Breaking News

ചിത്രകലയിലെ മോഹനമുദ്ര

ചിത്രകലയിലെ മോഹനമുദ്ര

 

സിനിമയ്ക്കു മുന്നോടിയായി ട്രെയിലറും ടീസറുമൊക്കെ വരും മുമ്പുള്ള കാലം. മലയാള സിനിമയില്‍ പരസ്യകലയുടെ കുലപതിയായി എസ്.എ നായര്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നു. ഏതാണ്ടതേ പ്രഭയോടെ സംവിധായകരായ പി.എന്‍ മേനോനും ഭരതനുമൊക്കെ വിഹരിക്കുന്നിടത്തേക്കാണ് കിത്തോ എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നത്.

ഇതിനിടയില്‍ പരസ്യകലാരംഗത്തുവന്നവരില്‍ പലരും കലാസംവിധായകരായും സംവിധായകരയുമൊക്കെയായി പേരെടുത്തു. ഐ.വി ശശി, കുരിയന്‍ വര്‍ണ്ണശാല, രാധാകൃഷ്ണന്‍, അമ്പിളി, ഷാജിയെം, രാജീവ് അഞ്ചല്‍ തുടങ്ങിയവരൊക്കെ ആ ഗണത്തില്‍ പെട്ടവരാണ്. ഇവരില്‍ നിനന്നൊക്കെ തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ആര്‍ട്ടിസ്റ്റ് കിത്തോ സിനിമാ പോസ്റ്ററുകള്‍ രൂപകല്പന ചെയ്തിരുന്നത്.

എറണാകുളത്ത് കലൂരിലെ കുറ്റിക്കാട് വീട്ടില്‍ പൈലിയുടെയും വെറോണിയുടെയും മകനായി ജനിച്ചു കിത്തോ. ക്രിസ്റ്റഫര്‍ എന്ന പേരിന്റെ പോര്‍ച്ചുഗീസ് രൂപമായ ക്രിസ്റ്റാഗോ എന്നതു ചുരുങ്ങിയാണ് കിത്തോ ആയത്. നന്നേ ചെറുപ്രായത്തില്‍ തന്നെ പടം വരക്കുന്നതില്‍ അതിയായ താല്പര്യമുണ്ടായിരുന്നു. അതുകൊണ്ട് സ്‌കൂള്‍ പഠനകാലത്ത് കൊച്ചിന്‍ ബ്ലോക്‌സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്റിംഗിനായി ചില ആര്‍ട്ട്വര്‍ക്കുകള്‍ ചെയ്തുകൊടുത്തിരുന്നു കിത്തോ. കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. മഹാരാജാസ് കോളജില്‍ പ്രീയൂണിവേഴ്സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ തന്നെ ചിത്രകലാ മത്സരങ്ങളില്‍ പങ്കെടുക്കുകയും മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡല്‍ – കോന്നോത്ത് ഗോവിന്ദമേനോന്‍ പുരസ്‌ക്കാരം – നേടുകയുമുണ്ടായി.


എങ്ങനേയും ഒരു ആര്‍ട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച കിത്തോ, ബാബുറാം പ്രിന്‍സിപ്പലായിരുന്ന കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. നാലു സംവത്സരക്കാലം ഇ
വിടെ പഠിച്ചു. ചിത്രശില്പകലയില്‍ കിത്തോയെ ഏറെ സ്വാധീനിച്ചത് ആര്‍ട്ടിസ്റ്റ് ദത്തനായിരുന്നു. എറണാകുളം എം ജി റോഡിന്റെ വടക്കേ അറ്റത്ത് എസ്ടി റെഡ്യാര്‍ പ്രസ്സിനു സമീപത്ത് കിത്തോസ് ഇല്ലസ്ട്രേഷന്‍ ആന്‍ഡ് ഗ്രാഫിക്സ് എന്ന സ്ഥാപനമാരംഭിച്ചു.

