Breaking News

ജപമാലയുടെ ചരിത്രത്തിലേക്ക്

ജപമാലയുടെ ചരിത്രത്തിലേക്ക്

ജപമാലയുടെ ചരിത്രത്തിന് ഏകദേശം 1200 വര്‍ഷങ്ങളോളം പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ബെനഡിക്ടന്‍, ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ ചൊല്ലുന്ന പതിവുണ്ടായിരുന്നു. അവരുടെ കൂടെ സാധാരണയായി സമീപപ്രദേശങ്ങളിലെ ആളുകളും പ്രാര്‍ഥിക്കാനായിട്ട് വന്നിരുന്നു. വായിക്കുവാന്‍ കഴിയാതിരുന്ന വിശ്വാസികള്‍ സങ്കീര്‍ത്തനത്തിന് പകരമായി പ്രാര്‍ഥന സമയത്ത് 150 സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ഥനയായിരുന്നു ചൊല്ലിയിരുന്നത്.
1214ല്‍ ഡൊമിനിക്ക് വഴിയായി തിരുസഭയ്ക്ക് ജപമാല നല്കപ്പെട്ടു. വിശുദ്ധ ഡൊമിനിക്കിനുശേഷം വാഴ്ത്തപ്പെട്ട അലന്‍ ദേ ല റോച്ചേ ജപമാല ഭക്തി പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്‍കിയ ദര്‍ശനത്തെ തുടര്‍ന്നായിരിക്കണം സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനക്ക് പകരം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥന ചൊല്ലാന്‍ തുടങ്ങിയത് എന്നാണ് ഹംഗേറിയന്‍ ബിഷപ് ആറ്റില മിക്കലോഷസി അഭിപ്രായപ്പെടുന്നത്(ഠവല ഛൃശഴശി ീള ൃീമെൃ്യ, ആശവെീു ാശസഹീവെമ്വ്യ) അന്നുമുതല്‍ ജപമാലയുടെ ചരിത്രവും വളര്‍ച്ചയും ഡൊമിനിക്കന്‍ സഭയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അക്കാലങ്ങളില്‍ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയില്‍ ബൈബിളിന്റെ ആദ്യഭാഗം മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. 1261ല്‍ ഉര്‍ബെന്‍ അഞ്ചാമന്‍ പാപ്പാ കര്‍ത്തുസിയ സഭയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയോടൊപ്പം ധ്യാനിക്കുവാനായി കര്‍ത്താവിന്റെ ജീവിതത്തില്‍ നിന്ന് ഒരു രഹസ്യം (ങ്യേെലൃ്യ) ചേര്‍ത്തു. കര്‍ത്തുസിയന്‍ സഭയിലെ അഡോള്‍ഫ് ഓഫ് എസ്സന്‍ എന്ന സന്യാസിക്കാണ് ജപമാലയെ രഹസ്യങ്ങളായി തിരിക്കുന്ന ആശയം ഉണ്ടായത്. അതേ സഭയിലെ ഡൊമിനിക് ഓഫ് പ്രഷ്യ (1382-1461) ജപമാലയെ രഹസ്യങ്ങളാക്കി തിരിച്ച് ധ്യാനിക്കുന്നതിലും പ്രാര്‍ഥിക്കുന്നതിലും പങ്കുവഹിച്ചു.
1468-70കളില്‍ ഡൊമിനിക്കന്‍ സഭാംഗമായ അലന്‍ ഓഫ് റുസ്‌പേ ആയിരുന്നിരിക്കണം നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയ്ക്ക് മുന്‍പ് ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ഥന ചൊല്ലാന്‍ തുടങ്ങിയതും വിവിധ രഹസ്യങ്ങളാക്കി തിരിച്ചതും.
നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയുടെ രണ്ടാംഭാഗം (പരിശുദ്ധ മറിയമേ) കൂട്ടിച്ചേര്‍ത്തത് ഡൊമിനിക്കന്‍ സഭാംഗമായ വിശുദ്ധ പീയൂസ് അഞ്ചാമന്‍ പാപ്പായുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. 1568ല്‍ അദ്ദേഹം തന്നെ ജപമാലയെ ഔദ്യോഗികമായി അംഗീകരിക്കുകയും മരിയഭക്തിയുടെ ഭാഗമായി പ്രചരിപ്പിക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ വരുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് സന്തോഷകരമായ രഹസ്യങ്ങളിലെ ആദ്യരഹസ്യം മംഗളവാര്‍ത്തയായി രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ സംഭവങ്ങള്‍ ധ്യാനവിഷയമാക്കുന്നതിനാലാണ് സന്തോഷകരമായ രഹസ്യങ്ങളായി വിളിക്കപ്പെടാനുള്ള രണ്ടാമത്തെ കാരണം.
സ്വര്‍ഗത്തെ ഭൂമിയുമായി ഒന്നിപ്പിക്കാനായി പരിശുദ്ധ അമ്മയെ തെരഞ്ഞെടുക്കുന്നതോടെ സന്തോഷകരമായ രഹസ്യങ്ങള്‍ തുടങ്ങുന്നു. രക്ഷാകര പദ്ധതിയില്‍ സഹകരിക്കാന്‍ വാക്കുകൊടുക്കുന്ന പരിശുദ്ധ അമ്മ ദൈവം നല്‍കിയ കൃപ തന്റെ ബന്ധുവായ എലിസബത്തുമായി പങ്കുവയ്ക്കുന്നു. കാലിത്തൊഴുത്തിലായിരുന്നു ആദ്യത്തെ ക്രിസ്തുമസ് ആഘോഷം.
ദൈവം നല്‍കിയ മകനെ ദൈവത്തിനു തന്നെ സമര്‍പ്പിക്കുന്നതിലൂടെ സമര്‍പ്പണത്തിന്റെ മറ്റൊരു മുഖം പരിശുദ്ധ അമ്മ നമുക്ക് കാട്ടിതരുന്നു. എന്തുകൊണ്ടാണ് തന്റെ മകന്‍ തന്നെ വിട്ടുപോയതെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ നില്‍ക്കുന്ന പരിശുദ്ധ അമ്മയുടെ ചിത്രത്തോടെ സന്തോഷകരമായ രഹസ്യങ്ങള്‍ അവസാനിക്കുന്നു.
ബെത്‌ലഹേം മുതല്‍ കാല്‍വരി വരെ തന്റെ പുത്രന്റെ നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍, ക്രിസ്തുവിന്റെ സഹയാത്രികയായി തീര്‍ന്ന പരിശുദ്ധ അമ്മയുടെ കരങ്ങള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് നാം നടത്തുന്ന യേശുവിന്റെ പീഢാസഹന-മരണ രഹസ്യങ്ങളുടെ അനുസ്മരണവും ധ്യാനവുമാണ് ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങള്‍. ഗത്സമനിയില്‍ ആരംഭിച്ച് കാല്‍വരിയിലെ കുരിശുമരണത്തില്‍ അവസാനിക്കുന്ന അതിതീവ്രമായ പീഢാനുഭവ യാത്രയുടെ അനുസ്മരണം. മനുഷ്യകുലത്തിന്റെ പാപം നീക്കുവാന്‍ വന്നവന്‍, മനുഷ്യരാല്‍ തന്നെ നിന്ദിക്കപ്പെടുന്നതും മുള്‍കിരീടം അണിയിക്കുന്നതും. പീഡിപ്പിക്കപ്പെടുന്നതും ഇവിടെ ധ്യാനവിഷയമാവുന്നു. മനുഷ്യന്റെ പാപഭാരം ചുമലിലേറ്റി പാപിയെപ്പോലെ മരണത്തെ ശാന്തതയോടെ പുല്‍കുന്ന ക്രിസ്തു അവന്റെ തിരുരക്തത്തില്‍ പാപംമൂലം അധഃപതിച്ച ലോകത്തെ വീണ്ടും ദൈവവുമായി രമ്യപ്പെടുത്തുന്നത് നാം ഇവിടെ ദര്‍ശിക്കുന്നു. കാല്‍വരിയിലേയ്ക്കുള്ള യാത്രയില്‍ കണ്ണുനീരിന്റെ നടുവിലും കാല്‍ച്ചുവടുതെറ്റാതെ, യേശുവിനൊപ്പം യാത്രയാരംഭിക്കുന്ന പരിശുദ്ധ അമ്മ. ശിഷ്യഗണങ്ങളും കൂടെയുള്ളവരും പിന്തിരിഞ്ഞപ്പോഴും കുരിശിന്‍ ചുവട്ടില്‍ യേശുവിന് കൂട്ടിരിക്കുന്നു.