Breaking News

ജനതയുടെ ആത്മാവിനേറ്റ മുറിവുകള്‍

ജനതയുടെ ആത്മാവിനേറ്റ മുറിവുകള്‍

ശരീരത്തില്‍ ഏല്പിക്കുന്ന ഓരോ മുറിവും, ഓരോ അപമാനവും, ഓരോ കൈയേറ്റവും സ്രഷ്ടാവായ ദൈവത്തിന്റെ നേര്‍ക്കുള്ള കൊടിയ നിന്ദയാണെന്ന് ഫ്രാന്‍സിസ് പാപ്പാ നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിലെ അടിമത്വത്തിന്റെ അടയാളങ്ങള്‍ തിണര്‍ത്തുകിടക്കുന്നത് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ദേഹത്തെ ക്ഷതങ്ങളിലാണ്.

ജമ്മുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ, കഠ്‌വ ജില്ലയിലെ രസാനയില്‍ കുതിരകളെ വനഭൂമിയില്‍ മേച്ചിലിനു കൊണ്ടുപോയ എട്ടുവയസുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ഗ്രാമത്തിലെ ക്ഷേത്രസങ്കേതത്തില്‍ തടങ്കലില്‍ വച്ച് മയക്കുമരുന്ന് തൊണ്ടയില്‍ കുത്തിയിറക്കി സംഘം ചേര്‍ന്ന് ഒരാഴ്ചയോളം അവളുടെ ഉടലും ഉയിരും പിച്ചിച്ചീന്തി, ജീവച്ഛവമായിട്ടും പ്രാണനെടുക്കും വരെ നിഷ്ഠുരമായി ബലാത്കാരം ചെയ്ത് ഒടുവില്‍ കാല്‍മുട്ട് നെഞ്ചിലമര്‍ത്തി കഴുത്തുഞെരിച്ചൊടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും അന്ത്യം ഉറപ്പാക്കി മൃതദേഹം കാട്ടില്‍ തള്ളിയ അതികഠോരമായ നൃശംസതയുടെ വിവരങ്ങള്‍ മൂന്നു മാസത്തിനുശേഷം ജമ്മു-കശ്മീര്‍ പൊലീസ് ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തിലൂടെ വെളിപ്പെട്ടത് രാജ്യത്തെയാകെ പിടിച്ചുലച്ചിരിക്കയാണ്. ശിശുത്വം വിട്ടുമാറാത്ത ഒരു പെണ്‍കുഞ്ഞിനെ ഇത്രമേല്‍ ക്രൂരമായി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നത് വംശവിദ്വേഷത്തിന്റെ പേരിലാണെന്നുകൂടി അറിയുമ്പോഴാണ് മനുഷ്യത്വത്തിനെതിരായ ഈ കുറ്റകൃത്യത്തിന്റെ, ഹീനവും ഭയാനകവുമായ മഹാദ്രോഹത്തിന്റെ ആഘാതം നമ്മെ കൂടുതല്‍ നടുക്കുന്നത്.

ഇസ്‌ലാം മതവിശ്വാസികളായ ഗുജ്ജര്‍-ബഖര്‍വാല്‍ നാടോടി ഗോത്രവര്‍ഗക്കാര്‍ ജമ്മുവിലെ ഹൈന്ദവ ഭൂരിപക്ഷ മേഖലയില്‍ സ്ഥിരവാസമുറപ്പിക്കുന്നതു തടയാനായി ആസൂത്രണം ചെയ്ത അരുംകൊല. സംസ്ഥാനത്തെ ജനസംഖ്യയില്‍ 12 ശതമാനം വരുമെങ്കിലും സ്വന്തമായി ഭൂമിയും കിടപ്പാടവും നിഷേധിക്കപ്പെട്ട മുസ്‌ലിം നാടോടി വംശത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായിരുന്നത്രെ ഈ കൊടുംപാതകം.

