ജമ്മു കശ്മീര്‍ ചര്‍ച്ചയാകുമ്പോള്‍

ജമ്മു കശ്മീര്‍ ചര്‍ച്ചയാകുമ്പോള്‍

പാര്‍ലമെന്റില്‍ താന്‍ അവതരിപ്പിച്ച ജമ്മു-കശ്മീര്‍ പ്രമേയവും ബില്ലും പാസാക്കുന്നതിന്റെയും അതിന്മേല്‍ നടക്കുന്ന ചര്‍ച്ചയില്‍ മേല്‍ക്കൈ നേടുന്നതിന്റെയും ആഹ്ലാദം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. ഇടതുകൈ അരയില്‍ പിടിച്ച്, വിജയഭാവത്തില്‍, വലതുകൈയില്‍ ബില്‍ ഉയര്‍ത്തിപ്പിടിച്ച് അമിത് ഷാ പറഞ്ഞുകൊണ്ടിരുന്നു. ഇത് വിജയത്തിന്റെ ദിനമാണ്; ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370, 35 എ എന്നി അനുച്ഛേദവും വകുപ്പും ഇന്ത്യന്‍ ഭരണഘടനയുടെ നിലവിലെ വ്യാഖ്യാനത്തില്‍ നിന്നു നീക്കം ചെയ്യുന്നതായിരുന്നു സന്ദര്‍ഭം. ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി നീക്കി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്ന ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു. പാര്‍ലമെന്റ് സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ചര്‍ച്ചയില്‍ കൃത്യമായ നിലപാടുകള്‍ പറയാനാകാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ വെപ്രാളപ്പെടുന്നതുകൊണ്ട് ഭരണപക്ഷ അംഗങ്ങള്‍ പരിഹാസത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. ചര്‍ച്ചയുടെ ഒരവസരത്തില്‍, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സംസാരിച്ചുകൊണ്ടിരിക്കേ, പ്രധാനമന്ത്രി സഭയിലേക്ക് കടന്നുവരുന്ന സന്ദര്‍ഭമുണ്ടായി. ഭരണകക്ഷിയംഗങ്ങള്‍ എഴുന്നേറ്റുനിന്ന് ഭാരത് മാതാ വിളികളോടെ പ്രധാനമന്ത്രിയെ സഭയിലേക്ക് സ്വീകരിക്കാന്‍ തുടങ്ങി. ജനാധിപത്യത്തിന്റെ പ്രകടനമെന്നതിനേക്കാള്‍ രാജഭക്തിപ്രകടനം പോലെ തോന്നിക്കുന്ന ഒന്ന്. ഇന്ത്യയുടെ പ്രധാനമന്ത്രിയോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള ജനപ്രതിനിധികളുടെ സമീപനം പരിഹാസ്യമായിരുന്നു. അദ്ദേഹം അത് നന്നായി ആസ്വദിക്കുന്നുമുണ്ടായിരുന്നു. ജനപ്രതിനിധികളുടെ തുല്യതയല്ല, കുറേക്കൂടി തുല്യതയുള്ള ഒരാളായി തന്നെത്തന്നെ കരുതുന്നപോലൊരു മനോഭാവം. ആനിമല്‍ഫാം നോവലില്‍ ജോര്‍ജ് ഓര്‍വെല്‍ എഴുതിയതിനെ ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന്, റഷ്യയിലിപ്പോള്‍ വഌദിമിര്‍ പുടിന്‍ നടത്തുന്ന രാഷ്ട്രീയ നടപടികള്‍ ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന്, ഇസ്രായേലില്‍ നെതന്യാഹുവിന്റെ നടപടികളെ ഓര്‍മിപ്പിക്കുന്ന എന്തോ ഒന്ന് അതില്‍നിന്ന് ഒരുപക്ഷേ വായിച്ചെടുക്കാമായിരിക്കാം.
