ജനങ്ങള്‍ തിരുത്തണം ഈ പൊലീസിനെ

by admin | January 7, 2022 5:22 am

കൊവിഡ്-19 ന്റെ ഒന്നാം തരംഗസമയത്തെ ലോക്ക്ഡൗണ്‍ പ്രയോഗകാലം. രോഗം ബാധിച്ചുവെന്ന് സംശയിക്കുന്ന തന്റെ മകനേയും കൊണ്ട് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. 17 കാരനായ മകന്‍ കടുത്ത പനിയും ഛര്‍ദ്ദിയും ബാധിച്ച് അവശനായിരുന്നു. വഴിയില്‍ പൊലീസ് അവരുടെ കാര്‍ തടയുകയും ഒരു കാരണവശാലും സഞ്ചാരം അനുവദിക്കില്ലെന്നും പറഞ്ഞു. തനിക്കാവുന്ന സ്വാധീനമെല്ലാം ഉപയോഗിച്ച് ഒരു വിധത്തില്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയും മകനെ അവിടെ അഡ്മിറ്റാക്കുകയും ചെയ്തു. അയാളുടെ സ്ഥാനത്ത് സാധാരണക്കാരനായ ഒരാളായിരുന്നെങ്കില്‍ മകനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വരുമായിരുന്നില്ലേ? അത്തരം അറിയപ്പെടാത്ത എത്രയോ
സംഭവങ്ങള്‍ നടന്നിട്ടുണ്ടാകും? പൊലീസ് രാജിനു കേള്‍വി കേട്ട ഉത്തര്‍പ്രദേശിലും ഗുജറാത്തിലും ബീഹാറിലുമൊന്നുമല്ല, നമ്മുടെ കേരളത്തിലെ പൊലീസാണ്- ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍- ജനങ്ങളെ ഇപ്രകാരം ജീവിക്കാനനുവദിക്കാതെ വഴി തടഞ്ഞുകൊണ്ടിരിക്കുന്നത്. പൗരസ്വാതന്ത്ര്യമെന്നാല്‍ പൊലീസ് അനുവദിക്കുന്നിടം വരെ മാത്രമേ ഉള്ളൂ എന്നു ചുരുക്കം. കൊവിഡ് കാലത്ത് പൊലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത സൃഷ്ടിക്കുകയായിരുന്നു കേരളമടക്കുളള സംസ്ഥാനങ്ങളില്‍. കണ്ണൂരില്‍ ആളുകളെ പരസ്യമായി തെരുവില്‍ ഏത്തമിടുവിച്ച യതീഷ് ചന്ദ്രയെന്ന ഉന്നത ഉദ്യോഗസ്ഥനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയോ അത് ജനങ്ങളെ അറിയിക്കുകയോ ചെയ്തില്ല.

ഒരു രാജ്യത്ത്- സംസ്ഥാനത്ത്-നിയമവാഴ്ച ഉറപ്പുവരുത്തുന്നതിന് ചുമതലപ്പെട്ട സര്‍ക്കാര്‍ സംവിധാനമാണ് പൊലീസ്. അല്ലാതെ ഭരണകക്ഷിയുടെ എറാന്‍മൂളികളായി നില്‍ക്കേണ്ടവരല്ല, പ്രത്യേകിച്ച് ജനാധിപത്യരാജ്യത്ത്. ബ്രിട്ടീഷ്ഭരണകാലത്ത് ജനങ്ങളെ അടിച്ചമര്‍ത്താനായി ഉപയോഗിച്ചിരുന്ന സംവിധാനത്തിന് വലിയ മാറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ലെന്നു ചുരുക്കം. സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവരെ കൂടംകുളം മോഡലില്‍ നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി പൊലീസിനെ എപ്രകാരമാണ് ഭരണകൂടം നിയന്ത്രിക്കുന്നതെന്നതിന് അല്ലെങ്കില്‍ കയറൂരി വിടുന്നതെന്നതിന് ഉത്തമഉദാഹരണമാണ്. പൊ
ലീസ് സ്റ്റേഷനുകള്‍ പൗരന്റെ ആത്മാഭിമാനത്തിന്റെ ശവപ്പെട്ടിയില്‍ അവസാന ആണി അടിക്കാനുള്ള പീഡനമുറികളായി മാറുന്നത് ഇത്തരത്തിലെ പ്രോ
ത്സാഹനം മൂലമാണ്.