ഭരണസംവിധാനവും സാംസ്‌കാരിക മണ്ഡലത്തിലെ പ്രമാണിമാരും മാധ്യമങ്ങളും ആദ്യം അവഗണിച്ചെങ്കിലും ഗുജ്ജര്‍-ബഖര്‍വാല്‍ സമുദായം പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടര്‍ന്നാണ് ബിജെപിയോടു സഖ്യം ചേര്‍ന്ന് സംസ്ഥാനം ഭരിക്കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജനുവരി 23ന് കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ ദേവസ്ഥാന്‍ എന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അധികാരി കൂടിയായ റവന്യൂ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍ പ്രായപൂര്‍ത്തിയാകാത്ത അനന്തരവനെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാന്‍ നിയോഗിച്ചത്. ഉത്തര്‍പ്രദേശില്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ പരീക്ഷ എഴുതേണ്ട സ്വന്തം മകനെ ‘കാമപൂര്‍ത്തിക്കായി’ വിളിച്ചുവരുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. രണ്ട് സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരും മൃഗീയപീഡനത്തില്‍ കൂട്ടാളികളായി. തെളിവുകള്‍ നശിപ്പിക്കാന്‍ ഒത്താശ ചെയ്ത സബ് ഇന്‍സ്‌പെക്ടറും ഹെഡ് കോണ്‍സ്റ്റബിളും ഉള്‍പ്പെടെ എട്ടു പ്രതികളുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു തടസപ്പെടുത്താന്‍ പ്രാദേശിക അഭിഭാഷകര്‍ കോടതി വളപ്പില്‍ ഉപരോധം തീര്‍ത്തു. ക്രൈം ബ്രാഞ്ചിന്റെ നേര്‍വഴിക്കുള്ള അന്വേഷണം അട്ടിമറിക്കാനുള്ള വ്യഗ്രതയില്‍ അന്വേഷണം സിബിഐയെ ഏല്പ്പിക്കണമെന്നാവശ്യപ്പെട്ട് ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ബന്ദും പ്രഖ്യാപിച്ചു. നിരപരാധരെയാണ് കേസില്‍ പ്രതികളാക്കിയിരിക്കുന്നത് എന്ന ആവലാതിയുമായി സംഘപരിവാറിന്റെ ആഭിമുഖ്യത്തിലുള്ള ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയില്‍ സംസ്ഥാനത്തെ രണ്ടു ബിജെപി മന്ത്രിമാരും അണിനിരന്നു.

കേട്ടുകേള്‍വിയില്ലാത്തവണ്ണം പീഡനത്തിന് ഇരയായി അതിദാരുണമായി കൊല്ലപ്പെട്ട പെണ്‍കുഞ്ഞിനെ ഓര്‍ത്ത് വിങ്ങിപ്പൊട്ടിയും രോഷം കൊണ്ടും നാട്ടിലെങ്ങും ഹൃദയാലുക്കളായ മനുഷ്യര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തിയപ്പോള്‍ രാജ്യത്ത് അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും വംശവിദ്വേഷത്തിന്റെയും രാഷ്ട്രീയ പടയോട്ടം നയിക്കുന്ന ഭരണകക്ഷിയിലെ പ്രമുഖരും ‘ബേട്ടി ബചാവോ’ (മകളെ രക്ഷിക്കൂ) എന്ന മഹാസന്ദേശത്തിന്റെ മുഖ്യപ്രചാരകനായ പ്രധാനമന്ത്രിയും മൗനം ദീക്ഷിക്കുകയായിരുന്നു. ഇതിനിടെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഭരണകക്ഷി എംഎല്‍എയുടെ പീഡനത്തിന് ഇരയായതായി പറയുന്ന പതിനേഴുകാരിയായ ദലിത് യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബിജെപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴും പ്രതികരണം നിഷേധാത്മകമായിരുന്നു.

രാജ്യവ്യാപകമായി ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിഷേധം ആളിപടര്‍ന്നതിനെ തുടര്‍ന്നാണ് ‘നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കുകതന്നെ ചെയ്യും; ഒരു കുറ്റവാളിയെയും വെറുതെ വിടുകയില്ല’ എന്ന് പ്രധാനമന്ത്രി ആദ്യമായി പരസ്യപ്രസ്താവന നടത്തിയത്. ഉന്നാവില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. കഠ്‌വയില്‍ പ്രതികള്‍ക്കുവേണ്ടി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാരുടെ രാജി സഖ്യകക്ഷികളുടെ ഉന്നതതല ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കാതെയാണ് മന്ത്രിമാര്‍ ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്ന് ബിജെപി ദേശീയ നേതൃത്വം വിശദീകരിച്ചെങ്കിലും, പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ചാണ് തങ്ങള്‍ റാലിക്കു പോയതെന്നാണ് രാജിവച്ച മന്ത്രിമാര്‍ വെളിപ്പെടുത്തിയത്. കൂട്ടുകക്ഷി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കുകയില്ലെങ്കിലും തങ്ങളുടെ എല്ലാ മന്ത്രിമാരെയും പിന്‍വലിക്കുമെന്നാണ് ബിജെപി നേതൃത്വം ഇപ്പോള്‍ സൂചിപ്പിക്കുന്നത്.

കഠ്‌വയില്‍ അതിവേഗ വിചാരണയ്ക്ക് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയിട്ടുണ്ടെങ്കിലും നീതിപൂര്‍വമായ വിചാരണ ജമ്മുവില്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ചണ്ഡിഗഢിലേക്ക് വിചാരണ മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ അപേക്ഷ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ച് ജമ്മു-കശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

 ‘കഠ്‌വയില്‍ നടന്നത് ഭീതിയുണര്‍ത്തുന്ന സംഭവമാണ്. അതിക്രൂരമായ ഈ ഹീനകൃത്യം നടത്തിയവരെ അധികൃതര്‍ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വരെ പ്രതികരിച്ചിരിക്കെ, നിയമനടപടികള്‍ അതിവേഗത്തിലാക്കുമ്പോഴും ജമ്മുവില്‍ വംശവെറിയുടെ വീര്യം കൂട്ടാനാണ് കഠ്‌വ സംഭവത്തെ ബിജെപിയും സംഘപരിവാറും രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. സീസണ്‍ മാറുന്ന മുറയ്ക്ക് കാലികളെ മേയ്ക്കുന്നതിന് വിവിധ മേഖലകളില്‍ മാസങ്ങളോളം തമ്പടിക്കുന്ന ബഖര്‍വാല്‍ നാടോടികള്‍ക്ക് പാട്ടത്തിനു ഭൂമി നല്‍കുന്നത് നിര്‍ത്തിലാക്കിയതിനു പുറമെ മേച്ചില്‍പ്പുറങ്ങളുടെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കങ്ങളും വനഭൂമി കൈയേറ്റം സംബന്ധിച്ച കേസുകളും ഉയര്‍ത്തി ഗുജ്ജറുകളെയും മറ്റും ജമ്മു മേഖലയില്‍ നിന്നു തുരത്താനുള്ള രാഷ്ട്രീയ തന്ത്രങ്ങളാണത്രെ ഉരുത്തിരിയുന്നത്.

 കഠ്‌വയിലെ അശരണയായ ആ ഇടയ ബാലികയുടെ നിലവിളി പോലും തങ്ങളുടെ വിജയമന്ത്രത്തിന്റെ ശംഖൊലിയാക്കി മാറ്റാനുള്ള ഈ രാഷ്ട്രീയ കുടിലതയില്‍ നിന്ന് എന്തു നൈതികതയാണ് പ്രതീക്ഷിക്കേണ്ടത്? ഇത്രമേല്‍ ആഴത്തില്‍ ആത്മാവിനും ഹൃദയത്തിനും മനസിനും മുറിവേറ്റ ഒരു ജനതയുടെ അന്തരംഗം ഇനി എന്തു കേട്ടാല്‍ അഭിമാനപൂരിതമാകും?


Related Articles

മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക

വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും

ആ കുരുന്നുപ്രാണന്റെ മിടിപ്പില്‍ ജീവമഹത്വത്തിന്റെ സങ്കീര്‍ത്തനം

വത്തിക്കാന്‍ സിറ്റി: പ്രാണനുതുല്യം സ്‌നേഹിക്കുന്ന മക്കളെ ദയാവധത്തിനു വിട്ടുകൊടുക്കാന്‍ വിസമ്മതിച്ച് നിയമപോരാട്ടം തുടരുന്ന മാതാപിതാക്കളെ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ‘സ്വര്‍ഗത്തിന്റെ രാജ്ഞി’ (റെജീന ചേലി) പ്രാര്‍ത്ഥനാ

തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം

ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*