Breaking News

ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം

ചിന്താകലാപങ്ങള്‍ ജോണ്‍ ഓച്ചന്തുരുത്തിന് നൈവേദ്യാര്‍പ്പണം

വലുതും ചെറുതമായ ഒരുപിടി കുറിപ്പുകളുടെ സമാഹരണമാണ് ‘പള്ളീം പട്ടക്കാരനും’ എന്ന ഈ ഗ്രന്ഥം. വളരെ ആഴത്തില്‍ അര്‍ഥഗരിമ പേറുന്ന ലഘുകുറിപ്പുകള്‍ ഇക്കൂട്ടത്തിലുണ്ട്; അത്രതന്നെ കനം തോന്നാത്ത ദീര്‍ഘകുറിപ്പുകളും. ഈ ഉള്ളടക്കപ്രകൃതം നേരേ മറിച്ചും കണ്ടെത്താനാകും. വ്യക്തിചിത്രങ്ങളും ചിന്താസൂചികകളും വിവാദവരമ്പിലൂടെയുള്ള വാദമുഖങ്ങളും സാമാന്യനിരീക്ഷണങ്ങളും നിലപാടു വിശദീകരണങ്ങളും പൊതു അവലോകനങ്ങളും വിഷയപുരാവൃത്തപരിധിയില്‍ കൃത്യതയോടെ ഇടചേരുന്ന സാമ്പ്രദായിക ഉപന്യാസങ്ങളും ചായ്‌വ്ശാഠ്യത്തിന്റെ എരിവുവീര്യം തേമ്പുന്ന അനുമാനങ്ങളും എല്ലാം ഇതിലടങ്ങുന്നു. വിഷയക്രമത്തിലോ അല്ലാതെയോ അവയെ പര്‍വങ്ങളായി നിബന്ധിച്ചുകൊണ്ടുള്ള ഒരു പുനര്‍ഘടന ഈ സമാഹാരത്തിന് കൂടുതല്‍ വായനാപരത നല്കുമായിരുന്നു.
വ്യക്തിപരമായി എനിക്കേറ്റവും പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു ജോണ്‍ ഓച്ചന്തുരുത്ത്. എഴുത്തുജീവിതത്തിന്റെ ആദ്യപാദത്തില്‍ തിരുത്തല്‍സ്വാധീനമായി എന്നില്‍ വര്‍ഷിച്ച സ്‌നേഹവാത്സല്യങ്ങളുടെ ഉറവയായിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ ‘അടിവേരുകള്‍'(1992) എന്ന ഗ്രന്ഥത്തിലെ നിരീക്ഷണങ്ങളോട് അനുപാതപ്പെടുത്തിയാണ് ഡോ. പ്രീമൂസ് പെരിഞ്ചേരി ഈ സമാഹാരത്തിലെ ആദ്യലേഖനമായ ‘അടിവേരുകള്‍ തിരയുമ്പോള്‍’ എന്ന കുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ജോണ്‍ ഗ്രന്ഥരചനയില്‍ പ്രമുഖപ്രധാനമായി അവലംബിക്കുന്ന നിലപാടുകളും വിശ്വാസബോധ്യങ്ങളുമായി സ്വാഭാവികമായും അനിവാര്യമായും ഈ ലേഖനമടക്കുമുള്ള പല കുറിപ്പുകളിലെയും പ്രതിപാദനവും വാദചായ്‌വുകളും അനുപാതപ്പെട്ടുകിടക്കുന്നു. അതിനാല്‍, ജോണിന്റെ ചിന്താപാതയെയും പ്രകൃതത്തെയും പിന്‍പറ്റിക്കൊണ്ടുതന്നെ തന്റെ നിരീക്ഷണങ്ങള്‍ ഡോ. പ്രീമൂസ് അവതരിപ്പിച്ചിരിക്കുന്നു.