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ക്രിസ്തു രഹസ്യങ്ങളാണ് മഹത്വകരമായ ദിവ്യരഹസ്യങ്ങളില്‍ ധ്യാനിക്കുന്നത്. ക്രിസ്തുവിന്റെ ഉത്ഥാനവും സ്വര്‍ഗരോപണവും പെന്തകുസ്താ ഓര്‍മയും മനുഷ്യ-ദൈവ ബന്ധത്തിന്റെ നവീകരണത്തെയും പ്രത്യേകമായി പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണവും കിരീടധാരണവും മനുഷ്യകുലത്തിന്റെ ദൈവസാദൃശ്യത്തിന്റെ വീണ്ടെടുപ്പും ശരീരത്തിന്റെ ഉയിര്‍പ്പെന്ന വിശ്വാസ സത്യപ്രഖ്യാപനത്തെയും ധ്യാനവിഷയമാക്കിക്കൊണ്ട് ഈ ക്രിസ്തുരഹസ്യങ്ങള്‍ അവസാനിക്കുന്നു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2002 ഒക്‌ടോബര്‍ 16ന് പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കൂടി ജപമാലയില്‍ ഉള്‍പ്പെടുത്തി.
ലോകത്തിന്റെ പ്രകാശമായി വന്ന ക്രിസ്തുവിന്റെ പരസ്യജീവിതത്തെ ധ്യാനിക്കാനുള്ള ക്ഷണമാണ് പ്രകാശത്തിന്റെ രഹസ്യങ്ങള്‍. നിയമത്തിന്റെ പൂര്‍ത്തീകരണത്തിനായി അവിടുന്ന് സ്‌നാപകന്റെ മുമ്പില്‍ തലകുനിക്കുമ്പോള്‍ സ്വര്‍ഗം തുറന്ന് പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് പിതാവ് തന്റെ പുത്രനെ സാക്ഷ്യപ്പെടുത്തുന്ന അത്ഭുത നിമിഷങ്ങളായി മാറി. ഇത് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ തിരുസഭയില്‍ നാം കൈക്കൊണ്ട മാമ്മോദീസ എന്ന കൂദാശയുടെ കടമകളെക്കുറിച്ച് ധ്യാനിക്കാനുള്ള അവസരമാണ്. രണ്ടാമത്തെ രഹസ്യത്തില്‍ ധ്യാനിക്കുന്ന കാനായിലെ വെള്ളം വീഞ്ഞാക്കിപ്പകര്‍ന്ന അത്ഭുതം. കുരിശില്‍ കിടന്നുകൊണ്ട് അവിടുന്ന് നമുക്കു നല്‍കിയ അമ്മയെയും അമ്മയുടെ മാദ്ധ്യസ്ഥശക്തിയെയും മറക്കരുതേ എന്ന് നമ്മെ ഓര്‍മപ്പെടുത്തുന്നു. മൂന്നാമതായി അവിടുന്ന് ദൈവരാജ്യത്തിന്റെ ആഗമനം പ്രഖ്യാപിക്കുകയും മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍ വിശ്വസിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അനുദിന ജീവിതത്തിലെ പാപസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് അനുതപിച്ച് കുമ്പസാരമെന്ന കൂദാശവഴി ദൈവരാജ്യത്തിന് അര്‍ഹരായിത്തീരുവാനുള്ള ക്ഷണമാണിവിടെ. പിന്നീട് അവിടുത്തോടൊപ്പം താബോര്‍ മലമുകളിലേക്കുള്ള യാത്രയാണ്. അവിടുത്തെ ദൈവിക മഹത്വത്തെ ശിഷ്യന്മാര്‍ക്കൊപ്പം ദര്‍ശിക്കുമ്പോള്‍ നാം ഓരോരുത്തരും