ചെല്ലാനം തീരസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ചെല്ലാനം തീരസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തു താമസിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും ദുരിതമാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിനു സമര്‍പ്പിച്ച ജനകീയരേഖ നടപ്പിലാക്കുന്നതിന് സര്‍ക്കാരിനെ പ്രവര്‍ത്തനനിരതമാക്കുന്നതിനും ജനങ്ങളെ ഏകോപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുക്കുന്നതിനും കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കെയര്‍ ചെല്ലാനം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.
ചെല്ലാനം തീരത്തെ പ്രശ്നങ്ങള്‍ ഈ പ്രദേശത്തിന്റേതു മാത്രമല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ മുഴുവനുമാണ്. തീരത്തെ ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതുവരെ വിശ്രമമില്ലാത്ത പോരാട്ടമാണാവശ്യം. കടലേറ്റമുണ്ടാകുമ്പോള്‍ മാത്രം പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കഴിഞ്ഞകാലഅനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. നിരന്തരമായ പ്രക്ഷോഭങ്ങളും തീരസംരക്ഷണത്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന പഠനങ്ങളും ആവശ്യമാണ്. അത്തരം ഒരു ബോധ്യത്തില്‍ നിന്നാണ് കെയര്‍ ചെല്ലാനം എന്ന പേരില്‍ ഒരു ഓഫീസ് തന്നെ തുടങ്ങിയിരിക്കുന്നത്.
കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാട് എന്നു പേരുകിട്ടാനുള്ള പ്രധാന കാരണം സംസ്ഥാനം മുഴുവന്‍ നീണ്ടുകിടക്കുന്ന തീരപ്രദേശമാണ്. തീരപ്രദേശം സംരക്ഷിക്കുന്നില്ലെങ്കില്‍ കേരളം സംരക്ഷിക്കുന്നില്ല എന്നാണ് അതിനര്‍ത്ഥം. സംസ്ഥാനത്തിന്റെ മൊത്തം ഉത്തരവാദിത്വമാണ് തീരപ്രദേശം സംരക്ഷിക്കുക എന്നുള്ളത്. കേരളത്തിന്റെയും രാജ്യത്തിന്റെയും പ്രശ്നമാണിതെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തേണ്ടത് ഈ സാഹചര്യത്തിലാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ടുവരേണ്ടത് അതാവശ്യമാണ്.
സര്‍ക്കാരുകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഈ മേഖലയിലെ കടലേറ്റത്തിന് കാരണമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രശ്നപരിഹാരത്തിന് ഈ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. കത്തോലിക്കാ സഭ ഇക്കാര്യത്തില്‍ ജനങ്ങളോടൊപ്പമുണ്ടാകും. അത് സഭയുടെ ചുമതലയും ഉത്തരവാദിത്വവുമാണ്. ജനങ്ങളുടെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണ് സഭ. യേശു ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നതുപോലെ പുരോഹിതര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ്. യേശു ജനങ്ങള്‍ക്കിടയിലാണ് ഭക്ഷണം പോലും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ചെല്ലാനം പ്രശ്നവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഇതോര്‍മവേണം. ചെല്ലാനത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതം സഭയുടെ മുറിവാണ്. പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നതുവരെ കെസിബിസിയുടെ എല്ലാ സമ്മേളനങ്ങളിലും ചെല്ലാനം പ്രശ്നം ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ഭരണാധികാരികളെ ബോധ്യപ്പെടുത്തുകയും ചെയ്യും. പുരോഹിതര്‍ ജനപ്രതിനിധികളോടും ജനങ്ങളോടുമൊപ്പം പ്രശ്നപരിഹാരത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും
കര്‍ദിനാള്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു.