പിന്നീട് സിനിമാനിര്‍മ്മാതാവായ എം.ഡി ജോര്‍ജിന്റെ ‘ചിത്രകൗമുദി’യില്‍ കലൂര്‍ ഡെന്നീസിന്റെ ഒരു നോവലിന് ചിത്രം വരച്ചുകൊണ്ട് രേഖാചിത്ര മേഖലയിലേക്ക് കടക്കുകയായിരുന്നു കിത്തോ. മനോഹരമായ ആ രേഖാചിത്രങ്ങള്‍ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. തകഴി, മുട്ടത്തുവര്‍ക്കി, പൊന്‍കുന്നം വര്‍ക്കി, കാനം, മൊയ്തു പടിയത്ത്, ചെമ്പില്‍ ജോണ്‍, എ.കെ പുതുശേരി ഇങ്ങനെ ഒട്ടേറെ എഴുത്തുകാരുടെ കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കി. രേഖാചിത്രകലയില്‍ തനതായൊരു ശൈലി കിത്തോയ്ക്കുണ്ടായിരുന്നു. മുട്ടത്തുവര്‍ക്കിക്ക് ഏറെ ഇഷ്ടപ്പെട്ട രേഖാചിത്രകാരനായിരുന്നു കിത്തോ. ”താന്‍ മനസ്സില്‍ കണ്ട കഥാപാത്രങ്ങളെ അതേ രൂപഭാവങ്ങളോടെ തന്നെ കിത്തോക്ക് വരയ്ക്കാനായിരിക്കുന്നു. ആ അനുഗൃഹീത കലാകാരന്റെ കരങ്ങളെ ഞാനൊന്നു ചുംബിക്കട്ടെ!” മുട്ടത്തുവര്‍ക്കി കിത്തോക്കെഴുതി കത്തിലാണ് ഇങ്ങനെ കുറിച്ചത്. അക്കാലത്ത് കൊച്ചി കേന്ദ്രീകരിച്ചിറങ്ങിയിരുന്ന പ്രമുഖ പത്രങ്ങളിലും ആനുകാലികങ്ങളിലുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ ശോഭയോടെ വെട്ടിത്തിളങ്ങിനിന്നു. ആയിടയ്ക്ക് ഫിലിപ്പ് തയ്യില്‍ എന്ന പുരോഹിതന്‍ രചിച്ച ബൈബിള്‍ക്കഥകള്‍ക്ക് വരച്ച ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

‘കേരള ടൈംസ്’ പത്രത്തിന്റെ ഏതാണ്ട് ആരംഭകാലം മുതല്‍ കിത്തോയായിരുന്നു ആര്‍ട്ടിസ്റ്റ്. സുപ്രധാന വാര്‍ത്തകളുടെ തലക്കെട്ട് എഴുതുക മുതല്‍ വാര്‍ഷികപതിപ്പുകള്‍ കമനീയമാക്കുന്ന ജോലി വരെ കിത്തോ നിര്‍വ്വഹിച്ചുപോന്നു. പ്രസിദ്ധീകരണത്തിന്റെ നൂറാം വര്‍ഷത്തില്‍ ‘സത്യനാദം’ പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ചിത്രങ്ങളുടെ ഭംഗികൊണ്ടും രൂപകല്പനയുടെ ചാരുത കൊണ്ടും മികവുറ്റതായിരുന്നു. കേരള ടൈംസിന്റെ വാര്‍ഷികപതിപ്പുകളും കുട്ടികളുടെ വിശേഷാല്‍ പ്രതികളും കിത്തോയുടെ കരസ്പര്‍ശത്താല്‍ മനോഹരമായി പുറത്തിറങ്ങിയിരുന്നു.


അപ്പോഴും അഭിനയത്തിലും സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കാനും കിത്തോ അതിയായ താല്പര്യം കാണിച്ചിരുന്നു. ഇതിനിടെ കൊച്ചിന്‍ കോര്‍പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് എഴുതിയ ‘ക്രൈം 375’ എന്ന പ്രൊഫഷണല്‍ നാടകത്തില്‍ ഒരു പോക്കറ്റടിക്കാരന്റെ വേഷത്തില്‍ മികച്ച അഭിനയമാണ് കിത്തോ കാഴ്ചവച്ചതെന്ന് അന്ന് കൂടെ അഭിനയിച്ച എ.കെ പുതുശേരി അഭിപ്രായപ്പെടുന്നു. തുടര്‍ന്നും പല നാടകങ്ങളിലും അഭിനയിച്ചിരുന്നു. സിനിമ, നാടകരംഗത്തെ കലാസംവിധായകനും മേക്കപ്പ്മാനുമൊക്കെയായി ശോഭിച്ചിരുന്ന ഫ്ളെച്ചര്‍ ഡേവിഡ് നായകനും കിത്തോ നായികയുമായി കുറേ നാടകങ്ങളില്‍ തകര്‍ത്തഭിനയച്ച് കാണികളുടെ കയ്യടി നേടിയിട്ടുണ്ട്.

