ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തില്‍; ഇനി സമരമാര്‍ഗം…

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ജിയോ ട്യൂബ് ഉഎയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം അനിശ്ചിതത്വത്തിലായി. ഏപ്രിലിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചെല്ലാനം ഇത്തവണയും കടലേറ്റ ഭീഷണിയിലാകും. സാങ്കേതിക പ്രശ്നങ്ങള്‍ നിരത്തി കരാറുകാര്‍ നിര്‍മാണം വൈകിപ്പിക്കുകയാണെന്നാണ് തീരദേശവാസികളുടെ ആരോപണം. നിര്‍മാണം ഉടന്‍ പുനരാരംഭിച്ച് ജനങ്ങളെ കടല്‍ക്ഷോഭത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം തീരസംരക്ഷണ സമിതിയും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും (കെഎല്‍സിഎ) സമരമാരംഭിച്ചു.
ഏപ്രില്‍ ആദ്യവാരത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനമെങ്കിലും ട്യൂബില്‍ മണല്നിറയ്ക്കുന്നത് പരമാവധി വൈകിപ്പിക്കുവാനാണ് കരാറുകാരന് ശ്രമിക്കുന്നതെന്നാണ് ആരോപണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചെല്ലാനം. ഓഖി ദുരന്തത്തില്‍ ഇവിടെ രണ്ടു പേര് മരിച്ചു. 2017 നവംബറില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച സ്ഥലങ്ങളാണ് ചെല്ലാനത്തെ ബസ്സര്‍ തീരവും കമ്പനിപ്പടി ആലുങ്കല്‍ കടപ്പുറവും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശത്തേക്ക് കടല്‍വെള്ളം ഇരച്ചുകയറുകയായിരുന്നു. കടല്‍ഭിത്തി ഇല്ലാതിരുന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമായത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടി വന്നതിന് പിന്നാലെയാണ്
സ്ത്രീകളും കുട്ടികളുമടക്കം 75ഓളം കുടുംബങ്ങള്‍ നിരാഹാര സമരം ഉള്‍പ്പെടെയുള്ള പ്രതിഷേധം ആരംഭിച്ചത്. സമരക്കാരുമായി ജില്ലാ കളക്ടറും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയില്‍ കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കടല്‍ഭിത്തി തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങളില്‍ ഭിത്തി നിര്‍മാണം ഏപ്രില്‍ 30നകം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. 8.6 കോടി രൂപ അതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ചെല്ലാനം പഞ്ചായത്തില്‍ അഞ്ചു സ്ഥലങ്ങളില്‍ ജിയോ ട്യൂബ് സ്ഥാപിക്കുമെന്നാണ് പറഞ്ഞിരുന്നത്. 25 മീറ്റര്‍ നീളവും 5 മീറ്റര്‍ വ്യാസവുമുള്ള ജിയോ ട്യൂബ് 145 എണ്ണം 1200 മീറ്റര്‍ നീളത്തില്‍ ഉണ്ടാകും എന്നതായിരുന്നു ഉറപ്പ്. കരാര്‍ നല്കി 2019 ജനുവരി 27ന് ജിയോ ട്യൂബ് സ്ഥാപിക്കല്‍ ആരംഭിച്ചു. രണ്ടു ട്യൂബുകള്‍ മാത്രമാണ് നാളിതുവരെ സ്ഥാപിക്കാനായത്.
