Breaking News

ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

കോഴിക്കോട്: വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് ചെറുവണ്ണൂര്‍ തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. ഇറ്റലിയില്‍ നിന്നു കൊണ്ടുവന്ന വിശുദ്ധ റോസ വെനെറിനിയുടെ തിരുശേഷിപ്പ് വെനെറിനി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്നു വികാരി ഫാ. ജിജു പള്ളിപറമ്പിലിന്റെയും വെനെറിനി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ട്രീസ എം.പി.വിയുടെയും നേതൃത്വത്തില്‍ ദേവാലയത്തിലേക്ക് ആനയിച്ചു. തുറന്ന വാഹനത്തിനു മുകളില്‍ തിരുശേഷിപ്പ് ഉയര്‍ത്തിപ്പിടിച്ച് വിശുദ്ധ റോസ വെനെറിനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന പ്രാര്‍ത്ഥനാ മന്ത്രണങ്ങളും, വിശുദ്ധയുടെ ചിത്രങ്ങളും വാക്കുകളും ആലേഖനം ചെയ്ത ബൈക്കുകളുടേയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടെ ഇടവകജനം അനുയാത്ര ചെയ്തു. ഇടവകയിലെ വെനെറിസി അസോസിയേറ്റ്സും, റോസ വെനെറിനി കുടുംബയൂണിറ്റും, പാരിഷ് കൗണ്‍സിലും, സിഎല്‍സി പ്രതിനിധികളും സംയുക്തമായാണ് സംരംഭത്തിന് നേതൃത്വം വഹിച്ചത്.
കോഴിക്കോട് രൂപതാ വികാരി ജനറല്‍ മോണ്‍. ജെന്‍സന്‍ പുത്തന്‍വീട്ടില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വിശുദ്ധ റോസ വെനെറിനിയുടെ നൊവേന പ്രാര്‍ത്ഥന വഴി മോണ്‍. ജെന്‍സന്‍ ചെറുവണ്ണൂര്‍ ഇടവകയെ വിശുദ്ധ റോസായുടെ കരങ്ങളില്‍ സമര്‍പ്പിച്ചു.
വെനെറിസി സന്യാസിനി സഭയുടെ സ്ഥാപകനാണ് വിശുദ്ധ റോസ വെനെറിനി. ഇറ്റലിയിലെ വിറ്റര്‍ബോയില്‍ 1656ല്‍ ജനിച്ച റോസ വെനെറിനി തികച്ചും വ്യത്യസ്തമായൊരു പുണ്യാത്മാവായിരുന്നു. 1600കളിലെ ദൈവോന്മുഖമല്ലാത്ത മനുഷ്യജീവിതങ്ങളെയും, സാമൂഹികമായ അരക്ഷിതാവസ്ഥകളെയും മനസിലാക്കി വളര്‍ന്ന കുലീന കുടുംബാംഗമായ റോസ വിശ്വാസജീവിത പരിശീലനത്തിലൂടെ ആ കാലഘട്ടത്തിലെ വ്യക്തികളുടെ, പ്രത്യേകിച്ച് വിദ്യാവിഹീനരായ പെണ്‍കുട്ടികളുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിചെന്നു. വിദ്യയും, വിവേകവും, വിശുദ്ധിയും ഇഴുകിച്ചേര്‍ന്ന, വ്യക്തിത്വത്തിന് ഉടമകളായി പെണ്‍കുട്ടികളെ വാര്‍ത്തെടുക്കുക, അതിലൂടെ അവരുടെ കുടുംബങ്ങളെ ക്രൈസ്തവവും മാനുഷികവുമായ മൂല്യങ്ങളിലേക്ക് ആനയിക്കുകയും പെണ്‍കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസം സാധ്യമാക്കുകയുമായിരുന്നു റോസയുടെ ലക്ഷ്യം. വിശുദ്ധമായ ഈ ഉദ്യമത്തില്‍ റോസയെ സഹായിക്കുവാന്‍ ധാരാളം പെണ്‍കുട്ടികള്‍ തയ്യാറായി.
1685ല്‍ ആദ്യ വെനെറിനി വിദ്യാലയം റോസ സ്ഥാപിച്ചു. റോസയുടെ വിദ്യാര്‍ത്ഥികളില്‍ വന്ന പ്രകടമായ ജീവിത വിശുദ്ധിയും സമൂഹം കൈവരിച്ച മാറ്റങ്ങളും കേട്ടറിഞ്ഞ് ക്ലെമന്റ് പതിനൊന്നാമന്‍ പാപ്പ നേരിട്ടെത്തി റോസയെ അഭിനന്ദിച്ചു. ‘റോസെ, സഭയുടെ വിശുദ്ധീകരണ ദൗത്യം പൂര്‍ണ്ണമാക്കാന്‍ ഞങ്ങളെ സഹായിക്കുന്നതില്‍ നന്ദി. ഈ സ്‌കൂളുകള്‍ വഴി നിങ്ങള്‍ റോമിനെ വിശുദ്ധീകരിക്കും.” എന്ന് പാപ്പ റോസയോടു പറഞ്ഞു. ദൈവസ്നേഹത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാല്‍ റോസയുടെ ജീവിതം എന്നും ധന്യമായിരുന്നു. സ്ത്രീ ശക്തീകരണത്തിലൂടെ ആരംഭിച്ച റോസയയുടെ വിദ്യാലയങ്ങളെല്ലാം കാലക്രമത്തില്‍ സമൂഹത്തിന്റെ സമഗ്ര വിമോചനത്തിനുവേണ്ടി നിലകൊണ്ടു.
മയസ്്രേത പിയേ വെനെറിനി (വിശുദ്ധരായ അധ്യാപകര്‍) എന്നതാണ് പ്രഥമ വെനെറിനി വിദ്യാലയത്തിലെ അധ്യാപികമാരെ ജനം അഭിസംബോധന ചെയ്തത്. ഇന്നും എംപിവി എന്ന പേരിലാണ് വെനെറിനി സഹോദരിമാര്‍ അറിയപ്പെടുന്നത്. വിശുദ്ധ സ്ഥാപകയില്‍ നിന്ന് ഹൃദയ നൈര്‍മല്യവും, വിശുദ്ധിയും അനുകമ്പയും ഏറ്റുവാങ്ങി ലക്ഷ്യം തെറ്റാത്ത ചിന്തകളും പതറാത്ത മനസും ദിവ്യകാരുണ്യ നാഥനില്‍ സമ്പൂര്‍ണ്ണ സമര്‍പ്പിതവുമായ ഹൃദയവുമായി വെനെറിനി സഭ ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രേഷിതാരാമങ്ങളില്‍ കര്‍ത്തവ്യനിരതമാണ്.
ഈ വിശുദ്ധരുടെ ജീവിതമാതൃക പിന്‍തുടരുന്നവരായ വെനെറിനി സഹോദരിമാരുടെ ഇന്ത്യയിലെ മാതൃഭവനം ചെറുവണ്ണൂരായതിനാല്‍ ചെറുവണ്ണൂരിലെ മണ്ണുമായി അഭേദ്യമായ ബന്ധം വെനെറിനി കുടുംബത്തിനുണ്ട്. പോള്‍ ആന്‍ഡ്രൂസച്ചന്‍ വിശുദ്ധ റോസയുടെ തിരുസ്വരൂപം ദേവാലയത്തില്‍ സ്ഥാപിച്ച നാള്‍ മുതല്‍ വിശുദ്ധ റോസയോടുള്ള നൊവേന മുടക്കം കൂടാതെ നടത്തപ്പെടുന്നു. ക്രൂശിതന്റെ വിട്ടുപിരിയാത്ത സ്നേഹിതയും, അത്ഭുതങ്ങളുടെ അമ്മയുമാണ് വിശുദ്ധ റോസ വെനെറിനി. 1728 മേയ് 7ന് വിശുദ്ധ റോസയുടെ മരണനാള്‍ ആ മൃതശരീരത്തില്‍ തൊട്ടു പ്രാര്‍ത്ഥിച്ച ബധിരയായ ഒരു സഹോദരിക്ക് കേള്‍വി ലഭിച്ചതു മുതല്‍ ചെറുതും വലുതുമായ അനേകം അത്ഭുതങ്ങള്‍ വിശുദ്ധ റോസ വഴിയായി സംഭവിച്ചുകൊണ്ടിരിക്കുന്നു. തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠിതമായ റോസയുടെ സാന്നിധ്യവും മധ്യസ്ഥവും അനേകര്‍ക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയില്‍ ദൈവാനുഗ്രഹങ്ങളുടെ സമൃദ്ധി വര്‍ഷിക്കുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
st. rose venerini

