Breaking News

ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുണ്യപുരുഷന്‍

ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പുണ്യപുരുഷന്‍

നീണ്ട 41 വര്‍ഷങ്ങള്‍ കൊല്ലം രൂപതയില്‍ ജ്വലിച്ചുനിന്ന ആത്മീയാചാര്യനായ ജെറോം പിതാവ് വിശുദ്ധപാതയിലേക്ക് പ്രയാണം ആരംഭിക്കുകയാണ്. ഈ പുണ്യപുരുഷനെക്കുറിച്ചുള്ള ഓര്‍മകള്‍ ജനഹൃദയങ്ങളിലും കൊല്ലം നഗരവീഥികളിലും ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. 1901 സെപ്തംബര്‍ 8ന് കോയിവിള എന്ന ഗ്രാമത്തില്‍ തുപ്പാശേരി കുടുംബത്തില്‍ നിക്കോളാസ്-ഫ്രാന്‍സിസ്‌ക്കാ ദമ്പതികളുടെ നാലാമത്തെ കുഞ്ഞായി ജനിച്ച നിമിഷം മുതല്‍ മഹത്വത്തിന്റെ അടയാളങ്ങള്‍ ഈ കുഞ്ഞില്‍ കുടുംബാംഗങ്ങള്‍ കണ്ടിരുന്നു. വിവിധ മതസ്ഥര്‍ ഒന്നിച്ചുവസിക്കുന്ന കോയിവിള ഗ്രാമത്തില്‍ തുപ്പാശേരി കുടുംബത്തിന്റെ അയല്‍ക്കാരായ ഹൈന്ദവ സഹോദരങ്ങള്‍ ഈ കുഞ്ഞിന്റെ ജനനത്തില്‍ സന്തോഷിച്ചു. കാരണം അഷ്ടമിരോഹിണി ദിനത്തിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്. ഹൈന്ദവ സങ്കല്‍പ്പമനുസരിച്ച് സ്വര്‍ഗം തുറക്കപ്പെടുന്ന അസുലഭമായ രാശിയാണിത്. ദിവ്യമായ ജനനമാണിതെന്ന് ഹൈന്ദവ ഗുരുക്കന്മാരുടെ പ്രവചനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.
വിശുദ്ധനും പണ്ഡിതനുമായ ജെറോമിന്റെ പേരാണ് ഈ കുഞ്ഞിന് നല്‍കപ്പെട്ടത്. അങ്ങനെ ബാലനായ ജെറോം വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും പാതയിലുടെ മുന്നേറി. തന്റെ ജീവിത നിയോഗം ആത്മീയമേഖലയിലാണെന്ന് തിരിച്ചറിഞ്ഞ ജെറോം 1915 മെയ് 10ന് വൈദിക പഠനത്തിനായി കൊല്ലം സെന്റ് റാഫേല്‍ കൊച്ചുസെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്ന് കൊല്ലം സെന്റ് തെരേസാസ് മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രപഠനത്തിനും ദൈവശാസ്ത്ര പഠനത്തിനുമായി ആറ് വര്‍ഷങ്ങള്‍ ചിലവഴിച്ചു. ഒരു വൈദിക ജീവിതത്തിനാവശ്യമായ പുണ്യയോഗ്യതകള്‍ പരിശീലിക്കുകയും പ്രാര്‍ത്ഥനാ ജീവിതത്തിന്റെ അടിത്തറ രൂപപ്പെടുത്തുകയും ചെയ്തിരുന്ന കാലയളവായിരുന്നു അവ. തന്നെ പരിശീലിപ്പിച്ച ഗുരുശ്രേഷ്ഠന്മാരുടെ പ്രശംസയും അനുഗ്രഹവും കൈപ്പറ്റുവാന്‍ ജെറോമിന് സാധിച്ചിരുന്നുവെന്ന് സെമിനാരിയിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലാറ്റിന്‍ ഭാഷ, സഭാചരിത്രം, ധര്‍മശാസ്ത്രം എന്നിവയില്‍ മറ്റു വിദ്യാര്‍ത്ഥികളെക്കാള്‍ മികവു പുലര്‍ത്തിയിരുന്ന ഈ വിദ്യാര്‍ത്ഥിയെ ഗുരുശ്രേഷ്ഠന്മാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1928 മാര്‍ച്ച് 24ന് പുണ്യശ്ലോകനായ ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഡീക്കന്‍ ജെറോമിനെ വൈദികനായി അഭിഷേകം ചെയ്തു. തുടര്‍ന്ന് ജെറോമച്ചന്റെ വൈദികശുശ്രൂഷ മേജര്‍ സെമിനാരിയില്‍ തുടരാന്‍ ബെന്‍സിഗര്‍ പിതാവ് കല്‍പ്പിച്ചനുവദിക്കുകയും ചെയ്തു. ഏകദേശം ഒന്‍പത് വര്‍ഷങ്ങള്‍ മേജര്‍ സെമിനാരിയില്‍ അദ്ധ്യാപകനായും വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലകനുമായി നിശബ്ദവും ഫലപുഷ്ടവുമായ സേവനം ചെയ്തു.
1937 സെപ്തംബര്‍ 29ന് 11-ാം പീയൂസ് പാപ്പാ ജെറോം അച്ചനെ പുരാതന കൊല്ലം രൂപതയുടെ ആദ്യത്തെ തദ്ദേശിയ മെത്രാനായി നിയമിച്ചു. 36 വയസുമാത്രം പ്രായമുള്ള ഈ യുവവൈദികനു ലഭിച്ച ദൈവിക നിയോഗമായിരുന്നു ഇത്. പിന്നീടുള്ള ജെറോം തിരുമേനിയുടെ ജീവിതം കൊല്ലം രൂപതയുടെ ചരിത്രവഴികളില്‍ എഴുതപ്പെട്ട ത്യാഗോജ്വലമായ കഥയാണ്. ഒരു വൈദികശ്രേഷ്ഠന്റെ ധീരോദാത്തമായ വിശ്വാസജീവിതത്തിന്റെ സാക്ഷ്യംകൂടിയാണിത്.
ആന്റണി ജെ. മുണ്ടയ്ക്കല്‍ എഡിറ്റ് ചെയ്ത ”ഞാന്‍ കണ്ടറിഞ്ഞ അഭിവന്ദ്യ ജെറോം തിരുമേനി” എന്ന പുസ്തകത്തില്‍ ജെറോം തിരുമേനി ജീവിച്ചിരുന്ന കാലയളവില്‍ അദ്ദേഹത്തെ കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന നിരവധി വ്യക്തികളുടെ സാക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജെറോം തിരുമേനിയുടെ വ്യക്തിത്വത്തിലെ നന്മകളെക്കുറിച്ചുള്ള സാക്ഷ്യങ്ങളാണവ. എല്ലാ സാക്ഷ്യങ്ങളും ആത്യന്തികമായി വിരല്‍ചൂണ്ടുന്നത് ഒരു സത്യത്തിലേയ്ക്കാണ്. ബിഷപ് ജെറോം ദൈവികതയുടെ ആള്‍രൂപമായിരുന്നുവെന്നതാണാസത്യം. അദ്ദേഹം പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു, ക്രൈസ്തവ വിശ്വാസത്തിന്റെ ശക്തനായ പ്രബോധകനായിരുന്നു, സുവിശേഷമൂല്യങ്ങള്‍ മുറുകെപ്പിടിച്ച ആദര്‍ശധീരനായിരുന്നു, പാവപ്പെട്ടവരോട് കരുണയുള്ള പിതാവായിരുന്നു എന്നിങ്ങനെ നീളുന്നു ആ സാക്ഷ്യങ്ങളുടെ പട്ടിക.
കൊല്ലം പട്ടണത്തില്‍ നാനാജാതി മതസ്ഥര്‍ ഇടതിങ്ങി ജീവിക്കുന്ന സാമൂഹ്യപശ്ചാത്തലത്തില്‍ സംഘര്‍ഷഭരിതമാകുന്ന ചില മുഹൂര്‍ത്തങ്ങളില്‍ ജെറോം തിരുമേനിയുടെ ഇടപെടലുകള്‍ വര്‍ഗീയകലാപം ഇല്ലാതാക്കാനും മതസൗഹാര്‍ദം നിലനിര്‍ത്താനും കാരണമായിട്ടുണ്ട്. രാഷ്ട്രീയ സാമൂഹ്യനേതാക്കള്‍ സമാധാനത്തിന്റെ സമവാക്യങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ ജെറോം തിരുമേനിയുടെ ജ്ഞാനവചസുകള്‍ക്ക് കാതോര്‍ത്തിരുന്നുവെന്നത് സുവ്യക്തമായ കാര്യമായിരുന്നു. കൊല്ലം പട്ടണത്തിലെ പൊതുജീവിതത്തെ അത്രമാത്രം ജെറോം തിരുമേനി സ്വാധീനിച്ചിരുന്നു. കൊല്ലം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആദരണീയനായ പിതാവായിരുന്നു ജെറോം തിരുമേനി.
ജെറുസലേമിലെ സഭാപിതാവായ വിശുദ്ധ ജെറോമിനെപ്പോലെ ലാറ്റിന്‍ ഭാഷയില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു ജെറോം തിരുമേനി. ഈ ഭാഷാപരിജ്ഞാനം റോമന്‍ ആരാധനാഗ്രന്ഥത്തില്‍ ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ടിരുന്ന പ്രാര്‍ത്ഥനകളും ആരാധനാകര്‍മങ്ങളും ഗാനങ്ങളും മലയാള ഭാഷയിലേയ്ക്ക് മൊഴിമാറ്റിയെഴുതുകയെന്ന ശ്രമകരമായ ദൗത്യത്തിന് ചുക്കാന്‍പിടിക്കാന്‍ പിതാവിനെ യോഗ്യനാക്കി. ആര്‍ച്ച്ബിഷപ് കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ രേഖപ്പെടുത്തിയിരുന്നതുപോലെ ജെറോം തിരുമേനി നേതൃത്വം നല്‍കിയ ഒരു വിദഗ്ദ്ധസംഘം നടത്തിയ പത്ത് വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് ആദ്യമായി മലയാളഭാഷയില്‍ റോമന്‍ ആരാധനക്രമം തയ്യാറാക്കപ്പെട്ടത്. അതിലുപരി ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയ ഉറവയെക്കുറിച്ച് ആഴമായ അറിവുണ്ടായിരുന്ന ജെറോം തിരുമേനി നവീകരിച്ച റോമന്‍ ആരാധനക്രമത്തില്‍ ചില ഭാഗങ്ങള്‍ക്ക് ഭാരതീയ നിറം കൊടുക്കുവാനും മറന്നില്ല.
നാല്‍പ്പത്തിയൊന്നു വര്‍ഷങ്ങള്‍ ക്രിസ്തീയവിശ്വാസത്തിന്റെ വെളിച്ചം നിറംമങ്ങാതെ നോക്കുവാന്‍ ശ്രദ്ധാലുവായ ജെറോം തിരുമേനിയുടെ ഇടയലേഖനങ്ങള്‍ ഇന്നും പ്രസക്തി മങ്ങാതെ നിലകൊള്ളുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ സ്‌നേഹമാണെന്നും ആ സ്‌നേഹത്തിലേയ്ക്ക് എല്ലാവരേയും അടുപ്പിക്കുകയെന്നതാണ് സഭയുടെ ദൗത്യമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. സ്‌നേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊല്ലം രൂപതയില്‍ ത്വരിതപ്പെടുത്തുവാന്‍ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ആ പരിശ്രമങ്ങളുടെ ഫലമായി സ്‌കൂളുകള്‍, കോളജുകള്‍, ആതുരാലയങ്ങള്‍, സാധുജനസേവകേന്ദ്രങ്ങള്‍, സന്യാസഭവനങ്ങള്‍, സാമൂഹ്യസേവന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നൂറോളം സ്ഥാപനങ്ങള്‍ കൊല്ലം പട്ടണത്തിലും മറ്റുപ്രദേശങ്ങളിലും ഉയര്‍ന്നുപൊങ്ങി. കൊല്ലം ജില്ലയിലെ ക്രിസ്ത്യാനികള്‍ക്കുമാത്രമായിട്ടുള്ളതല്ലായിരുന്നു ഈ സ്ഥാപനങ്ങള്‍, മറിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ട സഹോദരങ്ങള്‍ക്കും നന്മചെയ്യുന്ന സേവന കേന്ദ്രങ്ങളായി പിതാവ് അവയെ വളര്‍ത്തിയെടുത്തു.
ഇത്രമാത്രം നന്മകള്‍ ചെയ്യുവാന്‍ പിതാവിനെ പ്രേരിപ്പിച്ചകാര്യം എന്താണെന്നു ചോദിച്ചാല്‍ ദിവ്യകാരുണ്യത്തില്‍ എഴുന്നള്ളിയിരിക്കുന്ന യേശുവാണെന്ന ഉത്തരമാണ് പിതാവ് നമുക്ക് നല്‍കുന്നത്. യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി അത്രമാത്രം ആഴത്തില്‍ പിതാവിന്റെ ജീവിതത്തില്‍ നിലനിന്നിരുന്നു. അതുപോലെതന്നെ പരിശുദ്ധകന്യകമറിയത്തോടുള്ള ആഴമായ സ്‌നേഹവും പിതാവിനുണ്ടായിരുന്നു. പരിശുദ്ധമാതാവിനെ ജപമാലയിലൂടെ പാടി സ്തുതിക്കാത്ത ദിവസങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലില്ലായിരുന്നു. പരിശുദ്ധമാതാവിന്റെ നാമത്തിലാണ് വിവിധ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനമിട്ടത്. തന്റെ പേരിനോടൊപ്പം മാതാവിന്റെ നാമം ചേര്‍ത്ത്‌വെയ്ക്കുവാന്‍ എന്നും അഭിമാനിച്ച വ്യക്തിയാണ് ജെറോം തിരുമേനി. ദൈവഭക്തിയും മരിയഭക്തിയും ജീവിതത്തില്‍ നിറഞ്ഞുതുളമ്പുവാന്‍ അനുവദിക്കുകയും അവ മറ്റുള്ളവര്‍ക്ക് സന്തോഷപൂര്‍വം വിളമ്പുകയും ചെയ്ത പിതാവിന്റെ ജീവിതത്തില്‍ വിശുദ്ധിയുടെ നറുമണം ദൈവജനം തിരിച്ചറിഞ്ഞു.
ലാളിത്യം മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു ജെറോം തിരുമേനി. ലളിതമായ ജീവിതശൈലി, വസ്ത്രധാരണം, ഭക്ഷണരീതി എന്നിവയിലൂടെ പരുവപ്പെടുത്തിയെടുത്ത തന്റെ ജീവിതം ഉത്തമമായ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായിരുന്നു. നീതിക്കുവേണ്ടിയും സമാധാനത്തിനുവേണ്ടിയും അദ്ദേഹം സ്വരമുയര്‍ത്തി. ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായും വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായും ജെറോം പിതാവ് ഉയര്‍ത്തിയ ശബ്ദം പ്രവാചക ശബ്ദംപോലെ മാറ്റൊലികൊണ്ടിരുന്നു. ആദര്‍ശശുദ്ധിയുടെ ബലത്തില്‍ പിതാവിന്റെ ആവശ്യങ്ങള്‍ ആര്‍ക്കും നിരസിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം സത്യത്തിന്റെ പക്ഷത്താണ് പിതാവ് എപ്പോഴും ഉറച്ചുനിന്നത്.
കാനന്‍നിയമം കല്പിച്ചനുവദിക്കുന്ന വിശ്രമജീവിതം സന്തോഷപൂര്‍വം ഏറ്റവാങ്ങിയ ജെറോം തിരുമേനി 1978 മെയ് 14ന് തന്റെ അപ്പസ്‌തോലിക ശുശ്രൂഷ പിന്‍ഗാമിയായ ജോസഫ് തിരുമേനിയെ ഏല്‍പ്പിച്ചുകൊണ്ട് വിശ്രമജീവിതത്തിനായി കൊട്ടിയത്തുള്ള വൈദിക മന്ദിരത്തില്‍ ഇടംതേടി. താമസം ഒരു ചെറിയ മുറിയിലാണെങ്കിലും ഊര്‍ജസ്വലത കെട്ടടങ്ങാത്ത തിരുമേനിയുടെ പ്രവര്‍ത്തനമണ്ഡലം കേരളമാകെ വ്യാപിപ്പിച്ചു. കരിസ്മാറ്റിക് പ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകനും പ്രചാരകനുമായി കേരളത്തിലങ്ങോളമിങ്ങോളം യാത്രചെയ്തു. പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും നിര്‍ലോപം മറ്റുള്ളവര്‍ക്ക് നല്‍കിക്കൊണ്ട്, പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചുകൊണ്ട് വിശ്രമമില്ലാതെ ആത്മാവില്‍ ജ്വലിച്ച് പിതാവ് ജോലി ചെയ്തു. കാവി വസ്ത്രമണിഞ്ഞുകൊണ്ട് ഒരു സന്യാസിയെപ്പോലെ ദൈവത്തിന്റെ നിസ്വനായി ജെറോം തിരുമേനി പാതയോരങ്ങളിലൂടെയും ബസുകളിലും ട്രെയിനുകളിലുമൊക്കെയായി യാത്രചെയ്യുകയും എല്ലാവരുടെയും പ്രിയങ്കരനായ ആത്മീയപിതാവായി മാറുകയും ചെയ്തു. ഭക്ത്യാദരവോടുകൂടി കൊല്ലംപട്ടണത്തിലെ നാനാജാതിമതസ്ഥര്‍ ഈ വൈദികശ്രേഷ്ഠനെ നോക്കിനിന്നു.
പതിനാലു വര്‍ഷത്തെ വിശ്രമജീവിത്തിനൊടുവില്‍ 1992 ഫെബ്രുവരി 26ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ സായംസന്ധ്യയിലെ പ്രാര്‍ത്ഥനാ മുഹൂര്‍ത്തത്തില്‍ ആ ദിവ്യതേജസ് സ്വര്‍ഗത്തിലേയ്ക്ക് യാത്രയായി. 20-ാം നൂറ്റാണ്ടില്‍ കൊല്ലം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഒരു പുണ്യചരിത്രം എഴുതിച്ചേര്‍ത്തുകൊണ്ട് ജെറൊം തിരുമേനി കടന്നുപോയി. സര്‍വശക്തനായ ദൈവം ഈ പുണ്യപുരുഷനെ അള്‍ത്താരവണക്കത്തിനായി ഉയര്‍ത്തുന്ന ദിനം പ്രതീക്ഷിച്ചുകൊണ്ട് അറബിക്കടലിന്റെയും അഷ്ടമുടിക്കായലിന്റെയും മക്കള്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുന്നു.


Related Articles

Voice of Fishworkers

  Prof. A Joseph Rosario Formerly Administrative Officer, ISRO   Down the valley of the ancient ‘Veli Mala’ (Veli Hills)

കാന്‍സര്‍ ചികിത്സാ സഹായത്തിന് ഇനിമുതല്‍ പിഎച്ച്‌സി ഡോക്ടര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാം

ആലപ്പുഴ: കാന്‍സര്‍ ചികിത്സിക്കുന്നവര്‍ക്കും രോഗം ഭേദമായവര്‍ക്കും നല്‍കിവരുന്ന സര്‍ക്കാര്‍ ചികിത്സാ സഹായത്തിന് ശുപാര്‍ശ ചെയ്യാന്‍ പ്രാഥമീക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും അനുമതി. കോവിഡ് കാലത്തെ രോഗികളുടെ പ്രയാസങ്ങളും പ്രായോഗിക

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

R1 Is 55: 1-11 ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു?

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*