അതിനു പുറമെ, ഫ്ളെച്ചറിനൊപ്പം ചേര്‍ന്ന് ഏതാണ്ട് 50 വര്‍ഷം മുമ്പ് നൂതനമായൊരാശയം നടപ്പിലാക്കിയ കാര്യവും കിത്തോ ഓര്‍ക്കുന്നു: വിവാഹാനന്തരം വധൂവരന്മാരെ പ്രത്യേകം അലങ്കരിച്ച ഇരിപ്പിടങ്ങളില്‍ രാജകീയമായി എഴുന്നള്ളിച്ചിരുത്തുന്ന മണിക്കോലനിര്‍മ്മാണം, വിവാഹപാര്‍ട്ടികള്‍ക്കുള്ള സ്റ്റേജ് ഡെക്കറേഷന്‍. അതിനായി അക്കാലത്ത് ഒട്ടേറെ വരച്ചിരുന്നു. ഒരു തമാശയ്ക്ക് തുടങ്ങിയ ആ സംഗതി പില്‍ക്കാലത്ത് ഒട്ടേറെപ്പേരുടെ ഉപജീവനമാര്‍ഗമായിത്തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കിത്തോ പറയുന്നു.


വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കന്‍ ഉപഗ്രഹമായ സ്‌കൈലാബ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന കാലം. നാസയിലെ ശാസ്ത്രജ്ഞന്മാര്‍ സ്‌കൈലാബില്‍ താമസിച്ച് ഗവേഷണങ്ങള്‍ നടത്തി. അവിചാരിതമായാണ് സ്‌കൈലാബ് ഭ്രമണപഥത്തില്‍ നിന്ന് തെന്നിമാറി ഭൂമിയിലേക്ക് വരുന്നുവെന്ന വാര്‍ത്ത നാസ പുറത്തുവിട്ടത്. ഭൂമിയില്‍ എവിടെ പതിക്കുമെന്ന ഭയാശങ്കകളോടെ ജനങ്ങള്‍ കഴിഞ്ഞ നാളുകള്‍. ആ സമയത്തു തന്നെയാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായത്. പത്രങ്ങളിലെ വാര്‍ത്തകള്‍ക്ക് തലക്കെട്ടും രേഖാചിത്രങ്ങളും തയ്യാറാക്കാന്‍ അന്ന് ഇന്നത്തെപോലെ ആധുനിക സംവിധാനങ്ങളൊന്നുമില്ല.

1979 ജൂലൈ 13ന് അത് സംഭവിച്ചു. സ്‌കൈലാബ് ഇന്ത്യാ മഹാസമുദത്തില്‍ പതിച്ചു. അന്നുതന്നെയായിരുന്നു ദേശായി സര്‍ക്കാര്‍ താഴെവീഴുന്നതും. അവ രണ്ടും കൂട്ടിച്ചേര്‍ത്ത് ആര്‍ട്ടിസ്റ്റ് കിത്തോ ‘മലയാള മനോരമ’ പത്രത്തിന്റെ ആദ്യ പേജിനുള്ള ചിത്രം തയ്യാറാക്കി. അത് ഗംഭീരമാകുകയും ചെയ്തു. ആ ദിവസത്തെ പത്രം മനോരമയുടെ ചരിത്രത്തില്‍ ഇടം നേടുകതന്നെ ചെയ്തു. അതോടെ ആര്‍ട്ടിസ് കിത്തോ മാധ്യമരംഗത്തും ശ്രദ്ധേയനായിത്തീര്‍ന്നു. ‘മാതൃഭൂമി’ പത്രത്തിനുവേണ്ടിയും അക്കാലത്ത് പ്രധാനവാര്‍ത്തയുടെ തലക്കെട്ടുകള്‍ ഇദ്ദേഹം വരച്ചിട്ടുണ്ട്.

അക്കാലത്ത് സിനിമാബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കൂടിയാണ് പ്രേംനസീറിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങിയിരുന്ന ‘ചിത്രപൗര്‍ണമി’ എന്ന സിനിമാ വാരികയുടെ ഉടമസ്ഥാവകാശം കോഴിക്കോട്ടുകാരന്‍ രാമചന്ദ്രനില്‍ നിന്നു കിത്തോ വാങ്ങിയത്. കലൂര്‍ ഡെന്നീസായിരുന്നു എഡിറ്റര്‍. സെബാസ്റ്റ്യന്‍ പോള്‍, പീറ്റര്‍ലാല്‍, ജോണ്‍ പോള്‍, എ.ആര്‍ മുകേഷ്… ഇങ്ങനെ പ്രഗത്ഭരായ പലരും വാരികയ്ക്കു പിന്നില്‍ അണിനിരന്നിരുന്നു. അതിനു ഫലമുണ്ടായി. ഒട്ടേറെ സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ ചിത്രപൗര്‍ണമിയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. അവരില്‍ പലരും സിനിമാ രംഗത്തേക്കു കടന്നു. ജോണ്‍ പോളും കലൂര്‍ ഡെന്നീസും എ.ആര്‍ മുകേഷുമൊക്കെ തിരക്കഥാകൃത്തുക്കളായി.

