ചെല്ലാനം തുറമുഖവും യാഥാര്‍ത്ഥ്യങ്ങളും

കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിശോധിക്കാതെയും പഠനം നടത്താതെയും ലഭ്യമായ ഇടങ്ങള്‍ക്കും പൊഴികള്‍ക്കും പ്രാധാന്യം നല്‍കിയാണ് തുറമുഖ വകുപ്പ് പല തുറമുഖങ്ങളും ആരംഭിച്ചിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായതും പണി നടക്കുന്നതും ആലോചനയിലുള്ളതുമായ പല മത്സ്യബന്ധന തുറമുഖങ്ങളും പരിശോധിച്ചാല്‍ ഇതു മനസിലാകുന്നതാണ്. ആലപ്പുഴയിലെ ചെത്തി, അര്‍ത്തുങ്കല്‍ തുറമുഖങ്ങള്‍ ഉദാഹരണമാണ്. 2004ലെ സൂനാമി സൃഷ്ടിച്ച നാശനഷ്ടങ്ങളില്‍ കിതച്ചുനിന്ന കേരള തീരദേശ ഗ്രാമങ്ങളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിരുന്നു എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫിഷിംഗ് ഹാര്‍ബര്‍.
ഒരു മിനി ഫിഷിംഗ് ഹാര്ബറായാണ് ചെല്ലാനത്ത് ഹാര്‍ബറിന് തുടക്കം കുറിച്ചത്. പുലിമുട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയും വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷിതമായി അടുത്ത് വ്യാപാരം ചെയ്യുന്നതിന് ബേസിന് സൗകര്യപ്പെടുത്തിയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 2010ല്‍ ഹാര്‍ബര്‍ രാജ്യത്തിനു സമര്‍പ്പിച്ചു. തുടര്‍ന്ന് സജീവമായ ഹാര്‍ബര്‍ വളരെ പെട്ടെന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സ്യബന്ധന തുറമുഖമായി മാറി. മിനി ഫിഷിംഗ് ഹാര്‍ബറിനു പകരം കേരളത്തിലെ ഏറ്റവും മികച്ച മത്സ്യബന്ധന തുറമുഖമായുള്ള ചെല്ലാനത്തിന്റെ വളര്‍ച്ച ശ്രദ്ധേയമാണ്.
ഇവിടെയാണ്, ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്. മൂന്നു കാര്യങ്ങളാണ് ഒരു ഫിഷിംഗ് ഹാര്‍ബറുമായി ബന്ധപ്പെട്ട് പരിശോധിക്കേണ്ടതുള്ളത്. ഒന്ന് ഹാര്‍ബറിന്റെ ഭൂമിശാസ്ത്രപരമായ നിലനില്‍പ്പ്. രണ്ട് മത്സ്യതൊഴിലാളികളുടെ സുരക്ഷ. മൂന്ന് മത്സ്യവിപണന സൗകര്യം. ഈ മൂന്നു കാര്യങ്ങളും സന്തുലിതമായിട്ടുള്ള കേരളത്തിലെ ഏക മത്സ്യബന്ധന തുറമുഖമാണ് ചെല്ലാനം. പുറംകടലില്‍ നിന്നുപോലൂം സുരക്ഷിതമായി വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഇവിടെ അടുക്കുവാന്‍ കഴിയുമെന്നതു കൊണ്ടാണ് കണ്ണുര്‍, തലശേരി, ചാവക്കാട്, പൊന്നാനി പ്രദേശങ്ങളില്‍ നിന്നുള്ള വള്ളങ്ങളും ബോട്ടുകളും പുറംകടലില്‍ നിന്നും ഇവിടെ എത്തുന്നത്. മത്സ്യം കുറവായ സീസണുകളില്‍ പോലും ചെല്ലാനം ഹാര്‍ബറില്‍ ശരാശരി ഒരു കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ട് എന്നത് വസ്തുതയാണ്.
ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതല്‍ എറണാകുളത്തെ ഫോര്‍ട്ടുകൊച്ചി വരെയുള്ള 25,000ത്തോളം വരുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാനാണ് ഒരു മിനിഹാര്ബറായി ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ ആദ്യം രൂപകല്പന ചെയ്യുന്നത്. എന്നാല്‍ ചെല്ലാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തിരിച്ചറിഞ്ഞ ഇതര ജില്ലകളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍, പ്രത്യേകിച്ച് പൊന്നാനി, ചാവക്കാട്, വലപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വലിയ വള്ളങ്ങള്‍ ചെല്ലാനം ഹാര്‍ബറില്‍ എത്തി തുടങ്ങിയതോടെ ചിത്രം മാറി. പ്രതിദിനം 25,000ലേറെ മത്സ്യത്തൊഴിലാളികള്‍ വലിയ വള്ളങ്ങളിലും നാടന്വള്ളങ്ങളിലും മോട്ടോര്‍ ബോട്ടുകളിലുമായി ഇവിടെ വന്നുതുടങ്ങി. സുരക്ഷിതത്വത്തിനു പുറമേ വ്യാപാരപരമായ നേട്ടംകുടെ ചെല്ലാനം ഹാര്‍ബറില്‍ അവര്‍ തിരിച്ചറിഞ്ഞതോടെ കൊല്ലം മുതല്‍ കണ്ണൂര്‍, തലശേരി മേഖലകളില്‍ നിന്നുവരെയുള്ള വലിയ വള്ളങ്ങളും ബോട്ടുകളും വരെ ഇവിടെ അടുത്തുതുടങ്ങി. ഹാര്‍ബറില്‍ വ്യാപാരത്തിന് എത്തുന്ന മത്സ്യലോറികള്ക്ക് ഇരുപതു മിനിട്ടിനുള്ളില്‍ മത്സ്യസംസ്കരണ കേന്ദ്രങ്ങളില്‍ മത്സ്യമെത്തിക്കുവാന് കഴിയുമെന്നതാണ് ചെല്ലാനം ഹാര്‍ബറിന്റെ പ്രത്യേകത.
ആലപ്പുഴ ജില്ലയിലെ പ്രധാന മത്സ്യസംസ്കരണ കേന്ദ്രങ്ങളായ എരമല്ലൂര്‍, അരൂര്‍ പ്രദേശങ്ങളുമായി ചെല്ലാനം അടുത്തുകിടക്കുന്നു. റോഡ് സൗകര്യം ഉള്ളതും വ്യാപാരപരമായി ചെല്ലാനം ഫിഷിംഗ്ഹാര്ബറിനെ ഇതര ഹാര്‍ബറുകളുടെ മുന്നില്‍ നിര്‍ത്തുന്നു. നിര്‍മാണം പൂര്‍ത്തിയായാല്‍ ചെല്ലാനം കേരളത്തിലെ ഏറ്റവും മികച്ച മത്സ്യബന്ധന തുറമുഖമാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നിട്ടും എന്തു കൊണ്ടാണ് പദ്ധതി ആരംഭിച്ച് പത്തു വര്‍ഷം പിന്നിടുമ്പോഴും ഇവിടെ വികസനം വഴിമുട്ടുന്നത്?
ചെല്ലാനം ഹാര്‍ബറിന്റെ ചരിത്രം
ഭൂതകാലത്തിന്റെ കഥയാണ് ചരിത്രം. ജനകീയ സര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും ചെല്ലാനം ഹാര്‍ബര്‍ ഇപ്പോള്‍ വെറുമൊരു ഭൂതകാല ചരിത്രം മാത്രമാണ്. രണ്ടു ഘട്ടമായാണ് ഹാര്‍ബര്‍ പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കപ്പെട്ടത്. പുലിമുട്ടുകളുടെ നിര്‍മാണം സംബന്ധിച്ച് ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പഠനം നടത്തിയിരുന്നു. വടക്കോട്ടാണ് കടലിന്റെ ഒഴുക്ക് എന്നത് അടിസ്ഥാനപ്പെടുത്തിയാണ് തെക്കുഭാഗം പുലിമുട്ടിന് 180 മീറ്റര്‍ നീളവും വടക്കുവശത്തെ പുലിമുട്ടിന് 600 മീറ്റര്‍ നീളവും നിശ്ചയിച്ചത്. തെക്കും വടക്കും 120 മീറ്റര്‍ പുലിമുട്ടുകളും അതിനുള്ളില്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സുരക്ഷിതമായി ബര്‍ത്ത് ചെയ്യുന്നതിനുള്ള ബേസിന് നിര്‍മിക്കുന്നതിന് 100 മീറ്റര്‍ കടല്‍ഭിത്തിയും ബേസിനിലേയ്ക്ക് വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പ്രവേശിക്കുന്നതിന് 90 മീറ്റര്‍ കടലിടുക്കും നിര്‍മിക്കുക എന്നതായിരുന്നു ആദ്യഘട്ടം. പുലിമുട്ടുകളുടെ തുടര്‍നിര്‍മാണം, രണ്ട് ലേലപ്പുരകള്‍, വലകെട്ടുപുരകള്, ലോക്കര്‍ മുറി, ശൗചാലയ സമുച്ചയം, കാന്റീനും താമസപ്പുരയും, കയറ്റിറക്ക് മേഖല, പാര്‍ക്കിംഗ്, പടിവാതിലും പടിപ്പുരയും, ജലവിതരണ സംവിധാനങ്ങള്‍, ഹാര്‍ബറിലേയ്ക്ക് വാഹന ഗതാഗതത്തിനുള്ള റോഡ് എന്നിവ ചേര്‍ന്നതായിരുന്നു രണ്ടാം ഘട്ടം.