ടിക്കറ്റ് എടുത്തിട്ടില്ലെന്നും സ്ത്രീകളോട് മോശമായി പൊരുമാറിയെന്നും ആരോപിച്ച് ട്രെയിനിലെ ടോയ്‌ലറ്റിനു സമീപമുള്ള കുടുസുസ്ഥലത്തിട്ട് ഒരു യാത്രക്കാരനെ പൊലീസ് ബൂട്ടിട്ട് ചവിട്ടിക്കൂട്ടിയ കാഴ്ച കേരളത്തില്‍ തന്നെയായിരുന്നു സംഭവിച്ചത്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ പൊലീസ്-ഭരണകൂട ഭീകരതയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുകയും പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഇടതുപക്ഷ ഭരണത്തിലാണ് കഴിഞ്ഞ കുറേ കാലത്തെ കണക്കെടുത്ത് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചിട്ടുള്ളത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ വീണ്ടും കേട്ടുനോക്കണം ‘പൊലീസുകാരുടെ മനോവീര്യം തകര്‍ക്കാനാവില്ല’ എന്നാണദ്ദേഹം ആരോപണങ്ങള്‍ക്ക് ആവര്‍ത്തിച്ച് മറുപടി നല്‍കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ചപൊലീസ് സേനയെന്ന ഖ്യാതിയാണ് നമ്മളിപ്പോള്‍ കളഞ്ഞുകുളിക്കുന്നത്. ജനമൈത്രി പൊലീസ് പദ്ധതിക്ക് തുടക്കമിട്ട ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. 2011ല്‍ നടപ്പിലാക്കിയ പുതിയ കേരള പോലീസ് ആക്ട് രാജ്യത്തെ മറ്റ് സംസ്ഥാന പോലീസ് സേനകള്‍ക്കും അവരുടെ പ്രാദേശിക പോലീസ് നിയമങ്ങള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശമായി ഉപയോഗിച്ച് വരുന്നു. പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡ്, പൊലീസ് പരാതി പരിഹാര അതോറിറ്റി, സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍, പൊലീസ് വെല്‍ഫെയര്‍ ബ്യൂറോ, കമ്മ്യൂണിറ്റി പൊലീസിങ് തുടങ്ങിയവ കേരളാ പോലീസ് ആക്ട് പ്രകാരം രൂപീകരിച്ചതാണ്. കേരളത്തിലാരംഭിച്ച സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും മറ്റു പല സംസ്ഥാനങ്ങളും ഇതു മാതൃകയാക്കുകയും ചെയ്തു. സൈബര്‍ സുരക്ഷയ്ക്കായി പ്രത്യേക വിഭാഗം, സ്ത്രീ സുരക്ഷയ്ക്കായി പിങ്ക് പൊലീസ് എന്നിങ്ങനെ നിരവധി നൂതന ആശയങ്ങളും പദ്ധതികളും നടപ്പാക്കിയ കേരള പൊലീസാണ് ഇപ്പോള്‍ നിലയില്ലാത്ത ചെളിക്കുണ്ടില്‍ കിടക്കുന്നത്. സിപിഎം പാര്‍ട്ടി സമ്മേളനങ്ങളിലുയരുന്ന പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ ഈ പറഞ്ഞതൊന്നും വെറും ആരോപണമല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പൊലീസ് സേനയുടെ പരിഷ്‌കരണത്തെക്കുറിച്ച് ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചകളിലൊന്നും പൊലീസിനെ ജനസൗഹൃദമാക്കാനുള്ള നിര്‍ദേശമൊന്നുമില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. മറിച്ച് പൊലീസിന്റെ സ്വയംഭരണം കൂടുതല്‍ ഉറപ്പാക്കുകയാണ്. ആയുധങ്ങളും വാഹനങ്ങളും സ്റ്റേഷന്‍ കെട്ടിടങ്ങളും വെള്ളംചീറ്റിക്കുന്ന യന്ത്രങ്ങളുടെ പുതുക്കലും മാത്രമല്ലല്ലോ പരിഷ്‌കരണമെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ ആറ്റുങ്ങലില്‍ ഒരു ബാലികയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന കുറ്റത്തിന് പിങ്കുപൊലീസുകാരി ജനക്കൂട്ടത്തിനു മുന്നിലിട്ട് അപമാനിക്കുമോ? സ്ത്രീ സുരക്ഷക്കായാണ് ഈ പൊലീസ് വിഭാഗം രൂപീകരിച്ചിരിക്കുന്നതെന്നോര്‍ക്കണം. പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന പിതാവും കുറ്റക്കാരല്ലെന്നു കണ്ടെത്തിയിട്ടും അവരോടു ക്ഷമ ചോദിക്കാനുള്ള മര്യാദപോലും പൊലീസ് കാണിച്ചില്ല. കോടതി ഇടപെട്ട് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചപ്പോള്‍ സര്‍ക്കാര്‍ നേരിട്ടു തന്നെ അതിന് തടസവാദമുന്നയിക്കുകയും ചെയ്യുന്നു. ജഡ്ജി, പൊലീസിനെ നിരന്തരമായി വിമര്‍ശിക്കുന്നുവെന്ന പരാതി പാര്‍ട്ടിസംവിധാനത്തിന് ഉണ്ടായതിനാല്‍ അത്തരം കേസുകളൊന്നും ഈ ജഡ്ജിയുടെ ബെഞ്ചിലേക്ക് അയക്കേണ്ടതില്ലെന്ന വളരെ ലളിതമായ നടപടിക്രമമുപയോഗിച്ച് നീതിപീഠത്തെ പോലും നിശബ്ദമാക്കുന്നു.

