Breaking News

ജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്‍

ജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്‍

കടല്‍ത്തിരകളെ തൊട്ടുനില്‍ക്കുന്ന ഓലമേഞ്ഞ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്, ജീവിതഭാരങ്ങള്‍ക്കു നടുവില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന അമ്മ പകര്‍ന്നുനല്‍കിയ ദൈവാനുഭവത്തെക്കുറിച്ച്, കടലെടുത്ത ജീവിതങ്ങളെയും തുറകളിലെ ഒടുങ്ങാത്ത വിലാപങ്ങളെയുംകുറിച്ച് ഹൃദയവ്യഥയോടെ എന്നും ഓര്‍ക്കുന്നു, മരിയ കലിസ്റ്റ് സൂസ പാക്യം എന്ന കേരള ജനതയുടെ മഹായിടയന്‍. ബൈബിള്‍ വിജ്ഞാനീയത്തിലും ആരാധനക്രമത്തിലും റോമില്‍ നിന്ന് ലൈസന്‍ഷ്യേറ്റ് നേടി, ഏഷ്യയിലെ ഏറ്റവും വലിയ വൈദികപരിശീലനകേന്ദ്രമായ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവാചകഗ്രന്ഥങ്ങളും ജ്ഞാനസാഹിത്യവും പഠിപ്പിച്ച വിശ്വാസസത്യപ്രബോധകന്‍ തീരദേശ ജനസമൂഹത്തിന്റെ പരമാചാര്യനും ശുശ്രൂഷകനുമായതോടൊപ്പം പൊതുമണ്ഡലത്തില്‍ രാഷ്ട്രീയ അധര്‍മങ്ങള്‍ക്കും സാമൂഹിക അനീതിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ, ആധ്യാത്മിക തീക്ഷ്ണതയോടെ നിരന്തരം പൊരുതുന്ന ധാര്‍മിക മനഃസാക്ഷിയും പ്രവാചകശബ്ദവുമാണ്.
‘ഞാന്‍ നിന്നോടു കൂടെയുണ്ട്’ എന്ന് ജെറെമിയ പ്രവാചകന് ദൈവം നല്‍കിയ വാഗ്ദാനവും, ‘എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും’ എന്ന പൗലോസ് അപ്പോസ്തലന്റെ ദൈവാശ്രയ ബോധവും തന്റെ മേല്പട്ടശുശ്രൂഷയുടെ അടയാളവാക്യമായി സ്വീകരിച്ച ആര്‍ച്ച്ബിഷപ് സൂസപാക്യം കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകളുടെ മേലധ്യക്ഷന്മാരുടെ കാനോനിക സമിതിയുടെയും (കെആര്‍എല്‍സിബിസി), സംസ്ഥാനത്തെ ലത്തീന്‍ സഭാസമൂഹത്തിന്റെയും സമുദായത്തിന്റെയും പരമോന്നത നയരൂപീകരണ സമിതിയുടെയും (കെആര്‍എല്‍സിസി), മേജര്‍ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പദവിയുള്ള രണ്ട് പൗരസ്ത്യ സഭകളും സാര്‍വത്രിക സഭയുടെ ലത്തീന്‍ പാരമ്പര്യത്തിന്റെ പ്രാദേശിക പ്രതിരൂപവും ഉള്‍പ്പെടുന്ന മൂന്നു വ്യക്തിസഭകളുടെ കൂട്ടായ്മയായ കേരള കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍ എന്ന നിലയില്‍, ആധുനിക കാലത്ത് ഈ രാജ്യത്ത് വിശ്വാസിസമൂഹം നേരിടുന്ന ഏറ്റവും വേദനാജനകവും അതിസങ്കീര്‍ണവുമായ പ്രതിസന്ധികളെ എത്ര അചഞ്ചലമായ മനസ്സുറപ്പോടെ, പരിപക്വമായ മേധാശക്തിയോടെയാണ് അഭിമുഖീകരിച്ചത്!
സഭ ദൈവജനമാണ് എന്ന ദര്‍ശനത്തിലൂന്നി പങ്കാളിത്തം, കൂട്ടുത്തരവാദിത്തം, ഏകോപനം, ശാക്തീകരണം എന്നീ മാനദണ്ഡങ്ങള്‍ അവലംബിച്ച് സ്വത്വബോധത്തിലും സമുദായബോധത്തിലും വളരാന്‍ കേരളത്തിലെ ലത്തീന്‍ സമൂഹത്തെ പ്രേരിപ്പിക്കുമ്പോള്‍തന്നെ, പാവങ്ങളുടെ പക്ഷം ചേര്‍ന്ന്, സമൂഹത്തിലെ ഏറ്റവും ദരിദ്രരും പ്രാന്തവത്കൃതരും നീതിനിഷേധിക്കപ്പെട്ടവരുമായ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനും അവസരസമത്വത്തിനുമായി പൊരുതാനും അസത്യത്തിന്റെയും വിദ്വേഷത്തിന്റെയും സ്പര്‍ദ്ധയുടെയും വിഷലിപ്തമായ പ്രത്യയശാസ്ത്രങ്ങള്‍ക്കെതിരെ വചനപ്രേഷിതത്വത്തിന്റെ സാമൂഹിക മാനവും വിശാലമായ മാനവിക പരികല്പനകളും സമന്വയിപ്പിച്ച് പ്രതിരോധം തീര്‍ക്കാനുമുള്ള രാഷ്ട്രീയ ഉള്‍ക്കാഴ്ചയും നീതിബോധത്തോടെ ആധികാരികമായി ഇടപെടാനുള്ള സത്യസന്ധതയും ആര്‍ജവവുമാണ് അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കുന്നത്. കേരളത്തിലെ അധികാരി വര്‍ഗത്തെയും വരേണ്യവിഭാഗങ്ങളെയും പലപ്പോഴും ചൊടിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്ത ജനപിന്തുണ കുരിശിന്റെ അടയാളത്തില്‍ സ്വയം ശൂന്യവത്കരിച്ച ഈ കര്‍മയോഗിക്കുണ്ടായത് അങ്ങനെയാണ്.
