ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ

ജനപ്രതിനിധികളുടെ ശക്തമായ പിന്തുണ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകുംസഹായത്തിനായി ഇടപെടല്‍ നടത്തും ഹൈബി ഈഡന്‍ എംപി

വളരെ പ്രസക്തമായ നിര്‍ദേശങ്ങളാണ് ചെല്ലാനം തീരസംരക്ഷണത്തിനായി കെആര്‍എല്‍സിസി – ‘കടല്‍’ നേതൃത്വത്തില്‍ അവതരിപ്പിച്ചിരിക്കുന്ന രേഖയിലുള്ളത്. ഇത്തവണ ചെല്ലാനത്ത് കടലേറ്റം രൂക്ഷമാക്കാനിടയാക്കിയത് കടല്‍ഭിത്തിയില്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ വളരെ നാളായി നടത്താത്തതാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം ഭിത്തിയില്‍ നിന്ന് കല്ലുകള്‍ ഇളകിപോകുകയും രൂക്ഷമായ കടലേറ്റത്തില്‍ കേടുപാട് സംഭവിക്കുകയും ചെയ്യുന്നു.
ഐഎന്‍എസ് ദ്രോണാചാര്യയുടെ മാതൃകയില്‍ ശക്തമായ കടല്‍ഭിത്തി നിര്‍മിക്കാനും തിരമാലകളുടെ ശക്തി കുറയ്ക്കാനായി പുലിമുട്ടുകള്‍ നിര്‍മിക്കാനുമുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കണം. അതോടൊപ്പം ഇതിനായി ശാസ്ത്രീയപഠനങ്ങള്‍ നടത്തേണ്ടതാണ്. ഹാര്‍ബറുകളും പുലിമുട്ടുകളും ഒരു ഭാഗത്ത് നിര്‍മിക്കുമ്പോള്‍ മറ്റൊരു തീരപ്രദേശത്ത് കടലേറ്റം ശക്തമാകാനുള്ള സാധ്യത ഉണ്ട്.
കടലേറ്റം ചെറുക്കുന്നതിന് പുതിയ പരീക്ഷണമായി ജിയോട്യൂബുകള്‍ വിന്യസിക്കുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇതു സ്ഥാപിക്കാനായി പ്രീക്വാളിഫൈഡ് ടെന്‍ഡര്‍ വിളിക്കണമെന്ന നിര്‍ദേശം ഇറിഗേഷന്‍ വകുപ്പ് പാലിച്ചില്ല. ഇതുമൂലം വലിയ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ജിയോട്യൂബിന്റെ അവസ്ഥ ഇപ്പോള്‍ അറിയാമല്ലോ.
തീരത്ത് കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കാനുള്ള നിര്‍ദേശവുമുണ്ട്. ശാസ്ത്രീയമായി ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാകേണ്ടതുണ്ട്. ഹ്രസ്വകാല പരിഹാരത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എട്ടു കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ പുരോഗതി എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാത്രമേ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂ. അതിനുവേണ്ട ഇടപെടലുകള്‍ നടത്തും.
………………………

പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ നടപടിയുണ്ടാകും
കെ.ജെ. മാക്‌സി എംഎല്‍എ

ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ വ്യക്തമാക്കിയതുപോലെ ചെല്ലാനത്ത് വളരെ ദൂരം പ്രദേശം കടലെടുത്തുകഴിഞ്ഞിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനം മൂലം കടലേറ്റം ഇപ്പോള്‍ ഏറെ രൂക്ഷമായിരിക്കുകയാണ്. തീരദേശം മത്സ്യത്തൊഴിലാളികളുടെ ഉപജീവനസ്ഥലമാണ്. അതുകൊണ്ടുതന്നെ കടലേറ്റത്തെ ചെറുക്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്നു പറയുമ്പോള്‍ അവര്‍ അംഗീകരിക്കണമെന്നി
ല്ല. അവര്‍ക്ക് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ ഒരുക്കി നല്കേണ്ടതുണ്ട്. ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരം സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് നടക്കേണ്ടത്. വലിയ തിരകള്‍ മുറിഞ്ഞുപോകുന്നതിനുള്ള പുലിമുട്ടുകള്‍ നിര്‍മിക്കാനും കടല്‍ഭിത്തി ബലപ്പെടുത്താനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിച്ചുവരികയാണ്.
………………………..

താല്‍കാലിക പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷ


ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ചെല്ലാനം തീരത്തിന്റെ സംരക്ഷണത്തിനായി ആവിഷ്‌കരിക്കണം. എന്താണ് കൃത്യമായ പരിഹാരമെന്ന് പഠനം നടത്തി വ്യക്തമായ നിര്‍ദേശങ്ങളാണ് സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കേണ്ടത്. തീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി തീരത്തു നിന്ന് ജനം ഒഴിയണമെന്നാണ് ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പറയുന്നത്. കഴിഞ്ഞ 21 വര്‍ഷമായി തീരസംരക്ഷണത്തിന് ഒരു രൂപ പോലും കേന്ദ്ര
സര്‍ക്കാര്‍ നല്കുന്നില്ല. കൊച്ചി തുറമുഖം, എല്‍എന്‍ജി പദ്ധതി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഫിഷറീസ് മേഖലകളെയും, നാട്ടറിവ് കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി വിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം. താത്കാലിക പരിഹാരമെന്ന നിലയില്‍ 15 സ്ഥലത്ത് കടല്‍ഭിത്തി പുനര്‍നിര്‍മിക്കാനും 19 പുലിമുട്ടുകള്‍ സ്ഥാപിക്കുവാനുമുള്ള ഒരു പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ഉടനെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരജനതയുടെ മത്സ്യസമ്പത്തിന്റെ അടിസ്ഥാനത്തില്‍ വളര്‍ന്നുവന്നിട്ടുള്ള പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സംഘടനകളും തീരദേശജനതയോട് ഒന്നിച്ചുനില്‍ക്കണം.
…………………………