ദീര്‍ഘമായും സൂക്ഷ്മമായും പ്ലാന്‍ ചെയ്ത ഒരു പദ്ധതിയെ വളരെ വലിയ രഹസ്യമായി സൂക്ഷിച്ചുകൊണ്ടുവന്ന് നടപ്പിലാക്കിയതുപോലെയായിരുന്നു കശ്മീരിനുമേല്‍ നടത്തിയ സര്‍ക്കാരിന്റെ തിരുത്തിയെഴുത്ത്. അമര്‍നാഥ് തീര്‍ത്ഥാടകരെയും ഇതരസംസ്ഥാന തൊഴിലാളികളെയും ഇതരസംസ്ഥാന വിദ്യാര്‍ഥിനി-വിദ്യാര്‍ഥി സമൂഹത്തെയും കശ്മീരില്‍നിന്ന് പെട്ടെന്ന് പുറത്താക്കാന്‍ തുടങ്ങിയതും അതിര്‍ത്തികളില്‍ സൈന്യവിന്യാസം വര്‍ധിപ്പിച്ചതും കൂടുതല്‍ പട്ടാളക്കാരെ കശ്മീരിലേക്ക് കൊണ്ടുവന്നതും രാജ്യത്തുടനീളം പരിഭ്രാന്തിയുണ്ടാക്കി. വാര്‍ത്താവിനിമിയ സംവിധാനങ്ങള്‍ നിരോധിച്ചും അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കിയും മാധ്യമങ്ങളെ വിലക്കിയും ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കിയും കരുതലില്‍വച്ചും നടത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ പരിഭ്രാന്തിയോടെയാണ് രാജ്യം കണ്ടത്. ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയതും ഗവര്‍ണര്‍ക്കുള്ള അധികാരപരിധി വര്‍ധിപ്പിച്ചതും ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാനത്ത് നടപ്പാക്കിയ സൈനിക നടപടികളുമൊക്കെ ചേര്‍ത്തുവായിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ അവിടെ സംഭവിക്കാനിടയുള്ള പല കാര്യങ്ങളെപ്പറ്റിയും പ്രവചനങ്ങള്‍ നടത്തിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവിയെന്ന ആശയത്തെ ആര്‍എസ്എസ്-ജനസംഘം പാര്‍ട്ടിയും ഇന്ത്യാ-പാക് വിഭജനകാലത്തും സ്വാതന്ത്ര്യാനന്തരവും എതിര്‍ത്തിരുന്നു. തീവ്ര വലതുപക്ഷ-ഹിന്ദുത്വ നിലപാടുകളുടെ വെളിച്ചെത്തിലായിരുന്നു പ്രസ്തുത എതിര്‍പ്പ്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രധാന അജണ്ടകളിലൊന്നായി ഇത് അവതരിപ്പിക്കപ്പെട്ടിരുന്നു. നെഹ്‌റു ഗവണ്‍മെന്റില്‍ അംഗമായിരിക്കേത്തന്നെ ശ്യാമപ്രസാദ് മുഖര്‍ജി നടത്തിയിരുന്ന ആര്‍എസ്എസ് പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ സമീപനങ്ങളും സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ആദ്യനാളുകളെ അസ്വസ്ഥതയിലാഴ്ത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് നെഹ്‌റുവും പട്ടേലും മുഖര്‍ജിയുമായി നടത്തിയിട്ടുള്ള എഴുത്തുകുത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി ലഭ്യമാണ്. പലതും ഇന്ന് തുറന്നെഴുതിയാല്‍ നാട്ടില്‍ അത് അസ്വാരസ്യമുണ്ടാക്കുകതന്നെ ചെയ്യും. നെഹ്‌റുവും പട്ടേലും അവതരിപ്പിച്ച രാഷ്ട്രത്തെക്കുറിച്ചുള്ള മതേതര സങ്കല്പത്തില്‍ നിന്നു ഭിന്നമായ സമീപനമായിരുന്നു മുഖര്‍ജിയുടേത്. നാട്ടുരാജ്യങ്ങളുടെ സംയോജനകാലത്ത് ഇന്ത്യാ ഗവണ്‍മെന്റ് നേരിട്ട വലിയ വെല്ലുവിളികളിലൊന്നായിരുന്നു ജമ്മു കശ്മീരിന്റെ ഏറ്റെടുക്കല്‍. ജൂനഗഡിന്റെയും ഹൈദരാബാദിന്റെയും ചെറുത്തുനില്‍പുകളെ അനായാസം നേരിട്ട പട്ടേലിന്റെ പദ്ധതികളില്‍ നിന്നു വിഭിന്നമായ സമീപനം ജമ്മു കശ്മീരിന്റെ കാര്യത്തില്‍ സ്വീകരിക്കേണ്ടിയിരുന്നു. മഹാരാജാവ് ഹരിസിങ്ങിന്റെ തീരുമാനം കൈക്കൊള്ളാനുള്ള കാലതാമസവും വൈമുഖ്യവും ഇന്ത്യാ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കി. ഹരിസിങ്ങിന്റെ വിചിത്രമായ സമീപനങ്ങള്‍ നെഹ്‌റുവിനെയും പട്ടേലിനെയും കുഴക്കിയിരുന്നു. തന്റെ അച്ഛനെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തിയില്ലെന്നും മനസിലാക്കിയില്ലെന്നും കരണ്‍സിങ് തന്റെ ആത്മകഥയില്‍ പിന്നീട് എഴുതുന്നത് അംഗീകരിച്ചുകൊണ്ടുതന്നെ ചരിത്രരേഖകളെ വായിച്ചെടുക്കാവുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റ് തന്റെ രാജ്യത്തെ ഏറ്റെടുക്കണമെന്ന് വൈകിയ വേളയില്‍ ആവശ്യപ്പെടുമ്പോഴേക്കും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കടന്നുകയറ്റം കശ്മീര്‍ അതിര്‍ത്തിയില്‍ സംഭവിച്ചിരുന്നു. പഠാന്‍ ഗോത്രവര്‍ഗത്തിന്റെ ആക്രമണവും പാക്കിസ്ഥാന്റെ പദ്ധതി തന്നെയായിരുന്നെന്ന് ചരിത്രം പറയുന്നു. ശ്രീനഗര്‍ വരെയെത്തിയ ആക്രമണകാരികളെ തുരത്താന്‍ തന്റെ സൈന്യത്തെക്കൊണ്ടാകില്ലെന്ന രാജാവിന്റെ തിരിച്ചറിവില്‍ നിന്നാണ് ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. കശ്മീരില്‍ ഇടപെടാന്‍ അന്താരാഷ്ട്ര നയങ്ങള്‍ അനുവര്‍ത്തിക്കേണ്ടതുണ്ടെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ അറിയിപ്പാണ് കശ്മീര്‍ എന്ന നാട്ടുരാജ്യത്തെ ഇന്ത്യയുടെ ഭാഗമാക്കുന്നത്. ഭൂമിശാസ്ത്രപരമായും വാണിജ്യബന്ധമനുസരിച്ചും മതവിശ്വാസപരമായും പാക്കിസ്ഥാനോട് ചേരാന്‍ എല്ലാ സാധ്യതയുമുണ്ടായിരുന്ന ഒരു ഭൂപ്രദേശം സാംസ്‌കാരികവും മാനവികവുമായ ഉന്നതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടാണ് ഇന്ത്യയോട് ചേരുന്നത്. ഇതു വളരെ കൃത്യമായി നെഹ്‌റുവിന്റെ വീക്ഷണങ്ങളോട് ചേര്‍ന്നുപോകുന്നതായിരുന്നു. ഇന്ത്യാ-പാക് വിഭജനമെന്ന