? പൗരോഹിത്യ ജൂബിലിയുടെ പശ്ചാത്തലത്തില്‍, മാര്‍ത്താണ്ഡംതുറയില്‍ നിന്ന് 12-ാം വയസില്‍ തിരുവനന്തപുരം രൂപതയുടെ ആദ്യ സെമിനാരിയുടെ ആദ്യ ബാച്ചില്‍ വൈദികാര്‍ഥിയായി ചേര്‍ന്നതിനെക്കുറിച്ച്.
– കുടുംബാന്തരീക്ഷം ദൈവവിളിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. കുടുംബ പശ്ചാത്തലത്തില്‍ വലിയ വിദ്യാഭ്യാസമില്ലായിരുന്നു. അന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ ബിരുദം നേടിയത് ഒരാള്‍ മാത്രം. എട്ടാം ക്ലാസുവരെയുള്ള സെന്റ് അലോഷ്യസ് എന്ന സ്‌കൂള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ അവിടെ പഠനം പൂര്‍ത്തിയാക്കുന്നവര്‍ കുറവായിരുന്നു. കമ്പാവലയും മത്സ്യബന്ധന ഉപകരണങ്ങളും കുറച്ചു ജോലിക്കാരുമൊക്കെയായി അവിടെ സാമാന്യം ഭേദപ്പെട്ട നിലയിലുള്ളതായിരുന്നു കുടുംബം. ഞങ്ങള്‍ അഞ്ചു മക്കള്‍ക്കും വിദ്യാഭ്യാസം തരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിച്ചു.
എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് സ്‌കൂളിനോടു ചേര്‍ന്ന വള്ളപ്പുരയില്‍, തണലത്ത് ഞാന്‍ മണലില്‍ ഇരിക്കുകയായിരുന്നു. നഥാനയേലിനെ പോലെ ചിന്തയിലാണ്ടിരുന്ന എന്നെ ഹെഡ്മാസ്റ്റര്‍ കണ്ടു. പരീക്ഷാഫലം തയാറായിട്ടുണ്ട്, അത് പ്രസിദ്ധീകരിക്കാന്‍ അദ്ദേഹം എന്നെ സഹായത്തിനു വിളിച്ചു. ഫലം നോക്കിയപ്പോള്‍ ഞാന്‍ എട്ടാം ക്ലാസ് പാസായിട്ടുണ്ട്. ഇനി എവിടെയാണ് പഠിക്കാന്‍ പോകുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ചോദിച്ചു. അക്കരെ സ്‌കൂളുണ്ട്, അവിടെ ചേരാമല്ലോ എന്നായി ഞാന്‍. പഠിച്ചിട്ട് എന്താകാനാണ് പ്ലാന്‍ എന്ന് അദ്ദേഹം ചോദിച്ചു. അച്ചന്‍ ആകുന്നതിനെക്കുറിച്ച് വീട്ടില്‍ സംസാരമുണ്ടായിരുന്നു. നാട്ടിലെ ഏറ്റവും വലിയ ആള്‍ അന്നു വികാരിയച്ചനാണ്. പരമാധികാരി, അച്ചന്‍ പറഞ്ഞാല്‍ അതിനു മറുവാക്കില്ല. ഞാന്‍ സെമിനാരിയില്‍ പോകും എന്ന് ഹെഡ്മാസ്റ്ററോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറയുകയാണ്, ഇന്നലെ വികാരിയച്ചന്‍ വന്നിരുന്നു; രൂപതയില്‍ പുതിയ സെമിനാരി തുടങ്ങുന്നുണ്ടെന്നും, എട്ടാം ക്ലാസ് പാസായ നല്ല കുട്ടികളുണ്ടെങ്കില്‍ പറഞ്ഞയക്കാമെന്നും അദ്ദേഹം അറിയിച്ചുവത്രെ. നിനക്കു താല്പര്യമുണ്ടെങ്കില്‍ വികാരിയച്ചനോടു പറയാമെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്നു രാവിലെ വീട്ടില്‍ ആളു വന്നു. വികാരിയച്ചന്‍ വിളിപ്പിച്ചതാണ്.
സെമിനാരിയില്‍ പോകാന്‍ താല്പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. എന്തിനാണ് അച്ചനാകുന്നത് എന്ന ചോദ്യത്തിന് എന്റെ മറുപടി, നന്നായി ജീവിച്ച് നന്നായി മരിക്കാന്‍ എന്നായിരുന്നു. നിന്റെ അമ്മയും അപ്പനും സെമിനാരിയില്‍ പോയിട്ടാണോ നന്നായി ജീവിക്കുന്നതെന്ന് അച്ചന്‍ തിരിച്ചുചോദിച്ചു. പൗരോഹിത്യം എന്ന കൂദാശയെക്കുറിച്ച് തമിഴ് വേദോപദേശ ക്ലാസില്‍ പഠിച്ചത് എന്തെന്ന് അദ്ദേഹം എടുത്തു ചോദിച്ചു. ദിവ്യബലി അര്‍പ്പിക്കാനും കൂദാശകള്‍ പരികര്‍മം ചെയ്യാനുമെന്ന ആ ഉത്തരം മാത്രം ബിഷപ്പു ചോദിച്ചാല്‍ പറയണമെന്ന് അച്ചന്‍ നിര്‍ദേശിച്ചു.