ആ ദൈവാനുഭവത്തില്‍ പങ്കുകാരാവുന്നു. ദൈവം മനുഷ്യകുലത്തിന് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് പരിശുദ്ധ കുര്‍ബാന. പ്രകാശത്തിന്റെ രഹസ്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് വലിയ കൃതജ്ഞത നിറഞ്ഞ മനസോടെയാകണം. കാരണം അവിടുന്ന് തന്നെത്തന്നെ നമുക്ക് നല്‍കിയതിനേക്കാള്‍ വലിയ അനുഗ്രഹങ്ങളൊന്നും നമുക്കിനി സ്വീകരിക്കുവാനില്ല.
ജപമാലയാണ് ഏറ്റവും നല്ല ആയുധമെന്ന് പറഞ്ഞ വിശുദ്ധ പാദ്രേ പിയോയും ജപമാലയാണ് പ്രാര്‍ഥിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് പഠിപ്പിച്ച വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസും നമുക്ക് പ്രചോദനങ്ങളാണ്. അതുകൊണ്ടാണ് ലിയോ പതിമൂന്നാമന്‍ പാപ്പാ നമ്മളെ പഠിപ്പിക്കുന്നത്: ‘ജപമാലയാണ് ശ്രേഷ്ഠമായ പ്രാര്‍ഥനാരീതി, നിത്യജീവന്‍ നേടാനുള്ള ഫലവത്തായ മാര്‍ഗവും എല്ലാ തിന്മകള്‍ക്കുള്ള പരിഹാരവും എല്ലാ അനുഗ്രഹങ്ങളുടെയും ആധാരവും ജപമാലയാണ്. മനസിലാക്കാന്‍ സാധിക്കാത്ത ജീവിത രഹസ്യങ്ങളുടെ മുമ്പില്‍ നിസാഹായരായി നാം നില്‍ക്കുമ്പോള്‍ ഓര്‍ക്കുക, പരിശുദ്ധ അമ്മ നമുക്ക് കൂട്ടുണ്ട്.’
ജപമാലയിലെ സന്തോഷ-ദുഃഖ-മഹത്വ-പ്രകാശരഹസ്യങ്ങള്‍ നമ്മുടെ ജീവിതത്തിന് കരുത്തുപകരുന്ന ശക്തിസ്രോതസാകണം യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതാനുഭവങ്ങളിലൂടെ ജപമാലചൊല്ലി നാം പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ നോവിലും നൊമ്പരത്തിലും കൃപയുടെ നിറക്കൂട്ടുകള്‍ കാണാന്‍ നമുക്ക് കഴിയും.


Related Articles

തുടരുന്നു കണക്കിലെ കളികള്‍

വരവെത്ര, ചെലവെത്ര എന്നു കണ്ടുപിടിക്കലാണല്ലോ കണക്കെഴുത്തിന്റെ അടിസ്ഥാനാവശ്യം. മുന്‍കൂട്ടി ഗണിച്ച് വരവും ചെലവും കണ്ടെത്തുന്നവരാണ് ബജറ്റ് അവതരിപ്പിക്കുന്ന ബുദ്ധിരാക്ഷസന്മാര്‍. കണക്കെഴുത്ത് ഒരു കലയായി വികസിപ്പിച്ചെടുത്തവരാണിവര്‍. ആധുനികകാലത്ത് ഇവരെ

കന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.

  ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ ബജറങ്ദൾ പ്രവർത്തകർക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധിച്ചു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്. ആക്രമികൾക്കെതിരെ നിയമനടപടികൾ എടുക്കണം.

പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു

എയ്ഡഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ സമിതിയും ടീച്ചേഴ്സ് ഗിൽഡ് ന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*