സന്ദര്‍ഭവശാല്‍ പറയട്ടെ, ഇതെഴുതുന്ന ഞാനും സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള താല്പര്യത്താല്‍ കിത്തോയുടെ ശിഷ്യനായി കൂടിയവനാണ്. എന്നാല്‍ സിനിമാമേഖലയിലേക്ക് വിടാതെ പത്രപ്രവര്‍ത്തനരംഗത്തേക്കാണ് എന്നെ പറഞ്ഞുവിട്ടത്. അദ്ദേഹം വഴിയാണ് ഞാന്‍ കേരള ടൈംസില്‍ എത്തിയത്.

പരസ്യകലയോടൊപ്പം കഥകളും എഴുതിയിട്ടുണ്ട് കിത്തോ. മോഹന്‍ സംവിധാനംചെയ്ത ‘ആലോലം’ എന്ന സിനിമയുടെ കഥ കിത്തോയുടേതാണ്. സിനിമാ സംവിധായകനാകണമെന്ന മോഹത്തില്‍ ചില നിര്‍മ്മാതാക്കളെ സമീപിക്കാനൊരുങ്ങി. തന്നെ വിശ്വസിച്ച് വല്ലവരും പണം മുടക്കിയിട്ട് സംഗതി വിജയിച്ചില്ലെങ്കിലോ? ഈ ചോദ്യം വല്ലാതെ അലട്ടി. ആ അവസരത്തിലാണ് സത്യന്‍ അന്തിക്കാടിനെക്കൊണ്ടോ കമലിനെക്കൊണ്ടോ സംവിധാനം ചെയ്യിപ്പിച്ചാല്‍ വിതരണത്തിന് താന്‍ എടുത്തുകൊള്ളാമെന്ന് കെ.ടി കുഞ്ഞുമോന്‍ പറയുന്നത്.

പിന്നെ ഒന്നും നോക്കിയില്ല. കമലിനെക്കൊണ്ട് കിത്തോ തന്റെ ആദ്യത്തേയും അവസാനത്തേയും സിനിമ – ‘ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്സ്’ സംവിധാനം ചെയ്യിപ്പിച്ചു. അതിന്റെ നിര്‍മ്മാതാവായി.

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പതുക്കെ അകന്ന കിത്തോ ആധ്യാത്മികജീവിതത്തിലേക്കു തിരിഞ്ഞു. പൂര്‍ണമായും വചനപ്രഘോഷണരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പോട്ട ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കനാംപറമ്പിലിന്റെ ‘വചനോത്സവം’ മാസികയുടെ ചീഫ് ആര്‍ട്ടിസ്റ്റായി. എറണാകുളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ട്രസ്റ്റ് മെംബറായിരുന്നു. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമുള്ള പല പള്ളികളുടെ അള്‍ത്താരയിലും മറ്റുമായി ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട് കിത്തോ.

ഇദ്ദേഹത്തിന്റെ ഇളയ മകന്‍ കമല്‍ ഇപ്പോള്‍ കലാരംഗത്തുണ്ട്. മൂത്ത മകന്‍ അനില്‍ ദുബായില്‍ ജോലി ചെയ്യുന്നു. ഭാര്യ ലില്ലിയോടും മകന്റെ കുടുംബത്തോടുമൊപ്പം കലൂര്‍ വട്ടക്കാട്ടു റോഡിനടുത്തുള്ള വീട്ടില്‍ ആര്‍ട്ടിസ്റ്റ് കിത്തോ വിശ്രമജീവിതം നയിക്കുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
catholickerala timeskitholatin

Related Articles

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

വൈദീകന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍

ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍  വൈദീകനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ.സന്തോഷ് ചേപാത്തിനി (62) ആണ് കൊല്ലപ്പെട്ടത്. ആന്മഹത്യയാണോ, കൊലപാതകമാണോ

മുൻ കേന്ദ്രമന്ത്രി ഡോ. ഹെൻറി ഓസ്റ്റിൻ 10-ാം അനുസ്മരണ സമ്മേളനം നടത്തി

മുൻ കേന്ദ്ര മന്ത്രി ഡോ. ഹെൻറി ഓസ്റ്റിനിന്റെ 10-ാം അനുസ്മരണ സമ്മേളനം കൊച്ചയിൽ എ. കെ. ആന്റണി ഉദ്‌ഘാടനം ചെയ്തു. ദേശീയ രാഷ്ട്രീയത്തിലും നയതന്ത്രത്തിലും പകരം വെക്കുവാൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*