Breaking News

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ചിരിച്ചുകൊണ്ടും കൊല്ലും JOKER

ഓസ്‌ട്രേലിയന്‍ വംശജനായ ഹോളിവുഡ് നടന്‍ ഹീത്ത് ലെഡ്ജര്‍ അനശ്വരമാക്കിയ കഥാപാത്രമാണ് ഡാര്‍ക്ക്‌നൈറ്റിലെ (ബാറ്റ്മാന്‍ സിനിമ) ജോക്കര്‍. അധികമാരും അറിയപ്പെടാതിരുന്ന ഹീത്ത് ലെഡ്ജര്‍ ബാറ്റ്മാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. ഓസ്‌കര്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ജോക്കറിനെ അവതരിപ്പിച്ചതിലൂടെ ലെഡ്ജറെ തേടിയെത്തിയിരുന്നു. പക്ഷേ അതൊന്നും സ്വീകരിക്കാനോ ലോകം തനിക്കുമുന്നില്‍ ആദരവോടെ നില്‍ക്കുന്നതു കാണാനോ ഉള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ബാറ്റ്മാന്‍ സിനിമ റിലീസ് ചെയ്യുന്നതിന് മാസങ്ങള്‍ക്കുമുമ്പേ അമിതമായി മരുന്നുകഴിച്ച് അദ്ദേഹം ജീവന്‍ വെടിയുകയായിരുന്നു. 28 വയസേ അദ്ദേഹത്തിനപ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ. ഏറ്റവും നല്ല വില്ലന്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ജോക്കറിന്റെ വേഷം വര്‍ഷങ്ങള്‍ക്കുമുമ്പേ ചെയ്ത പ്രശസ്ത താരം ജാക്ക് നിക്കോള്‍സനാണ്.
ടോഡ് ഫിലിപ്‌സിന്റെ ജോക്കര്‍ എന്ന ചിത്രം ഹീത്ത് ലെഡ്ജറിനുള്ള മധുരസ്മരണയാണ്. ഇത്തവണ ജോക്കറാകാന്‍ ഭാഗ്യം ലഭിച്ചത് വാക്കിന്‍ ഫിനിക്‌സിന്.
പ്രത്യേകതരം മാനസിക വിഭ്രാന്തിയുള്ള (വ്യക്തിത്വവൈകല്യം) ആര്‍തര്‍ ഫ്‌ളെക്ക് സാങ്കല്പിക നഗരമായ ഗോഥമില്‍ കോമാളിവേഷം കെട്ടി ജനത്തെ രസിപ്പിക്കുകയും അതുവഴി ഉപജീവനം തേടുകയുമാണ്. സ്യൂഡോബുള്‍ബാര്‍ (Pseudobulbar affect) എന്ന പ്രത്യേകതരം ചിരി അസുഖവുമുണ്ട് അയാള്‍ക്ക്. ചുമ നിയന്ത്രിക്കാന്‍ കഴിയാത്ത ഒരാളെപ്പോലെ ആര്‍തറിനും തന്റെ ചിരി നിയന്ത്രിക്കാന്‍ കഴിയില്ല. ചിലപ്പോഴയാള്‍ തൊണ്ടപൊട്ടുമാറ് ചിരിച്ച് കുഴയും. ചിരിയുടെ അസുഖത്തെക്കുറിച്ച് അറിയാത്തവര്‍ അയാളെ വെറുപ്പോടെ വീക്ഷിക്കും. സിനിമയില്‍ ബസ് യാത്രക്കിടെ ഒരു കുഞ്ഞിനെ രസിപ്പിക്കാന്‍ ആര്‍തര്‍ ശ്രമിക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മ അയാളോട് ദേഷ്യപ്പെടുന്നുണ്ട്. രോഗിയാണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് പലപ്പോഴുമയാള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നത്.
ലോകത്തില്‍ അയാള്‍ക്ക് അമ്മ മാത്രമേ ഉളളൂ. തൊഴിലിടത്തില്‍പോലും സുഹൃത്തുക്കളില്ല. അയാളെ പരിഹസിക്കുകയും തരംകിട്ടിയാല്‍ ഉപദ്രവിക്കുകയും ചെയ്യുന്നവരാണ് ചുറ്റുമുള്ളവര്‍. അടിച്ചമര്‍ത്തപ്പെട്ടവനില്‍നിന്നുള്ള മോചനം അതിക്രൂരനായ കൊലപാതകിയാക്കി കോമാളിവേഷക്കാരനെ മാറ്റുകയാണ്. ഡാര്‍ക്ക്‌നൈറ്റില്‍ ജോക്കറെ വിശേഷിപ്പിക്കുന്ന ഒരു വാക്യമുണ്ട്. ‘ചിലര്‍ കവര്‍ച്ച നടത്തുന്നത് പണത്തിനാണ്. മറ്റു ചിലര്‍ രസത്തിനുവേണ്ടിയും. ലോകം കത്തിയെരിയുന്നതു കാണാനാണ് അവര്‍ ആഗ്രഹിക്കുന്നത്’. ആര്‍തര്‍ ഫ്‌ളെക്ക് അത്തരത്തിലുള്ള ക്രൂരനായി മാറുന്നു. ഒരു ട്രെയിന്‍ യാത്രക്കിടെ സഹയാത്രികയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ ട്രെയിനിലുണ്ടായിരുന്ന ആര്‍തറിന്റെ ചിരിയസുഖത്തെക്കുറിച്ചറിയാതെ അയാളെ കഠിനമായി മര്‍ദിക്കുന്നു. തന്റെ സഹപ്രവര്‍ത്തകന്‍ നല്കിയ തോക്ക് ഉപയോഗിച്ച് യുവാക്കളെ ആര്‍തര്‍ വകവരുത്തുന്നതോടെ ലോകം കത്തിക്കാനുള്ള അയാളുടെ പ്രേരണകള്‍ക്ക് തുടക്കമാകുന്നു. തോക്ക് നല്കിയ സുഹൃത്തിനെയും പിന്നീടയാള്‍ കൊല്ലുന്നുണ്ട്.
പ്രശസ്തമായ ടിവിഷോയില്‍ ജോക്കറായി പ്രത്യക്ഷപ്പെടണമെന്ന ആര്‍തറിന്റെ സ്വപ്‌നം പൂവണിയുന്നു. പക്ഷേ അപ്പോഴേക്കും അയാളിലെ രൂപാന്തരീകരണം പൂര്‍ത്തിയായിരുന്നു. ലൈവ് ടിവിഷോയില്‍ ഹോസ്റ്റിനെ വകവരുത്തി ഗോഥം നഗരത്തില്‍ അയാള്‍ പോലുമറിയാതെ കലാപത്തിന് തിരികൊളുത്തുന്നു. നൂറുകണക്കിനു പേര്‍ കോമാളിവേഷമണിഞ്ഞ് തെരുവില്‍ അക്രമമഴിച്ചുവിടുമ്പോള്‍ കാറിന്റെ ബോണറ്റില്‍ കയറിനിന്ന് അയാള്‍ നൃത്തം ചവിട്ടുകയാണ്.
ബാറ്റ്മാന്‍ സിനിമയിലെ ജോക്കര്‍ കഥാപാത്രത്തിന്റെ ഫഌഷ്ബാക്കായാണ് പുതിയ സിനിമ വരുന്നതെങ്കിലും ബാറ്റ്മാന്‍ സിനിമയെപോലെ ജോക്കര്‍ കാണികളെ രസിപ്പിക്കുന്നില്ല. കടുത്ത ജീവിതയാഥാര്‍ഥ്യങ്ങളാണ് ജോക്കര്‍ പ്രേക്ഷകനിലേക്കു നീട്ടുന്നത്. അപ്പോള്‍ ഗോഥം നഗരം അയാഥാര്‍ഥ്യത്തിന്റെ കോമാളി മുഖംമൂടി അഴിച്ചെറിയുന്നു. സമൂഹം സൃഷ്ടിക്കുന്ന ധാരാളം നായകന്മാരെ സിനിമയില്‍ കണ്ടിട്ടുണ്ടെങ്കിലും ആര്‍തര്‍ ഫ്‌ളെക്ക് അവരില്‍നിന്ന് വേറിട്ടുനില്ക്കുന്നു. നായകനോടുള്ള ആരാധനയോ വില്ലനോടുള്ള വെറുപ്പോ അയാള്‍ സൃഷ്ടിക്കുന്നില്ല. പകരം ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിലേക്ക് കണ്ണോടിക്കാന്‍ അയാള്‍ നമ്മെ പ്രേരിപ്പിക്കുന്നു; അതുവഴി സഹതാപം അര്‍ഹിക്കുന്ന ഒരാളായി ആര്‍തര്‍ മാറുന്നു.
ജോക്കര്‍ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത വാക്കിന്‍ ഫിനിക്‌സിന്റെ അപാരഅഭിനയപ്രകടനമാണ്. ഏകാഭിനയ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് സിനിമ. ആര്‍തറിനെ സ്വയം ആവാഹിച്ചാണ് വാക്കിന്‍ ഫിനിക്‌സ് നിറഞ്ഞാടുന്നത്. ആര്‍തറിന്റെ മെലിഞ്ഞശരീരത്തിലേക്ക് കൂടുമാറാന്‍ അയാള്‍ 25 കിലോ ഭാരം കുറച്ചിരുന്നു എന്നത് പിന്നാമ്പുറക്കഥ. ഹോളിവുഡില്‍ നിന്ന് വല്ലപ്പോഴും പ്രതീക്ഷിക്കാവുന്ന നല്ല സിനിമകളുടെ കൂട്ടത്തില്‍ ജോക്കറിനും സ്ഥാനമുണ്ട്.
മാനസിക വൈകല്യമുള്ളവരുടെ ക്രൂരതകള്‍ക്ക് പലപ്പോഴും അറുതിയുണ്ടാകില്ല. ജോക്കര്‍ സിനിമയിലും അക്രമത്തിന്റെ പാരമ്യത പലപ്പോഴും അനുഭവപ്പെടുന്നുണ്ട്.


