ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

ജനാധിപത്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാന്‍

സത്യാനന്തര കാലത്തെ വിരാള്‍പുരുഷനാണ് ഡോണള്‍ഡ് ട്രംപ് എങ്കില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ എന്ന എഴുപത്തേഴുകാരന്‍ മറ്റൊരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. സത്യസന്ധത, നീതിബോധം, സാഹോദര്യം, മാനവികത എന്നീ മൂല്യങ്ങള്‍ തന്റെ ജീവിതത്തിന്റെ നങ്കൂരമായ കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന് ഉള്‍ക്കൊണ്ട ആത്മാംശങ്ങളാണെന്ന് ഏറ്റുപറയുകയാണ് അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ കത്തോലിക്കനായ ജോസഫ് റോബിനെറ്റ് ബൈഡന്‍ എന്ന ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ്.

ട്രംപ് പ്രതിനിധാനം ചെയ്യുന്ന അപഭ്രംശങ്ങളുടെയും വിധ്വംസനത്തിന്റെയും ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും സ്വാര്‍ഥതയുടെയും രാഷ്ട്രീയ വികലതകളില്‍ നിന്നും വിക്ഷതങ്ങളില്‍ നിന്നും അമേരിക്കയെയും ലോകക്രമത്തെയും സൗഖ്യമാക്കാനുള്ള ആത്മാവിന്റെ നിയോഗത്തെക്കുറിച്ചാണ് കൊവിഡ് മഹാമാരിയുടെ അതികഠോര ആഘാതത്തിലുഴലുന്ന തന്റെ ജനതയോട് ബൈഡന്‍ സംസാരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍, ഏറ്റവും കൂടുതല്‍ ജനകീയ വോട്ടുകള്‍ (50.8 ശതമാനം, 7.68 കോടി വോട്ടുകള്‍) നേടിയ, ലോകത്തിലെ പരമശക്തമായ ജനാധിപത്യരാഷ്ട്രത്തിന്റെ അധികാരകേന്ദ്രമായ വൈറ്റ് ഹൗസിലെത്തുന്ന ഏറ്റവും പ്രായംകൂടിയ പ്രസിഡന്റായ ബൈഡന്‍ വിജയപ്രഖ്യാപന വേളയില്‍ പഴയ നിയമത്തിലെ സഭാപ്രസംഗകനില്‍ നിന്ന് ‘ഓരോന്നിനുമുണ്ട് ഒരു സമയം’ എന്ന തിരുവചനഭാഗം ഉദ്ധരിക്കുന്നുണ്ട്: സൗഖ്യമാക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം, നട്ടതുപറിക്കാനൊരു കാലം, ആലിംഗനം ചെയ്യാനൊരു കാലം, സമാധാനത്തിന് ഒരു കാലം.

അതിതീവ്രതരമായ അര്‍ബുദം പിടിപെട്ട് അഞ്ചുകൊല്ലം മുന്‍പു മരിച്ച മൂത്ത മകന്‍ ബോ ബൈഡന്‍ – ഇറാഖിലെ സൈനികദൗത്യത്തിനുശേഷം ഡെലവെയറില്‍ അറ്റോര്‍ണി ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു ആ നാല്പത്താറുകാരന്‍ – എന്നും കൂടെ കരുതിയിരുന്ന ജപമാല ഇപ്പോഴും തന്റെ കീശയില്‍ സൂക്ഷിക്കുന്ന ജോ ബൈഡന്‍, കൊവിഡ് മഹാമാരിയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെ സാന്ത്വനിപ്പിക്കാനായി (യുഎസില്‍ കൊവിഡ് മരണസംഖ്യ 2,40,000 കടന്നു; രോഗികള്‍ 1.03 കോടി) ബോ ബൈഡനു പ്രിയങ്കരമായിരുന്ന പുണ്യഗീതം,  ”കഴുകന്റെ ചിറകിന്മേല്‍ ഉയര്‍ത്തും അവന്‍ നിന്നെ, പുലരിയുടെ നിശ്വാസംപോല്‍ നിന്നെ താങ്ങും, സൂര്യനെപോല്‍ നിന്നെ പ്രകാശിപ്പിക്കും, അവന്റെ കൈക്കുമ്പിളില്‍ നിന്നെ പരിപാലിക്കും” എന്ന പ്രത്യാശാപൂര്‍ണമായ വരികളോടെയാണ് ആ വിജയഘോഷണം അവസാനിപ്പിക്കുന്നത്.