കാലവര്‍ഷം തുടങ്ങാന്‍ രണ്ടു മാസം മാത്രം ശേഷിക്കെ ഇതുവരെ കടല്‍ക്ഷോഭം തടയാന്‍ യാതൊരു നടപടികളും ചെല്ലാനം തീരത്ത് നടപ്പിലാക്കിയിട്ടില്ല. ഒരോ ദുരന്തം ഉണ്ടാകുമ്പോഴും അധികാരികളില്‍ നിന്നും പതിവ് പല്ലവി കേള്‍ക്കാനാണ് തീരത്തുകാരുടെ വിധി. പദ്ധതി ഏറ്റെടുത്ത കരാറുകാരന് പറയുന്നത് ജിയോ ട്യൂബ് നിറയ്ക്കാന്‍ കടലില്‍ മണ്ണില്ല എന്നാണ്. കരാറുകാരന്റെ വാദം വാസ്തവവിരുദ്ധമാണെന്നും കടലില്‍ മണ്ണ് ഉണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞതോടെ കരാറുകാരന് അപ്രത്യക്ഷനായി. പദ്ധതി നടപ്പാക്കുന്ന ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇയാളെ അന്വേഷിക്കുന്ന തിരക്കിലാണ്. 6 മണിക്കൂര്‍ കൊണ്ട് ഒരു ട്യൂബ് നിറയുമെന്നു ജിയോ ട്യൂബ് നിര്‍മാണ കണ്‍സല്‍റ്റിങ് ഏജന്‍സി പറയുന്നത്. എന്നാല്‍ 25 മീറ്റര്‍ നീളവും 5 മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകളില്‍ രണ്ടെണ്ണം മാത്രമാണ് ഭാഗികമായി നിറയ്ക്കാന്‍ രണ്ടു മാസം പിന്നിട്ടിട്ടും കരാറുകാരനു കഴിഞ്ഞത്.
ജിയോ ട്യൂബുകള്‍ ഉപയോഗിച്ച് അഞ്ചര മീറ്റര്‍ ഉയരത്തിലാണ് ഭിത്തി നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. ഓരോ തവണയും കടല്‍ക്ഷോഭമുണ്ടാകുമ്പോഴും ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ട അവസ്ഥയിലാണ് ചെല്ലാനം നിവാസികളിപ്പോള്‍. പുലിമുട്ടും കടല്‍ഭിത്തിയും ഇല്ലാത്തതാണ് ഇവിടെ ദുരന്ത വ്യാപ്തി ഇരട്ടിയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജനങ്ങളുടെ ജീവന് കരാറുകാരന് വിലപറയുന്നു
ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച് മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ ഇറിഗേഷന്‍ വകുപ്പുതന്നെയാണ് കരാറുകാര്‍ക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. 125 മീറ്റര്‍ നീളത്തില്‍ മറുവക്കാട് വേളാങ്കണ്ണി പള്ളിക്ക് വടക്കുവശമായിരുന്നു ആദ്യഭിത്തി നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. 125 മീറ്റര്‍ ജിയോ ട്യൂബ് സ്ഥാപിക്കാന്‍ ഇത്തരത്തിലുള്ള 18 ട്യൂബുകള്‍ ആവശ്യമാണ്. ട്യൂബുകള്‍ സ്ഥാപിക്കുകയും ട്യൂബുകളില്‍ കടലില്‍നിന്ന് മണല്‍ പമ്പ് ചെയ്ത് നിറയ്ക്കാന്‍ കടലില്‍ മോട്ടോറും കുഴലുകളും സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കടലില്‍ മണലില്ലെന്ന കാരണം പറഞ്ഞ് കരാറുകാരന് പണി നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് നാട്ടുകാരുടെ ചെലവില്‍ ചെല്ലാനം വേളാങ്കണ്ണി തീരത്ത് മത്സ്യത്തൊഴിലാളികള്‍ സ്വന്തം നിലയ്ക്കു കടലില്‍ മണല്‍ കണ്ടെത്താന്‍ ശ്രമിച്ചത്. മത്സ്യത്തൊഴിലാളിയായ ആന്റണി കുട്ടപ്പശേരിയുടെ നേതൃത്വത്തില്‍ 17 പേര് അടങ്ങുന്ന സംഘം തീരത്തു നിന്നും 70 മീറ്റര്‍ ദൂെരയായി കുഴല്‍കിണര്‍ താഴ്ത്താന്‍ ഉപയോഗിക്കുന്ന ബോറിങ് പൈപ്പുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ മേല്‍ത്തട്ടിലെ ചെളിക്കുതാഴെ മണല്‍ ഉണ്ടെന്ന് മനസിലായി. ഇക്കാര്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍മാരെ അറിയിച്ചു. ഇവര്‍ കരാറുകാരനുമായി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യകരാരുകാരന് നിര്‍മാണം പലര്‍ക്കായി ഉപകരാറുകള്‍ കൊടുത്തിട്ടുള്ള കാര്യം വെളിവായത്. കളക്ടറും ജനപ്രതിനിധികളും നിരന്തരമായി ഇടപെട്ടിട്ടും കരാറുകാരന് പണി പുനരാരംഭിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കടല്‍ഭിത്തിയോട് ചേര്‍ന്ന് മണലെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് പറയപ്പെടുന്നു. കടല്‍ഭിത്തിക്ക് ദോഷം വരുന്നതിനാല്‍ അധികൃതര്‍ ഇതനുവദിച്ചില്ല. പകരം ചെല്ലാനം ഹാര്‍ബറില്‍ നിന്നും മണലെടുക്കാന്‍ അനുവാദം നല്‍കാമെന്ന് അറിയിച്ചു. ഹാര്‍ബറിനുള്ളില്‍ മണല്‍ അടിഞ്ഞുകൂടിയതുമൂലം വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവല്‍ ഉള്ളത്. ഹാര്‍ബറില്‍ നിന്നും മണലെടുത്താല്‍ ജിയോ ട്യൂബില്‍ മണല്നിറയ്ക്കാനും ഹാര്‍ബറില്‍ വള്ളങ്ങള്‍ അടുപ്പിക്കാനും സാധിക്കും.