Related Articles

ആശങ്കയില്ലാതെ ഉയരുന്ന പോളിംഗ്

കൊവിഡ് മഹാമാരിക്കാലത്തെ വോട്ടെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ അസാമാന്യ ജാഗ്രതയോടെ ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട പൗരാവകാശമായ സമ്മതിദാനത്തിന്റെ മഹിമ എത്രത്തോളം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നതിന്റെ ഉത്തമ നിദര്‍ശനമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ

പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി

കോട്ടപ്പുറം: പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ജപമാല പ്രദര്‍ശനം നിരവധി പേരെ ആകര്‍ഷിച്ചു. അമ്പതിനായിരത്തില്‍പ്പരം വ്യത്യസ്ത ജപമാലകളുടെ ശേഖരമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 80 രാജ്യങ്ങളില്‍ നിന്നുള്ള ജപമാലകള്‍

വിശ്വാസം അതല്ലെ എല്ലാം: പെസഹാക്കാലം രണ്ടാം ഞായർ

പെസഹാക്കാലം രണ്ടാം ഞായർ വിചിന്തനം: “വിശ്വാസം അതല്ലെ എല്ലാം” (യോഹാ 20:19-31) തിരുസഭ കരുണയുടെ തിരുനാള്‍ കൊണ്ടാടുന്ന ഇന്നേ ദിനം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുമുള്ള രചനഭാഗമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*