ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ജനാധിപത്യത്തിന്റെ ജീവധാര അധികാര പങ്കാളിത്തം

ഷാജി ജോര്‍ജ്
(കെആര്‍എല്‍സിസി വൈസ്പ്രസിഡന്റ്)

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ അധികാരവികേന്ദ്രീകരണത്തില്‍ അത്ര വലിയ വലുപ്പം പ്രകടിപ്പിച്ചിരുന്നില്ല. അധികാരം താഴേത്തട്ടിലേക്കു നല്കുന്നതിന് വേണ്ടത്ര ശ്രദ്ധയും താത്പര്യവും അധികാരികള്‍ പുലര്‍ത്തിയിട്ടില്ല. അര്‍ത്ഥവത്തായ ഒരു ജനാധിപത്യസംവിധാനം നിലനില്‍ക്കണമെങ്കില്‍ അധികാരം ഏറ്റവും താഴെതലങ്ങളില്‍ എത്തിച്ചേരണം. ഈ ആശയത്തിന് ഇന്ത്യയില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗ്രാമതലങ്ങളില്‍ ചര്‍ച്ച ചെയ്ത് പ്രാദേശികതലങ്ങളില്‍ പരിഹരിക്കുന്ന സമ്പ്രദായം പുരാതന കാലം മുതല്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ അക്കാലത്തെ ഗ്രാമപഞ്ചായത്തുകള്‍ ജന്മി-സവര്‍ണ മേധാവിത്വത്തിന്റെ പിടിയിലായിരുന്നു. ഗ്രാമപഞ്ചായത്തുകളുടെ നടത്തിപ്പുകളും തീരുമാനമെടുക്കലും ഫ്യൂഡല്‍ സവര്‍ണ മേധാവിത്വം ഉറപ്പിക്കാനുള്ള ഒരു മാര്‍ഗമായി കരുതുകയും ചെയ്തു.

അതുകൊണ്ടു തന്നെയാകണം ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുമ്പോള്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇപ്രകാരം പ്രസ്താവിച്ചത്: ”പ്രാദേശിക വാദത്തിന്റെയും അജ്ഞതയുടെയും സങ്കുചിതമനോഭാവങ്ങളുടെയും വര്‍ഗീയതയുടെയും ഇരിപ്പിടങ്ങളായ ഗ്രാമങ്ങള്‍ക്ക് ഒരിക്കലും ഭരണസംവിധാനങ്ങളുടെ അടിസ്ഥാനഘടകമാകാന്‍ കഴിയില്ല.” അംബേദ്കര്‍ ഇങ്ങനെ പ്രസ്താവിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അധികാരം താഴെത്തട്ടിലേക്ക് നല്കുവാനുള്ള നടപടിക്രമങ്ങള്‍ ഉണ്ടായത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ കാലഘട്ടങ്ങളില്‍ അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമാകുന്ന കാഴ്ച ഇന്ത്യയില്‍ കാണുകയും ചെയ്തു. അധികാരം ജനങ്ങളില്‍ നിന്നകലുകയും തികച്ചും സാങ്കേതികമായ അവസ്ഥയില്‍ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥയാകും ഇതിന്റെ പരിണതഫലമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ ആവശ്യത്തിനു പുറത്താണ് –  അധികാരം താഴെയുള്ള ജനങ്ങള്‍ക്ക് കൈമാറണം എന്ന ആശയത്തിനു പുറത്താണ് – വികേന്ദ്രീകൃതമായ ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാനും അതിനുള്ള അന്വേഷണങ്ങള്‍ക്കും തുടക്കം കുറിച്ചത്. 1957ലെ ബല്‍വന്ത്റായ് മേത്ത കമ്മിറ്റിയും 1977ലെ അശോക് മേത്ത കമ്മിറ്റിയും നടത്തിയ പഠനങ്ങള്‍ പഞ്ചായത്ത് രാജിന്റെ ആദ്യഘട്ടങ്ങള്‍ക്കുള്ള നിയമരൂപീകരണങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പഞ്ചായത്ത് ഭരണനിയമങ്ങള്‍ നിലവില്‍ വന്നെങ്കിലും പഞ്ചായത്തുകള്‍ക്ക് അധികാരം നല്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
ഭരണഘടനയുടെ 73, 74 ഭേദഗതികളാണ് 1993ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയത്. 73-74 ചരിത്രപ്രസിദ്ധമായ ഭരണഘടനാഭേദഗതിയിലൂടെ പഞ്ചായത്ത്-നഗരപാലികാ സംവിധാനത്തിന് ദേശീയതലത്തില്‍ ഐക്യരൂപം നല്കി. ഭരണഘടനയുടെയും നിയമത്തിന്റെയും പിന്‍ബലമുണ്ടെങ്കിലും പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ വിജയം വിവിധ തലങ്ങളില്‍ ഉത്തരവാദിത്വം കൈയാളുന്നവരുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ സജീവമായ പങ്കാളിത്തവും അതില്‍ നിര്‍ണായകമാണ്. എന്നാല്‍ അധികാരത്തിന്റെ കൃത്യമായ കൈമാറല്‍ എത്രമാത്രമുണ്ടായിട്ടുണ്ട് എന്നു പരിശോധിക്കുമ്പോള്‍ ജനങ്ങളുടെ വ്യാപകമായ ഇടപെടല്‍ – ബോധപൂര്‍വമുള്ള ഇടപെടല്‍ – പഞ്ചായത്ത് രാജിന്റെ നീതിപൂര്‍വകമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കും. അധികാരവികേന്ദ്രീകരണത്തിന്റെ ജീവരേഖയായി പഞ്ചായത്ത് രാജ് നിയമത്തെ നാം കാണണം. അതാണ് ഇതില്‍ ഏറ്റവും പ്രസക്തമായ ചിന്ത.