ഡ്രഡ്ജര്‍ പോലെയുള്ള യന്ത്രസംവിധാനങ്ങളും പരിചയസമ്പന്നരായ തൊഴിലാളികളും ഉണ്ടെങ്കില്‍ ഇവിടെ നിന്നും മണ്ണ് ശേഖരിച്ച് ജിയോ ട്യൂബുകള്‍ നിറയ്ക്കാന്‍ കഴിയുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. എന്‍ജിനീയര്‍മാരും ഇതു ശരിവയ്ക്കുന്നു. ജിയോ ട്യൂബ് നിറയ്ക്കാന്‍ 200 കുതിരശക്തിയുള്ള സാന്‍ഡ് പമ്പിംഗ് മോട്ടോര്‍ വേണമെന്നിരിക്കെ 25 കുതിരശക്തിയുള്ള സാധാരണ മോട്ടോര്‍ ഉപയോഗിച്ച് പരിചയ സമ്പന്നരല്ലാത്തവരെ കൊണ്ടുവന്നു നിര്‍മാണം തുടങ്ങിയതാണ് പദ്ധതിയുടെ അനിശ്ചിതത്വത്തിനു കാരണമായതെന്നാണ് ആരോപണം. കളക്ടറുടെ നിര്‍ദേശം അനുസരിച്ച് കാര്യക്ഷതയുള്ള യന്ത്രങ്ങള്‍ എത്തിച്ച് ഏപ്രില്‍ 15 നു മുന്‍പ് പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം. ജിയോ ട്യൂബ് നിര്‍മാണം നടക്കുന്ന സമീപപ്രദേശങ്ങളിലെ ഉപ്പത്തക്കാട് തോട്, വിജയം കനാല്‍, ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ എന്നിവടങ്ങളിലെല്ലാം മണല്‍ നിറഞ്ഞു കിടക്കുമ്പോള്‍ മണ്ണില്ലെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫിന്‍ പറഞ്ഞു.
എന്നാല്‍ കരാറുകാരന് ഇതൊന്നും ഗൗനിക്കുന്നില്ലെന്നാണ് ആരോപണം. പണി നടക്കുന്നതിനിടയ്ക്ക് കടലില്‍ മുങ്ങിപ്പോയ ഡ്രഡ്ജറും മോട്ടോറുകളും തിരികെ എടുക്കാന്‍ പോലും ഇവര്‍ ശ്രമിക്കുന്നില്ല. മഴയ്ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ അന്ത്യശാസനം നല്‍കിയിട്ടും കരാറുകാരന് അനങ്ങിയിട്ടില്ല. മഴ തുടങ്ങി കടല്ക്ഷോഭമുണ്ടാകുകയാണെങ്കില് കടല്‍ഭിത്തി ഉടനെ നിര്‍മിക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങും. ഇതവസരമാക്കിയെടുത്ത് കരാര്‍ തുകയ്ക്കു പുറമേ പണം ഈടാക്കാനുളള ശ്രമമാണ് കരാറുകാരന് നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ഇറിഗേഷന്‍ ഡിപ്പാര്ട്ടിമെന്റിലെ ഉന്നതഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ശനനടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീരദേശവാസികള്‍ വീണ്ടും കടല്‍ക്ഷോഭത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.
