണ്ണം ഒരുകൂട്ടം നരാധമന്മാര് കാടിനുള്ളില്‍ ഇരച്ചുകയറി ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിച്ചു എന്ന കുറ്റംചുമത്തി തികച്ചും എല്ലും തോലുമായ ആ പട്ടിണിക്കോലത്തെ വളഞ്ഞിട്ട് തല്ലിക്കൊല്ലുന്നത്. ദൈവത്തിന്റെ അമൂല്യദാനമായ ജീവന് ഒരു വിലയും കല്പിക്കാതെ എത്ര ലാഘവത്തോടെയാണ് അവര്‍ ആ സംഹാരക്രിയ പൂര്‍ത്തിയാക്കി നിയമപാലകരെ വിളിച്ചുവരുത്തി ജീവച്ഛവമായ ഇരയെ സാഘോഷം കൈമാറിയത്! സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിന്റെയും ദളിത-പിന്നാക്ക സംരക്ഷണത്തിന്റെയും ദു:സ്ഥിതി വിളിച്ചോതുന്ന അരുംകൊലയില്‍ പങ്കാളികളായവരെ പിടികൂടാന്‍ ആദിവാസി ഊരുകളിലെ വ്യാകുലങ്ങളുടെ അമ്മമാരും കുട്ടികളും തെരുവിലിറങ്ങി അലമുറയിടേണ്ടിവന്നു എന്നതും ഹൃദയഭേദകം.
മാനവിക മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രപരമായ ഉല്‍ക്കര്‍ഷത്തിന്റെയും സാമൂഹിക പുരോഗതിയുടെയും ലോകവീക്ഷണത്തിന്റെയും പേരില്‍ ഊറ്റംകൊള്ളുന്ന മലയാളി പൊതുവെ അന്യദേശക്കാരായ പതിതരോടും അബലകളായ സ്ത്രീകളോടും നിരാലംബരായ കുഞ്ഞുങ്ങളോടും സമൂഹത്തിന്റെ വിളുമ്പുകളില്‍ കഴിയുന്ന നിസ്വജീവനുകളോടും പുലര്‍ത്തിപ്പോരുന്ന വിവേചനത്തിന്റെയും അവഗണനയുടെയും ക്രൂരതയുടെയും നഗ്നസ്വരൂപത്തെക്കുറിച്ച് ഗൗരവതരമായ ആത്മപരിശോധന നടത്തേണ്ടതുണ്ട്. വേദനിക്കുന്നവനോടുള്ള അനുഭാവത്തിന്റെയും കരുണയുടെയും കരുതലിന്റെയും അനുകമ്പയുടെയും സാന്ത്വനത്തിന്റെയും സുകൃതമന്ത്രങ്ങള് വീണ്ടും ഓതിപ്പഠിക്കാന്‍ തെല്ലും അമാന്തിച്ചുകൂടാ ഇനിയും നാം.
Related
Related Articles
ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം
വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ
നവയുഗ നിയന്താവിന് പ്രണാമം
വിശുദ്ധ ത്രേസ്യയുടെ ബെര്ണര്ദീന് ബച്ചിനെല്ലി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ മിഷണറി റോമില്‍ നിന്ന് കേരളക്കരയില്‍ പെരിയാര്‍ തീരത്തെ വരാപ്പുഴ ദ്വീപില്‍ നേപ്പിള്‍സുകാരനായ മറ്റൊരു ബെര്‍ണദീനോടൊപ്പം വന്നണയുന്നത് തന്റെ
ഇളവുകളിലൂടെ തീരവാസികളുടെ കിടപ്പാടം അന്യാധീനപ്പെടരുത്
കടല്‍ത്തീരത്തും കായലോരത്തും നിര്മാണനിയന്ത്രണങ്ങളില് വന്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം തീരത്തു വസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും വീടുപണിക്കുണ്ടായ സാങ്കേതിക തടസങ്ങള്‍ നീക്കുന്നു