പിങ്ക് ചായമടിച്ച ഒരു കാറില്‍ നാലു വനിതാ പൊലീസുകാര്‍ പല തവണ നഗരം ചുറ്റിയടിച്ചാല്‍ സ്ത്രീകള്‍ സുരക്ഷിതരാകില്ല. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അറിയുകയും അതു പരിഹരിക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്യണമവര്‍. യൂണിഫോമിന്റെ ബലമില്ലാതിരുന്നാല്‍ വീടിനുള്ളിലും പുറത്തും തങ്ങള്‍ എത്രമാത്രം സുരക്ഷിതരായിരിക്കുമെന്ന് ചിന്തിക്കാനുള്ള സാമാന്യബോധമാണ് അവര്‍ നേടേണ്ടത്.

ആലുവയില്‍ മൊഫിയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ വാര്‍ത്തകള്‍ വന്നപ്പോള്‍ അതില്‍ കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനിലെത്തിയ മൊഫിയയുടെ പിതാവിനോട് മോശമായി സംസാരിച്ചു എന്നത് പൊതുജനത്തിന് ഒട്ടും അത്ഭുതമുണ്ടാക്കുന്നില്ല. പൊലീസിനെ കുറിച്ചുള്ള അവരുടെ പൊതുധാരണയില്‍ പെട്ട സംഭവം മാത്രമാണിത്. ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നയാള്‍ക്ക് ആ പരാതി നല്‍കി പുറത്തുവരാന്‍ എത്ര സമയമെടുക്കും എന്നതു മാത്രം മതി മര്യാദയുടെ അതിര്‍ത്തി അളക്കാന്‍. വ്യക്തിപരമായും ഒരു സംഘടന എന്ന നിലയിലും പൊലീസിന് ഈ മര്യാദ നഷ്ടപ്പെട്ടിരിക്കുന്നു എന്നു പറയേണ്ടി വരും.

