ജയില്‍മുറ്റത്തെ പൂക്കള്‍

ജയില്‍മുറ്റത്തെ പൂക്കള്‍

ശരത് വെണ്‍പാല

മുന്‍മൊഴി

കേരളത്തിലെ ജയിലുകളില്‍ ആയിരിക്കുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തുവരുന്നവരെയും അവരുടെ കുടുബത്തെയും സ്നേഹത്തിലേക്കു ക്ഷണിക്കുന്ന യേശുസാഹോദര്യക്കൂട്ടായ്മ (Jesus Fraternity) എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. ഈ പ്രസ്ഥാനത്തോടൊപ്പം ഞാന്‍ യാത്ര തുടങ്ങിയിട്ട് 25 വര്‍ഷം തികയുന്നു. ഫിലോസഫി പഠനകാലത്ത് ആദ്യമായി സന്ദര്‍ശിച്ചത് വടകര ജയിലാണ്. പിന്നീട് പലവട്ടം കേരളത്തിലെ പല ജയിലും സന്ദര്‍ശിക്കാന്‍ സാധിച്ചു. പൗരോഹിത്യജീവിതത്തിലേക്കുള്ള പാതയില്‍ പഠനത്തോടൊപ്പം ചില ബോധ്യങ്ങളെ പ്രദാനം ചെയ്ത യാത്രകളായിരുന്നു ജയില്‍ സന്ദര്‍ശനങ്ങള്‍. കവിതയുടെ അസ്‌കിതയുള്ളതുകൊണ്ട് കവി എ. അയ്യപ്പന്റെ കവിതയുടെ പേരാണ് ഓരോ സന്ദര്‍ശനത്തിലും മനസ്സില്‍ തെളിഞ്ഞുവരാറുള്ളത്. അതുകൊണ്ടാണ് കവി എ. അയ്യപ്പന്റെ കവിതാ പുസ്തകത്തിന്റെ ശീര്‍ഷകം ഈ കുറിപ്പിന്റെ തലക്കെട്ടായി ഉപയോഗിക്കുന്നത്.

ചില കാരാഗ്രഹങ്ങള്‍

ഇന്ത്യയില്‍ 2020-ലെ കണക്കു പ്രകാരം 1,350 ജയിലുകളുണ്ട്. 2018-ല്‍ ഇത് 1,339 ആയിരുന്നു. ജയിലുകളുടെ എണ്ണം കൂടിയിരിക്കുന്നു (0.82 %). 617 സബ്ജയില്‍, 410 ജില്ലാ ജയിലുകള്‍, 144 സെന്‍ട്രല്‍ ജയിലുകള്‍, 86 ഓപ്പണ്‍ ജയിലുകള്‍, 41 സ്പെഷ്യല്‍ ജയിലുകള്‍, 31 വനിതാ ജയിലുകള്‍, 19 ജയില്‍ സ്‌കൂളുകള്‍, രണ്ടെണ്ണം ഇതൊന്നുമല്ലാത്തവ. ഏറ്റവും കൂടുതല്‍ ജയിലുകള്‍ രാജസ്ഥാനിലാണ് – 144 ജയിലുകള്‍. ആകെയുള്ള ജയിലുകളിലെല്ലാം കൂടി 4,03,739 പേര്‍ക്ക് ആവശ്യമായ സ്ഥലസൗകര്യമേയുള്ളൂ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 4,78,600 പേരാണ് ജയിലിലുള്ളത്. ഇതില്‍ 4,58,687 പേരും പുരുഷന്‍മാരാണ്. 19,913 പേരാണ് പെണ്‍തടവുകാര്‍. 2019-ല്‍ മാത്രം 18,86,092 ആളുകള്‍ ജയിലില്‍ അടക്കപ്പെട്ടു. 1,543 അമ്മമാരോടൊപ്പം ജയിലില്‍ കഴിയുന്ന കുട്ടികള്‍ 1,779. 18 വയസ്സിനും 30 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് ജയിലിലെ ഭൂരിപക്ഷം വരുന്ന യൗവനക്കാര്‍: 2,07,942 പേര്‍ (43.4%). 3050 വയസുകാര്‍ രണ്ടാമത് 2,07,104 (43.3%). 50 വയസ്സിനു മുകളിലുള്ളവര്‍ 63,336 (13.2%). 1618 വയസുകാര്‍ 218 പേര്‍. ആകെയുള്ളവരില്‍ 1,98,872 (41.6%) തടവുകാര്‍ പത്താംക്ലാസ്സിനു താഴെ വിദ്യഭ്യാസമുള്ളവര്‍. 1,03,036 (21.5%) പേര്‍ പത്താംക്ലാസ്സിനുംബിരുദത്തിനും ഇടയിലുള്ളവര്‍, 30,201 (6.3%) ബിരുദമുള്ളവര്‍, 8,085 (1.7%) ബിരുദാനന്തബിരുദം, 5,677 (1.2%) തൊഴില്‍ വിദ്യാഭ്യാസമുള്ളവര്‍, 1,32,729 പേര്‍ (27.7%) നിരക്ഷരര്‍.