വേദനിപ്പിക്കുന്ന ചരിത്രസത്യം നിലനില്‍ക്കെത്തന്നെ, അതിനേക്കാള്‍ മഹത്തരമായ ചില ദര്‍ശനങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ജീവിക്കാനും മനുഷ്യര്‍ക്കാകുമെന്ന് ഇത് തെളിയിക്കുന്നു. ഷെയ്ക്ക് അബ്ദുള്ളയുടെ നിലപാടുകള്‍ നെഹ്‌റുവിയന്‍ ആദര്‍ശങ്ങളോട് കശ്മീരിന്റെയും ലഡാക്കിന്റെയും മതവിശ്വാസ വൈവിധ്യങ്ങള്‍ക്കപ്പുറത്ത് കശ്മീരി എന്ന സംസ്‌കൃതിയുണ്ടെന്നും അത് വ്യത്യസ്തകളിലും കൈകോര്‍ക്കുന്ന ഐക്യമാണെന്നും ആ നാട് തിരിച്ചറിഞ്ഞു. മതത്തിന്റെപേരില്‍ ഒരു രാജ്യം രൂപപ്പെടുമ്പോഴും ന്യൂനപക്ഷ മതവിഭാഗമായി ഇന്ത്യന്‍ മണ്ണില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന മതേതരസ്വപ്‌നം ഷെയ്ക്ക് അബ്ദുള്ള നെഹ്‌റുവുമായി പങ്കിട്ടു. തന്റെ ആദ്യകാല പ്രഭാഷണങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്ന പ്രമേയമായി ഷെയ്ക്ക് അബ്ദുള്ളയുടെ ജീവചരിത്രത്തില്‍ കാണാം. മഹാരാജാവ് ഹരിസിങ്ങിന്റെ നിലപാടില്ലായ്മകളും സന്ദേഹങ്ങളും പ്രജാപരിഷത്തിലൂടെ ആര്‍എസ്എസ് നടത്തിയ ഇടപെടലുകളും ഇന്ത്യയുടെ മതേതര സ്വപ്‌നങ്ങള്‍ക്ക് തുടക്കത്തിലേ തന്നെ തുരങ്കം വയ്ക്കുന്നുണ്ട്. ജമ്മു കശ്മീരിനുവേണ്ടി ഇന്ത്യാ ഗവണ്‍മെന്റ് എടുക്കുന്ന എല്ലാ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കുമൊപ്പം കാബിനറ്റ് അംഗമെന്ന നിലയില്‍ ഒപ്പമുണ്ടായിരുന്നപ്പോഴും ജമ്മുവിലെ പ്രജാപരിഷത്ത് നിലപാടുകളുമായും തീവ്രഹിന്ദുത്വ കാഴ്ചപ്പാടുകളുമായും ജനസംഘത്തിന്റെ ദര്‍ശനങ്ങളുമായും ആര്‍എസ്എസ് ദേശീയ കാഴ്ചപ്പാടുകളുമായുമൊക്കെ താദാത്മ്യപ്പെടാനാണ് മുഖര്‍ജി ശ്രമിച്ചത്. ഇത് നെഹ്‌റുവിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്നതിലാണ് കലാശിച്ചത്. മുഖര്‍ജി നടത്തുന്ന ജമ്മു യാത്രയുടെ തീവ്രതയും അപകടവും തിരിച്ചറിഞ്ഞ്, നെഹ്‌റു നടത്തുന്ന ഇടപെടലുകളും മുഖര്‍ജിയുമായി നടത്തുന്ന എഴുത്തുകളും സ്‌ഫോടനാത്മകമായ വിവരങ്ങള്‍ അടങ്ങുന്ന രേഖകളാണ്. ജമ്മുവില്‍ അറസ്റ്റിലാകുന്ന മുഖര്‍ജി തടവില്‍വച്ച് ഹൃദയാഘാതംമൂലം മരണപ്പെട്ടത് നെഹ്‌റുവിനേറ്റ വലിയ തിരിച്ചടിയായി. ദോഗ്‌റ ജന്മിമാരുടെ ഭൂസ്വത്ത് പിടിച്ചെടുത്ത് ഭൂപരിഷ്‌ക്കരണം നടപ്പാക്കിയ ഷെയ്ക്ക് അബ്ദുള്ളയുടെ കശ്മീര്‍ ഭരണത്തിന്റെ ഇടതുപക്ഷാഭിമുഖ്യത്തിന്റെ സാമ്പത്തിക ദര്‍ശനം ആര്‍എസ്എസ് ഒരിക്കലും മറന്നില്ല, പൊറുത്തതുമില്ല.