വിശദമായ ഒരു വിചാരണയോ പുനര്‍വായനയോ ഈ ചെറിയ മുന്‍മൊഴിയില്‍ പ്രസക്തമല്ല; അതിനായി ആഴത്തിലിറങ്ങി അപഗ്രഥിച്ച് സത്യമേതെന്നു വ്യവച്ഛേദിച്ചു ചൂണ്ടിക്കാട്ടാനുള്ള ചരിത്രജ്ഞാനമോ ഗവേഷണമനസ്സോ എനിക്കൊട്ടില്ലതാനും. അവകാശപ്പെടാനുള്ളത്, വാദമുഖത്തിന്റെ ഇരുപക്ഷങ്ങളോടും വിധേയത്വം പുലര്‍ത്താത്ത ഒരന്വേഷിയുടെ യഥാര്‍ഥത്തില്‍ യഥാര്‍ഥത്തിന്റെ നേര്‍ക്കുള്ള അഭിവാഞ്ഛ മാത്രമാണ്.
ജോണ്‍ ഓച്ചന്തുരുത്തിന്റെ സ്മരണാര്‍ഥം രൂപംകൊണ്ടിട്ടുള്ള ‘ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാദമി ഓഫ് ഹിസ്റ്ററി (ഖഛങഅഒ)യുടെ ഡയറക്ടറും കെആര്‍എല്‍സിസിയുടെ ഔദ്യോഗിക പ്രസാധനവിഭാഗമായ അയിന്‍ പബ്ലിക്കേഷന്‍സിന്റെ ഡയറക്ടറുമായ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പിലിന്റെ ഉത്സാഹത്തിലും പിന്‍ബലത്തിലുമാണ് ഡോ. പ്രീമൂസിന്റെ ഈ സമാഹാരം ഇവ്വിധം പ്രകാശിതമാകുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടുകൂടി എന്റെ മുന്‍മൊഴിചിന്തകള്‍ ജോണിനെ ചുറ്റിപ്പറ്റിയാകുന്നു.
മലയാളത്തിന്റെ വൈയാകരണഗുരു എന്ന് കാലം വിശേഷിപ്പിക്കുന്ന പണ്ഡിതാചാര്യനാണ് സി.എല്‍.ആന്റണി മാസ്റ്റര്‍. അദ്ദേഹം ഒരു പതിറ്റാണ്ടുകാലത്തോളം നടത്തിയ സഗൗരവമായ പഠനനിരീക്ഷണങ്ങളുടെ തുടര്‍ച്ചയില്‍ ഒരു ചരിത്രഗ്രന്ഥമെഴുതി. ക്രിസ്തുശിഷ്യനായ സെന്റ് തോമസ്, കേരളക്കരയില്‍ എ.ഡി. ആദ്യശതകത്തില്‍ വന്നുവെന്നതിനെ ചോദ്യം ചെയ്തുകൊണ്ടും മൈലാപ്പൂരില്‍ അദ്ദേഹം വരിച്ചതായി വിശ്വസിക്കപ്പെടുന്ന രക്തസാക്ഷിത്വം വിശ്വാസഭാവനാസൃഷ്ടമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുമുള്ള വാദമുഖങ്ങളാണ് ആന്റണി മാസ്റ്ററുടെ ഗ്രന്ഥത്തിലുണ്ടായിരുന്നത്. അദ്ദേഹം ഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി സുഹൃത്തുകൂടിയായിരുന്ന ജോസഫ് പാറേക്കാട്ടില്‍ പിതാവിനു വായിക്കാന്‍ കൊടുത്തു. അദ്ദേഹമതു സശ്രദ്ധം വായിച്ചു. പിന്നീട് അവര്‍ തമ്മില്‍ കണ്ടപ്പോള്‍ പിതാവ് ഇപ്രകാരം പറഞ്ഞു:
‘മാഷേ, അങ്ങയെപ്പോലെ തലമുറകളുടെ വിശ്വാസ്യത നേടിയിട്ടുള്ള ഒരു ശ്രേഷ്ഠപണ്ഡിതന്‍ കാര്യകാരണന്യായങ്ങളോടെ സമര്‍ഥിക്കുമ്പോള്‍, പത്തിരുപതു നൂറ്റാണ്ടിനടുത്തായി തോമസ് ശ്ലീഹായുടെ ഇന്ത്യന്‍പര്‍വത്തിന്റെയും അതിലധിഷ്ഠിതമായി വളര്‍ന്നുവന്ന ഇവിടത്തെ ക്രൈസ്തവമതപാരമ്പര്യത്തിന്റെയും മേലുള്ള ബോധ്യത്തില്‍ അത് ആശയക്കുഴപ്പത്തിന്റെ വിള്ളലുകള്‍ തീര്‍ക്കും. വിശ്വാസവഴി ഉപേക്ഷിച്ച് അവര്‍ അങ്ങയുടെ അനുമാനത്തോട് ചേര്‍ന്നുനില്ക്കാന്‍ തയ്യാറായില്ലെങ്കില്‍ക്കൂടിയും, അത് ഒരു വലിയപക്ഷം വരുന്ന വിശ്വാസിസമൂഹത്തില്‍ സൃഷ്ടിക്കുന്ന വൈകാരികവും ചിന്താപരവും വിശ്വാസാശ്രയപരവുമായ ഉലച്ചിലുകളും ആഘാതവും ഒട്ടും ചെറുതാവില്ല. അഭ്യസ്തവിദ്യനായ അങ്ങയോട് ഞാനതിന്റെ വരുംവരായ്കകള്‍ വിസ്തരിക്കേണ്ടതില്ല’.
ഒരു നിമിഷം ചിന്താധീനനായി ഇരുന്നശേഷം ആന്റണി മാഷ് നിഷ്‌കളങ്കത സ്ഫുരിക്കുന്ന തന്റെ സ്വതഃസിദ്ധമായ ചിരി ചിരിച്ചുകൊണ്ട് കൈയെഴുത്തുപ്രതി തിരിയെ വാങ്ങി. പിന്നെ മെല്ലെ പറഞ്ഞു:
‘വെളിപ്പെട്ടുകിട്ടുന്നിടത്തോളം കണ്ടെത്തലുകളാണ് എപ്പോഴും ചരിത്രത്തിന് അവലംബം. ആ കണ്ടെത്തലുകള്‍ക്കപ്പുറം ഇനിയും വെളിപ്പെട്ടുവരാത്ത ശകലങ്ങള്‍ പലതുമുണ്ടാകാം. അവകൂടി ചേര്‍ന്നേ യഥാര്‍ഥസത്യം തെളിഞ്ഞുകിട്ടൂ. അതുവരെ അത്, കണ്ടെത്തിയിടത്തോളം വസ്തുതകളുടെ പിന്‍ബലത്തിലെത്തിച്ചേരുന്ന നിഗമനങ്ങളാണ്. ചരിത്രം, എഴുതപ്പെട്ട, എഴുതപ്പെടുന്ന ചരിത്രം, എഴുതപ്പെടാനിരിക്കുന്ന ചരിത്രസാധ്യതകളെക്കൂടി പരിഗണിക്കുമ്പോള്‍ ആപേക്ഷികം മാത്രം എന്നു പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.
‘സെന്റ് തോമസ് ഇവിടെ വന്നുവെന്ന് തര്‍ക്കരഹിതമായി തെളിയിക്കാനാവില്ല എന്ന എന്റെ കണ്ടെത്തലില്‍ ഞാന്‍ ഉറച്ചുനില്ക്കുന്നു. എന്നാല്‍ അതിനൊരു മറുവശം കൂടിയുണ്ടെന്നും ഞാനറിയുന്നു. സെന്റ് തോമസ് ഇവിടെ വന്നിട്ടില്ല എന്ന് തറപ്പിച്ചുറുപ്പിച്ചു പറയാനും കഴിയില്ല എന്നതാണത്. രണ്ടു സാധ്യതകളില്‍ ഓരോന്നും മുന്‍തൂക്കം നേടുന്നത് അവയ്ക്ക് ഉപോല്‍ബലകമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന വാദമുഖങ്ങളുടെ ഏറ്റക്കുറച്ചിലുകളിലൂടെയുമാണ്.
‘ഒരു സങ്കല്പത്തെ അങ്ങനെ തച്ചുടച്ച്, വൈകാരികമായ ആഘാതം ഒരു വലിയ വിഭാഗത്തിനു തീര്‍ക്കണമെന്ന ശാഠ്യം എനിക്കില്ല… അങ്ങയുടെ വികാരം ഞാനുള്‍ക്കൊള്ളുന്നു…’