കുറ്റം ചെയ്തുവെന്നു സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 1997ല്‍ ഒരു സുപ്രധാന വിധിയിലൂടെ (ഡി.കെ ബാസു/ പശ്ചിമബംഗാള്‍ സര്‍ക്കാര്‍) സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും അതൊന്നും ഇപ്പോഴും പാലിക്കപ്പെടുന്നില്ല. കസ്റ്റഡി മരണങ്ങളില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തണം എന്ന നിര്‍ദേശം അനുസരിക്കാത്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ബിഹാറിനും ഉത്തര്‍പ്രദേശിനും മധ്യപ്രദേശിനുമൊപ്പം കേരളവുമുണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തികളും മര്‍ദ്ദനവും മറ്റും തടയാനുള്ള ഒരു വഴിയെന്ന നിലയില്‍ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി സംവിധാനം സ്ഥാപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയെങ്കിലും കേരളമടക്കം ഒരു സംസ്ഥാനത്തും ഇതു നടപ്പാക്കിയിട്ടില്ല. പൊലീസ് സ്റ്റേഷനിലെ ശുചിമുറികളൊഴികെയുള്ള എല്ലാ ഭാഗവും ക്യാമറയുടെ പരിധിയില്‍ വരണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ആറു മാസം വരെ സൂക്ഷിക്കണമെന്നും കോടതി പറയുന്നു. ഇവയടക്കം വളരെ കൃത്യമായ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് നരിമാന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഈ വിഷയത്തില്‍ നല്‍കിയത്. പക്ഷേ, നീതിപീഠത്തിന്റെ നിര്‍ദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടു.

ഇനി പീഡനത്തിലും വിവേചനമുണ്ട്. കോടിക്കണക്കിനു രൂപ കബളിപ്പിച്ചെടുത്തു എന്ന പേരില്‍ അറസ്റ്റിലായ ജോണ്‍സണ്‍ മാവുങ്കലിനെ ഏതെങ്കിലും പൊലീസുകാരന്‍ ഉപദ്രവിച്ചോ? സിനിമാ താരത്തെ പീഡിപ്പിച്ച കേസിലെ ഗൂഡാലോചനക്കുറ്റത്തിന് അറസ്റ്റിലായ പ്രമുഖനടന്‍ 80 ദിവസം റിമാന്റില്‍ കിടന്നിട്ടും പൊലീസ് ഉപദ്രവത്തിന്റെ ഒരു പരാതി പോലും ഉന്നയിച്ചതായി കണ്ടില്ല. സ്ത്രീകള്‍, കുട്ടികള്‍, ദളിതര്‍, ദരിദ്രര്‍ എന്നിവരൊക്കെയാണ് പൊലീസിന്റെ പീഡനപട്ടികയിലെ പ്രധാനികള്‍. അപ്പോള്‍ ഈ പൊലീസ് സംഘം ക്വട്ടേഷന്‍ സംഘമായി മാറിയെന്ന് ആരെങ്കിലും ആരോപിച്ചാല്‍ തെറ്റുപറയാന്‍ കഴിയുമോ?

ജനങ്ങള്‍ക്കിടയില്‍ ആഭ്യന്തരവകുപ്പിനെക്കുറിച്ചുയരുന്ന മുറുമുറുപ്പുകളാണ് പാര്‍ട്ടി സമ്മേളനങ്ങളിലൂടെ പുറത്തുവരുന്നത്. ജനങ്ങളുമായി ഏറ്റവുമടുത്ത് സംവദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. പൊലീസിനെ കുറിച്ചുള്ള പൊതുധാരണ മാറ്റിക്കുറിക്കാന്‍ കാലമായെന്നു തന്നെയാണ് അണികളും പറയുന്നത്. അത് പിണറായി വിജയനെന്ന ആഭ്യന്തര മന്ത്രിയെ കുറിച്ചുള്ള പരാതിയായി കാണേണ്ടതില്ല. മറിച്ച്, ചില രാഷ്ട്രീയ ദുരന്തങ്ങളില്‍ നിന്നു കരകയറാനുള്ള സാധാരണക്കാരുടെ ശ്രമമായി വിലയിരുത്തിയാല്‍ മതി.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%9c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%82-%e0%b4%88-%e0%b4%aa%e0%b5%8a%e0%b4%b2/