Breaking News

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍. രാജ്യത്തിന്റെ മൂന്നു പട്ടാള വിഭാഗങ്ങള്‍ക്കുംകൂടി പുതിയൊരു മേധാവിയെ നിയമിക്കുന്നതു തുടങ്ങി കശ്മീര്‍-ജമ്മു വിഷയങ്ങളിലൂടെയും പ്രധാനമന്ത്രിയുടെ പ്രസംഗം കടന്നുപോയി. തൊട്ടുപിന്നാലെ രാജ്യസുരക്ഷാമന്ത്രിയുടെ കമന്റില്‍ രാജ്യത്തിന്റെ ആണവനയത്തില്‍ വരാവുന്ന മാറ്റങ്ങളെപ്പറ്റിയുള്ള സൂചനയും വന്നിരിക്കുന്നു.
ചൈനയെ മറികടക്കാന്‍ വെമ്പിനില്‍ക്കുന്ന ഇന്ത്യാ രാജ്യത്തെ ജനസംഖ്യാ വര്‍ധനയെപ്പറ്റിയുള്ള പ്രധാനമന്ത്രിയുടെ ഉത്ക്കണ്ഠയെ പ്രശംസിച്ചു സംസാരിച്ചവരില്‍, പഴയ ധനവകുപ്പുമന്ത്രി പി.ചിദംബരവും ഉണ്ട്. (കൂട്ടത്തില്‍ സമ്പത്ത് ഉണ്ടാക്കുന്നത് തെറ്റല്ലായെന്ന പ്രധാനമന്ത്രിയുടെ വാക്യത്തെയും ചിദംബരം പുകഴ്ത്തുന്നുണ്ട്. പോരാത്തതിന് ഇന്‍കം ടാക്‌സ് വകുപ്പും പുതിയ ധനവകുപ്പ് മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ മനസിരുത്തി പഠിക്കണമെന്ന ഫ്രീ ഉപദേശവും ചിദംബരം വകയായുണ്ട്! കാര്‍ത്തി ചിദംബരത്തിന്റെ കേസുകെട്ട് എന്തായോ ആവോ!)
പ്രധാനമന്ത്രിയുടെ ഉത്ക്കണ്ഠകള്‍, പ്രത്യേകിച്ച് ജനസംഖ്യാ വര്‍ധനയെപ്പറ്റിയുള്ളത്, നിഷ്‌ക്കളങ്കമായ, പരിസ്ഥിതി സ്‌നേഹം തുളുമ്പുന്ന, അതിനുമപ്പുറം അന്താരാഷ്ട്ര ഉത്ക്കണ്ഠകളുടെ പങ്കുവയ്ക്കല്‍ മാത്രമായി കരുതുന്നു, ദേശസ്‌നേഹികളായ മാധ്യമ സുഹൃത്തുക്കള്‍, എന്തുകൊണ്ടോ ഈ പ്രഖ്യാപനത്തെ വേണ്ടത്ര ശ്രദ്ധിച്ചുകണ്ടില്ല. ജനസംഖ്യാവര്‍ധനയെക്കുറിച്ചുള്ള ഉത്ക്കണ്ഠയും ആ ഉത്ക്കണ്ഠയെ താങ്ങി നിര്‍ത്തുന്ന രാഷ്ട്രീയവും മാനവ ചരിത്രത്തോളം തന്നെ പഴക്കമുള്ളതാണല്ലോ. ഈ രാഷ്ട്രീയത്തെ ഇഴ പിരിച്ചെടുത്ത് പരിശോധിച്ചവരെല്ലാം ചില ജാഗ്രതകളെപ്പറ്റി പറയുന്നുണ്ട്. ജനസംഖ്യാ വര്‍ധനയെ രാഷ്ട്രീയമായി വ്യാഖ്യാനിച്ചപ്പോഴെല്ലാം അത് ആര്‍ക്കെല്ലാമോ എതിരായുള്ള നിലപാടുമാറ്റമായി ചരിത്രം തിരിച്ചറിയുന്നുണ്ട്. ഭൂമിയിലെ വിഭവങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണങ്കിലും അത് കൃത്യതയോടെ ആരുടെയെല്ലാം കൈകളിലെത്തണം, വിഭവവിനിയോഗത്തിനുള്ള അധികാരം ആരിലാണ് കേന്ദ്രീകരിക്കേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. കൂടുതല്‍ വിളവ് നല്‍കുന്ന പ്രദേശങ്ങള്‍ കൈയടക്കാന്‍ കാര്‍ഷിക സംസ്‌കൃതിയില്‍ മനുഷ്യര്‍, ഗോത്രങ്ങള്‍ മത്സരിച്ചിരുന്നു. പച്ചപ്പുല്ലുനിറഞ്ഞ പുല്‍മേടുകള്‍ സ്ഥിരമായി കൈയടക്കിവയ്ക്കാനുള്ള തീരുമാനങ്ങള്‍ ആടുമേയ്ക്കല്‍ കാലത്തുള്ള ഗ്രോത്രപോരാട്ടങ്ങളുടെ അടിസ്ഥാനകാരണമായിരുന്നു. കൂടുതല്‍ നാശമുണ്ടാകാതിരിക്കാനായി എത്തിച്ചേരുന്ന പരസ്പരമുള്ള യുദ്ധമൊഴിവാക്കല്‍ ധാരണയിന്മേല്‍ പുല്‍മേടുകള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. വിവാഹബന്ധങ്ങളിലൂടെ അവ ഊട്ടിയുറപ്പിക്കപ്പെട്ടു. എന്നിട്ടും വ്യത്യസ്ത വംശീയസ്വത്വങ്ങള്‍ കലഹിച്ചുകൊണ്ടിരുന്നു, തദ്ദേശവാദങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു.
ജനസംഖ്യാപഠനം എന്ന അക്കാദമിക മേഖലയിലുള്ളവര്‍ ജനസംഖ്യാ ബോംബ് എന്നതിനെക്കുറിച്ച് ആവര്‍ത്തിക്കുമ്പോഴും ജീവനെ താങ്ങിനിര്‍ത്തുന്ന നയങ്ങള്‍ തന്നെയാണ് നല്ലതെന്നു പറയുന്നുണ്ട്. അന്താരാഷ്ട്ര ഉടമ്പടികളുടെയും കാലാവസ്ഥ പഠനങ്ങളുടെയും വെളിച്ചത്തില്‍ പ്രകൃതിക്കുമേലുള്ള മനുഷ്യാധിനിവേശത്തിന്റെ തോത് കുറക്കാനാണ് ഭരണകൂടങ്ങള്‍ പലപ്പോഴും ജനസംഖ്യാവര്‍ധനയെപ്പറ്റിയുള്ള ഉത്ക്കണ്ഠകള്‍ പങ്കുവയ്ക്കാറുള്ളത്. ഇതില്‍ പറയാതെപോകുന്ന ചില കാര്യങ്ങളുണ്ട്. പക്ഷേ അത് പറയാതെ പോകുമ്പോഴും അറിയേണ്ട ആളുകള്‍ അവയെല്ലാം കൃത്യമായി അറിയുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. എന്തെല്ലാമാണ് പറയാതെ തന്നെ അറിയുന്ന ഇത്തരം കാര്യങ്ങള്‍? ഉത്തരം വളരെ ലളിതമാണ്. ഒന്നാമത്, വികസനമെന്ന പേരില്‍ ലഭ്യമാകുന്ന സുഖസൗകര്യങ്ങള്‍ അതേപോലെതന്നെ നിലനിര്‍ത്തണമെങ്കില്‍ അതില്‍ പങ്കാളികളാകാന്‍ വരുന്ന ആളുകളുടെ എണ്ണം പരിമിതമാകേണ്ടതുണ്ട്. രണ്ടാമത്, വികസനമെന്ന സുഖസൗകര്യങ്ങളുടെ ലഭ്യത തടസമില്ലാതെ കരഗതമാക്കേണ്ടതിന് പ്രകൃതി വിഭവങ്ങളിന്മേലുള്ള പങ്കാളിത്തത്തിന്റെ തോത് കുറച്ചുകൊണ്ടുവരേണ്ടതാണ്. ഇത് കൃത്യമായി വെളിവാക്കുന്ന ചില പ്രഖ്യാപനങ്ങള്‍ ഇടയ്ക്കിടെ രാഷ്ട്ര നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കും. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഇന്ത്യയിലെയും ചൈനയിലെയും ജനകോടികളായ ദരിദ്രവാസികളാണ് ലോകത്ത് ഉല്പാദിപ്പിക്കുന്ന മുഴുവന്‍ ഗോതമ്പും നെല്ലും മറ്റു ധാന്യങ്ങളും തിന്നുതീര്‍ക്കുന്നതെന്നാണ്! അമേരിക്കന്‍ സമ്പന്നതയുടെ തീന്‍മേശകളില്‍ നിരത്തേണ്ട ഇറച്ചി വിഭവങ്ങളുടെ കാലിത്തീറ്റയാകേണ്ട ധാന്യമാണ് ഈ ആള്‍ക്കൂട്ടം തിന്നൊടുക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ രോഷം! സമ്പന്നരാഷ്ട്രങ്ങള്‍ക്കൊപ്പം വികസന സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്ന വികസ്വര രാജ്യങ്ങളുടെ ഭരണകൂടവും ഇതേസ്വരത്തില്‍ തന്നെയാണ് പലപ്പോഴും സംസാരിക്കുന്നത്. ഇന്ത്യയും ചൈനയുമെല്ലാം ഇപ്പോള്‍ വികസിത രാഷ്ട്രങ്ങള്‍ തന്നെയാണ് എന്ന ട്രംപിന്റെ പ്രഖ്യാപന പിറ്റേന്നാണ് മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗമെന്നത് യാദൃശ്ചികമാകാന്‍ തരമുണ്ടോ?