‘എന്റെ സ്വത്വം, കുടുംബം, സമൂഹം, വിശാലമായ ലോകം എന്നിവയെക്കുറിച്ചുള്ള എന്റെ സങ്കല്പത്തിനെല്ലാം ആധാരം എന്റെ മതവിശ്വാസമാണ്. ബൈബിള്‍, അഷ്ടസൗഭാഗ്യങ്ങള്‍, പത്തു കല്പനകള്‍, കൂദാശകള്‍, ഞാന്‍ പഠിച്ചിട്ടുള്ള പ്രാര്‍ഥനകള്‍ എന്നിവയെക്കാളുപരി അതൊരു സംസ്‌കാരമാണ്,’ എന്നാണ് ‘പാലിക്കാനുണ്ട് വാഗ്ദാനങ്ങള്‍: ജീവിതവും രാഷ്ട്രീയവും’ എന്ന ആത്മകഥാഖ്യാനത്തില്‍ ബൈഡന്‍ എഴുതുന്നത്. രണ്ടാഴ്ച മുന്‍പ്, ദ് ക്രിസ്റ്റ്യന്‍ പോസ്റ്റ് എന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ അദ്ദേഹം കുറിച്ചു: ”എന്റെ കത്തോലിക്കാ വിശ്വാസം എന്നില്‍ ആഴ്ന്നിറക്കി നിക്ഷേപിച്ച സത്യത്തിന്റെ ഒരു അകക്കാമ്പുണ്ട്: ഈ ഭൂമിയിലെ ഓരോ വ്യക്തിയും മാനവാന്തസിന്റെയും അവകാശങ്ങളുടെയും കാര്യത്തില്‍ സമന്മാരാണ്, കാരണം നാമെല്ലാവരും ദൈവത്തിന്റെ അരുമസന്താനങ്ങളാണെന്നതുതന്നെ.”

അമേരിക്കയിലെ കറുത്തവര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കൊപ്പം രണ്ടു ടേമില്‍ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ രണ്ടുവട്ടം ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. താന്‍ പഠിച്ചുവളര്‍ന്ന കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ മൂര്‍ത്തരൂപം എന്നാണ് ബൈഡന്‍ ഫ്രാന്‍സിസ് പാപ്പായെ വിശേഷിപ്പിക്കുന്നത്. ദരിദ്രരോടും നിരാലംബരോടുമുള്ള പ്രത്യേക പരിഗണന, അഭയാര്‍ഥികള്‍ക്കും പ്രവാസികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമായുള്ള കരുതല്‍, എല്ലാ മനുഷ്യരുടെയും മാനവാന്തസിനെ ആദരിക്കാനുള്ള പ്രതിജ്ഞാബദ്ധത, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത – വിശ്വാസപ്രമാണങ്ങളുടെയും ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുടെയും തലങ്ങള്‍ക്കപ്പുറം തന്റെ കര്‍മ്മങ്ങളെ നയിക്കുന്ന ജീവിതതത്വങ്ങളാണ് താന്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനങ്ങളില്‍ ദര്‍ശിക്കുന്നതെന്ന് ബൈഡന്‍ പറയുന്നു. അമ്മയുടെ ഉദരത്തില്‍ ജീവന്‍ ഉരുവാകുന്ന നിമിഷം മുതല്‍ മാനവജീവന്റെ പവിത്രവും അലംഘനീയവുമായ മൂല്യത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം താന്‍ അംഗീകരിക്കുമ്പോഴും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന നിയമനിര്‍മാണത്തിന്റെ സാധുത അപ്പാടെ തള്ളിക്കളയാനാവില്ല എന്ന ബൈഡന്റെ നിലപാട് അമേരിക്കയിലെ സഭാമേലധ്യക്ഷന്മാരുടെയും യാഥാസ്ഥിതിക വിഭാഗത്തിന്റെയും കടുത്ത വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഭിന്നലിംഗ വിഭാഗക്കാരുടെ അവകാശങ്ങള്‍, സ്വവര്‍ഗവിവാഹം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ഫ്രാന്‍സിസ് പാപ്പായുടെ ”മനുഷ്യത്വവും അനുകമ്പയും നിറഞ്ഞ” പുരോഗമന നിലപാടുകള്‍ തന്നെയാണ് തനിക്കുമുള്ളതെന്ന് സ്ഥിരീകരിക്കുന്ന ബൈഡന്‍ ജനുവരിയില്‍ പ്രസിഡന്റ് പദത്തിലെത്തി നൂറു ദിവസത്തിനകം ‘തുല്യതാ നിയമം’ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റര്‍ കമലാ ഡി. ഹാരിസിനെ തന്റെ വൈസ് പ്രസിഡന്റാക്കുമ്പോള്‍ ബൈഡന്‍ പുതിയൊരു ചരിത്രം കൂടി സൃഷ്ടിക്കുകയായിരുന്നു. അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാവുകയാണ് കമല. ഇന്ത്യയില്‍ തമിഴ്‌നാട്ടിലെ ഹൈന്ദവകുടുംബത്തില്‍ ജനിച്ച എന്‍ഡോക്രൈനോളജിസ്റ്റ് ശ്യാമള ഗോപാലന്റെയും ബ്രിട്ടീഷ് ജെമെയ്ക്കയില്‍ നിന്ന് അമേരിക്കയിലെത്തി സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് പ്രഫസറായ ആഫ്രിക്കന്‍ വംശജന്‍ ഡോണള്‍ഡ് ഹാരിസിന്റെയും പുത്രിയായ കമല കറുത്തവര്‍ഗക്കാരി എന്ന നിലയില്‍ ബാപ്റ്റിസ്റ്റ് സഭാവിശ്വാസത്തില്‍ വളര്‍ന്ന, ഡഗ്‌ളസ് എംഹോഫ് എന്ന യഹൂദനെ വിവാഹം ചെയ്ത നിയമജ്ഞ കൂടിയാണ്. അങ്ങനെ അമേരിക്കയിലെ ആദ്യത്തെ ആഫ്രോ-ഏഷ്യന്‍ വനിതാ വൈസ് പ്രസിഡന്റാവുകയാണ് കമല.