കേരളത്തിലെ ലത്തീന്‍ സമൂഹത്തിന്റെ രാഷ്ട്രീയഇടപെടലുകള്‍ക്കും ശക്തിപകരുന്നത് ഇന്ത്യന്‍ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്ര ഇന്ത്യയെ കുറിച്ചുള്ള അടിസ്ഥാന മൂല്യങ്ങളാണ് ഭരണഘടനയില്‍ പ്രഘോഷിച്ചിട്ടുള്ളത്. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍. അത് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നല്കിയ സ്വപ്‌നങ്ങളാണ്. ആ മൂല്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചുകൊണ്ടാണ് ഇന്ത്യയിലെ ഓരോ സമൂഹവും രാജ്യത്തെ രാഷ്ട്രീയ പ്രക്രിയയില്‍ പങ്കാളികളാകേണ്ടതെന്ന് ലത്തീന്‍ സമൂഹം കരുതുന്നു. 1950 ജനുവരി 26ന് ഇന്ത്യന്‍ഭരണഘടനയില്‍ ബി.ആര്‍. അംബേദ്കര്‍ മുതല്‍ ആനി മസ്‌ക്രിന്‍ വരെയുള്ള നേതാക്കള്‍ ഒപ്പുവക്കുമ്പോള്‍ ഈ സ്വപ്‌നം അവരുടെ മാത്രമല്ല ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌നവുമായി അതു മാറി. ഈ ദര്‍ശനത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ് മതേതരത്വം എന്ന സങ്കല്പം.