Tags assigned to this article:
bejo silverycinema reviewjoker

Related Articles

നാല് മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു

കോഴിക്കോട് : കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖമടക്കം ഗുരുതര രോഗങ്ങളേടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്.

പുനഃപരിശോധന നടത്തണം

  കേരളം എന്നല്ല ഇന്ത്യ തന്നെ കണ്ടിട്ടുള്ള ഏറ്റവും ആദരണീയനായ സാങ്കേതിക വിദഗ്ദ്ധനാണ് ഇ. ശ്രീധരന്‍. പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മുതല്‍ ഏറ്റവും ഒടുവില്‍ കൊച്ചിന്‍ മെട്രോയുടെയും

സിസ്റ്റര്‍ അഭയാകേസ് വിധി: വിശ്വാസവും യുക്തിയും

  സിസ്റ്റര്‍ അഭയയും സിസ്റ്റര്‍ സെഫിയും ഫാ. തോമസും സഭാമക്കളാണ്. ഒരാളുടെ ജീവിതം പൊലിഞ്ഞതിനു പിന്നില്‍, രാജ്യത്തെ നിയമസംഹിതയ്ക്കു മുന്നില്‍ കുറ്റക്കാരായി വിധിക്കപ്പെട്ട സഭയിലെ മറ്റു രണ്ടുപേരുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*