Breaking News

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രമേയം

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രമേയം

സിനിമാ സംവിധായകനും എഴുത്തുകാരനുമായ അനുരാഗ് കശ്യപ് യൂറോപ്പിലിരുന്നുകൊണ്ട്, ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി നിരന്തരമായ വര്‍ത്തമാനത്തിലേര്‍പ്പെടുകയാണ്. ഒരാഴ്ചമുന്‍പ് എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ വിയോജിപ്പുകള്‍ കൃത്യമായി തുറന്നു പറയുമ്പോഴും എനിക്ക് ഭയമുണ്ട്.’ ‘ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ് താങ്കള്‍ ഭയപ്പെടുന്നത്’ എന്നിങ്ങനെ ചോദ്യങ്ങള്‍ തുടരുമ്പോള്‍, അനുരാഗ് പറയുന്നു: ‘ഏതെങ്കിലും രാഷ്ട്രീയ നേതാവോ, ഭരണകൂടമോ സ്ഥാപനമോ എന്നെ വന്ന് ആക്രമിക്കുമെന്നോ, എന്നെ അറസ്റ്റ് ചെയ്യുമെന്നോ എന്നൊന്നുമല്ല ഞാന്‍ ഭയപ്പെടുന്നത്. എനിക്കെതിരായ സൈബര്‍ ആക്രമണത്തെയും മുഖംമൂടി ധരിച്ചെത്തുന്ന പേരില്ലാത്ത നൂറായിരം നവീന മാധ്യമപ്പോരാളികളെയുമാണ് ഞാന്‍ ഭയപ്പെടുന്നത്. അവര്‍ ആരാണെന്ന് എനിക്കറിയില്ല. അവര്‍ അഴിച്ചുവിടുന്ന നുണപ്രചരണങ്ങളെ, അവര്‍ നടത്തുന്ന സ്വഭാവഹത്യയെ, അവര്‍ നടത്തുന്ന തെരുവുയുദ്ധങ്ങളെ ഞാന്‍ ഭയപ്പെടുന്നു. നിരന്തരം കൂവിയാര്‍ത്തുകൊണ്ട് അവരെയൊക്കെ ഇല്ലാതാക്കാനും അവര്‍ക്കെതിരെ ചെറുവിരല്‍പോലും അനക്കാനാവാതെ ഞാന്‍ അസ്തപ്രജ്ഞനായി നില്ക്കുന്നു. നിയമവും അവരുടെ അക്രമത്തിനു മുന്നില്‍ സ്തംഭിച്ചുനില്ക്കുന്നു. ജെഎന്‍യുവില്‍ സമരത്തിലായിരിക്കുന്ന, മുഖംമൂടി ആക്രമണത്തിനിരയായ വിദ്യാര്‍ഥിനീ-വിദ്യാര്‍ഥി സമൂഹത്തിന് പിന്തുണ അറിയിച്ചെത്തിയ ദീപിക പദുക്കോണ്‍ നേരിട്ടുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍, ഭരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ അവര്‍ക്കെതിരായ ധാര്‍ഷ്ട്യംനിറഞ്ഞ വര്‍ത്തമാനങ്ങള്‍, അവര്‍ അഭിനയിച്ച പുതിയ സിനിമ നേരിടുന്ന വെല്ലുവിളികള്‍ ഒക്കെ കാണുക. അവര്‍ തന്റെ കലാജീവിതത്തെ, വ്യക്തിജീവിതത്തെ സാഹസികമായി അപകടപ്പെടുത്തിക്കൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ഭയപ്പെടുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ജനാധിപത്യത്തില്‍ സിവില്‍ സമൂഹം ഗവണ്‍മെന്റിനോട് സംഭാഷണത്തലേര്‍പ്പെടേണ്ടതുണ്ട് – ഒന്നുകില്‍ അനുകൂലിച്ച്, അല്ലെങ്കില്‍ പ്രതികൂലിച്ച് സിവില്‍ സമൂഹം ഭരിക്കുന്നവരോട് ഡയലോഗില്‍ ഏര്‍പ്പെടുകയാണ്. പക്ഷേ, ഇപ്പോള്‍ എനിക്കറിയില്ല. ആരോടാണ് ഞാന്‍ വര്‍ത്തമാനം നടത്തേണ്ടത്. വര്‍ത്തമാനത്തിലേര്‍പ്പെടാന്‍ അവിടെ ആരുമില്ല.’ ‘ദ ഹിന്ദു’ ദിനപത്രത്തിന് അനുരാഗ്കശ്യപ് അനുവദിച്ച അഭിമുഖ വര്‍ത്തമാനത്തിന്റെ തലക്കെട്ട് ഈ വാക്യമാണ്-‘ഡയലോഗില്‍ ഏര്‍പ്പെടാന്‍ ഇവിടെ ആരുമില്ല’!
അവരെല്ലാവരും എവിടെപ്പോയി? തെരുവില്‍, വീടുകളില്‍, തങ്ങളുടെ ഭാഗം പറഞ്ഞുകൊണ്ട് അലയുകയാവാം. ജനാധിപത്യത്തെ നിലനിര്‍ത്താന്‍, പക്ഷേ ഡയലോഗുകള്‍ ആവശ്യമുണ്ട്. നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്കാ സമുദായ സംഗമത്തിന്റെ ജനറല്‍ബോഡി മീറ്റിംഗില്‍ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാര്‍ ഒന്നടങ്കം രാജ്യത്ത് നിലനില്ക്കുന്ന ജനാധിപത്യസംബന്ധിയായ ആശങ്കകളെപ്പറ്റി ഉറക്കെ പറയുകയുണ്ടായി. നിലവില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട്, പൗരത്വഭേദഗതി നിയമം കേന്ദ്ര ഗവണ്‍മെന്റ് പിന്‍വലിക്കണമെന്ന രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കാനും സമുദായ സംഗമം ആര്‍ജവം കാണിച്ചു. റിപ്പബ്ലിക് ദിനത്തില്‍, കുടുംബസദസുകളില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് ജനാധിപത്യപരമായ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മെത്രാന്‍സമിതി ലത്തീന്‍ കത്തോലിക്കാ സമുദായാംഗങ്ങളോട് ആഹ്വാനം