എന്തായാലും ഭരണഘടനാശില്പികള്‍ ഈ സമൂഹത്തെ കുറിച്ച്-ഇന്ത്യയെന്ന സ്വതന്ത്രരാജ്യത്തെകുറിച്ച് അവിടെ പുലരേണ്ട ധാര്‍മ്മിക മൂല്യങ്ങളായ നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ നമ്മുടെ സമൂഹത്തില്‍ എത്രമാത്രം വളര്‍ന്നിട്ടുണ്ട് എന്നത് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശകമായി പ്രതിഫലിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നീതി കൈവരിക്കുന്നതില്‍ നമ്മുടെ രാജ്യം എത്രമാത്രം മുന്നോട്ടുപോയിട്ടുണ്ട് എന്ന ചിന്ത കൂടി ഇതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്.  നീതി സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അധികാരവികേന്ദ്രീകരണത്തിന്റെ ചിന്തകളും പ്രതിഫലിക്കുന്നുണ്ട്. അധികാരം ഏതെങ്കിലും ചിലരില്‍ മാത്രം നിക്ഷേപിക്കപ്പെടുന്നതോ നിലനില്‍ക്കുന്നതോ ആകരുത്. മറിച്ച്, ഇന്ത്യയിലെ ദരിദ്രനാരായണന്മാര്‍ക്കു പോലും പങ്കുചേരാന്‍ കഴിയുന്നതായിരിക്കണം. ഇന്ത്യയെന്ന ഈ രാജ്യത്തെ കുറിച്ചുള്ള, നീതിസമൂഹത്തെ കുറിച്ചുള്ള ചിന്തകളില്‍ ഇത് കൃത്യമായും പ്രതിഫലിക്കേണ്ടതാണ്. അതുകൊണ്ടാണല്ലോ മഹാത്മജി സൂചിപ്പിച്ചത്, അധികാരികള്‍ ഏതു തീരുമാനമെടുത്താലും അതില്‍ രാജ്യത്തെ ദരിദ്രനാരായണന്മാരെ കുറിച്ചുള്ള പ്രതിഫലനം ഉണ്ടാകണമെന്നുള്ളത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് അധികാരത്തിന്റെ വികേന്ദ്രീകരണം എത്രമാത്രം ഉണ്ടായിട്ടുണ്ട് എന്നുള്ളത് ഈ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കാലയളവില്‍ വിചിന്തനം ചെയ്യുന്നതും ഉചിതമായിരിക്കും.
ഇന്ത്യയെ സംബന്ധിച്ച് ഇന്ന് വളരെ വ്യക്തമാക്കപ്പെടുന്ന ഒരു കാര്യം ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ദളിതരും സമൂഹത്തിന്റെ അരുകുകളിലേക്ക് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തപ്പെടുന്നു എന്നുള്ളതാണ്. അവരുടെ പ്രതിനിധികളെയും ശബ്ദങ്ങളെയും ഇല്ലാതാക്കുന്ന ഒരു കാലമായി ഇതുമാറുന്നു. അതുകൊണ്ടാണ് കെആര്‍എല്‍സിസി നേതൃത്വം പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായി പ്രതികരിച്ചത്. ആ പ്രതികരണത്തിന് അടിസ്ഥാനം ദുര്‍ബലനെ ആദ്യം ഇല്ലാതാകുക എന്ന കാട്ടുനീതിക്കെതിരെയുള്ള പ്രതികരണമാണ്. ഇന്ത്യന്‍ ഭരണഘടന ആംഗ്ലോഇന്ത്യന്‍ സമൂഹത്തിന് നല്കിയ ഒരു അവകാശം ലോകസഭയിലെ പ്രാതിനിധ്യം യാതൊരു പഠനവും അന്വേഷണവും  ഇല്ലാതെ റദ്ദാക്കി. മതിയായ പ്രാതിനിധ്യമില്ലാത്തവര്‍ക്ക് പ്രാതിനിധ്യം കൊടുക്കണമെന്നത് ഇന്ത്യയുടെ വലിയ തത്വദര്‍ശനമാണ്. പ്രാതിനിധ്യം ലഭിക്കാതെ പോകുന്ന സമൂഹങ്ങള്‍ക്ക് പ്രാതിനിത്യം കൊടുക്കുവാനുള്ള ചില സംവരണസംവിധാനങ്ങള്‍. അത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്നത്, ദുര്‍ബല വിഭാഗങ്ങള്‍ക്ക് നീതി നല്കരുത് എന്ന കാഴ്ചപ്പാടാണ് എന്നു വ്യാഖ്യാനിക്കേണ്ടി വരും.
കേരളത്തിലെ ജനസംഖ്യയുടെ 6 ശതമാനം വരുന്ന ലത്തീന്‍ ക്രൈസ്തവരുടെ പ്രവര്‍ത്തനം കേരള സമൂഹത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയത് വലിയ സംഭാവനകളാണ്. എന്നാല്‍ നമുക്ക് രാഷ്ട്രീയ നീതി നല്‍കാന്‍ അധികാരം കൈയാളുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചിട്ടില്ല. ഭരണഘടനയുടെ നാലം ഭാഗത്ത് ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുമ്പോള്‍ ഭരണഘടനയില്‍ തന്നെ പ്രത്യേക പരിഗണന നല്‍കപ്പെടേണ്ടിയിരിക്കുന്ന ചില പ്രത്യേക പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് ഭരണഘടന നിര്‍മാണ സഭയ്ക്ക് അഭിപ്രായമുണ്ടായിരുന്നു. യൂണിയനിലേയും സംസ്ഥാനങ്ങളിലേയും ഉദ്യോഗനിയമനങ്ങളും സേവന വ്യവസ്ഥകളും ഇതില്‍പ്പെടും. പട്ടികജാതി പട്ടികവര്‍ഗം ആംഗ്ലോ ഇന്ത്യന്‍ സമുദായം എന്നീ പ്രത്യേക ജനവിഭാഗങ്ങളെപ്പറ്റിയും ഔദ്യോഗികഭാഷാ അടിയന്തിരാവസ്ഥ തുടങ്ങിയവയെപ്പറ്റിയുള്ള പ്രത്യേക വകുപ്പുകളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഞാനിതു പറയുമ്പോള്‍ ഒരു പക്ഷേ പലരും നെറ്റി ചുളിക്കും. കാരണം അങ്ങനെയൊരു അടിച്ചമര്‍ത്തല്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഞാന്‍ ചില ഉദാഹരണങ്ങളിലേക്ക് മാത്രം കടക്കാം. ആലപ്പുഴ ജില്ലയില്‍ 73 പഞ്ചായത്തുകളുണ്ട്. ആ 73 പഞ്ചായത്തുകളും  തീരദേശത്തും മറ്റു പ്രദേശങ്ങളിലുമായി നിലകൊള്ളുന്ന പഞ്ചായത്തുകളാണ്. അതില്‍ ആലപ്പുഴ ജില്ലയിലെ ജനസംഖ്യയില്‍ ഒഴിവാക്കാനാവാത്ത ഒരു ഘടകം കൂടിയാണ് ലത്തീന്‍ ക്രൈസ്തവരുടെ സാന്നിധ്യം. പക്ഷെ 73 പഞ്ചായത്തുകളില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ലത്തീന്‍ ക്രൈസ്തവന് പ്രസിഡന്റാവാനുള്ള ഒരുവസരം മുന്നണികള്‍ നല്‍കിയത്. അതായത് അധികാരത്തിലുള്ള പങ്കാളിത്തം നല്‍കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും ഈ സമൂഹത്തെ മാറ്റി നിര്‍ത്തുന്നുണ്ട് എന്നു നാം മനസിലാക്കണം.

മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകളിലൊന്ന് തീരദേശ പഞ്ചായത്തുകളാണ്. മണ്ഡല്‍ കമ്മീഷന്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ രാജ്യത്ത് വിറളിപിടിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അങ്ങനെ വരുമ്പോള്‍ എങ്ങനെയാണ് തീരദേശ പഞ്ചായത്തുകളുണ്ടാകുന്നത്? അത് പാര്‍ശ്വവത്കരിക്കപ്പെട്ട ആളുകള്‍ക്ക് അധികാരം കൈമാറലാണ്. തീരദേശജനതയ്ക്ക്, മത്സ്യത്തൊഴിലാളി സമൂഹത്തിന് അവര്‍ക്ക് അവരുടെ കാര്യങ്ങളില്‍ അവരുടെ ജീവിതത്തിന്റെ, തൊഴിലിന്റെ അതിജീവനത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയുവാനും അത് വിവിധ പദ്ധതികളായി രൂപപ്പെടുത്തുവാനുമുള്ള അവകാശമാണ് നല്‍കുന്നത്. ആ അവകാശം നിഷേധിക്കലാണ് ഇന്ന് കേരളത്തിലുണ്ടായിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികവിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കണം
പ്രാദേശിക വിഷയങ്ങള്‍ അത് വികസനമായാലും പരമ്പരാഗത സമൂഹങ്ങളുടെ നിലനില്‍പ്പായാലും അതുതന്നെയാവണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കേണ്ടതെന്ന് കെആര്‍എല്‍സിസി വിലയിരുത്തുന്നു. പ്രാദേശിക വിഷയങ്ങള്‍ വികസനകാര്യങ്ങള്‍ പ്രത്യേകിച്ച് ദലിത് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള നീതിനിഷേധം ഇത്തരം വിഷയങ്ങളില്‍ ജാഗ്രതയോടെയുള്ള ജനങ്ങളുടെ ഒരു ഇടപടലാകണം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. പ്രാദേശിക വിഷയങ്ങളില്‍ നമ്മെ ആകുലപ്പെടുത്തുന്ന ചില കാര്യങ്ങള്‍ക്കൂടി ഓര്‍മപ്പെടുത്തട്ടെ. അത് പെട്ടിമുടിയും ചെല്ലാനവും വിഴിഞ്ഞവുമൊക്കെയാണ്. പെട്ടിമുടിയിലെ ദുരന്തത്തിന്റെ മുറിവുകള്‍ ഇന്നും തോട്ടംതൊഴിലാളികളുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ലയങ്ങളില്‍ താമസിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് പെട്ടിമുടി ദുരന്തം നമുക്ക് കൈമാറിയത്. ഓര്‍ക്കണം, അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതകള്‍ ഇത്തരം കേന്ദ്രങ്ങളിലാണ് പ്രചരിപ്പിക്കപ്പെടേണ്ടത്. അല്ലെങ്കില്‍ നടപ്പിലാക്കപ്പെടേണ്ടത്. ഒരു പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് റോഡ്, താമസ സൗകര്യങ്ങള്‍ അല്ലെങ്കില്‍ വീട്,കുടിവെള്ളം എന്നിവ കൊടുക്കാനുള്ള ബാധ്യത ആ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ട് എന്നുള്ള ഒരു നീതിബോധം നമുക്കുണ്ടായേ മതിയാവൂ. അതാണ് പെട്ടിമുടി ചൂണ്ടിക്കാണിക്കുന്നതെങ്കില്‍ ചെല്ലാനവും വിഴിഞ്ഞവും വന്‍വികസന പദ്ധതികളുടെ പേരില്‍ ജനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന ദുരിതങ്ങളിലേക്കാണ് കൈചൂണ്ടുന്നത്.
ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ഈ ചെറിയ പഞ്ചായത്തുകള്‍ക്കാകുമോ എന്നൊരു ഒരു മറുചോദ്യം ഉണ്ടായേക്കാം. പക്ഷേ അത് പ്രസക്തമല്ല. ഒരു പഞ്ചായത്തില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും തൊഴിലിനും സുരക്ഷിതത്വം നല്‍കാന്‍ പഞ്ചായത്തിനു സാധിക്കണം. അത്തരം വിഷയങ്ങള്‍ പൊതുസമൂഹത്തിലുയര്‍ത്താനും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍പില്‍ ഉയര്‍ത്താനുമൊക്കെ പഞ്ചായത്തുകള്‍ക്ക് അധികാരവും ശക്തമായ ഭാഷയും ഉണ്ടായേ തീരു. അങ്ങനെ ഉണ്ടായില്ലെങ്കില്‍ ഒരിക്കലും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഓരോ വര്‍ഷവും തൊഴിലും ജീവിതവും  പഠന സൗകര്യങ്ങളും നഷ്ടപ്പെടുന്ന ജനങ്ങളുടെ അംഗസംഖ്യ ഈ പഞ്ചായത്തുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് ഉചിതമായിരിക്കും.