2007 സെപ്തംബര്‍ 7നാണ് ഏ.ഛ.(ഞ)േ ചീ.579/ 2007/ എ&ജഉാം നമ്പര്‍ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ചെല്ലാനം ഫിഷിംഗ്ഹാര്ബര് പദ്ധതി പ്രഖ്യാപിക്കുന്നത്. തീരദേശ സംരക്ഷണ നിയമം നിലവില്‍വന്നു കഴിഞ്ഞിരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കാണ് ആദ്യം ശ്രമിച്ചത്. കേരള സര്‍ക്കാരിന്റെ ശാസ്ത്ര, സാങ്കേതിക വകുപ്പ് 25.01.2008ലും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 07.03.2008ലും നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 15.04.2008ല്‍ പരിസ്ഥിതി അനുമതി സര്‍ട്ടിഫിക്കറ്റ് നല്കി. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന് ശിലാസ്ഥാപനം നടത്തി ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 19.5 കോടി രൂപ ചിലവഴിച്ച് ഹാര്‍ബര്‍ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ പുലിമുട്ടുകള്‍ തീര്‍ത്തു. വള്ളങ്ങള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും സൗകര്യപ്രദമായി അടുക്കാനും, വ്യാപാരം ചെയ്യാനും കഴിയുന്ന വിധത്തില്‍ ബേസിന് സജ്ജീകരിക്കുകയും ചെയ്തു. 2008 മെയ് മാസത്തില്‍ തുടങ്ങിയ പുലിമുട്ടുകളുടെ നിര്‍മാണം 2009 മാര്‍ച്ചിനു മുമ്പായി പൂര്‍ത്തിയാക്കി. 05.06.2009ലും 04.01.2010ലും പുറത്തിറക്കിയ ഉത്തരവുകള്‍ പ്രകാരം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തു.
രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ആവശ്യമായിരുന്നു. 2009-10 വര്‍ഷങ്ങളില്‍ പ്രാഥമിക സര്‍വേ നടത്തി ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള അര്‍ത്ഥനാപത്രം എറണാകുളം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു.
അട്ടിമറിയുടെ തുടക്കം
2007ല്‍ സംസ്ഥാന സര്‍ക്കാര്‍ ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം 30.11.2013ല്‍ റവന്യൂ അധികാരികള്‍ ഭൂമി ഏറ്റെടുക്കുവാന്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതുവരെ നടപടികള്‍ റോക്കറ്റ് വേഗതയിലാണ് പോയതെന്ന് റവന്യൂരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്. രാഷ്ട്രപതി അംഗീകാരം നല്കിയ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പില്‍ വരാന്‍ രണ്ടുമാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരക്കിട്ടാണ് എറണാകുളം ജില്ലാ അധികൃതര്‍ 4 (1) വകുപ്പ് പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്. 2013 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായി ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ യോഗം അഞ്ചുതവണ വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍ 30.11.2013ലെ വിജ്ഞാപനത്തിനു ശേഷം ഭൂഉടമകളുടെ യോഗം വിളിക്കുന്നത് രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് (30.11.2015ല്‍). ഇതില്‍ നിന്നും വിജ്ഞാപനകാലം മുതല്‍ ഈ ഹാര്‍ബര്‍ പദ്ധതി അട്ടിമറിക്കാന്‍ ആരൊക്കെയോ ശ്രമം തുടങ്ങി എന്ന കാര്യം വ്യക്തമാണ്.
അവഗണന
എറണാകുളം ജില്ലയില്‍ മെട്രോ റെയിലിനു വേണ്ടിയും, ആമ്പല്ലൂരിലെ ഇലക്ട്രോണിക്ക് പാര്‍ക്കിനു വേണ്ടിയും സ്ഥലമേറ്റെടുത്തു കൈമാറാന്‍ ചുമതലപ്പെട്ട എറണാകുളം ജില്ലാ കളക്ടര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ അര്‍ത്ഥനാപത്രം നല്കിയ അതേവര്‍ഷം തന്നെയാണ് (2012ല്‍) ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിന്റെ വികസനത്തിനു ഭൂമി ഏറ്റെടുത്തു കൈമാറാന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് അര്‍ത്ഥനാപത്രം നല്‍കുന്നതും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ മാത്രമല്ല നിര്‍മാണം പൂര്‍ത്തിയായി മെട്രോ ട്രെയിന്‍ ഓടിതുടങ്ങുകയും ചെയ്തു. ഭൂമി ഏറ്റെടുത്തു കൈമാറിയ ആമ്പല്ലൂര്‍ ഇലക്ട്രോണിക്ക് പാര്ക്കിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി അനുമതി നല്‍കാതെ വന്നതിനെ തുടര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ നിലച്ചുകിടക്കുകയാണ്.