അതിസങ്കീര്‍ണമായിത്തീര്‍ന്ന ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ, വികസനത്തിന്റെയും അഴിമതിയുടെയും പേരില്‍ മാത്രം സമീപിച്ച് സങ്കീര്‍ണതകളെയെല്ലാം പുതപ്പിനടിയില്‍ ഒളിപ്പിക്കുന്ന ബിജെപി തന്ത്രമാണ് അമിത് ഷായിലൂടെ നടപ്പാക്കപ്പെട്ടിരിക്കുന്നത്. മതസങ്കല്പങ്ങളും വംശീയതയും നെഹ്‌റുവിയന്‍ മതേതര സങ്കല്പങ്ങളും ആര്‍എസ്എസ് -ജനസംഘ താല്പര്യങ്ങളും പാക്കിസ്ഥാന്റെ നെറികേടുകളും യുഎന്‍ സമിതിയില്‍ നെഹ്‌റുവിനുണ്ടായ തിരിച്ചടികളും യുഎസിന്റെയും ബ്രിട്ടന്റെയും ഇരട്ടത്താപ്പുകളും മതവൈരത്തെ ഊതിയൂതിയുണര്‍ത്തുന്ന മതവിഭാഗങ്ങളിലെ തീവ്രവാദികളും എല്ലാം ചേര്‍ന്ന് സങ്കീര്‍ണതകളില്‍ നിന്ന് സങ്കീര്‍ണതകളിലേക്ക് തള്ളിയിടുന്ന ഇന്ത്യയുടെ പറുദീസയായ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെ വാചകക്കസര്‍ത്തുകൊണ്ടു മാത്രമോ ഭരണത്തിലെ ഭൂരിപക്ഷംകൊണ്ടു മാത്രമോ ഇല്ലാതാക്കാനാകില്ല. ഭരണഘടനാപരമായും നിയമപരമായും ഇന്ത്യയുടെ തനതായ ഫെഡറല്‍ ജനാധിപത്യഘടനാപരമായും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനമാണ് പാര്‍ലമെന്റില്‍ ഉണ്ടായതെന്ന നിലയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ പരമോന്നത കോടതിയില്‍ ഇതിനെ സംബന്ധിക്കുന്ന വാദപ്രതിവാദങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കേണ്ടിവരും. പ്രതിപക്ഷകക്ഷി നേതാക്കളെ വീട്ടുതടങ്കലിലാക്കിയും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടിയും നടപ്പിലാക്കപ്പെടുന്ന തീരുമാനങ്ങള്‍ നിലനില്‍ക്കുമോ? ഒരു ജനതയെ വിശ്വാസത്തിലെടുക്കാതെ നടപ്പാക്കുന്ന തീരുമാനങ്ങളുടെ ഭാവി എന്തായിരിക്കും? അത് അപ്രവചനീയം തന്നെ.
ജമ്മു കശീമിരില്‍ ബിജെപി നടപ്പാക്കുന്ന മത-വംശ-രാഷ്ട്രീയ ധ്രൂവീകരണങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. കശ്മീരിലെ മുസ്ലീം ഭൂരിപക്ഷത്തെ രാഷ്ട്രീയമായി മറികടക്കാന്‍ ജമ്മുവിന്റെ ഹിന്ദുജനതയ്ക്കാകില്ലെന്ന ബിജെപിയുടെ രാഷ്ട്രീയവായനക്ക് ജനസംഘത്തിന്റെ രൂപീകരണ കാലത്തോളം പഴക്കമുണ്ട്. കേന്ദ്രഭരണം കൈയിലിരിക്കേ ഈ കീറാമുട്ടിക്ക് ഏതുവിധേനയും പരിഹാരമുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്. രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചും പാര്‍ട്ടികള്‍ പിളര്‍ത്തിയും മതവൈരം ഊതിക്കത്തിച്ചും വംശീയ പ്രീണനം നടത്തിയും ദേശീയതയുടെ ഊതിപ്പെരുപ്പിച്ച വര്‍ത്തമാനങ്ങള്‍ നടത്തിയും ശ്രമങ്ങള്‍ കൊടുമ്പിരിക്കൊള്ളുന്നു.