കൊച്ചി, ആലപ്പുഴ രൂപതകള്‍ ഒന്നിച്ചുനിന്ന് ഒറ്റക്കെട്ടായി തീരസംരക്ഷണത്തിനുവേണ്ടി പൊരുതുമെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പ് ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ചെല്ലാനം മേഖലയിലും ധാരാളം നാശനഷ്ടമുണ്ടായി. എന്നാല്‍ ഇവിടെ രണ്ടു പേരല്ലേ മരിച്ചുള്ളൂ എന്നായിരുന്നു അധികൃതരുടെ വാദം. ഈ മരിച്ച രണ്ടു പേരും രണ്ടു കുടുംബങ്ങളുടെ നാഥന്മാരായിരുന്നു. അധികൃതര്‍ പറയുന്നതുപോലെ മരിച്ചവരുടെ വീടുകളില്‍ ചെന്ന് ഞങ്ങളെ പോലുള്ളവര്‍ക്ക് അതുപോലെ പറയാന്‍ കഴിയില്ല. ഓരോ ജീവനും വിലയുണ്ടെന്ന കാര്യമാണ് നമ്മള്‍ മനസിലാക്കേണ്ടത്. അതിനടുത്ത വര്‍ഷവും കടലേറ്റമുണ്ടായെങ്കിലും സംസ്ഥാനത്ത് വലിയ വെള്ളപ്പൊക്കമുണ്ടായ വര്‍ഷമായതിനാല്‍ പ്രശ്നം വെള്ളത്തിലലിഞ്ഞുപോയി. ഈ വര്‍ഷമാകട്ടെ കരിപ്പൂരിലും പെട്ടിമുടിയിലും വന്‍ ദുരന്തമുണ്ടായപ്പോള്‍ ചെല്ലാനത്തെ എല്ലാവരും അവഗണിച്ചു.
ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമല്ല നാം ശബ്ദമുയര്‍ത്തേണ്ടത് എന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. അതുകൊണ്ട് ഇത്തവണ വെറും വിലാപത്തില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കില്ല. തീരദേശത്തിന്റെ കടലേറ്റപ്രശ്നത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തി അതിന്റെ രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ പഠനങ്ങള്‍ വേണമെങ്കില്‍ വിദഗ്ധരെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തട്ടെ. പക്ഷേ, പ്രശ്നപരിഹാരം നീട്ടിക്കൊണ്ടുപോകരുത്. താല്കാലിക പരിഹാരമല്ല ആവശ്യം. കൊച്ചി, ആലപ്പുഴ രൂപതകള്‍ പണമെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. ചുരുങ്ങിയത് 500 കോടി രൂപയെങ്കിലും വേണ്ടിവരുന്ന പദ്ധതിക്ക് രൂപതകള്‍ക്കെന്തു ചെയ്യാന്‍ കഴിയും? സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിയില്‍ 17,000 കോടി രൂപയുണ്ടെന്നാണ് അറിയുന്നത്. അതില്‍ നിന്ന് 500 കോടി ചെലവഴിച്ച് പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലേ? ഇപ്പോള്‍ അടിയന്തരനടപടികള്‍ക്കായി ഏഴു കോടി രൂപ അനുവദിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു. അനുവദിച്ചത് കടലാസിലാണ്. ഇവിടെ ഇതുവരെ ചെലവഴിച്ചിട്ടില്ല. തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കാനും പുലിമുട്ടുകള്‍ നിര്‍മി
ക്കാനും ഈ തുക ഉപയോഗിക്കണം. സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യണം. തുറമുഖ വികസന പദ്ധതികള്‍ക്കായി കപ്പല്‍ച്ചാലിന് ആഴം കൂട്ടിയും മറ്റും കടലേറ്റത്തിന് കാരണക്കാരായവര്‍ക്കും തീരസംരക്ഷണത്തിന് ഉത്തരവാദിത്തമുണ്ട്. സര്‍ക്കാരിന്റെ പദ്ധതിയില്‍ അവരും പങ്കുചേരണമെന്നും ബിഷപ് കരിയില്‍ പറഞ്ഞു. കടലേറ്റമുണ്ടാകാന്‍ കാരണം പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കുറ്റം കടലിന്റെമേല്‍ ചാരാനാണ് പലരും ശ്രമിക്കുന്നത്. 18 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള കടല്‍തീരം സംരക്ഷിക്കാന്‍ പോലും കഴിയാത്തവരായി നാം മാറിയിരിക്കുകയാണ്. പണമില്ലെന്നാണ് ഉത്തരവാദിത്വപ്പെട്ടവര്‍ കാരണമായി പറയുന്നത്. പാര്‍ലമെന്റിന്റെ ഒരു സമ്മേളനം ചേരാനുള്ള തുകയെക്കാള്‍ കുറഞ്ഞ ചെലവില്‍ തീരത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ ദുരിതാശ്വാസത്തിനുവേണ്ടി ലഭിച്ച പണം വകതിരിച്ചുവിട്ട കാര്യം നമുക്കറിയാം. മെട്രോ റെയില്‍ പോലെ വമ്പന്‍ പദ്ധതികളുള്ള കൊച്ചിക്ക് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ പണമില്ലെന്നു പറയുന്നത് ശരിയായ കാര്യമല്ല. തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ രേഖ ഏതു സാധാരണക്കാരനും മനസിലാക്കാന്‍ കഴിയുന്നതാണ്. കടലേറ്റത്തിന്റെ കാരണങ്ങളും പ്രശ്നപരിഹാരങ്ങളും ശാസ്ത്രീയമായി തന്നെ അതില്‍ പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദ
മായ പഠനം വേണമെങ്കില്‍ സര്‍ക്കാരിന് നടത്താവുന്നതാണ്. പക്ഷേ, പഠനത്തിന്റെ പേരില്‍ തീരസംരക്ഷണം വൈകാന്‍ ഇടയാകരുത്. കൊച്ചി, ആലപ്പുഴ രൂപതകള്‍ ജനങ്ങളുടെ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ദൈവപരിപാലനയുടെ ഇഴയടുപ്പമാണതെന്നും ബിഷപ് ആനാപറമ്പില്‍ പറഞ്ഞു.