അതേസമയം നിശ്ചിതയോഗ്യതയില്ലാത്ത കരാറുകാരനെ കോടിക്കണക്കിനു രൂപയുടെ പദ്ധതി ഏല്പിച്ചതിനു പിന്നില്‍ അഴിമിതിയുണ്ടോ എന്ന് അന്വേഷിക്കണമെന്ന് തീരസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വന്‍ തുകയ്ക്ക് കരാറെടുത്തയാള്‍ക്ക് ഇതു സംബന്ധിച്ച് മുന്‍ പരിചയമോ സാങ്കേതിക ജ്ഞാനമോ ഉപകരണങ്ങളോ ഇല്ലെന്നത് അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ജിയോ ട്യൂബിന്റെ കടല്‍ഭിത്തി
കടല്‍ക്ഷോഭത്തെ അതിജീവിക്കാന്‍ കൂറ്റന്‍ കരിങ്കല്ലുകളുപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുന്നതും കോണ്‍ക്രീറ്റ് മതില് കെട്ടുന്നതും 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരുടെ കാലം മുതലേ ഇന്ത്യയില്‍ പതിവുണ്ട്. പോളിത്തീന്‍ ബാഗുകളില്‍ മണല്‍ നിറച്ച് ഭിത്തിയായും ഉപയോഗിച്ചുവരുന്നു. കേരളത്തിന്റെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശത്ത് വെറും 46.3 കിലോമീറ്റര്‍ മാത്രമാണ് കരിങ്കല്‍ ഭിത്തിയുള്ളത്. ഇതു തന്നെ പലയിടത്തും തകര്‍ന്നു കിടക്കുകയാണ്. ഓരോ വര്‍ഷവും കാലവര്‍ഷത്തില്‍ കേരളത്തിന്റെ തീരപ്രദേശം കടല്‍ക്ഷോഭ ഭീഷണിയിലാകും. ഓരോ സീസണിലും കിലോമീറ്റര്‍ കണക്കിന് തീരം കടലെടുക്കും. വീടുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും നാശവും ധാരാളമായുണ്ടാകാറുണ്ട്. ഏകദേശം കാല്‍ലക്ഷത്തോളം പേര് ഓരോ വര്‍ഷവും സംസ്ഥാനത്ത് കടല്‍ക്ഷോഭത്തിന്റെ കെടുതി അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 2011ല്‍ എം.എസ് സ്വാമിനാഥന് കമ്മറ്റി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരിങ്കല്‍ ഭിത്തികള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കാന്‍ കഴിയാത്തതും ഭിത്തികള്ക്കടിയിലൂടെ തിരകള്‍ മണ്ണ് ഊര്ത്തിയെടുക്കുന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കരിങ്കല്‍ ഭിത്തികള്‍ പരിസ്ഥിതി വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബദല്‍ മാര്‍ഗത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ചിന്തിച്ചില്ല.
ഓഖി ദുരന്തത്തിനു ശേഷമാണ് ഫലപ്രദമായ കടല്‍ഭിത്തിയെ കുറിച്ച് സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നത്. 2008ല്‍ പശ്ചിമബംഗാളിലും 2015ല്‍ ഒഡീഷയിലും പിന്നീട് ആന്ധ, തമിഴ്നാട് എന്നിവിടങ്ങളിലും വിജയകരമായി ഉപയോഗിച്ച ജിയോ ട്യൂബിനെക്കുറിച്ച് അറിയുന്നത് ഇങ്ങനെയാണ്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രത്യേക നിര്‍ദേശ പ്രകാരം കേരളത്തിലെ 8 ജില്ലകളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കാന്‍ തീരുമാനമായി. ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി (എന്‍ഐഒടി) ഇതിനുള്ള സാങ്കേതിക ഉപദേശങ്ങള്‍ നല്കി. പോളിപ്രൊഫൈലിന്‍ (ുീഹ്യുൃീു്യഹലില) ഉപയോഗിച്ചാണ് ജിയോ ട്യൂബുകള്‍ ഉപയോഗിക്കുന്നത്. ഘനം കൂടിയ പ്ലാസ്റ്റിക് മിശ്രിതമാണ് പോളിപ്രൊഫൈലിന്‍. താപത്തെയും രാസപ്രവര്‍ത്തനങ്ങളെയും അതിജീവിക്കുവാന്‍ കെല്പുള്ളതാണിത്.