ഹിന്ദുതീവ്ര ദേശീയവാദം മാത്രമല്ല കശ്മീരിനെ നിലംപരിശാക്കുന്നത്. ഇസ്ലാമിന്റെ പേരില്‍ മുതലെടുക്കുന്ന തീവ്രവാദികളും ഇരുകൂട്ടരെയും അതാത് സമയങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ കക്ഷികളും നേതാക്കളും സാധാരണ പൗരസമൂഹത്തിന്റെ ജീവിതം നരകതുല്യമാക്കുകയാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണം വന്നാലും അഴിമതിക്കും തട്ടിപ്പിനും യാതൊരു കുറവുമുണ്ടായിരുന്നില്ല. നെഹ്‌റുവിന്റെ കാലത്തുനിന്ന് കശ്മീര്‍ പ്രശ്‌നങ്ങള്‍ ഒരുപാടുകാതം സഞ്ചരിച്ചിരിക്കുന്നു. കശ്മീര്‍ ജനതയുടെ വിശ്വാസവും താല്പര്യങ്ങളും കണക്കിലെടുത്തുകൊണ്ടുമാത്രമേ ഏത് രാഷ്ട്രീയ തീരുമാനത്തിനും സാംഗത്യമുണ്ടാവുകയുള്ളൂ. ഇന്ത്യയുടെ ഭാഗമായും പ്രദേശമായും കണ്ടുകൊണ്ടുതന്നെ കശ്മീരിനെ സമീപിക്കണം. ഒപ്പം ജനാധിപത്യ മര്യാദകള്‍ പാലിക്കാന്‍ ഭരണകൂടങ്ങള്‍ കടപ്പെട്ടിരിക്കുന്നുവെന്നുകൂടി പറയുമ്പോഴേ ചരിത്രം പൂര്‍ണമാകുകയുള്ളൂ.
ജനാധിപത്യത്തിന്റെ പാഠങ്ങള്‍ ലംഘിക്കപ്പെടാതെ തന്നെ സമാധാനത്തിന്റെ വെള്ളരി പ്രാക്കള്‍ ജമ്മു കശ്മീരിലും അനുബന്ധ പ്രദേശങ്ങളിലുമുണ്ടാകട്ടെ. സങ്കീര്‍ണമായ ചരിത്രത്തെ, മുറിവുകളെ അവധാനതയോടെ, തുറന്നമനസോടെ, പ്രശ്‌നപരിഹാര മനസോടെ സമീപിക്കുമ്പോഴേ ചരിത്രം വര്‍ത്തമാനകാലത്തിന്റേതാകുകയുള്ളൂ. ചരിത്രത്തിന്റെ പേരിലുള്ള കണക്കുകൂട്ടലുകളും പകവീട്ടലുകളും ഭാവിയെ കളങ്കപ്പെടുത്താനേ ഉപകരിക്കുകയുള്ളു.


Related Articles

ജോബി ജസ്റ്റിനും സൂസൈരാജും ഇന്ത്യന്‍ ക്യാമ്പില്‍

ന്യൂഡല്‍ഹി: തീരത്തിന്റെ പൂഴിമണല്‍ കാല്‍ക്കരുത്തേകിയ രണ്ടു താരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പില്‍. തായ്‌ലാന്റില്‍ ജൂണ്‍ 5 ന് ആരംഭിക്കുന്ന കിംഗ്‌സ് കപ്പ് ഫുട്‌ബോളിനുള്ള 37 അംഗ ഇന്ത്യന്‍

റവ. തോമസ് നോര്‍ട്ടന്‍ നവോത്ഥാനത്തിന് അടിസ്ഥാനമിട്ടു: ജസ്റ്റിസ് സി.കെ.അബ്ദുള്‍ റഹീം

ആലപ്പുഴ: റവ.തോമസ് നോര്‍ട്ടനെപ്പോലുള്ള അനേകം മഹാമനീഷികളുടെ നിരന്തരമായ അത്യധ്വാനത്തിന്റെ സല്‍ഫലങ്ങളാണ് ഇന്ന് നമുക്ക് അനുഭവവേദ്യമാകുന്ന നവോത്ഥാനമെന്ന് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം പറഞ്ഞു. കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ

തീരദേശത്തിനു സാന്ത്വനം പകരാന്‍ ആലപ്പുഴ രൂപത

ആലപ്പുഴ രൂപതയിലെ സാമൂഹ്യസേവന സൊസൈറ്റി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശാനുസരണം ആലപ്പുഴ മീഡിയ കമ്മീഷന്‍, കെ.സി.വൈ.എം, കെ.എല്‍.സി.എ, കാരിത്താസ് ഇന്ത്യ എന്നിവയുടെ കൂട്ടായ്മയോടെ ആലപ്പുഴ, എറണാകുളം തീരദേശ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*