ചെയ്തിരിക്കുന്നു. ഇത് ധീരമായ നിലപാടും ജനാധിപത്യപരമായ ഇടപെടലുകളുമാണ്. രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഇന്ത്യയിലെ പൗരസമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ഈ സമുദായം രാജ്യത്തെയും തങ്ങളെത്തന്നെയും ഓര്‍മപ്പെടുത്തുകയാണ്.
വിവിധങ്ങളായ മതാനുഭവങ്ങളില്‍ ജീവിക്കുന്ന പൗരസമൂഹമുള്ള ഈ മതേതര രാജ്യത്ത്, പൗരത്വഭേദഗതി നിയമംപോലൊന്ന് പാസാക്കുമ്പോള്‍, അത് രാജ്യത്തെ ഒരു വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന യാഥാര്‍ഥ്യം ഭരണഘടന വിഭാവനം ചെയ്യുന്ന രാജ്യത്തെക്കുറിച്ചുള്ള ദര്‍ശനത്തിന് വിരുദ്ധമാണ്. ഭരണകര്‍ത്താക്കള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതുപോലെ, ഈ രാഷ്ട്രത്തിലെ ആരുടെയെങ്കിലും പൗരത്വം ഗവണ്‍മെന്റ് എടുത്തുകളയുമെന്ന ആശങ്കയൊന്നും ഇവിടെ ആര്‍ക്കുമില്ല. മറിച്ച്, പൗരത്വത്തെ നിര്‍ണയിക്കുന്ന യുക്തി മതാടിസ്ഥാനത്തിലാകുന്നുവെന്നതാണ് ഇതിലെ അപകടം.
ഗവണ്‍മെന്റ് അവകാശപ്പെടുന്നതുപോലെ, ഇത് അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള നിയമനിര്‍മാണമല്ല, പ്രത്യേക വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള നിയമനിര്‍മാണമാണ്. നിലവിലെ ഭരണകൂടത്തെ നിയന്ത്രിക്കുന്ന ആശയസംഹിതകള്‍ എന്നും ഈ രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്രമായി ഉയര്‍ത്തിക്കാണിക്കാനും അങ്ങനെ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനും താല്പര്യപ്പെട്ടിരുന്നുവെന്നകാര്യം സംഗതികള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഭരണത്തിലായാലും പുറത്തായാലും തങ്ങളുടെ ആശയസംഹിതകള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നുവെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു സംഘടനയുടെ പിന്‍ബലമുള്ള ഭരണകൂടം കഴിഞ്ഞ കുറേനാളുകളായി നടപ്പിലാക്കുന്ന കാര്യങ്ങളും പറയുന്ന കാര്യങ്ങളും രാജ്യത്തിന്റെ ഭരണഘടനാബോധ്യങ്ങള്‍ക്ക് മങ്ങലേല്പിക്കുന്നവയാണ്. വ്യത്യസ്ത മതാനുഭവങ്ങളില്‍ ജീവിക്കുന്നവരും ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുമായ സമുദായങ്ങളും സംഘടനകളും ഭരണഘടനയെപ്പറ്റി, അത് വിഭാവനം ചെയ്യുന്ന മതേതര സങ്കല്പങ്ങളെപ്പറ്റി ഉറക്കെപ്പറയാന്‍ നേരമായിട്ടുണ്ട്. തരാതരമനുസരിച്ച് ഭരണത്തിലുള്ളവരെ പ്രീണിപ്പിച്ച് കാര്യങ്ങള്‍ നേടിക്കൊണ്ടിരിക്കുന്നവര്‍ അറിയണം, നിലപാടുകള്‍ വ്യക്തമാക്കുന്നത് ഗൗരവതരമായ പൗരധര്‍മമാണെന്ന്. ലത്തീന്‍ സമുദായത്തിന്റെ രാഷ്ട്രീയപ്രമേയം പുറത്തുവന്ന ദിവസം ചരിത്രത്തിലെ ഒരു ഓര്‍പ്പെടുത്തല്‍ ദിവസത്തോട് ചേര്‍ന്നുവന്നുവെന്നത് യാദൃഛികമാണ്. പക്ഷേ, അതിന്റെ സാംഗത്യം പ്രസക്തമായിരിക്കുന്നു. അത് ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് അടച്ചുപൂട്ടിയതിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ദിനമായിരുന്നു. ഓര്‍മകളും ചരിത്രങ്ങളും പ്രധാനപ്പെട്ടതു തന്നെ.


Related Articles

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ

പുനര്‍ഗേഹത്തിന്റെ ഐശ്വര്യത്തിന്

സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിലൂടെ 2,14,262 വീടുകള്‍ പൂര്‍ത്തീകരിച്ച് കൈമാറുന്നതിന്റെ ആഘോഷപ്രഖ്യാപനം മാന്ദ്യകാലത്തും കേരളത്തിലെ ഇടതുമുന്നണി ഗവണ്‍മെന്റ് സാമൂഹിക വികസനരംഗത്ത് നടത്തുന്ന അഭൂതപൂര്‍വമായ ഇടപെടലിന്റെ

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*