ആമ്പല്ലൂര്‍ ഇലക്ട്രോണിക്ക് പാര്‍ക്കിനു വേണ്ടി 116 ഭൂവുടമകളില്‍ നിന്നായി 100 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിയിരുന്നപ്പോള് ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഏറ്റെടുക്കേണ്ടിയിരുന്നത് 31 ഭൂവുടമകളില്‍ നിന്നായി വെറും 3 ഏക്കര്‍ 22 സെന്റ് ഭൂമി മാത്രമായിരുന്നു. പരിസ്ഥിതി പ്രശ്നങ്ങളോ ഭൂവുടമകളുടെ എതിര്‍പ്പോ ഉണ്ടായിരുന്നുമില്ല. നിയമാനുസൃതമായ വിലയും നഷ്ടപരിഹാരവും മാത്രം ആവശ്യപ്പെട്ട ഭൂവുടമകള്‍ എല്ലാവരും ഭൂമി വിട്ടു നല്കാന് തയ്യാറുമായിരുന്നു. എന്നാല്‍ മെട്രോയുടെ ഭൂമി ഏറ്റെടുക്കുകയും ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്കിനു വേണ്ടി 100 ഏക്കറോളം ഭൂമി ഏറ്റെടുക്കുകയും ചെയ്തവര്‍ ഈ കാലത്തിനിടയില്‍ ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി ഒരു സെന്റ് ഭൂമി പോലും ഏറ്റെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.
ഉദ്യോഗസ്ഥരുടെ ദൗര്‍ലഭ്യം കൊണ്ടായിരുന്നില്ല ഇങ്ങനെ സംഭവിച്ചത്. ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ടുമാത്രമായിരുന്നു. കേരളത്തിലെ ഇതര ജില്ലകളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലക്കാരനായി ഒരു സ്പെഷ്യല്‍ തഹസില്‍ദാര്‍ മാത്രമുള്ളപ്പോള്‍ എറണാകുളം ജില്ലയില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലക്കാരായി അഞ്ചോളം സ്പെഷല്‍ തഹസില്‍ദാര്‍മാര്‍ ജോലിചെയ്യുന്നു എന്നതുകുടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്ക് പാര്‍ക്കിനുവേണ്ടി 100 ഏക്കറോളം ഭൂമി ഏറ്റെടുത്തവര്‍ക്ക് എന്തു കൊണ്ടാണ് ഏകദേശം ഇതേകാലയളവില്‍ വിജ്ഞാപനം പുറപ്പെടുവിച്ച ചെല്ലാനം ഫിഷിംഗ് ഹാര്‍ബറിനു വേണ്ടി അഞ്ചുവര്‍ഷമായിട്ടും ഒരു സെന്റ് ഭൂമി പോലും ഏറ്റെടുക്കാന്‍ കഴിയാതെ പോയത്? ഇതിനു മറുപടി പറയേണ്ടത് ജില്ലാ കളക്ടറും ജനപ്രതിനിധികളും വകുപ്പുമന്ത്രിമാരുമാണ്.
(തുടരും)
Related
Related Articles
വാക്കത്തോണ്‍ നവംബര്‍ ഒന്നിന്
കൊച്ചി: പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് പദ്ധതിയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പശ്ചിമകൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സാമൂഹിക സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൂട്ടനടത്തത്തിന്റെ ഒരുക്കങ്ങള്‍
എല്ലാവരും സഹോദരങ്ങള്‍’ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഒക്ടോബര്‍ 3ന്
ഫാ. വില്യം നെല്ലിക്കല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പട്ടണമായ അസീസിയില്‍ ഒക്ടോബര്‍ മൂന്നാം തീയതി ‘എൃമലേഹഹശ ൗേേേശ’ (എല്ലാവരും സഹോദരങ്ങള്‍) എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച്
പ്രാർത്ഥനയും അനുസരണയും: തപസ്സുകാലം രണ്ടാം ഞായർ
തപസ്സുകാലം രണ്ടാം ഞായർ വിചിന്തനം:- പ്രാർത്ഥനയും അനുസരണയും (ലൂക്കാ 9: 28-36) മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര