Breaking News

ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ജനങ്ങളുടെ ജീവന് കരാറുകാരന്‍ വിലപറയുന്നു

ചെല്ലാനത്തെ ജനങ്ങളെ കടല്‍ക്ഷോഭത്തിന് ഇരയാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ജിയോ ട്യൂബ് കടല്‍ഭിത്തി നിര്‍മിക്കാന്‍ കരാറെടുത്തയാളുടെ ശ്രമമെന്ന് നാട്ടുകാരും ഇറിഗേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അഞ്ച് മീറ്റര്‍ വ്യാസവും 25 മീറ്റര്‍ നീളവുമുള്ള ജിയോ ട്യൂബുകള്‍ ഇറിഗേഷന്‍ വകുപ്പുതന്നെയാണ് കരാറുകാര്‍ക്ക് ഏര്‍പ്പാടാക്കി കൊടുത്തത്. 125 മീറ്റര്‍ നീളത്തില്‍ മറുവക്കാട് വേളാങ്കണ്ണി പള്ളിക്ക് വടക്കുവശമായിരുന്നു ആദ്യഭിത്തി നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. 125 മീറ്റര്‍ ജിയോ ട്യൂബ് സ്ഥാപിക്കാന്‍ ഇത്തരത്തിലുള്ള 18 ട്യൂബുകള്‍ ആവശ്യമാണ്. ട്യൂബുകള്‍ സ്ഥാപിക്കുകയും ട്യൂബുകളില്‍ കടലില്‍നിന്ന് മണല്‍ പമ്പ് ചെയ്ത് നിറയ്ക്കാന്‍ കടലില്‍ മോട്ടോറും കുഴലുകളും സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ കടലില്‍ മണലില്ലെന്ന കാരണം പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് നാട്ടുകാരുടെ ചെലവില്‍ ബോര്‍വെല്‍ കുഴിക്കുന്നതിനുള്ള പമ്പുകളും മോട്ടോറുകളും സ്ഥാപിച്ച് പരിശോധിച്ചപ്പോള്‍ മേല്‍ത്തട്ടിലെ ചെളിക്കുതാഴെ മണല്‍ ഉണ്ടെന്ന് മനസിലായി. ഇക്കാര്യം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്ന ഇറിഗേഷന്‍ വകുപ്പിലെ എന്‍ജിനീയര്‍മാരെ അറിയിച്ചു. ഇവര്‍ കരാറുകാരനുമായി ബന്ധപ്പെട്ടപ്പോഴാണ് മുഖ്യകരാരുകാരന്‍ നിര്‍മാണം പലര്‍ക്കായി ഉപകരാറുകള്‍ കൊടുത്തിട്ടുള്ള കാര്യം വെളിവായത്. കളക്ടറും ജനപ്രതിനിധികളും നിരന്തരമായി ഇടപെട്ടിട്ടും കരാറുകാരന്‍ പണി പുനരാരംഭിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. കടല്‍ഭിത്തിയോട് ചേര്‍ന്ന് മണലെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യമെന്ന് പറയപ്പെടുന്നു. കടല്‍ഭിത്തിക്ക് ദോഷം വരുന്നതിനാല്‍ അധികൃതര്‍ ഇതനുവദിച്ചില്ല. പകരം ചെല്ലാനം ഹാര്‍ബറില്‍ നിന്നും മണലെടുക്കാന്‍ അനുവാദം നല്കാമെന്ന് അറിയിച്ചു. ഹാര്‍ബറിനുള്ളില്‍ മണല്‍ അടിഞ്ഞുകൂടിയതുമൂലം വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവല്‍ ഉള്ളത്. ഹാര്‍ബറില്‍ നിന്നും മണലെടുത്താല്‍ ജിയോ ട്യൂബില്‍ മണല്‍നിറയ്ക്കാനും ഹാര്‍ബറില്‍ വള്ളങ്ങള്‍ അടുപ്പിക്കാനും സാധിക്കും.
എന്നാല്‍ മലപ്പുറത്തുകാരനായ കരാറുകാരന്‍ ഇതൊന്നും ഗൗനിക്കുന്നില്ലെന്നാണ് ആരോപണം. പണി നടക്കുന്നതിനിടയ്ക്ക് കടലില്‍ മുങ്ങിപ്പോയ ഡ്രഡ്ജറും മോട്ടോറുകളും തിരികെ എടുക്കാന്‍ പോലും ഇവര്‍ ശ്രമിക്കുന്നില്ല. മഴയ്ക്കു മുമ്പ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കളക്ടര്‍ അന്ത്യശാസനം നല്കിയിട്ടും കരാറുകാരന്‍ അനങ്ങിയിട്ടില്ല. മഴ തുടങ്ങി കടല്‍ക്ഷോഭമുണ്ടാകുകയാണെങ്കില്‍ കടല്‍ഭിത്തി ഉടനെ നിര്‍മിക്കാന്‍ ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങും. ഇതവസരമാക്കിയെടുത്ത് കരാര്‍ തുകയ്ക്കു പുറമേ പണം ഈടാക്കാനുളള ശ്രമമാണ് കരാറുകാരന്‍ നടത്തുന്നതെന്ന് സംശയമുണ്ടെന്ന് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടിമെന്റിലെ ഉന്നതഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കര്‍ശനനടപടികള്‍ ഉണ്ടായില്ലെങ്കില്‍ തീരദേശവാസികള്‍ വീണ്ടും കടല്‍ക്ഷോഭത്തിന് ഇരയാകാന്‍ സാധ്യതയുണ്ട്.


Related Articles

ഡോ. ജോര്‍ജ് തയ്യിലിന് ഫെലോഷിപ്

എറണാകുളം: എഡിന്‍ബറോയിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ പരമോന്നത ബഹുമതിയായ ഫെലോഷിപ്പിന് (എഫ്ആര്‍സിപി) ഡോ. ജോര്‍ജ് തയ്യില്‍ അര്‍ഹനായി. നവംബര്‍ എട്ടിന് എഡിന്‍ബറോയില്‍ നടക്കുന്ന ബിരുദദാനസമ്മേളനത്തില്‍വച്ച് ബഹുമതി

ദൈവഹിതം ജീവിതതത്വമാക്കി മടക്കം എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.” ഈ വചനം അതിന്റെ പൂര്‍ണതയില്‍

ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കയ്റോസിന്റെ ഇടപെടല്‍

കണ്ണൂര്‍ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കയ്റോസ് കൊറോണക്കാലത്തു നടത്തിയ സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധേയമായി. കൊറോണവൈറസ് വ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ ആരംഭിച്ചതിനു തൊട്ടടുത്ത ദിവസം മുതല്‍ കണ്ണൂര്‍ ജില്ലയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*