Breaking News

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

ജനകീയ ശുശ്രൂഷയുടെ മണിമുഴങ്ങുമ്പോള്‍

വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്ന ആലയത്തിന്റെ കാര്യസ്ഥനാണ് കപ്യാര്‍. ആദിമകാലത്ത് സഭയില്‍ സ്ഥിരം ഡീക്കന്മാര്‍ വഹിച്ചിരുന്ന പദവിയാണ് പള്ളിയിലെ പൂജാപാത്രങ്ങളും തിരുവസ്ത്രങ്ങളും സൈത്തും ആരാധനക്രമഗ്രന്ഥങ്ങളും സൂക്ഷിക്കുന്ന നിക്ഷേപാലയത്തിന്റെ സൂക്ഷിപ്പുകാരന്‍ എന്ന സ്ഥാനം. പുലര്‍ച്ചെ നാടിനെ പ്രാര്‍ഥനയ്ക്കായി ഉണര്‍ത്തുന്ന കുരിശുമണി തൊട്ട് സന്ധ്യാനമസ്‌കാരത്തിനും ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയ്ക്കുമായുള്ള ആര്‍ദ്രമണിനാദവും പെരുന്നാളിന്റെയും ആഘോഷങ്ങളുടെയും സ്തുതിപ്പിന്റെയും കൂട്ടമണിയും മുഴക്കി, ദേവാലയത്തിലെ എല്ലാ തിരുക്കര്‍മങ്ങളിലും മാമ്മോദീസ മുതല്‍ മൃതസംസ്‌കാരവും അനുസ്മരണശുശ്രൂഷയും വരെ ഇടവകയിലെ സകല കൂദാശപരികര്‍മങ്ങളിലും അനുഷ്ഠാനങ്ങളിലും രേഖകള്‍ സൂക്ഷിക്കുന്നതിലും വൈദികരുടെ തുണയും സഹായിയുമായി വര്‍ത്തിക്കുന്ന കപ്യാര്‍ സഭയില്‍ ഒരു അല്മായന് എത്തിപ്പെടാന്‍ പറ്റുന്നതില്‍ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ദേവാലയശുശ്രൂഷാ പദമാണ്. ദൈവജനത്തിന് എന്ത് ആവശ്യത്തിനും എപ്പോഴും സംലഭ്യനായ ആ ദേവാലയകാര്യസ്ഥന്‍ ഗ്രാമപഞ്ചായത്തിലെ പൊതുമണ്ഡലത്തില്‍ ജനകീയ മധ്യസ്ഥന്‍ കൂടിയായാലോ?

വരാപ്പുഴ അതിരൂപതയിലെ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കപ്യാര്‍ ആന്റണി റോജന്‍ മുളവുകാട് ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. കപ്യാര്‍ ജനസമ്മതിയോടെ പഞ്ചായത്ത് മെംബര്‍ കൂടി ആകുന്ന കൗതുകവാര്‍ത്തയ്ക്കു പിന്നിലെ അര്‍പ്പണത്തിന്റെ കഥ തേടി റിയ ആല്‍ബി, ആന്റണി റോജന്‍ ബോള്‍ഗാട്ടിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

കപ്യാര്‍ എന്ന നിലയില്‍ ദേവാലയശുശ്രൂഷാ മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയാണല്ലോ തദ്ദേശഭരണ രംഗത്തേക്കു തിരിയുന്നത്. കുടുംബ പാരമ്പര്യത്തില്‍ കപ്യാര്‍ പദത്തിലെത്തിയ അനുഭവത്തില്‍ നിന്നു തുടങ്ങിയാലോ?

