ചേരി ‘ചോരാ’ നയം

Print this article
Font size -16+
റഷ്യന്‍ മൊതലാളി യുക്രെയ്ന് കുടിയാന്റെ പുരയിടത്തില്‍ കയറി തേങ്ങാ ഇടുന്ന ശബ്ദം കേട്ടാണ് കുറച്ചു ദിവസമായി ലോകം ഉണരുന്നത്. കണ്ണേറ് ദൂരം നിന്ന്, ഇനി തേങ്ങാ ഇട്ടാല്‍ നിന്നെ ഞങ്ങള്‍ ശരിയാക്കികളേം എന്ന് സദാ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കുന്ന നാറ്റോക്കാര് മൊതലാളിയെ ഭീഷണിപ്പെടുത്തുന്നതു കൂടാതെ പറമ്പിന്റെ നാലയലത്തേക്ക് ഇതുവരെ അടുത്തിട്ടില്ല. 1979-ല്‍ ഇത്തരമൊരു സംഭവമുണ്ടായി. അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയന് പ്രവേശിച്ചത് തന്നാണ്ടാണ്. നാറ്റോ സഖ്യത്തിന് നട്ടെല്ലില്ല എന്നു പറയുന്നതു ശരിയല്ല. അമേരിക്ക എന്തു പറഞ്ഞാലും സഖ്യരാഷ്ട്രങ്ങള്‍ നട്ടെല്ലു വളച്ച് അംഗീകരിക്കാറുണ്ട്. അന്നും അത്തരത്തില്‍ സംഭവിച്ചിരുന്നു.
പക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു, യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുന്നാസര്‍ എന്നിവരുടെ ശ്രമഫലമായി രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം മറ്റൊരു ലെവലാണ്. എവിടുന്നാണ് ഈ ആശയം ഇവര്‍ക്കു കിട്ടിയതെന്ന് പലരും അദ്ഭുതപ്പെടുന്നുണ്ട്. ചില സൂചനകള്‍ തരാം – രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ ഉടന്‍ ഇന്ത്യ വിടണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ ബ്രിട്ടന്റെ എതിരാളികളാരെന്നു നോക്കിയപ്പോഴല്ലേ പ്രശ്നം ഗുരുതരമാണെന്നു ബോധ്യപ്പെട്ടത്.
ജര്‍മനി, ജപ്പാന് തുടങ്ങിയ സ്വേച്ഛാധിപത്യ രാഷ്ട്രങ്ങളാണ് പാവം ബ്രിട്ടന്റെയും അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയുമൊക്കെ പറമ്പില്‍ കയറി തേങ്ങാ ഇട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ നമ്മള് എന്തു നയം സ്വീകരിക്കും? ബ്രിട്ടണ് ഇന്ത്യ വിടണമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഹിറ്റ്ലറെ തലകുനിപ്പിക്കാതെ വെറുതേ വിടുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍ തല്ക്കാലം ബ്രിട്ടന്, അതായത് അമേരിക്കന്‍ പക്ഷത്തിന്, പിന്തുണ കൊടുക്കുക. യുദ്ധം കഴിഞ്ഞാല്‍ ബ്രിട്ടനെ എത്രവേണമെങ്കിലും സൗകര്യപൂര്‍വം തെറി വിളിക്കാമല്ലോ… ഈ ചരിത്രസന്ധിയിലായിരിക്കണം ചേരിചേരാ പ്രസ്ഥാനത്തിന്റെ ബീജാവാപം നടന്നത്. ആരും ആരോടും ഇക്കാര്യം പറഞ്ഞില്ലെന്നു മാത്രം. ക്രെഡിറ്റ് പിന്നീട് ത്രിമൂര്‍ത്തികള്‍ അടിച്ചുമാറ്റുകയായിരുന്നു. ബ്രിട്ടന്റെ കൂടെയായിരുന്ന മഹാത്മാഗാന്ധിയെയും ഹിറ്റ്ലറുടെ കൂടെയായിരുന്ന സുഭാഷ് ചന്ദ്രബോസിനെയും ഇവിടെ സ്മരിക്കാം. കമ്യൂണിസ്റ്റുകാര്‍ എന്നും എക്കാലവും സോവിയറ്റ് ചേരിയിലായതുകൊണ്ട് പ്രത്യേകം എടുത്തുപറയുന്നില്ല. പക്ഷേ അവര്‍ ഗാന്ധിയോടും സുഭാഷ് ചന്ദ്രബോസിനോടും തന്ത്രപരമായ ചേരിചേരാനയം പുലര്‍ത്തിയിരുന്നു എന്നും ഓര്‍ത്തേക്കണം. സവര്‍ക്കര്‍ക്കും കൂട്ടര്‍ക്കും പോളിഷ് ചെയ്യാന്‍ ഷൂ ധാരാളം കൊടുക്കാമെന്ന് ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തതുകൊണ്ട് അവരും കുതതന്ത്രപരമായ ചേരിചേരാനയം അനുവര്‍ത്തിച്ചു.