ഹൈബി ഈഡന്‍ എം.പി, കെസിബിസി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും കെയര്‍ ചെല്ലാനം ജനറല്‍ കണ്‍വീനറുമായ ഷാജി ജോര്‍ജ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, സിഎസ്എസ് സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ബെന്നി പാപ്പച്ചന്‍, കെഎല്‍സിഡബ്യുഎ സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍, കെസിവൈഎം – ലാറ്റിന്‍ സംസ്ഥാന സെക്രട്ടറി ആന്റണി ആന്‍സല്‍, ‘കടല്‍’ ഡയറക്ടര്‍ റവ. ഡോ. ആന്റണിറ്റോ പോള്‍, കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. മരിയാന്‍ അറയ്ക്കല്‍, ആലപ്പുഴ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. സംസന്‍ ആഞ്ഞിപ്പറമ്പില്‍, മറുവക്കാട് ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ആന്റണി തട്ടകത്ത്, ‘കടല്‍’ ജനറല്‍ സെക്രട്ടറി ജോസഫ് ജൂഡ് എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധികള്‍ക്കായി നടന്ന സെമിനാറിന് ‘കടല്‍’ സെക്രട്ടറി പി.ആര്‍. കുഞ്ഞച്ചന്‍, കെഎല്‍സിഎ വൈസ് പ്രസിഡന്റ് ടി.എ. ഡാല്‍ഫിന്‍, ജോസഫ് ജൂഡ് എന്നിവര്‍ നേതൃത്വം നല്‍കി.

 


Related Articles

കുടിവെള്ളക്ഷാമം: ജലഭവനു മുന്നിൽ പ്രതിഷേധ ധർണ

രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോതാട് നിവാസികൾ എറണാകുളത്ത് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയം ജലഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

രൂപതാതലത്തിലുള്ള യുവജന ദിനാചരണം ക്രിസ്തുരാജ മഹോത്സവത്തില്‍

നവംബര്‍ 22-ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഖ്യാപനം.  ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.  ഇപ്പോള്‍

നീതി നിഷേധിക്കപ്പെട്ടവരുടെ വേദന

മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരവും സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍ സംവിധാനം ചെയ്ത ജയ് ഭിം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*