യുഎസ് ചരിത്രത്തില്‍ 172 വര്‍ഷം ആംഗ്ലോ-സാക്‌സന്‍ പ്രൊട്ടസ്റ്റന്റുകളല്ലാത്ത ആര്‍ക്കും സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജനയിച്ച ആദ്യത്തെ കത്തോലിക്കന്‍ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് കെന്നഡി രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റു കൂടിയായിരുന്നു. 43-ാം വയസിലാണ് ജെഎഫ്‌കെ എന്ന ഡെമോക്രാറ്റ് യുവതാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റിച്ചാര്‍ഡ് നിക്‌സനെ 1960ലെ തിരഞ്ഞെടുപ്പില്‍ തോല്പിച്ച് അമേരിക്കയുടെ 35-ാമത്തെ പ്രസിഡന്റായത്. ആദ്യ ടേം പൂര്‍ത്തിയാകും മുന്‍പ്, 1963 നവംബറില്‍ ഡാലസില്‍ വെടിയേറ്റുമരിച്ച ജോണ്‍ കെന്നഡി ആധുനിക അമേരിക്കയിലെ ഏറ്റവും ഗ്ലാമറുള്ള രാഷട്രീയ നേതാവായിരുന്നു. ജോണ്‍ കെന്നഡിയുടെ അനുജന്‍ റോബര്‍ട് എഫ്. കെന്നഡി 1968ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കലിഫോര്‍ണിയ പ്രൈമറിയില്‍ ജയിച്ച ഉടന്‍ ലോസാഞ്ചലസില്‍ വധിക്കപ്പെടുകയായിരുന്നു. ജെഎഫ്‌കെയില്‍ നിന്ന് ബൈഡനിലേക്ക് എത്താന്‍ അമേരിക്കയ്ക്ക് 60 വര്‍ഷം കൂടി വേണ്ടിവന്നു. അമേരിക്കയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള പ്രതിജ്ഞ പുതുക്കുന്ന ബൈഡന്‍ ലോകരാഷ്ട്രങ്ങളിലെ ജനാധിപത്യവിശ്വാസികള്‍ക്കു കൂടി തന്റെ പ്രത്യാശയുടെ ജീവല്‍സന്ദേശം പകരുന്നുണ്ട്.

 


Related Articles

‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

കൊല്ലം: ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും

ദുരന്തമുഖത്ത് സേവനം ചെയ്ത ക്രൈസ്തവ യുവാക്കളെ തഹസിൽദാർ അപമാനിച്ചു

പ്രളയദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനുവേണ്ടി വരാപ്പുഴ അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ110 ക്യാമ്പുകൾ നടത്തുകയും സന്നദ്ധസേവകരുടെ സഹായത്തോടുകൂടി ജാതിമതഭേദമന്യേ ആളുകളെ ക്യാമ്പിൽ പാർപ്പിച്ച് സൗജന്യമായി ഭക്ഷണവും താമസവും നല്കി

പ്രളയം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

എറണാകുളം: സെന്റ് ആല്‍ബര്‍ട്‌സ് കോളജ് (ഓട്ടോണമസ്) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമഴ്‌സിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെയും (സിഐഐ), വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ റീബില്‍ഡ് കേരള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*