അങ്ങനെയാണ് 12 വയസുതികയും മുന്‍പ് തിരുവനന്തപുരം പാളയത്തെ പുതിയ സെമിനാരിയില്‍ എത്തിയത്. നാലാം വയസില്‍ ഞാന്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നതാണ്.
തിരുവനന്തപുരത്തെ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു തുടര്‍പഠനം. ഓണപ്പരീക്ഷയില്‍ എല്ലാ വിഷയത്തിലും തോറ്റു. കണക്കില്‍ രണ്ടു മാര്‍ക്ക്. ഇംഗ്ലീഷ് മീഡിയത്തിലേക്കുള്ള മാറ്റമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സെമിനാരിയില്‍ നിന്ന് പറഞ്ഞുവിടുമെന്ന ഭീതിയായിരുന്നു. പ്രോഗ്രസ് കാര്‍ഡുമായി റെക്ടറച്ചന്റെ അടുക്കല്‍ ചെന്നു. ഫാ. ജോണ്‍ കോയില്‍പറമ്പില്‍ എന്ന റെക്ടര്‍ പിണങ്ങിയൊന്നുമില്ല. ‘മോനേ നീ പേടിക്കേണ്ട. നീ ബുദ്ധിയുള്ളവനാണ്. റിസല്‍റ്റൊക്കെ മെച്ചപ്പെടും, ഞങ്ങള്‍ സഹായത്തിനുണ്ടല്ലോ!’ അതിനുശേഷം പിന്നീട് ഒരിക്കലും ഒരു വിഷയത്തിലും ഞാന്‍ തോറ്റിട്ടില്ല. നല്ല മാര്‍ക്കു വാങ്ങി പാസായി. ഒരിക്കല്‍ ഇതുപോലെ സെമിനാരി റെഫക്ടറിയിലെ ഒരു പ്ലേറ്റ് അറിയാതെ പൊട്ടിയപ്പോള്‍ ഞാന്‍ പേടിച്ചുവിരണ്ട് മിണ്ടാതിരുന്നു. മനക്കടിയുണ്ടായപ്പോള്‍, അബദ്ധം പറ്റിയതാണെന്ന് റെക്ടറച്ചനെ നേരിട്ടുകണ്ടു പറഞ്ഞു. അദ്ദേഹമാകട്ടെ, വീണിട്ട് നിന്റെ കാലിനു വല്ലതും പറ്റിയോ എന്നു ചോദിച്ച് തൈലം പുരട്ടാന്‍ നല്‍കുകയാണു ചെയ്തത്.
പൗരോഹിത്യത്തെക്കുറിച്ച് ശരിക്കു മനസിലാക്കുന്നത് സെമിനാരിയില്‍ വച്ചാണ്. കാര്യങ്ങള്‍ ഗ്രഹിച്ചപ്പോള്‍ വലിയ ഭയപ്പാടായിരുന്നു, വലിയ ഉത്തരവാദിത്തമാണ്. വൈദിക പട്ടം സ്വീകരിക്കുന്നതിനു തൊട്ടുമുന്‍പ് ധ്യാനത്തിന്റെ അവസരത്തില്‍ വലിയ അന്തഃസംഘര്‍ഷത്തിലായിരുന്നു. വ്യാകുലചിത്തനായി പ്രാര്‍ഥനാപുസ്തകം മറിച്ചുനോക്കുമ്പോള്‍ അന്ന് മൈനര്‍ സെമിനാരിയിലെ റെക്ടറച്ചന്‍ തന്റെ ഒരു ഫീസ്റ്റിനു നല്‍കിയ ചിത്രത്തിലെ ദൈവവചനം ശ്രദ്ധയില്‍പെട്ടു. പൗലോസ് അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ ലേഖനത്തിലെ വരികള്‍: ‘ക്രിസ്തുവിന്റെ ശക്തി എന്റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ച് പ്രശംസിക്കും.’
കര്‍ത്താവിന്റെ ശക്തി എന്റെ കൂടെയുള്ളപ്പോള്‍ ഞാന്‍ എന്തിനു പേടിക്കണം! കര്‍ത്താവിന്റെ ശക്തിയുടെ ഉപകരണം മാത്രമാണ് ഞാന്‍ എന്ന തിരിച്ചറിവ് പൗരോഹിത്യത്തിന്റെ കരുത്താണ്. മനുഷ്യന്റെ പ്രശംസയോ എതിര്‍പ്പോ അല്ല, കര്‍ത്താവിന്റെ ഇഷ്ടമാണ് തന്റെ ജീവിതത്തിനും പ്രാര്‍ഥനയ്ക്കും അര്‍ഥം പകരുന്നത് എന്ന തിരിച്ചറിവ് ഏത് എതിര്‍പ്പും ഏതു സഹനവും ഏറ്റുവാങ്ങാനുള്ള ശക്തി നല്‍കും.
? റോമില്‍ നിന്ന് ബൈബിളിലും ലിറ്റര്‍ജിയിലും ലൈസന്‍ഷ്യേറ്റ് നേടിയതിനെക്കുറിച്ച്.
– ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നിന്ന് റോമില്‍ ഉപരിപഠനത്തിന് അയക്കാന്‍ ആലോചനയുണ്ടായി. മോറല്‍ തിയോളജി പഠിക്കാനായിരുന്നു താല്പര്യം. എന്നാല്‍ പ്രൊപ്പഗാന്ത കോളജില്‍ മോറല്‍ തിയോളജി പഠന സൗകര്യത്തെക്കുറിച്ച് മറ്റൊരു അഭിപ്രായമാണു കേട്ടത്. പിന്നെ ബൈബിള്‍ വിജ്ഞാനീയത്തിലേക്കു തിരിഞ്ഞു. ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം കിട്ടുന്നതിന് ഏതെങ്കിലും വിഷയത്തില്‍ ലൈസന്‍ഷേയറ്റ് നേടിയിരിക്കണം. അതിനാല്‍ ആരാധനക്രമത്തില്‍ ലൈസന്‍ഷ്യേറ്റ് എടുത്തു. തുടര്‍ന്ന് ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു. അന്ന് വിഖ്യാതനായ കര്‍ദിനാള്‍ കാര്‍ലോ മരിയാ മര്‍ത്തീനിയാണ് അവിടത്തെ റെക്ടര്‍. യഹൂദരും കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദത്തിന്റെ പ്രമുഖ വക്താവായ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആദ്യമായി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് 15 വിദ്യാര്‍ഥികളെ ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയിലേക്കു കൊണ്ടുപോയി. അതില്‍ ഒരാളായിരുന്നു ഞാന്‍. ഇസ്രയേലിന്റെ സ്‌റ്റേറ്റ് ഗസ്റ്റ്‌സ് എന്ന നിലയിലാണ് ഞങ്ങളെ അവിടെ സ്വീകരിച്ചത്. ഹീബ്രു റബ്ബിമാരും മറ്റുമാണ് ക്ലാസ് എടുത്തത്. എട്ടു മാസത്തോളം ജറൂസലേമില്‍ പഠനം തുടര്‍ന്നു.
റോമില്‍ പഠിക്കാനുള്ള പണം സമ്പാദിക്കുന്നത് ഓരോ അവധിക്കാലത്തും യൂറോപ്പിലെയും മറ്റും ഇടവകകളില്‍ ശുശ്രൂഷ ചെയ്തിട്ടാണ്. ഞാന്‍ അവധിക്കാലം മുഴുവന്‍ അവിടെ പാരിഷ് ജോലി ചെയ്യില്ല. ഒരു മാസം പഠിക്കും. ഒരു അവധിക്കാലത്ത് ജര്‍മന്‍ എംബസിയുടെ സ്‌കോളര്‍ഷിപ്പോടെ ഒരു മാസം ജര്‍മനിയില്‍ പോയി ജര്‍മന്‍ പഠിച്ചു. അടുത്ത കൊല്ലം ഫ്രഞ്ച് എംബസിയുടെ സഹായത്തോടെ ഫ്രാന്‍സില്‍ ഫ്രഞ്ചു പഠിക്കാന്‍ പോയി. പിന്നീടൊരിക്കല്‍ ഇംഗ്ലണ്ടില്‍ ചെന്ന് സ്‌കോളര്‍ഷിപ്പുമായി മാസ് മീഡിയ പഠിച്ചു. ബിഷപ് നിര്‍ദേശിച്ചതുപ്രകാരം ഒരു കൊല്ലം അമേരിക്കയില്‍ മിഷന്‍ പ്രഭാഷണത്തിനായി പോയി. അങ്ങനെ വിവിധ രാജ്യങ്ങളും സംസ്‌കാരങ്ങളുമായുള്ള പരിചയപ്പെടലിനാണ് പാഠ്യവിഷയങ്ങളെക്കാളേറെ ഞാന്‍ വിദേശത്ത് സമയം ചെലവഴിച്ചത്.
? ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലെ അധ്യാപനകാലത്തെക്കുറിച്ച്.
– പ്രവാചകഗ്രന്ഥങ്ങളും ജ്ഞാനസാഹിത്യവും പഠിപ്പിക്കാനുള്ള പരിജ്ഞാനമൊന്നും എനിക്കില്ലായിരുന്നു. എങ്കിലും ആലുവ സെമിനാരിയിലെ എന്റെ ഗുരുവും സ്‌പെയിന്‍കാരനായ ഡോമിനിക് അച്ചനും മറ്റും കുറെ പുസ്തകങ്ങളെല്ലാം എടുത്തുതന്ന് സഹായിച്ചു. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ജെയിംസ് ആനാപറമ്പില്‍ തുടങ്ങി 10 ബിഷപ്പുമാരെ പഠിപ്പിക്കാന്‍ അവിടെ അവസരമുണ്ടായി. അഗസ്റ്റിന്‍ മുള്ളൂര്‍, ജേക്കബ് പ്രസാദ് തുടങ്ങിയവരെയും പഠിപ്പിച്ചു. റോമില്‍ ഡോക് ടേറ്റ് നേടുന്നതിനുള്ള തീസിസൊക്കെ ശരിയാക്കി ഒരു വര്‍ഷത്തെ സബാത്തിക്കലിന് അനുമതി തേടിയെങ്കിലും അന്ന് ബിഷപ് ജേക്കബ് അച്ചാരുപറമ്പില്‍ നിര്‍ദേശിച്ചത് രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചുമതലയേല്‍ക്കാനാണ്.
? 44-ാം വയസില്‍ കോ-അജുത്തോര്‍ ബിഷപ്പായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ നിയമിച്ചതിനെക്കുറിച്ച്.