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണം അനിവാര്യം


കൊച്ചി തുറമുഖ വികസനത്തിന്റെ ഭാഗമായി കൊച്ചിന്‍ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതി 2011ല്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. 2018ല്‍ പഠനങ്ങള്‍ക്കു ശേഷം ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. ചെല്ലാനത്തിന്റെ തെക്കുഭാഗത്ത് 4,250 മീറ്ററിലും വക്കുഭാഗത്ത് 6,625 മീറ്ററിലും പുലിമുട്ടുകള്‍ നിര്‍മിക്കാനുള്ള നിര്‍ദേശം ഈ പദ്ധതിയിലുണ്ട്. ഈ പുലിമുട്ടുകള്‍ ഇടുന്നതോടെ മണ്ണ് അടിഞ്ഞുകൂടി 2,650 ഏക്കര്‍ വൈപ്പിനിലും 600 ഏക്കര്‍ ചെല്ലാനത്തും കരയുണ്ടാകുമെന്നാണ് മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ പറയുന്നത്.
കൊച്ചി തുറമുഖത്തിന്റെയും കപ്പല്‍ചാലിന്റെയും ആഴം നിലനിര്‍ത്താനായി ഡ്രെജ് ചെയ്യുന്ന മണല്‍ തീരത്ത് നിക്ഷേപിക്കാവുന്നതാണ്. കടലേറ്റം ചെറുക്കാന്‍ ഇത് ഉപയോഗപ്പെടും. തീരസംരക്ഷണത്തിന്റെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുമ്പോള്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് മികച്ച താമസസൗകര്യം അവര്‍ക്ക് ഒരുക്കിക്കൊടുക്കുകയും ഒഴിപ്പിക്കുന്ന തീരപ്രദേശം അവരുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ നീക്കിവയ്ക്കുകയും വേണം. കടല്‍ഭിത്തിക്കു സമീപം കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിക്കാനുള്ള നിര്‍ദേശവും പരിഗണിക്കേണ്ടതാണ്.
മുന്‍കാലങ്ങളില്‍ കടലേറ്റമുണ്ടാകുമ്പോള്‍ കടല്‍വെള്ളം തിരികെ ഒഴുകിപോകുന്നതിനായി തോടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ തോടുകളെല്ലാം ഇപ്പോള്‍ ഇല്ലാതായി. കാലാവസ്ഥാവ്യതിയാനം മൂലം ഇപ്പോള്‍ കടലേറ്റം രൂക്ഷമായിരിക്കുകയാണ്. കടല്‍വെള്ളം കയറുന്നത് ഒഴുകിപോകാന്‍ തോടുകള്‍ ഇല്ലാതായത് പ്രശ്നം രൂക്ഷമാക്കി. ഈ തോടുകളെല്ലാം പുനഃസ്ഥാപിക്കണം.
തീരസംരക്ഷണമെന്നത് വലിയ പണചെലവുള്ള കാര്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാത്രമേ ഇതു നിര്‍വഹിക്കാന്‍ സാധിക്കുകയുള്ളൂ.
……………………………….

പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തണം
ഡൊമിനിക് പ്രസന്റേഷന്‍ (മുന്‍ മന്ത്രി)


ചെല്ലാനത്തെ കടലേറ്റത്തെ ചെറുക്കുവാന്‍ വിവിധ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് ഇതിന് ആവിഷ്‌കരിക്കേണ്ടത്. ഇപ്പോഴുള്ള പ്രശ്നത്തെ നേരിടാനായി ഹ്രസ്വകാല പദ്ധതികള്‍ എത്രയും വേഗം ആവിഷ്‌കരിച്ച് നടപ്പാക്കണം. ഏതാനും വര്‍ഷങ്ങളായി കടല്‍ഭിത്തി അറ്റകുറ്റപ്പണികള്‍ ചെയ്യാത്തത് കടലേറ്റം രൂക്ഷമാക്കാന്‍ കാരണമായിട്ടുണ്ട്.
തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍നിര്‍മിക്കുകയും പുലിമുട്ടുകള്‍ ഇടുകയും വേണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജിയോട്യൂബ് പരീക്ഷണം പരാജയപ്പെട്ടിരിക്കുകയാണ്. 2013ല്‍ കടലേറ്റമുണ്ടായ സമയത്ത് അന്നത്തെ സര്‍ക്കാര്‍ 113 കോടിയുടെ ഒരു പദ്ധതി ആവിഷ്‌കരിച്ചിരുന്നു. കെആര്‍എല്‍സിസിയുടെ നിര്‍ദേശത്തിലുള്ള പദ്ധതിക്ക് 400 കോടി രൂപയിലധികം വരുമെന്നാണ് കരുതുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിയില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തുന്നതിനുള്ള സമ്മര്‍ദ്ദമാണ് ആവശ്യമായിട്ടുള്ളത്. ഏറ്റവും പ്രായോഗികമായ മാര്‍ഗം ഇപ്പോള്‍ ഇതാണ്. തീരദേശത്തു നിന്നു ജനങ്ങളെ ഒഴിപ്പിക്കുമ്പോള്‍ ജനങ്ങള്‍ക്കു താത്പര്യം തോന്നുന്ന വിധത്തില്‍ മികച്ച ഫ്ളാറ്റുകള്‍ നിര്‍മിച്ചാണ് അവരെ മാറ്റി താമസിപ്പിക്കേണ്ടത്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*