ഇന്ത്യയില്‍ ആദ്യമായി പശ്ചിമബംഗാളിലാണ് ജിയോ ട്യൂബ് കടല്‍ഭിത്തി ആദ്യമായി നിര്‍മിച്ചത്. 2008ല്‍ ഏകദേശം 1 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇതു നിര്‍മിച്ചത്. ഇപ്പോഴും സുശക്തമായി കടലിനെ പ്രതിരോധിക്കുന്നു. ഒഡീഷയില്‍ 2015ല്‍ 505 മീറ്റര്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ 31.15 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത്. ഇവിടെ 20 മീറ്റര്‍ നീളത്തിലും 7.4 മീറ്റര്‍ വ്യാസത്തിലുമുള്ള ട്യൂബുകളാണ് ഉപയോഗിച്ചത്. ലോകബാങ്കാണ് പദ്ധതിക്ക് സഹായം നല്‍കിയത്. തമിഴ്നാട്ടില്‍ 8 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മാണം നടന്നുവരുന്നു.
തീരദേശവാസികളുടെ സമരം തുടങ്ങി
ചെല്ലാനം വേളാങ്കണ്ണി തീരത്തും കമ്പനിപ്പടി ആലുങ്കല്‍ കടപ്പുറത്തും നിര്‍മിക്കുന്ന ജിയോ ട്യൂബിന്റെ നിര്‍മാണം ഏപ്രില്‍ 15ന് മുന്‍പ് പൂര്‍ത്തിയക്കണമെന്ന് ആവശ്യപ്പെട്ട് തീരദേശ വാസികള്‍ ചെല്ലാനം വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വിന്സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഡയറക്ടര്‍ സിസ്റ്റര്‍ ആലീസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ധര്‍ണയ്ക്ക് മുന്നോടിയായി നടന്ന പ്രതിക്ഷേധറാലി ഫാ. ഫ്രാന്‍സിസ് പൂപ്പാടി ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍ കണ്ടത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി കണ്‍വീനര്‍ ടി.എ ഡാല്‍ഫിന്‍, കോ-ഓര്‍ഡിനേറ്റര്‍ ഫാ. മൈക്കിള്‍ പുന്നക്കല്‍, എ.എന്‍ രവികുമാര്‍, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് ജില്ല പ്രസിഡന്റ് ഷിജി തൈയ്യില്‍, ആനി ജോസഫ്, ബാസ്റ്റിന് വെട്ടിക്കാപ്പള്ളി, ബാബു കാളിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. 27ന് കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിനു മുന്നില്‍ ധര്‍ണനടത്തി.
Related
Related Articles
ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത നിയുക്ത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും മാര്‍ച്ച് 19 ശനിയാഴ്ച നടക്കും. ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍ ഗ്രൗണ്ടില്‍ വൈകീട്ട്
നിപ്പാ വൈറസ് പ്രതിരോധ മരുന്ന് എത്തിച്ചു
കോഴിക്കോട്: നിപ്പാ വൈറസിനെ പ്രതിരോധിക്കുവാൻ റിബ വൈറിൻ എന്ന മരുന്നാണ് എത്തിച്ചിട്ടുള്ളത്. 2000 ഗുളികകൾ ആണ് പ്രാരംഭ ഘട്ടത്തിൽ എത്തിച്ചിട്ടുള്ളത് നാളെ 8000 ഗുളികകൾ എത്തിക്കും .
ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസപദവിയില്‍
കൊല്ലം/തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഒസിഡിയും തീക്ഷ്ണമതിയായ മിഷണറി മുതിയാവിള വല്ല്യച്ചന് എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസ് ഒസിഡിയും