പൂര്‍വികരുടെ പാത പിന്തുടര്‍ന്നാണ് ഞാനും ദേവാലയശുശ്രൂഷാരംഗത്തേക്ക് വരുന്നത്. കപ്യാര് പണി എന്നു പറഞ്ഞാല്‍ ഐശ്വര്യമാണെന്ന് ഞാനും കുടുംബവും വിശ്വസിക്കുന്നു. തുച്ഛമായ തുകയാണ് അതില്‍ നിന്നു ലഭിക്കുന്നതെങ്കിലും ഒരു തൊഴിലിനെക്കാളും പ്രതിഫലത്തേക്കാളും അപ്പുറത്താണ് അതില്‍ നിന്നു ലഭിക്കുന്ന ആത്മസംതൃപ്തി. തലമുറകളായി ഞങ്ങളുടെ കുടുംബം ദേവാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു. 40 വര്‍ഷത്തോളം എന്റെ അപ്പച്ചന്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ കപ്യാര് ആയി സേവനമനുഷ്ഠിച്ചു. അപ്പച്ചന് സുഖമില്ലാതായപ്പോള്‍ സഹായത്തിനായാണ് ഞാന്‍ പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എന്റെ കുട്ടിക്കാലം മുതല്‍ ഞാന്‍ പള്ളിയോട് അത്രമാത്രം അടുത്താണ് ജീവിച്ചത്. ഏറെക്കാലം അള്‍ത്താരബാലനായിരുന്നു. ചെറുപ്പം മുതല്‍ പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. പള്ളിയുടെ കൂടുതല്‍ കാര്യങ്ങളില്‍ വ്യാപൃതനായത് ഇരുപതാം വയസു മുതല്‍ ആണ്.

കപ്യാര്‍ എന്ന സവിശേഷ നിയോഗം പേറി ഇത്രയും കാലത്തെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

കപ്യാര്‍ ശുശ്രൂഷ തുടങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. പള്ളിയുടെ എല്ലാ കാര്യങ്ങളും മറ്റേതു ജോലിയെക്കാളും ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആത്മവിശ്വാസം. പള്ളിയില്‍ കൂദാശസമയത്തുള്ള ശുശ്രൂഷകള്‍ക്കു പുറമേ പല ആവശ്യങ്ങള്‍ക്കായും പള്ളിയിലെത്തുന്നവര്‍ക്ക് എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അതേസമയം ഇടവകയെ സംബന്ധിച്ച പൊതുകാര്യങ്ങളില്‍ എന്റെ നിലപാടുകള്‍ തുറന്നുപറയുന്നതിലും മടിക്കാറില്ല.

അള്‍ത്താര ശുശ്രൂഷയ്ക്കു പുറമെ മറ്റെന്തെങ്കിലും തൊഴില്‍ ചെയ്യുന്നുണ്ടോ?

സാങ്കേതിക തൊഴില്‍പഠനത്തിന്റെ ഭാഗമായി ഐടിഐ പാസായിട്ടുണ്ട് ഞാന്‍. ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ ഒരു ഫ്രിഡ്ജ് മെക്കാനിക്കല്‍ ഷോപ്പ് നടത്തുന്നുണ്ട്. കപ്യാര് പണി മാത്രം ആശ്രയിച്ച് കുടുംബം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ പള്ളിയിലെ ആവശ്യങ്ങള്‍ കഴിഞ്ഞ് ഞാന്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് ജോലിയില്‍ വ്യാപൃതനാകും. പള്ളിയും ഷോപ്പും അടുത്തടുത്തായതിനാല്‍ ബുദ്ധിമുട്ടില്ലാതെ രണ്ടിടത്തെയും കാര്യങ്ങള്‍ നോക്കാന്‍ സാധിക്കും.

കുട്ടിക്കാലത്തെ ദേവാലയശുശ്രൂഷകളുടെ ഓര്‍മകളില്‍ തെളിഞ്ഞുനില്‍ക്കുന്നത് എന്താണ്?

ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയാണ് ഞങ്ങളുടെ ഇടവക. കുട്ടിക്കാലത്ത് പള്ളിയെ ഏറ്റവും പവിത്രമായ ഒരിടമായാണ് കണ്ടിരുന്നത്. അതനുസരിച്ചുള്ള കര്‍ക്കശമായ സമീപനങ്ങളാണ് പുരോഹിതരുടെ ഭാഗത്തുനിന്നും മുതിര്‍ന്നവരുടെ ഭാഗത്തുനിന്നും കണ്ടിരുന്നത്. പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ കൂദാശസമയത്തൊഴിച്ച് പൂര്‍ണ നിശബ്ദത പാലിക്കാന്‍ എല്ലാവരും ശ്രമിക്കും. കുട്ടികള്‍ അതു ലംഘിച്ചാല്‍ നല്ല വഴക്കു കേള്‍ക്കും; ചിലപ്പോള്‍ ശിക്ഷയും കിട്ടും. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അപ്പച്ചന്‍ കപ്യാരായി പ്രവര്‍ത്തിക്കുന്ന സമയം, അന്നൊക്കെ കുര്‍ബാനയ്ക്ക് മുന്‍പ് അപ്പച്ചന്‍ മുതുകത്ത് വടിയും ഒതുക്കിപിടിച്ച് നടക്കുമായിരുന്നു. കുട്ടികളാരെങ്കിലും പള്ളിക്കകത്ത് സംസാരിച്ചു കണ്ടാല്‍ വടിയെടുത്ത് ഓടിച്ചിട്ട് അടിക്കുമായിരുന്നു.

പക്ഷേ ഒരാളും ചോദിച്ചുവരാറില്ലായിരുന്നു, എന്താണ് കപ്യാരെ എന്റെ മകനെ അടിച്ചത് എന്ന്. അത്രയും ആഴമായ വിശ്വാസത്തിലാണ് എല്ലാവരും കുട്ടികളെ വളര്‍ത്തിവന്നത്. ഒരു ദിവസം ഞാനും അമ്മയും കൂടി പള്ളിയില്‍ കുര്‍ബാനയ്ക്കായി വന്നു. പതിവുപോലെ രൂപം തൊട്ടുമൊത്താന്‍ നില്‍ക്കുമ്പോഴാണ് അമ്മ കുറച്ചുമാറി പ്രാര്‍ത്ഥിച്ചുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അമ്മയുടെ അടുത്തേക്ക് ഞാന്‍ ഓടിപോയത് അപ്പന്‍ കാണുകയും അരികില്‍ വിളിച്ചുവരുത്തി രണ്ട് അടി തരികയും ചെയ്തു. വീട്ടില്‍ വന്നതിനുശേഷം അമ്മയോട് തിരക്കിയപ്പോഴാണ് പള്ളിയില്‍ ഓടിയതിനാണ് തല്ലിയത് എന്ന് അറിഞ്ഞത്. പള്ളി എന്നത് പ്രാര്‍ത്ഥനയ്ക്കുള്ള ഒരു കെട്ടിടം മാത്രമല്ലെന്നും പരിപാവനമായ ഒരു സ്ഥലമാണെന്നുമുള്ള ബോധ്യം അപ്പോഴാണുണ്ടാകുന്നത്. അന്നുമുതല്‍ പള്ളിയോട് പ്രത്യേക ആദരവാണ് മനസിലുള്ളത്. അന്ന് പകര്‍ന്നുകിട്ടിയ വിശ്വാസവും പള്ളിയോടുള്ള ആഴമായ ബന്ധവും തന്നെയാണ് കപ്യാരായി ഇന്നും നില്‍ക്കാന്‍ എനിക്ക് ബലം തരുന്നത്. ഓര്‍മ്മവെച്ച നാള്‍ മുതല്‍ രാവിലെ പങ്കെടുക്കുന്ന കുര്‍ബാനയോടെ ആണ് എന്റെ ഓരോ ദിവസവും തുടങ്ങുന്നത്. അതുപോലെതന്നെ ഈ ദേവാലയം വിട്ട് ഞാന്‍ വേറെ എവിടെയും പോകാറില്ല. എന്റെ ഓര്‍മയില്‍ വേറെ ഒരു പള്ളിയില്‍ കുര്‍ബാനയില്‍ പങ്കെടുത്തത് വേളാങ്കണ്ണി പള്ളിയില്‍ മാത്രമാണ്. ജീവിതത്തിലെ ഭൂരിഭാഗം സമയങ്ങളിലും പള്ളിയും പള്ളിക്കാര്യങ്ങളുമായി മുന്നോട്ടുപോകാനാണ് എനിക്കിഷ്ടം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?

