ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….
ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ താഴെ.


ആദരണീയനും ബഹുമാന്യനുമായ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ
സർ,
എൻ്റെ ഗ്രാമമായ ചെല്ലാനത്ത് ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഈ കത്തെഴുന്നത്. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ചെല്ലാനം പഞ്ചായത്തിലെ 13-ാംവാർഡിലെ 22-ാം നമ്പർ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം ഞാൻ താമസിക്കുന്നത്. 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.
ഓർമ്മവെച്ച കാലം മുതൽ വർഷത്തിൽ രണ്ടു വട്ടം എൻ്റെ മാതാപിതാക്കൾ എന്നെയും സഹോദരനെയും കൂട്ടി വീടുവിട്ട് ഓടും. വർഷക്കാലത്തും വേനൽക്കാലത്തും ഉണ്ടാകുന്ന കടലാക്രമണത്തിൽ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറും. അതിൽ നിന്ന് രക്ഷപ്പെടാനാണ് മാതാപിതാക്കൾ ഞങ്ങളെയും കൊണ്ട് വീടുവിട്ടിറങ്ങുന്നത്.
ഈ ആഴ്ചയിൽ 2020 ജൂലൈ 16 മുതൽ കടലാക്രമണമുണ്ട്. പതിവുപോലെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട് ബന്ധുവീടുകളിലേക്ക് പോകാൻ തയ്യാറായി. പക്ഷേ നാട്ടിൽ കോവിഡ് സമ്പർക്ക മൂലം പടരുന്നതിനാൽ അത് ബുദ്ധിമുട്ടായി. മത്സ്യത്തൊഴിലാളിയായ എൻ്റെ അപ്പൻ കരയുന്നതും വിഷമിക്കുന്നതും ഞങ്ങളെ വിഷമിപ്പിച്ചു.
അപ്പനോടൊപ്പം കടൽഭിത്തി തകർന്നത് ശരിയാക്കണവെന്നാവശ്യപ്പെട്ട് ഞാനും പല സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നിരാഹാര സമരവും നടത്തിയിട്ടുണ്ട്. പക്ഷേ ആരും ഞങ്ങളുടെ ചെല്ലാനത്തെ രക്ഷിക്കാൻ വന്നില്ല. ഇത്തവണയും കരയിലേക്ക് ആഞ്ഞടിച്ച രാക്ഷസ തിരമാലയിൽ വെള്ളംകുത്തിയൊഴുകി ചെല്ലാനത്തെ വീടുകളിൽ പൂർണ്ണമായും വെള്ളം കയറി.നാനൂറോളം വീടുകൾക്ക് വലിയ നാശ നഷ്ടമുണ്ടായി. 6 വീടുകൾ തകർന്നു വീണു. വീട്ടു സാധനങ്ങൾക്കൊപ്പം എൻ്റെയും കൂട്ടുകാരുടെയും പാഠപുസ്തകങ്ങളും ഒഴുകിപ്പോയി. ഇനി പഴയ വീട്ടിലേക്ക് ഇല്ല എന്നാണ് കൂട്ടുകാരിൽ പലരും പറഞ്ഞത്.
ഞാനും മാതാപിതാക്കളും ചേർന്ന് വീട് വ്യത്തിയാക്കുന്ന ചിത്രങ്ങളും വെള്ളം കയറാതിരിക്കാൻ മണൽ നിറയ്ക്കുന്ന ചിത്രവും ഇതോടൊപ്പം അയക്കുന്നു.
ഞങ്ങളുടെ നാട്ടിൽ പോസ്റ്റാഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതു കൊണ്ടാണ് അങ്ങേയ്ക്ക് ഈ മെയിലിൽ ഇതയക്കുന്നത്. ഇതിന് മറുപടി കിട്ടുന്നത് വരെ ഞങ്ങൾ ഉണ്ടാകുമോ എന്നറിയില്ല. കടലാക്രമണത്തിനും കോവിഡിനമിടയിലുമാണ് ഞങ്ങൾ ചെല്ലാനംകാർ. കേരളത്തിൽ മഴക്കാലം ആരംഭിച്ചിട്ടേയുള്ളു. അതു കൊണ്ട് കടൽക്കയറ്റം ഇനിയുമുണ്ടാകും

അറബിക്കടൽ ഇന്ത്യയുടെ അതിർത്തിയാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. അതിർത്തി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം അങ്ങേക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ അവസാന പ്രതീക്ഷയായ അങ്ങ് ഇടപ്പെട്ട് കടൽഭിത്തിയും പുലിമുട്ടും നിർമ്മിച്ച് ഞങ്ങളും നാട്ടുകാരേയും രക്ഷിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
സ്നേഹാദരവോടെ
എഡ്ഗർ സെബാസ്റ്റ്യൻ
Mob: 9645028665