സമദൂര സിദ്ധാന്തം എന്നൊക്കെ വേണമെങ്കില്‍ ഈ നയത്തെ വ്യാഖ്യാനിക്കാവുന്നതാണ്. വീടുകളില്‍ അമ്മായിയമ്മയും മരുമകളുമായി സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ ഭര്ത്താക്കന്മാര് സ്വീകരിക്കുന്ന നയമെന്ന് സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയിലും പറയാം. സംഘടനയെ നിസാരമായി കാണരുത്. നൂറിലേറെ അംഗരാജ്യങ്ങളുള്ള ഈ പ്രസ്ഥാനം ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ഏറ്റവും അംഗസംഖ്യയുള്ള സാര്‍വദേശീയ പ്രസ്ഥാനമാണ്. 1979-ലെ ഹവാനാ പ്രഖ്യാപനപ്രകാരം അംഗരാജ്യങ്ങളുടെ സ്വാതന്ത്ര്യവും പരമാധികാരവും പ്രാദേശിക സ്വത്വവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമ്രാജ്യത്വം, കോളനിവത്കരണം, വര്‍ണവിവേചനം, വംശവിവേചനം, സയോണിസം എന്നിവയ്ക്കെതിരായ നില
പാടുകളും പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍പെടുന്നു. റഷ്യയെ എന്തുകൊണ്ട് ഇന്ത്യ എതിര്‍ക്കുന്നില്ല എന്ന ചില പിന്തിരിപ്പന് ശക്തികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായെന്നു കരുതട്ടെ.
നമ്മുടെ ഭാഗംവാങ്ങിപ്പോയ സഹോദരനും അടുത്ത സുഹൃത്തുമായ പാക്കിസ്ഥാനും ഈ ചേരിചേരാ പ്രസ്ഥാനത്തില്‍ ധീരമായി അടിയുറച്ചു മുന്നേറുന്നവരാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലോ ഇന്ത്യയും ചൈനയും തമ്മിലോ അതിര്‍ത്തി തര്‍ക്കമുണ്ടാകുമ്പോള്‍ സോവിയറ്റ് യൂണിയനും (റഷ്യ) അമേരിക്കയും ചേരിചേരാനയം സ്വീകരിക്കുന്നതിനെ ഇന്ത്യയും പാക്കിസ്ഥാനും ചൈനയും സംയുക്തമായി ശക്തിയോടെ എതിര്‍ക്കുന്നു (അളിയാ എന്റെ കൂടെ നില്ക്ക്….അല്ലെങ്കില്‍ കട്ടപ്പൊക ഉയരും, രക്തപ്പുഴ ഒഴുകും).