വര്‍ഷങ്ങളോളം ഞാന്‍ കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റില്‍ സജീവമായി പ്രവര്‍ത്തിച്ചു. ക്രിസ്റ്റ്യന്‍ സര്‍വീസ് സൊസൈറ്റിയിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പള്ളി സംഘടനകളുമായി മാത്രം പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവമേ എനിക്കുള്ളൂ. കെസിവൈഎമ്മില്‍ ഉണ്ടായിരുന്ന സമയത്ത് നിരവധി സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടിരുന്നു. കൊച്ചി നഗരത്തിന് തൊട്ടടുത്താണ് പോഞ്ഞിക്കര-പൊന്നാരിമംഗലം-മുളവുകാട് ദ്വീപ്. പക്ഷേ അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണ്. ഞങ്ങളുടെ പ്രദേശത്തെ റോഡിന് പഴയ നാട്ടുവഴിയുടെ വീതിയേയുള്ളൂ. കുറെക്കാലം റോഡ് പൊട്ടിത്തകര്‍ന്നു കിടന്നു. തന്മൂലം വാഹനഗതാഗതം എളുപ്പമല്ല. ചെറിയ ബസുകള്‍ക്കു പോലും പലപ്പോഴും ഓടാന്‍ കഴിയാറില്ല. കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നഗരത്തിലേക്കുള്ള ഗോശ്രീപാലവും തൊട്ടപ്പുറത്ത്

ദേശീയപാതയിലെ കണ്ടെയ്‌നര്‍ റോഡും വന്നപ്പോഴും പണ്ട് ഒറ്റപ്പെട്ട ദ്വീപില്‍ ഫെറി ബോട്ടും മച്ചുവായും വഞ്ചിയും മറ്റുമായി കഴിഞ്ഞ കാലത്തെക്കാള്‍ പലതരത്തിലും ബുദ്ധിമുട്ടായി ഇവിടത്തെ ജീവിതം. സര്‍വീസ് റോഡും ഗ്രാമത്തിലെ പൊതുഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്നതിന് നിരന്തരം സമരപരിപാടികളുമായി ഞങ്ങള്‍ മുന്നോട്ടുവന്നിരുന്നു. തദ്ദേശഭരണത്തിലെ ധനവിനിയോഗത്തിന്റെയും പദ്ധതിനിര്‍വഹണത്തിന്റെയും കാര്യത്തില്‍ നാട്ടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്ന് ബോള്‍ഗാട്ടിക്കാര്‍ നേരിടുന്ന യാത്രാക്ലേശവും കുടിവെള്ളക്ഷാമവും.

രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു കഴിവും ഇല്ലാത്തവരെയും നേതാക്കള്‍ പറയുന്നത് അനുസരിക്കുന്നവരെയും മാത്രമാണ് മത്സരിക്കാനായി തിരഞ്ഞെടുക്കുന്നത്. ഇത്തവണയും അതുതന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നതെന്ന് മനസിലായി. അപ്പോഴാണ് എന്തുകൊണ്ട് എനിക്ക് മത്സരിച്ചു കൂടാ എന്ന ചിന്ത വന്നത്. അധികാരം മാത്രം ലക്ഷ്യമിടുകയും ജനങ്ങളെ മറക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ ആണ് ഞാന്‍ നോമിനേഷന്‍ കൊടുത്തത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി നിരവധിപേരാണ് എനിക്കൊപ്പം വന്നത്. രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ നന്മയും വളര്‍ച്ചയും കാംക്ഷിക്കുന്ന നിരവധിപേര്‍ എനിക്ക് ഒപ്പം ഉണ്ട് എന്നു ബോധ്യമായപ്പോള്‍ തിരഞ്ഞെടുപ്പ് രംഗത്ത് ശക്തമായി പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗവും ഇടവകജനങ്ങള്‍ തന്നെയാണ് ശക്തമായ പിന്തുണയുമായി വന്നത്. ഇന്നും എന്താവശ്യത്തിനും പ്രതിഫലമൊന്നും സ്വീകരിക്കാതെ നാടിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ അവര്‍ എനിക്കൊപ്പമുണ്ട് എന്നതുതന്നെയാണ് എന്റെ ശക്തിയും. ഒന്‍പതാം വാര്‍ഡില്‍ 30 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഞാന്‍ വിജയിച്ചത്.

രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്നില്ലേ?
ചെറുപ്പം മുതല്‍ കോണ്‍ഗ്രസിനോടാണ് താത്പര്യം തോന്നിയിട്ടുള്ളത്. ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ രാഷ്ട്രീയ നിലപാടുകളോട് ആണ് കൂടുതല്‍ അനുഭാവം തോന്നിയിട്ടുള്ളത്. അതേസമയം പ്രത്യേകമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മത്സരവും കഴിഞ്ഞു. ഇനി എല്ലാവരും പഞ്ചായത്തിന്റെ വികസനം ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

വികസന കാര്യത്തില്‍ പ്രഥമ പരിഗണന എന്തിനാണ്?

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക എന്നതിനാണ് പ്രഥമവും പ്രധാനവുമായ പരിഗണന. വാര്‍ഡില്‍ വാട്ടര്‍ ടാങ്ക് ഉണ്ടെങ്കിലും നിര്‍ജ്ജീവ അവസ്ഥയിലാണ്. അത് പ്രയോജനപ്രദമായ രീതിയില്‍ പുനര്‍നിര്‍മിച്ച് കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണണം. ശക്തമായ വേലിയേറ്റത്തില്‍ തോടുകളിലൂടെ നിരവധി വീടുകളില്‍ വെള്ളം കയറി ബുദ്ധിമുട്ടുണ്ടാകാറുണ്ട്. തോടുകള്‍ക്ക് സംരക്ഷണഭിത്തികെട്ടി സ്ലാബ് ഇട്ടാല്‍ നിരവധിപേര്‍ക്ക് അത് യാത്രാ സൗകര്യത്തിനും വഴിയൊരുക്കും. മറ്റു നിരവധി കാര്യങ്ങളും അടിയന്തരമായി ചെയ്യേണ്ടതുണ്ട്. അതെല്ലാം ചെയ്യാന്‍ ശ്രമിക്കും.
ആന്റണി റോജന്റെ ഭാര്യ സന്ധ്യ ലാബ് ടെക്നീഷ്യനാണ്. മക്കളായ സാനിയയും ശിശിരയും എംഎസ്.സി വിദ്യാര്‍ത്ഥികള്‍.

 

 

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

 

 

 

 

 

 


Related Articles

വണ്‍ ടു ത്രി തുര്‍ക്കി

ശരത് വെണ്‍പാല War is the wicked game of bastards യുദ്ധം തന്തയ്ക്കു പിറക്കാത്തവരുടെ തലതെറിച്ചവിനോദം വെറിപിടിച്ച കളി രണമാണ് അകമേയും പുറമേയും ഒരു സയറന്‍

ബാലാമിന്റെ അന്ത്യം

ബാലാമിനും കൂടെയുളളവര്‍ക്കും ദൈവദൂതനെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴുതയ്ക്ക് കാണാമായിരുന്നു. കഴുത ഒരടി മുന്നോട്ടുപോകാതെ വഴിയില്‍ കിടന്നു. എത്ര പറഞ്ഞിട്ടും മുന്നോട്ടുപോകാതിരുന്ന കഴുതയെ ബാലാം ശക്തമായി പ്രഹരിച്ചു.

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*