കേരളത്തിന്റെ തീരപ്രദേശത്ത് ഇത്രമാത്രം ദുരിതം അനുഭവിക്കുന്ന ജനങ്ങളുണ്ട് എന്ന് ബോധ്യപ്പെടുത്താനാണ് അത് ഉപകരിക്കും. ആ ബോധ്യപ്പെടുത്തല്‍ ക്രിയാത്മകമായ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ധാരണ നമ്മില്‍ പരത്തേണ്ടതുണ്ട്. ഈ വേദന അനുഭവിക്കുന്ന ജനങ്ങളുടെ പ്രതിനിധികള്‍ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചാല്‍ അത്തരം പ്രദേശങ്ങളില്‍ ശാശ്വതമായ സമാധാനവും ശാന്തിയും കൈവരിക്കാനാവും. അല്ലെങ്കില്‍ അതു തന്നെയാവണം അത്തരം പ്രതിനിധികളുടെ ഉത്തരവാദിത്വവും.

ഇത്തരുണത്തില്‍ കെആര്‍എല്‍സിസിയുടെ നേതൃത്വത്തില്‍ ചിറ്റൂര്‍ മണ്ഡലത്തിലെ കൊഴിഞ്ഞമ്പാറ ഫാര്‍ക്കെയില്‍ നടന്ന രാഷ്ട്രീയ ഇടപെടലുകളും പഞ്ചായത്ത് ഭരണവും ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്. സുല്‍ത്താന്‍പേട്ട് രൂപതയുടെ നേതൃത്വത്തില്‍ ആര്‍ബിസി രൂപീകരിച്ച് കുടിവെള്ളത്തിനായി 40 വര്‍ഷങ്ങളായി പോരടിച്ചുകൊണ്ടിരുന്ന, സമരം ചെയ്തുകൊണ്ടിരുന്ന ഒരു ജനതയുടെ വിജയഗാഥയാണ് കൊഴിഞ്ഞമ്പാറയ്ക്ക് പറയാനുള്ളത്. ഒരു പഞ്ചായത്തിന്റെ അധികാരം വിനിയോഗം കൊണ്ട് ചില വന്‍ നേട്ടങ്ങള്‍ സാധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് ഒരു സന്തോഷകരമായ അനുഭവം തന്നെയാണ്. ഇടതുഭാഗത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ ഓഹരി വലതുഭാഗത്തേയ്ക്കും കിട്ടണം എന്നു പറയാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞിട്ടും ചില രാഷ്ട്രീയ ശക്തികള്‍ ഭരണാധികാരികള്‍ കേള്‍ക്കാത്തതിന്റെ പ്രതികരണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചപ്പോഴാണ് സുല്‍ത്താന്‍പേട്ട് രൂപതയിലെ കൊഴിഞ്ഞമ്പാറ ഫര്‍ക്കെയിലെ ജനങ്ങളുടെ ശബ്ദം അധികാരികള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങള്‍ മാത്രം ഒന്നു ഓര്‍മപ്പെടുത്തിക്കൊള്ളട്ടെ. 2015 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നോട്ടയ്ക്ക് വോട്ടുകിട്ടിയത് ഈ ചിറ്റൂര്‍ മണ്ഡലത്തിലാണ്. ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകള്‍. ആ വോട്ടുകളുടെ ശക്തികണ്ടിട്ടുപോലും അധികാരികള്‍ അവരെ കാര്യമായി ഗൗനിച്ചില്ല. തുടര്‍ന്നുവന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വടകരപ്പതി പഞ്ചായത്തിന്റെ ഭരണം പിടിച്ചടക്കുകയും തൊട്ടടുത്തുള്ള പഞ്ചായത്തുകളില്‍ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള സംഘടിതശക്തി പ്രദര്‍ശിപ്പിക്കാനും സുല്‍ത്താന്‍പേട്ട് ചിറ്റൂരിലെ ജനങ്ങള്‍ക്ക് കഴിഞ്ഞു. അതിന് നേതൃത്വം കൊടുത്ത ബിഷപ് ഡോ.പീറ്റര്‍ അബീര്‍, ഫാ. ആല്‍ബര്‍ട്ട് ആനന്ദ് രാജ് എന്നിവരെ മറക്കാനാവില്ല.