ഒരക്ഷരം കൂടുതല്‍ പറയാതെ ആന്റണി മാഷ് ആ കൈയെഴുത്തുപ്രതി ചന്നംപിന്നം കീറി അവിടത്തെ ചവറ്റുകൊട്ടയിലുപേക്ഷിച്ചു. അപ്പോഴും ആ മുഖത്ത് ദൈവികനിഷ്‌കളങ്കതയുടെ അഭൗമമായ ചൈതന്യം പ്രസരിക്കുന്ന, പ്രസരിപ്പിക്കുന്ന നിഷ്‌കളങ്കതയുടെ ആ പുഞ്ചിരിയുണ്ടായിരുന്നു.’
ഈ പുരാവൃത്തം ഞാനറിയുന്നത് ജോണ്‍ ഓച്ചന്തുരുത്ത് പറഞ്ഞിട്ടാണ്. മറൈന്‍ ഡ്രൈവ് ഉയിരെടുക്കുന്നതിനുമുമ്പുള്ള എറണാകുളത്തെ ഷണ്‍മുഖം റോഡിലെ പാരപ്പറ്റിലിരുന്ന് ഇറക്കത്തെ മൂപ്പന്റെ കടയില്‍നിന്ന് വാഴയിലക്കുമ്പിളില്‍ വാങ്ങിയ നെയ്യില്‍ വറുത്ത പഴംനുറുക്ക് നുണഞ്ഞുകൊണ്ട് സുകുമാര്‍ അഴീക്കോട് മാഷിന്റെ ദത്തശ്രദ്ധമായ മുഖത്തുനോക്കി ജോണ്‍ ഇതു വിസ്തരിക്കുമ്പോള്‍ ഞാനുമുണ്ടായിരുന്നു കൂടെ.
അഴീക്കോട് മാഷ് എറണാകുളത്തു വരുമ്പോള്‍ സാഹിത്യ ചങ്ങാതിക്കൂട്ടം വിട്ടാല്‍ പിന്നുള്ള നാഴികകളിലെ ലോക്കല്‍ ഗാര്‍ഡിയന്‍ ജോണ്‍ ഓച്ചന്തുരുത്തായിരുന്നു. വലിയ ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. ജോണ്‍ അന്ന് താമസിച്ചിരുന്നത് എറണാകുളത്തെ മാര്‍ക്കറ്റ് റോഡില്‍ ഏഷ്യാറ്റിക് ഡിസ്‌പെന്‍സറിക്ക് എതിര്‍വശത്തായുള്ള ഹോട്ടലിന്റെ മരഗോവണി കയറി മുകളില്‍ ചെന്നാലുള്ള മരപ്പലകകൊണ്ടു പകുത്ത ഒരു മുറിയിലാണ്. അഴീക്കോട് മാഷിനെ ഞാനാദ്യം പരിചയപ്പെടുന്നതും അവിടെ വച്ചാണ്.
ജോണ്‍ ഓച്ചന്തുരുത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും പ്രധാന സവിശേഷത, യോജിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം എന്നും നിര്‍ബാധം സ്വയം പുലര്‍ത്തുകയും എതിര്‍മുഖത്തുള്ളവര്‍ക്ക് അതേ മനസ്സോടെ അതനുവദിക്കുകയും ചെയ്തിരുന്നു എന്നതാണ്. എഴുത്തുവഴിയിലും അതേ; ചരിത്രാന്വേഷണപാതയിലും അതേ.
അതേ സ്വാതന്ത്ര്യം കവചമായണിഞ്ഞുകൊണ്ടുതന്നെ ഞാന്‍ ഡോ. പ്രീമൂസിന്റെ ചിന്താലോകത്തെയും പ്രകൃതത്തെയും വെളിപ്പെടുത്തുന്ന ഈ സമാഹാരത്തിലേക്കു വായനാസമൂഹത്തെ ആദരപൂര്‍വം സ്വാഗതം ചെയ്യുന്നു.
വര്‍ഷങ്ങളായി ഡോ. പ്രീമൂസിനെ എനിക്കറിയാം; അറിയാമെന്നേ പറയാനാകൂ. അടുത്തറിയാം എന്നവകാശപ്പെടാനാവില്ല. അതങ്ങനെ പരിമിതപ്പെട്ടത് പ്രധാനമായും ഇടപഴകുമ്പോള്‍ ഉള്‍വലിഞ്ഞ് മന്ദതുടിയിലേക്കു പരുങ്ങി പതുങ്ങുന്ന അദ്ദേഹത്തിന്റെ പ്രകൃതത്തിലെ സങ്കോചത്താലാണ്.
