ചിന്താധാരകളിലെ വ്യത്യസ്തത

പുരാതന ക്രൈസ്തവ സഭയിലെ രണ്ടു ദൈവശാസ്ത്ര കേന്ദ്രങ്ങളായിരുന്നു അലക്സാണ്ട്രിയയും അന്ത്യോക്യയും. ദൈവശാസ്ത്രം സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടന്ന ആദ്യനൂറ്റാണ്ടുകളില്‍ സാരമായ അഭിപ്രായവ്യത്യാസങ്ങള്‍ രണ്ടു വിഭാഗങ്ങളും തമ്മില്‍ ഉണ്ടായിരുന്നു.
ഗ്രീസിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്ന അന്ത്യോക്യ റോമന്‍ സാമ്രാജ്യത്തിലെ മൂന്നാമത്തെ വലിയ നഗരവുമായിരുന്നു. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ച നഗരമായിരുന്നു അലക്സാണ്ട്രിയ. ക്രിസ്തുശാസ്ത്രമായിരുന്നു രണ്ടു ചിന്താധാരകളുടെയും പ്രധാന ചര്‍ച്ച. ദൈവികവും മാനുഷികവുമായ കര്‍മങ്ങളെല്ലാം ക്രിസ്തുവിന്റെ പ്രവര്‍ത്തികളാണെന്നായിരുന്നു അന്ത്യോക്യന്‍ വാദക്കാര്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ചത്. യേശു മനുഷ്യനും ദൈവവുമാണ്. മനുഷ്യത്വത്തിലൂടെ ദൈവം എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതിലായിരുന്നു അവരുടെ ഊന്നല്‍. ചരിത്രത്തില്‍ ജീവിച്ച മനുഷ്യനില്‍ നിന്ന് ദൈവത്വത്തിലേക്ക് ഉയരുന്ന യേശുവിനെ അടിസ്ഥാനമാക്കി ഒരു ക്രിസ്തുശാസ്ത്രത്തിന് രൂപം നല്‍കാനായിരുന്നു അവരുടെ ശ്രമം. അരിസ്റ്റോട്ടിലിന്റെ തത്വചിന്തയോട് കൂടുതല്‍ താല്പര്യം കാണിച്ചവരായിരുന്നു അന്ത്യോക്യക്കാര്.
വിശുദ്ധഗ്രന്ഥത്തിലെ വാച്യാര്‍ത്ഥത്തിനു പുറമെ ഗൂഢാര്ത്ഥങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ശ്രമമാണ് അലക്സാണ്ട്രിയന് വിഭാഗക്കാര്‍ നടത്തിയിരുന്നത്. വചനങ്ങളിലെ വ്യംഗ്യാര്‍ത്ഥങ്ങള്‍ പലതും അവര്‍ വ്യാഖ്യാനിച്ചു. എല്ലാ ഗുണവിശേഷങ്ങളും വചനത്തില്‍ (ലോഗോസ്) അധിഷ്ഠിതമാണെന്ന് അവര്‍ വാദിച്ചു. വചനമെന്നാല്‍ ത്രിത്വത്തിലെ രണ്ടാമത്തെയാളായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. വചനം മാംസമായി നമ്മുടെ ഇടയില്‍ ഇറങ്ങിവന്നുവെന്ന യോഹന്നാന്റെ വാക്കുകള്‍ക്ക് അവര്‍ പ്രാധാന്യം നല്കി. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തിനാണ് അലക്സാണ്ട്രിയന് വിഭാഗം ഊന്നല്‍ നല്‍കിയത്.
അഞ്ചാം നൂറ്റാണ്ടിലെ സഭാപ്രവര്‍ത്തനങ്ങളില്‍ രണ്ടു ക്രിസ്തുശാസ്ത്രങ്ങളും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു വിഭാഗങ്ങളിലും പ്രശസ്തരും പ്രഗത്ഭരുമായ പണ്ഡിതന്മാര് ഉണ്ടായിരുന്നു. രണ്ടു നഗരങ്ങളെ പ്രതിനിധീകരിച്ചിരുന്ന പണ്ഡിതശ്രേഷ്ഠന്മാരായിരുന്നു സിറിളും, നെസ്തോറിയനും. സിറിള്‍ അലക്സാണ്ട്രിയപക്ഷക്കാരനും, നെസ്തോറിയന്‍ അന്ത്യോക്യവിഭാഗക്കാരനുമായിരുന്നു.
പരിശുദ്ധ കന്യകാമാതാവിനെ ദൈവത്തിന്റെ അമ്മ എന്നു വിളിക്കുന്നത് ശരിയല്ലെന്നായിരുന്നു നെസ്തോറിയന്റെ വാദം. ക്രിസ്തുവിന്റെ അമ്മ എന്ന് വിളിക്കാമെന്ന് തന്റെ ചിന്താധാരകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹവും അനുയായികളും പ്രചരിപ്പിച്ചു. സിറിള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. 429ല്‍ സിറിളും നെസ്തോറിയനും അന്നത്തെ പാപ്പായായിരുന്ന സെലസ്റ്റിന്‍ തങ്ങളുടെ വാദഗതികള്‍ സംബന്ധിച്ച് കത്തയച്ചു. യഥാര്‍ത്ഥത്തില്‍ എതിര്വിഭാഗത്തിനെതിരെയുള്ള പരാതിയാണ് അവര്‍ പാപ്പായെ ബോധിപ്പിക്കുവാന്‍ ശ്രമിച്ചത്.
തൊട്ടടുത്ത വര്‍ഷം റോമില്‍ ചേര്‍ന്ന സിനഡിന്റെ പ്രധാന വിഷയം ഈ രണ്ടു ചിന്താധാരകളെ സംബന്ധിച്ച തര്‍ക്കമായിരുന്നു. ദീര്‍ഘകാലം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സിറിളിന്റേത് സത്യപ്രബോധനമായും നെസ്തോറിയന്റേത് പാഷണ്ഡതയായും വിധിയെഴുതപ്പെട്ടു. പാത്രിയാര്‍ക്കീസായിരുന്ന നെസ്തോറിയന്റെ പട്ടം എടുത്തുകളയുകയും സാധാരണ അല്മായന്റെ തലത്തിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തുകയും ചെയ്തു.
-ബി എസ് മതിലകം
Related
Related Articles
ദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം
ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നല്ലോ ദാവീദ്. ആദ്യരാജാവായ സാവൂളിന്റെ അടുത്ത അനുചരനായിരുന്നു ദാവീദെങ്കിലും ദാവീദിന്റെ ജനപ്രീതികണ്ട് അസൂയമൂത്ത സാവൂള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. സാവൂളിന്റെ കരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍
ഇതത്ര ചെറിയ പുഷ്പമല്ല
ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം
ആരുമറിയാതെ കടന്നുപോയി നമ്മുടെ മാതൃഭാഷാദിനം
ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി സമാചരിച്ചുവരികയാണ്. സ്വത്വാവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പിറന്നാളാണ് മാതൃഭാഷാദിനം. ആത്മാവിന്റെ ഭാഷയെ മൂര്‍ത്തമാക്കുന്ന മാതൃഭാഷാദിനാചരണം എന്നാല്‍, മലയാളിക്ക് വേണ്ടെങ്കിലോ? വൈദേശികമായെന്തും മെച്ചപ്പെട്ടതാണെന്ന മലയാളികളുടെ മിഥ്യാധാരണയ്ക്ക് എന്ന് അറുതിയുണ്ടാകും?