– തിരുവനന്തപുരത്ത് മൈനര്‍ സെമിനാരിയില്‍ നാലു കൊല്ലം പഠിപ്പിച്ചു. അപ്പോഴാണ് പിന്തുടര്‍ച്ചാ അവകാശത്തോടെ മെത്രാനായി നിയമനം ലഭിച്ചത്. ബിഷപ് അച്ചാരുപറമ്പിലിന്റെ ആരോഗ്യനില മോശമായിരുന്നു; അദ്ദേഹത്തിന്റെ കാലു മുറിച്ചുമാറ്റേണ്ടിവന്നു. രൂപതയിലാകട്ടെ, വിഭജനത്തെച്ചൊല്ലി ഏറെ അസ്വസ്ഥതകളും നിലനിന്നിരുന്നു. അതീവ ഗുരുതരമായ പ്രതിസന്ധികളെ നേരിടാനുള്ള കെല്‌പൊന്നും തനിക്കില്ല എന്ന തിരിച്ചറിവില്‍ പലരും ഉപദേശിച്ചു, ഈ നിയമനം സ്വീകരിക്കരുതെന്ന്.
തനിക്കു പറ്റുന്ന പണിയല്ല ഇതെന്ന് പലരും കരുതി. പ്രാര്‍ഥിച്ചപ്പോള്‍ എനിക്കു ബോധ്യമായി, കര്‍ത്താവിന്റെ ശക്തിയില്‍ എന്തും സാധ്യമാണെന്ന്. പൗരോഹിത്യ ജീവിതത്തിലെ 20 കൊല്ലത്തെ അനുഭവം എനിക്കു നല്‍കിയ പാഠം അതാണ്. എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും, എന്നെ ശക്തിപ്പെടുത്താന്‍ കര്‍ത്താവുണ്ടല്ലോ.
ഒരു മാസം കഴിഞ്ഞ് രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തപ്പോള്‍ ഒരുപാട് വിഷമിച്ചു.
റോമില്‍ ചെന്ന് പ്രൊപ്പഗാന്ത ഫീദെയും പ്രീഫെക്ട് ആയിരുന്ന കര്‍ദിനാള്‍ ജോസഫ് ടോങ്കോയോട് ഞാന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞു. ഇത്രയും കുഴഞ്ഞുമറിഞ്ഞ രൂപതയുടെ ഭരണഭാരം പക്വതയില്ലാത്ത ചുമലുകളില്‍ ഏല്പിക്കരുത്. തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിന്‍കര രൂപത വിഭജിക്കുന്നതു സംബന്ധിച്ച് വത്തിക്കാന് ഉണ്ടായിരുന്ന പദ്ധതി മറ്റൊന്നായിരുന്നു. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അതിന്റെ ഭവിഷ്യത്തുകള്‍ എന്താകുമെന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ കര്‍ദിനാള്‍ ടോങ്കോയെ ബോധ്യപ്പെടുത്തി. ഇന്ത്യയിലെ അപ്പസ്‌തോലിക നുണ്‍ഷ്യോയുടെ പോലും എതിര്‍പ്പു നേരിട്ടുകൊണ്ടാണ് തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്തായാലും ഇപ്പോള്‍ രണ്ടു രൂപതകളും വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്.
? വിശുദ്ധ ജോണ്‍ പോള്‍ പാപ്പായുമായുള്ള കൂടിക്കാഴ്ചകള്‍.
– ആദ്യത്തെ ആദ് ലീമിന സന്ദര്‍ശനത്തിനു പോയപ്പോള്‍ ജോണ്‍ പോള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ച കാസ്തല്‍ ഗൊണ്ടോള്‍ഫോയിലായിരുന്നു. അദ്ദേഹം എന്നെ മിഴിച്ചുനോക്കിയിട്ട് തല കുലുക്കി: ഇറ്റ്‌സ് നോട്ട് പോസിബിള്‍, ടൂ യങ് ടു ബി എ ബിഷപ്! (ഹേയ്, ഇത്ര ചെറുപ്രായത്തില്‍ മെത്രാനോ, ഇത് അസാധ്യംതന്നെ!)
ഞാന്‍ പ്രതിവചിച്ചു: നോട്ട് മൈ ഫോള്‍ട്ട്, ഹോളി ഫാദര്‍. (കുറ്റം എന്റേതല്ല, പരിശുദ്ധ പിതാവേ!)
പിന്നീട് മൂന്നു പ്രാവശ്യം ആദ് ലീമിന സന്ദര്‍ശനത്തിനു പോയപ്പോള്‍ വത്തിക്കാന്‍ അപ്പസ്‌തോലിക അരമനയില്‍ പാപ്പായുമായി വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായി. കൂടെ ദിവ്യബലി അര്‍പ്പിക്കാനും, അരമനയില്‍ ഭക്ഷണം കഴിക്കാനും പരിശുദ്ധ പിതാവ് ക്ഷണിക്കും. ഭക്ഷണമേശയില്‍ ഒന്നൊന്നര മണിക്കൂര്‍ എടുക്കും പാപ്പ. സാധാരണഗതിയില്‍ സന്ദര്‍ശകര്‍ക്ക് അനുവദിക്കുന്ന 10 മിനിറ്റ് കഴിയുമ്പോള്‍ ജപമാലയോ മറ്റ് ഉപഹാരങ്ങളോ നല്‍കി നമ്മെ പുറത്തേക്ക് കൊണ്ടുപോകും. ഒരു ദിവസം, കൂടിക്കാഴ്ചയ്ക്കിടയില്‍ ഞാന്‍ പറഞ്ഞുതീര്‍ന്നില്ല എന്നു പറഞ്ഞപ്പോള്‍ പാപ്പ തന്നെ തോളില്‍ കൈയിട്ട് തന്റെ സ്വകാര്യമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി, ഇനി പറയൂ കാര്യങ്ങള്‍ എന്ന മട്ടില്‍. ഏഷ്യന്‍ സിനഡിലും മറ്റും പങ്കെടുക്കാന്‍ പോയപ്പോഴും കൂടിക്കാഴ്ചയ്ക്ക് പ്രത്യേക സമയം അനുവദിച്ചു.
ബെനഡിക്ട് പതിനാറാമന്‍ പാപ്പ കുറെക്കൂടെ ഔപചാരികത പുലര്‍ത്തുമായിരുന്നു. കാര്യങ്ങള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ അദ്ദേഹം ശ്രമിക്കും. വിശുദ്ധിയും മാധുര്യവും പ്രസരിക്കുന്ന ആ കൂടിക്കാഴ്ചകള്‍ക്ക് ദിവ്യകാരുണ്യ സിനഡിലും മറ്റും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.
? പത്തുവര്‍ഷം കെആര്‍എല്‍സിസിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ സമുദായത്തിന്റെ വളര്‍ച്ചയെ വിലയിരുത്തുമ്പോള്‍.
– കെആര്‍എല്‍സിസിയെക്കുറിച്ച് പറയുകയാണെങ്കില്‍ നാം വാസ്തവത്തില്‍ അത്രയൊന്നും വളര്‍ന്നിട്ടില്ല. എന്നാല്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്ന ഒരു പ്രസ്ഥാനമാണിത്. ചുരുങ്ങിയ കാലംകൊണ്ട് പലതും നേടാന്‍ നമുക്കായിട്ടുണ്ട്. ആര്‍ച്ച്ബിഷപ് ഡാനിയല്‍ അച്ചാരുപറമ്പിലും മറ്റു മെത്രാന്മാരും ഏറെ ആലോചനകളും ചര്‍ച്ചകളും നടത്തിയാണ് ഇത് ആരംഭിച്ചത്.
ആരാധനക്രമം ഒന്നുമാത്രമായിരുന്നു കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെ യോജിപ്പിച്ചിരുന്ന ഒരു ഘടകം. ചിന്നിച്ചിതറിയ ഒരു സമൂഹമായിരുന്നു നമ്മള്‍. ഓരോരുത്തരും അവരവരുടെ കാര്യം നോക്കി കഴിയുകയായിരുന്നു. കെആര്‍എല്‍സിസി രൂപം കൊണ്ടതിനുശേഷമാണ് ഏകോപനത്തിനുള്ള മാര്‍ഗം തെളിഞ്ഞത്. നിരവധി കമ്മീഷനുകളും കൂട്ടായ്മയുടെ മാര്‍ഗദര്‍ശനവും ഉണ്ടായത് കെആര്‍എല്‍സിസിയിലൂടെയാണ്. മുക്കുവ സമുദായത്തിന്റെ സംവരണാവകാശം മറ്റുള്ളവര്‍ക്കുകൂടി അടിയറവുവച്ചു എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരുകയുണ്ടായി. എന്നാല്‍ നമ്മള്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം അജപാലകരല്ല, എല്ലാവരും തങ്ങള്‍ക്ക് ഒന്നാണ് എന്ന ഉത്തമബോധ്യത്തോടെയാണ് വ്യക്തിസഭയുടെ മെത്രാന്‍ സമിതി പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനുവേണ്ടിയല്ല, സമുദായത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയാണ് വിശാല മനസോടെ, ഐക്യത്തോടെ പ്രവര്‍ത്തിക്കേണ്ടത്.
നമ്മെ ഭിന്നിപ്പിക്കാന്‍ പൊതുസമൂഹത്തിലും, രാഷ്ട്രീയ തലത്തിലും കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. സാമുദായിക സംവരണം തന്നെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ നമുക്കു കഴിയണം. നമ്മള്‍ നേരിടുന്ന പ്രതിസന്ധികളുടെ ഗൗരവം നാം തിരിച്ചറിയണം.
നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎ സംസ്ഥാന സമ്മേളനത്തിലെ ശക്തിപ്രകടനം വലിയ പ്രതികരണം സൃഷ്ടിക്കുന്നതാണ്. എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒറ്റക്കെട്ടായി പോരാടാന്‍ നമുക്കു ശക്തിയുണ്ടെന്ന് വിളിച്ചുപറയുകയായിരുന്നു അവിടെ.
കെആര്‍എല്‍സിസി ആരുടെ സ്വന്തമാണ് എന്ന ചോദ്യത്തിന് നാം മറുപടി കണ്ടെത്തേണ്ടതുണ്ട്. കെആര്‍എല്‍സിസി ഒരു സിനഡ് സംവിധാനമല്ല. മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അധ്യക്ഷതയിലുള്ള സിനഡിന്റെ തീരുമാനങ്ങള്‍ ഒരു പ്രാദേശിക സഭയ്ക്ക് മൊത്തത്തില്‍ ബാധകമാകാം. എന്നാല്‍ കെആര്‍എല്‍സിസി ഒരു ഉന്നതാധികാരം ഏകോപന സമിതി മാത്രമാണ്. അതിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ബാധ്യത രൂപതകള്‍ക്കില്ല. പൊതുനിര്‍ദേശം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം രൂപതകള്‍ക്കുണ്ട്. ഐക്യത്തിന്റെയും ഏകോപനത്തിന്റെയും സദ്ഫലങ്ങള്‍ കെആര്‍എല്‍സിസിയിലൂടെ ലഭിച്ചിട്ടുണ്ടെന്നത് നിസ്തര്‍ക്കമാണ്. ഉദാഹരണത്തിന് കെആര്‍എല്‍സിബിസി ഹെരിറ്റേജ് കമ്മീഷന്റെ കാര്യമെടുക്കാം. നമ്മള്‍ അധഃകൃത വിഭാഗമാണ്, പാര്‍ശ്വവത്കരിക്കപ്പെട്ടവരാണ് തുടങ്ങിയ മനോഭാവത്തിന് മാറ്റം വരുത്തുന്ന ചരിത്രപഠനങ്ങളാണ് ഹെരിറ്റേജ് കമ്മീഷന്‍ നടത്തിയിട്ടുള്ളത്. നമ്മുടെ ചരിത്രപൈതൃകത്തിന്റെ അദ്വിതീയ നേട്ടങ്ങള്‍ പൊതുസമൂഹത്തിനു മുന്‍പാകെ അവതരിപ്പിക്കാന്‍ നമുക്കു കഴിഞ്ഞത് ഈ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും.
? തീരദേശ ജനതയുടെ ദൈന്യാവസ്ഥ.
– ഓഖി ദുരന്തത്തിനുശേഷമുള്ള പുനരധിവാസം, കടലേറ്റം, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങി തീരദേശത്തിന്റെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. പുനരധിവാസത്തിന് വേണ്ടത്ര പ്രാധാനം കൊടുക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും കുറച്ചൊക്കെ പട്ടിണിയകറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കാന്‍ നമുക്കു പലപ്പോഴും കഴിയുന്നില്ല. ഗവണ്‍മെന്റിന്റെ വാഗ്ദാനങ്ങള്‍ പലതും നടപ്പാക്കിയിട്ടില്ല.
? പൊഴിയൂര്‍ മദ്യവര്‍ജന മുന്നേറ്റം.
– പൊഴിയൂര്‍ മദ്യവര്‍ജന മുന്നേറ്റം വാസ്തവത്തില്‍ അവിടത്തെ യുവാക്കളും സ്ത്രീകളും മറ്റും ഏറ്റെടുത്തു വിജയിപ്പിച്ചതാണ്. അവര്‍ ഒട്ടേറെ ത്യാഗം സഹിച്ചു. തീരപ്രദേശത്തെ കള്ളവാറ്റും ലഹരിവാഴ്ചയും ഇല്ലാതാക്കാന്‍ എങ്ങനെ കഴിഞ്ഞു എന്നത് ഗവണ്‍മെന്റിനു തന്നെ അദ്ഭുതമായിരുന്നു. തമിഴ്‌നാട് സംസ്ഥാന പൊലീസ് മേധാവിതന്നെ ഇതെങ്ങനെ സാധിച്ചു എന്ന് ഞങ്ങളോട് ചോദിച്ചു. ജനങ്ങള്‍ ഒത്തൊരുമിച്ച് നേടിയ വിജയമായിരുന്നു അത്. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വലിയ ഊര്‍ജം നിലനിര്‍ത്താന്‍ അന്നു സാധിച്ചുവെങ്കിലും സര്‍ക്കാര്‍ പിന്നീട് വളരെ വിദഗ്ധമായി ഡിസ്റ്റിലറിയും മറ്റും കൊണ്ടുവന്ന് ആ മുന്നേറ്റത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയായിരുന്നു.
? സാമൂഹിക പരിവര്‍ത്തനത്തിന്റെ മരിയനാട് മാതൃക.
– മരിയനാട് മോഡല്‍ വികസനം മികച്ച മാതൃകയാണ്. പലയിടങ്ങളില്‍ നിന്ന്, പല ഇടവകകളില്‍ നിന്നു വന്നവരാണ് മരിയനാട് കേന്ദ്രീകരിച്ച് സൊസൈറ്റി രൂപവത്കരിച്ച് സഹകരണാടിസ്ഥാനത്തില്‍ ഒരു സമൂഹമായി വളര്‍ന്നത്. അവിടത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് ഒരു സ്‌കൂളായിരുന്നു. ഞാന്‍ നമ്മുടെ മുഖ്യമന്ത്രിമാരായിരുന്ന കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്റണി എന്നിവരെയൊക്കെ ഈ ആവശ്യവുമായി സമീപിച്ചു. ചില ഭംഗിവാക്കൊക്കെ പറഞ്ഞെങ്കിലും സ്‌കൂളുകള്‍ അനുവദിച്ചതൊക്കെ മുന്നാക്ക വിഭാഗങ്ങള്‍ക്കാണ്. നമ്മള്‍ എന്നും അവഗണിക്കപ്പെടുകയായിരുന്നു. കാരണം, നമുക്ക് തലതൊട്ടപ്പന്മാരായി അധികാരകേന്ദ്രത്തില്‍ ആരുമില്ലല്ലോ. ഒടുവില്‍ മരിയനാട് ഒരു സിബിഎസ്ഇ സ്‌കൂള്‍ ആരംഭിക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചു. അതിനായുള്ള പണവും അവര്‍ തന്നെ കണ്ടെത്തി. വളരെ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അത്യാധുനിക വിദ്യാലയമായി അതു വളര്‍ന്നിട്ടുണ്ട്. നല്ലൊരു കമ്യൂണിറ്റി ഹാളും അവര്‍ നിര്‍മിച്ചു. അതിരൂപതയിലെ ഏറ്റവും വലിയ ഇടവകകളിലൊന്നാണ് ഇപ്പോള്‍ മരിയനാട്. ഓഖി ദുരന്തമുണ്ടായപ്പോള്‍ അവിടെ ആര്‍ക്കും ജീവഹാനിയുണ്ടായില്ല. പ്രതിരോധത്തിനും അതിജീവനത്തിനുമുള്ള ഉപകരണങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങളുമൊക്കെ അവിടെയുണ്ട്. മരിയനാട് നല്‍കുന്ന പാഠം, നമ്മള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായ രീതിയില്‍ വിഭവസമാഹരണം നടത്തിയാല്‍ ഏതു വന്‍ പദ്ധതിയും നടപ്പാക്കാനാകും എന്നാണ്. എത്രയോ ഇടവകകളില്‍ ലക്ഷകണക്കിനു രൂപ മദ്യത്തിനും ആഡംബരച്ചെലവുകള്‍ക്കുമായി പാഴായി പോകുന്നുണ്ട്. ഇത്തരം വിഭവസ്രോതസുകളെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാന്‍ ഓരോ മേഖലയിലും സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും.
? സമുദായ ദിനത്തിനുള്ള സന്ദേശം.
– ലത്തീന്‍ കത്തോലിക്കര്‍ ഇനിയും തങ്ങളുടെ സാമുദായിക ശക്തി തെളിയിച്ചിട്ടില്ല. ഇപ്പോഴും സഭാനേതൃത്വത്തിന്റെ, അല്ലെങ്കില്‍ ബിഷപ്പിന്റെ ബാധ്യതയാണത് എന്നാണ് പ്രമുഖരായ അല്മായര്‍ പോലും കരുതുന്നത്. കെആര്‍എല്‍സിസിയെക്കുറിച്ചുള്ള അവബോധം അടിസ്ഥാന തലത്തില്‍ ഇനിയും വേണ്ടത്ര എത്തിയിട്ടില്ല. സമുദായാംഗമായ ഒരു മജിസ്‌ട്രേറ്റ് അടുത്തകാലത്ത് തന്നെ കാണാന്‍ വന്നിരുന്നു. എന്താണ് കെആര്‍എല്‍സിസി എന്ന് അദ്ദേഹത്തിന് അറിയില്ല. പലപ്പോഴും തങ്ങളുടെ എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ചിലര്‍ സമുദായത്തിന്റെ പിന്തുണ തേടാന്‍ വരും. ജനപ്രതിനിധികള്‍ തന്നെ അങ്ങനെയാണ്. പാര്‍ട്ടിയാണ് അവര്‍ക്ക് സമുദായത്തെക്കാള്‍ വലുത്. പാര്‍ട്ടിയെക്കാള്‍ സമുദായത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കാന്‍ കെല്പുള്ള നേതാക്കളും ജനപ്രതിനിധികളും നമുക്ക് ഇനിയും ഉണ്ടായിട്ടില്ല. അതേസമയം, ഇതര സമുദായങ്ങളുടെ സ്ഥിതി അതല്ല. അവര്‍ ഒരു കുടുംബം പോലെയാണ്. നമ്മളാണെങ്കില്‍ പല സ്ഥലങ്ങളില്‍ നിന്നുവന്ന സങ്കരവര്‍ഗമാണ്. ഒത്തൊരുമിച്ച് നില്‍ക്കാനും ശക്തി തെളിയിക്കാനും നാം പഠിക്കണം. ബിഷപ്പുമാര്‍ ഇക്കാര്യത്തില്‍ കുറെക്കൂടി പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്.
ലത്തീന്‍ കത്തോലിക്കനാണെന്നു പറഞ്ഞ് വോട്ടു ചോദിച്ചാല്‍ ഒരു നേതാവിനും വിജയം നേടാന്‍ കഴിഞ്ഞെന്നുവരില്ല. പൊതുസമൂഹത്തിന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ച് പൊതുസമ്മതി ആര്‍ജിക്കുകയാണു വേണ്ടത്.
സമുദായത്തെപ്രതി അഭിമാനിക്കുന്നു, അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയാറാണ് എന്ന ഒരു അവസ്ഥയുണ്ടാകണം. മനുഷ്യാവതാരത്തില്‍ യേശു സ്വയംശൂന്യനാകുന്നതു പോലെ. കെനോസിസ് എന്ന ആ മനോഭാവം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. യേശു വസിക്കുന്ന എന്റെ സഹോദരങ്ങള്‍ക്കായി ഞാന്‍ സ്വയം ശൂന്യനാകും എന്ന അവസ്ഥ. കുടുംബത്തിനകത്ത് നാം ഇത്തരം ത്യാഗം സഹിക്കുന്നുണ്ട്. എനിക്ക് എന്തു കിട്ടും എന്നു നോക്കിയിട്ടല്ല കുടുംബത്തില്‍ മാതാപിതാക്കളും മറ്റ് അംഗങ്ങളും മറ്റുള്ളവര്‍ക്കായി ത്യാഗം സഹിക്കുന്നത്. സ്വയം സമര്‍പ്പിക്കലിന്റെ ഈ കെനോസിസ് മനോഭാവം സമുദായ കൂട്ടായ്മയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.
ഇതോടൊപ്പം യേശുവിന്റെ പ്രബോധനങ്ങളിലും ശ്രദ്ധ ചെലുത്തണം. ദൈവരാജ്യത്തിനുവേണ്ടി, ദൈവതിരുമനസ് അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ നാം തയാറാകണം. യേശുവിന്റെ ശക്തി നമ്മോടു കൂടെയുണ്ടെന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ നമ്മള്‍ ആരെയും ഭയപ്പെടേണ്ടതില്ല.Related Articles

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ

അപമാനിച്ചതിന് പ്രതികാരമായി സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ടു സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. ക്ഷേത്രത്തിലെ താല്‍ക്കാലിക താമസസ്ഥലത്തുവച്ചാണ് ഇരിവരും കൊല്ലപ്പെട്ടത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*