ചെല്ലാനത്ത് അടിയന്തിരാവസ്ഥയോ?

ചെല്ലാനം: കഴിഞ്ഞ 34 ദിവസമായി ചെല്ലാനം ട്രിപ്പിൾ ലോക്ഡൗണിലാണ്. 15-ാം വാർഡിൽ രോഗം ക്രമാതീതമായെങ്കിലും പൂർണ്ണമായും നിയന്ത്രണത്തിലാക്കുന്നതിൽ സമൂഹം വിജയിച്ചു. 14, 16 വർഡുകളിലും രോഗവ്യാപനമുണ്ടായി. എന്നാൽ ആരംഭ ഘട്ടം മുതലെ പഞ്ചായത്തിലെ 21 വാർഡുകളും അടച്ചിട്ടു. മറ്റു പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും രോഗം സ്ഥിരീകരിക്കുന്ന വാർഡുകളെ മാത്രം കണ്ടെയ്മെൻ്റ് സോണാക്കുമ്പോൾ എന്തുകൊണ്ടാണ് ചെല്ലാനത്തെ മുഴുവൻ പൂട്ടിയിട്ടത്? സമീപ പഞ്ചായത്തായ കുമ്പളങ്ങിയിൽ ജനങ്ങൾക്ക് തൊഴിലിനു പോകാൻ അനുമതി നൽകിയല്ലോ?
ഇപ്പോൾ ചെല്ലാനത്ത് മറ്റ് പല വർഡുകളിലും രോഗവ്യാപനമുണ്ടായി എന്ന് ന്യായം പറഞ്ഞേക്കാം. അപ്പോൾ ഇന്നുവരെ രോഗികളില്ലാത്ത ഭൂരിപക്ഷം വാർഡുകളിലെ ജനങ്ങൾ എന്തിന് ഞങ്ങളെ പൂട്ടിയിട്ടിരിക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം പറയണം. സുമനസുകൾ നൽകുന്ന പൊതിചോറും ഭക്ഷണക്കിറ്റുകളും ചെല്ലാന ത്തെത്തിക്കുന്നത് വാർത്തകളിൽ ഇടംപിടിക്കുന്നു. എന്നാൽ ഇവിടുത്തുകാരുടെ യഥാർത്ഥ വേദന പുറം ലോകമറിയുന്നില്ല.
ഈ പ്രദേശത്ത് രോഗവ്യാപനം നിയന്ത്രണ വിധേയമായിരിക്കുന്നു എന്നത് കണക്കുകൾ പരിശോധിച്ചാൽ ബോധ്യപ്പെടും. പുതുതായി ചില വാർഡുകളിൽ ഒന്നും രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തു എന്നതും വസ്തുത.
എന്തുകൊണ്ടാണ് ഞങ്ങളെ തുറന്നു വിടണം എന്ന് ചെല്ലാനം നിവാസികൾ ആവശ്യപ്പെടുന്നത്?
കേരളം മാർച്ച് 23 മുതൽ ലോക്ഡൗൺ ചെയ്യപ്പെട്ടപ്പോൾ അത് എല്ലാവർക്കും ഒരുപോലെ ബാധകമായി. ഇപ്പോൾ സ്ഥിതി അതല്ല. ഒരു പഞ്ചായത്തിലുള്ളവർ മാത്രം ബന്ധിക്കപ്പെട്ടിരിക്കുന്നു. ദിവസ കൂലിക്ക് പണിയെടുക്കന്നവരും മത്സ്യതൊഴിലാളികളുമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും. അവർ പണി ചെയ്തിരുന്ന പല സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മറ്റാളുകൾ ജോലിക്ക് പ്രവേശിച്ചു കഴിഞ്ഞു. ചെല്ലാനത്തുകാരെ മാത്രം ഇങ്ങനെ ബന്ധനസ്ഥരാക്കുമ്പോൾ തൊഴിൽ രഹിതരാകുന്നവരുടെ എണ്ണം വർദ്ധിക്കും. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. പുറം ലോകം ഇവരെ സഹായിക്കുമായിരിക്കും….,,, എത്ര നാൾ?
അതു കൊണ്ടു തന്നെ രോഗമുള്ള വാർഡുകൾ അടച്ചിടുന്നതിൽ പരാതിയില്ല. രോഗം മാറുന്ന മുറയ്ക്ക് തുറന്നു വിടുകയും ചെയ്യണം. സർക്കാർ മാനദണ്ഡങ്ങൾ പാലിക്കപ്പെടുകയും വേണം. എന്നാൽ ഇപ്പോൾ ചെല്ലാനത്തോട് പുലർത്തി വരുന്ന നിലപാട് നീതിപൂർവ്വകമല്ല എന്ന് കെ.എൽ.സി.എ. കൊച്ചി രൂപതാ സമിതി ആരോപിച്ചു.
ശക്തമായ കടലാക്രമണം പഞ്ചായത്തിൽ ഉടനീളം ഉണ്ടായപ്പോഴും സത്യാവസ്ത ശരിയായ രീതിയിൽ പുറം ലോകം അറിഞ്ഞില്ല. കാരണം മാധ്യമ പ്രവർത്തകർക്ക് അങ്ങോട്ട് പ്രവേശനമില്ലായിരുന്നു. പലരുടെയും പുരയിടങ്ങൾക്കകത്തുകൂടി കടലൊഴുകിയപ്പോഴും ഒന്നു പ്രതിക്ഷേധിക്കാൻ പോലും അവർക്കായില്ല. മറിച്ചായിരുന്നെങ്കിൽ ഒരു പക്ഷെ കേരളം ഇന്നു വരെ കാണാത്ത പ്രക്ഷോഭങ്ങൾക്ക് ചെല്ലാനം സാക്ഷിയാകുമായിരുന്നു. ഓഖി ദുരന്തത്തേക്കാൾ പതിന്മടങ്ങ് നാശനഷ്ടങ്ങൾ ഉണ്ടായ ചെല്ലാനം തീരദേശത്തു് അതു് വിലയിരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പോലും ഇവിടെ സന്ദർശിച്ചിട്ടില്ല എന്നതാണ് വാസ്തവം. അപ്പോൾ ചെല്ലാനത്തെ രാഷ്ട്രീയ പരാജയങ്ങൾ പുറം ലോകം അറിയാതിരിക്കാൻ മഹാമാരിയുടെ മറവിൽ ഒരു അടിയന്തിരാവസ്ഥയാണ് നല്ലതെന്ന് ചിന്തിക്കുന്നവർ ഉണ്ടെന്ന് ഗൗരവമായും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തര നടപടികൾ സ്വീകരിച്ച് കോ വിഡ് പ്രോട്ടോകോൾ അനുസരിച്ച് മറ്റു് വാർഡുകൾ തുറന്നുകൊടുക്കണമെന്ന് കെ.എൽ.സി.എ. കൊച്ചി രൂപതാ സമിതി ആവശ്യപ്പെട്ടു.