ഒരുപാട് കാര്യങ്ങളില്‍ ശക്തമായ സ്വന്തം നിലപാടുകള്‍ ഉള്ള ആളാണ് ഡോ. പ്രീമൂസ്. സ്വന്തം വിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള നിരീക്ഷണങ്ങളാണ് അദ്ദേഹത്തിന്റേത്. അവ പ്രകടിപ്പിക്കുമ്പോള്‍ പൊതുപ്രകൃതത്തിലെ സങ്കോചം കാണുന്നില്ല. തീവ്രതീക്ഷ്ണമായിത്തന്നെ അദ്ദേഹം വാദിക്കുന്നു. ഈ സമാഹാരത്തില്‍ പലയിടത്തും അതിന്റെ എരിവുവീര്യം കാണാം. അതിനുള്ള സ്വാതന്ത്ര്യം, നിര്‍ബാധം, യഥേഷ്ടം ഗ്രന്ഥകാരനുണ്ടെന്ന അറിവുബോധ്യത്തോടെ അതേ സ്വാതന്ത്ര്യം അതേ അളവില്‍ സ്വീകര്‍ത്താവായ വായനക്കാരനുമുണ്ട് എന്ന യാഥാര്‍ഥ്യപരിപക്വതയോടെതന്നെ ഡോ. പ്രീമൂസിന്റെ ചിന്തകളുടെ ലോകം ഞാന്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നു.
വിയോജിപ്പുകളിലൂടെയേ ചരിത്രം കൂടുതല്‍ അര്‍ഥശ്രൂതി നേടിയിട്ടുള്ളൂ. യോജിപ്പും വിയോജിപ്പും ഒന്നുപോലെ ആസ്വാദനത്തിന് സ്വീ’കര്‍ത്തൃ’സ്ഥാനം പതിച്ചുനല്കുന്നു. ചരിത്രം ആപേക്ഷികമാകുന്നത് കൂടുതല്‍ കൂടുതല്‍ സത്യത്തെ ആശ്ലേഷിക്കാനുള്ള അതിന്റെ നിതാന്തമായ ദാഹത്തിന്റെ പേരിലാണെന്ന് ഓതിത്തരുന്നു, കാലം!
ജോണ്‍ ഓച്ചന്തുരുത്തിന്റെ സ്‌നേഹോഷ്മളമായ ഓര്‍മകള്‍ക്കുമുമ്പിലുള്ള നൈവേദ്യാര്‍പ്പണമാകട്ടെ ചിന്താകലാപങ്ങള്‍!
(പുസ്തകത്തിന്റെ ആമുഖത്തില്‍നിന്ന്)


Related Articles

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന്

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍: ധീരതയോടെ നടന്നുപോയൊരാള്‍

പറയുന്നതും എഴുതുന്നതും കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം. ജീവിതത്തില്‍ ഇതിനായി വാശി പിടിച്ച നോവലിസ്റ്റും കഥാകൃത്തും ചരിത്രകാരനുമായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ വിടവാങ്ങി. എന്റെ ബൗദ്ധിക ശേഷിക്ക് നിരക്കാത്തതിനെ എതിര്‍ക്കുക എന്നത്

ബോട്ടപകടങ്ങൾ ആവർത്തിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

മുനമ്പം ബോട്ടപകടത്തിൽ ഇനിയും കണ്ടുകിട്ടാനുള്ളവർക്കായി സത്വരമായ നടപടികൾ കൈക്കൊള്ളണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അധികാരികളോട് അഭ്യർത്ഥിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*