ഇന്ത്യയെ നയിക്കുന്ന ഭരണകൂടത്തിന്റെ ദാര്‍ശനിക അടിത്തറയെ അടുത്തറിയുന്നവര്‍ അല്പംകൂടി ഭീതിയോടെയാണ് ഇത്തരം പ്രഖ്യാപനങ്ങളെ കാണുന്നത്. ഇത് കേവലമായ വികസനപരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടുള്ള ഗീര്‍വാണങ്ങള്‍ മാത്രമല്ലായെന്ന് അവര്‍ തിരിച്ചറിയുന്നു. ഇന്ത്യയുടെ സംസ്‌കാരിക പരിസരങ്ങളെ ഹൈന്ദവവത്ക്കരിക്കുമ്പോള്‍ ഭിന്നവും വ്യതിരിക്തവുമായ സംസ്‌കൃതികള്‍ പങ്കുപറ്റുന്നവരെ എവിടെയാണ് ഉള്‍ക്കൊള്ളിക്കേണ്ടത്? ചരിത്രത്തിന്റെ നാള്‍വഴികളില്‍ വംശീയ ഉന്മൂലത്തിന്റെ ഭീതിദമായ എത്രയോ ഉദാഹരണങ്ങള്‍ നിരത്താനാകും! സ്വന്തം മണ്ണില്‍നിന്ന് വംശീയഹത്യയുടെ ഭീതിയോടെ പലായനം ചെയ്യുന്നവരുടെ നിലവിളികള്‍ സമകാലീനലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അവരവര്‍ക്ക് ബലമുള്ള ദേശങ്ങളില്‍ വേട്ടക്കാരാകുന്നവര്‍, ന്യൂനപക്ഷങ്ങളാകുന്ന ദേശങ്ങളില്‍ ഇരകളായി മാറുന്ന വൈപരീത്യത്തിന്റെ കാര്‍മേഘങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്.
ഉന്മൂലനങ്ങള്‍ എപ്പോഴും ജീവനെടുത്തുകൊണ്ടു മാത്രമല്ല സംഭവിക്കുന്നത്. വിഭിന്നമായ പ്രത്യേകതയുള്ളവരുടെ അവസരങ്ങള്‍ നിഷേധിച്ചും അരികിലേയ്ക്ക് മാറ്റിനിര്‍ത്തിയും വംശീയാധിക്ഷേപം നടത്തിയും സാംസ്‌കാരികമായി തകര്‍ത്തും ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുത്തും അപരസ്വത്വങ്ങളെ സാംസ്‌കാരികമായി അപമാനിച്ചും ദേശസ്‌നേഹത്തിന്റെ അളവുകോല്‍ ഉയര്‍ത്തിയും പൗരത്വം നിഷേധിച്ചും സ്വന്തം മണ്ണില്‍നിന്ന് ആട്ടിപ്പായിച്ചുമെല്ലാം വ്യത്യസ്ത ജനസമൂഹങ്ങളെ ഇല്ലാതാക്കാനാകും. നമ്മുടെ തൊട്ടടുത്ത് ചൈന നടപ്പാക്കിയ വണ്‍ ചൈല്‍ഡ്, വണ്‍ നേഷന്‍ പദ്ധതിയില്‍, ഭരണകൂട ഭീകരതയിന്മേല്‍ നടമാടിയ മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയുള്ള, അതേപേരിലുള്ള ഡോക്യുമെന്ററി ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുകയാണ്. ഹോങ്കോങ്ങ് പ്രക്ഷോഭത്തിന്റെ സ്വത്വരാഷ്ട്രീയവും നമ്മള്‍ തിരിച്ചറിയുന്നുണ്ട്.
ഉത്തരവാദിത്വത്തോടെ ജീവനെ സമീപിക്കുന്ന ക്രൈസ്തവ ആത്മീയ വീക്ഷണം, രാഷ്ട്രത്തിന്റെ ജനസംഖ്യാ നയസമീപനങ്ങളെ അതിന്റെ മുഴുവന്‍ ഗൗരവത്തോടെ തന്നെ പഠനവിധേയമാക്കേണ്ടതാണ്. കാരണം, ഭരണകൂടവാക്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നമ്മള്‍ സമീപിക്കേണ്ടതുണ്ടല്ലോ!


Related Articles

ഫാ ജോമോന് നല്ല സമരിയാക്കാരൻ്റെ മുഖം

മഹാമാരിയുടെ കാലത്ത് മാനവികതയുടെ കാവൽ മാലാഖകൾ ഈ നാടിനായ് മുന്നിട്ടിറങ്ങുമ്പോൾ ഈ പ്രതിസന്ധിയും നാം അതിജീവിക്കും. മനുഷ്യ സേവനമാണ് ദൈവിക സ്നേഹത്തിലെക്കുള്ള യഥാർത്ഥ വഴിയെന്ന് കാണിച്ചു തരികയാണ്‌

ഉചിതമായ തീരുമാനമെടുക്കണമെന്ന് കെഎല്‍സിഎ

എറണാകുളം: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ ആരോപണത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകരുതെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി സിസിബിഐ (അഖിലേന്ത്യ കത്തോലിക്ക

യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അരങ്ങുവാഴുന്നു

യൂറോപ്പിലെ ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോര്‍പപ്പറേഷന്റെ കണക്കുകള്‍ പ്രകാരം 2019 ല്‍ 500ല്‍ അധികം ക്രിസ്ത്യന്‍ വിദ്വേഷ കുറ്റകൃത്യങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കത്തോലിക്കാ ദേവാലയങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*