കേരള ഹൈക്കോടതിയില്‍ ചിലര്‍ ചേര്‍ന്നു നല്‍കിയിട്ടുള്ള ഹര്‍ജിയുടെ വിഷയം കൂടി ഇവിടെ അവതരിപ്പിച്ചോട്ടെ. യുക്രെയ്നില്‍ പെട്ടുപോയ മലയാളി വിദ്യാര്‍ഥികളുടെ ന്യായമായ നിരവധി പരാതികള്‍ ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. യുദ്ധഭൂമിയില്‍ ബങ്കറിലും മറ്റുമായി കഴിയുന്ന വിദ്യാര്‍ഥികളോട് യുക്രെയ്ന് പട്ടാളക്കാര്‍ വിവേചനത്തോടെ പെരുമാറുന്നു എന്ന പരാതി ഇതില്‍ പ്രധാനപ്പെട്ടതാണ്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എങ്ങനെയായിരിക്കണം ആ ഇടപെടലെന്ന് വിശദീകരിച്ചിട്ടില്ലെന്നു മാത്രം. യുക്രെയ്ന് യുദ്ധത്തില്‍ കേരള ഹൈക്കോടതിക്ക് എന്തു കാര്യം? ഇന്ത്യ ചേരിചേരാ നയമാണ് പിന്തുടര്ന്നുകൊണ്ടിരിക്കുന്നതെന്ന് യുക്രെയ്ന്‍കാര്‍ക്ക് അറിയാഞ്ഞിട്ടാണോ? രാജ്യം ചേരിചേരാ നയം സ്വീകരിച്ചതിന് കുട്ടികളെന്തു പിഴച്ചു, റഷ്യയോടു തോറ്റുകൊണ്ടിരിക്കുന്നതിന് ഇന്ത്യയെ പഴിച്ചിട്ട് എന്താ കാര്യം തുടങ്ങിയ പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ചാനല്‍ ചര്‍ച്ചയില്‍ ഉചിതമായ മറുപടി നല്‍കുന്നതായിരിക്കും.
ശീതയുദ്ധ കാലത്തിനു ശേഷം അസ്തിത്വ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയായിരുന്ന ചേരിചേരാ പ്രസ്ഥാനത്തിന് റഷ്യ-യുക്രെയ്ന് യുദ്ധത്തോടെ ഒരു ഉണര്‍വ് ഉണ്ടായിട്ടുണ്ടെന്നത് മറച്ചുവയ്ക്കാനാവില്ല.
Click to join Jeevanaadam Whatsapp ചെയ്യുക
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
മാര്ട്ടിന് ഈരേശ്ശേരില്‍: ധീരതയോടെ നടന്നുപോയൊരാള്‍
പറയുന്നതും എഴുതുന്നതും കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം. ജീവിതത്തില്‍ ഇതിനായി വാശി പിടിച്ച നോവലിസ്റ്റും കഥാകൃത്തും ചരിത്രകാരനുമായ മാര്ട്ടിന് ഈരേശ്ശേരില്‍ വിടവാങ്ങി. എന്റെ ബൗദ്ധിക ശേഷിക്ക് നിരക്കാത്തതിനെ എതിര്‍ക്കുക എന്നത്
കുറവുകള്‍ മറന്ന് സ്നേഹിക്കാം: പെസഹാക്കാലം അഞ്ചാം ഞായർ
പെസഹാക്കാലം അഞ്ചാം ഞായർ വിചിന്തനം :- “കുറവുകള്‍ മറന്ന് സ്നേഹിക്കാം” (യോഹ 13:31-35) ഉയിര്‍പ്പു തിരുനാള്‍ മുതലിങ്ങോട്ട് ഈ പെസഹാക്കാലത്തിലെ ഞായറുകളിലെല്ലാം തന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍
നീതിക്കായി ഇനി ഉറച്ചപോരാട്ടം
കൊല്ലം: നീതിനിഷേധത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ലത്തീന്‍ കത്തോലിക്കാ സമുദായദിന നീതിസംഗമം. ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടില്‍ പതിനായിരങ്ങളെ സാക്ഷിയാക്കി കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ
No comments
Write a comment
No Comments Yet!
You can be first to comment this post!