വടകരപ്പതി പഞ്ചായത്തിന്റെ പ്രവര്‍ത്തനം അതിനു പിന്നീട് ശക്തിയാകുന്നത് തൊട്ടടുത്തു നടന്ന നിയമസഭാ തിരഞ്ഞെടുപ്പോടു കൂടിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കെ.കൃഷ്ണന്‍കുട്ടിയെ പ്രശ്നാധിഷ്ടിതമായി പിന്തുണച്ചത് ആര്‍ബിസിയാണ്. അങ്ങനെ ഉണ്ടായ നേട്ടം കൊണ്ട് ആ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ വലതുഭാഗം കനാലിന്റെ പണികള്‍ പകുതി പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ഇപ്പോള്‍ കഴിഞ്ഞു. മാത്രമല്ല ആസൂത്രണത്തില്‍ വടകരപ്പതി പഞ്ചായത്തും കൊഴിഞ്ഞമ്പാറ ഫിര്‍ക്കെയിലെ മറ്റു പഞ്ചായത്തുകളും വലിയ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. കുടിവെള്ളത്തിനുവേണ്ടി ടാങ്കര്‍ ലോറി കാത്തിരുന്ന ആ പ്രദേശത്തേക്ക് ഓരോ വീട്ടിലും ഹൗസ് കണക്ഷന്‍ കൊടുക്കുന്ന പദ്ധതിയാണ് ആര്‍ബിസി സമരസമിതിക്ക് അവരുടെ പഞ്ചായത്തു ഭരണം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞത്.
ഒരു വനിതാ പ്രസിഡന്റിന്റെ കീഴിലാണ് ഇത് സാധിച്ചത്. തെരേസയുടെ നേതൃത്വത്തില്‍. ഇതാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഒരു വലിയ മാതൃകയായി നമുക്ക് ഉയര്‍ത്തികാണിക്കാന്‍ കഴിയുന്നത്. അടിസ്ഥാന അവകാശമായ കുടിവെള്ളത്തിനു വേണ്ടിപോലും സമരം ചെയ്യേണ്ടിവന്ന ജനങ്ങള്‍ക്ക് എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള ഹൗസ്‌കണക്ഷന്‍ കൊടുക്കാന്‍ കഴിയുന്ന, അതിനെക്കുറിച്ച് വിഭാവനം ചെയ്യുന്ന പഞ്ചായത്ത് അധികാരികളെ രൂപപ്പെടുത്താന്‍  കഴിഞ്ഞു. അത് സാധ്യമായി എന്നു പറഞ്ഞാല്‍ ഗാന്ധിയന്‍ ദര്‍ശനത്തിലുള്ള അല്ലെങ്കില്‍ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വലിയ ദര്‍ശനത്തിന് ശക്തി പകരല്‍ തന്നെയാണ്. അതുകൊണ്ട് പഞ്ചായത്തിരാജ് നടപ്പിലാക്കുമ്പോള്‍ അല്ലെങ്കില്‍ നഗരപാലിക ബില്ല് നടപ്പിലാക്കുമ്പോള്‍ നമ്മുടെ രാജ്യത്ത് പ്രാദേശിക വിഷയങ്ങളിലൂന്നിയ ചിന്തകളും അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമാണ് ഉണ്ടാകേണ്ടത്. അത് ജനങ്ങളെ ദുരിതത്തില്‍ നിന്നും കഷ്ടതകളില്‍ നിന്നും മോചിപ്പിക്കുന്നതുമായിരിക്കണം.


Related Articles

വനനശീകരണം നരവംശഹത്യയെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വനനശീകരണം എന്നാല്‍ നരവംശഹത്യയാണെന്ന് ആമസോണ്‍ മേഖലയുടെ സംരക്ഷണം സംബന്ധിച്ച് ഒക്‌ടോബര്‍ ആറു മുതല്‍ 27 വരെ വിളിച്ചുകൂട്ടുന്ന മെത്രാന്മാരുടെ അസാധാരണ സിനഡിന്റെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ

ഈ വാരത്തിലെ മതബോധന ക്ളാസുകൾ

Lesson 2 Module 2 ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ

ജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍

      ഷാജി ജോര്‍ജ് പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*