കൊലപാതകമാണ് ഏറ്റവും കൂടുതലുള്ള കുറ്റകൃത്യം: 67.44%. ബലാത്സംഗം 12.57%. സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ സ്ത്രീധന കൊലപാതകങ്ങള്‍ 25.58% ആണ്. 1,544 സ്വാഭാവിക മരണങ്ങളും 165 അസ്വാഭാവിക മരണങ്ങളും ജയിലില്‍ വച്ചു സംഭവിച്ചു. അനുവദിക്കപ്പെട്ട ജയില്‍ ഉദ്യോഗസ്ഥ പദവികള്‍ 87,599 ആയിരിക്കേ, 60,787 പേര്‍ മാത്രമേ നിയമിതരായിട്ടുള്ളൂ. അനുവദിക്കപ്പെട്ട ആരോഗ്യ പരിപാലന ഉദ്യോഗസ്ഥര്‍ 3,320; പക്ഷേ, തസ്തികയിലുള്ളവര്‍ 1,962 മാത്രം. സ്ത്രീ ജയില്‍ ഉദ്യോഗസ്ഥര്‍ 254 ആരോഗ്യപ്രവര്‍ത്തകരടക്കം 7,794 പേര്‍ മാത്രം. ജയിലുകള്‍ക്കുവേണ്ടി ഒരു വര്‍ഷത്തെ ബജറ്റ് വിഹിതം 6,818.1 കോടി രൂപ.

ജയിലിലെ യൗവനം
ഇത്രയും കണക്കുകള്‍ നിരത്തിയത് ഇന്ത്യാ മഹാരാജ്യത്ത് തടവുകാരുടെയും അവരെ നോക്കുന്നവരുടെയും സ്ഥിതി പരിതാപകരമാണ് എന്നു പറയാനാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് എണ്ണത്തിലും തീവ്രതയിലും കുറ്റവാളികളും കുറ്റകൃത്യങ്ങളും കൂടിവരുന്നു എന്നു മനസ്സിലാക്കാനാണ്. ഏറ്റവും കൂടുതല്‍ ജയില്‍വാസികള്‍ യൗവനക്കാരാണ് എന്നു തിരിച്ചറിയാനാണ്.

കാരണങ്ങളിലെ അവ്യക്തതകള്‍
ഒരാള്‍ കുറ്റവാളി ആകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് പല സിദ്ധാന്തങ്ങളും പറയപ്പെടുന്നു. അതിനെല്ലാം മറുവിവാദങ്ങളുമായി ദോഷൈകദൃക്കുകളുമെത്തുന്നു. കുടുംബത്തില്‍ മാതാപിതാക്കളുടെ കുറ്റവാസന, അവഗണന ഒക്കെ യൗവനക്കാരെ കുറ്റവാളികളാക്കുന്നു എന്ന് സിദ്ധാന്തം. പക്ഷേ, സ്നേഹമയികളായ മാതാപിതാക്കളുടെ മക്കള്‍, സ്നേഹം നിറച്ചുനല്കിയ മക്കള്‍ കുറ്റവാളികളായി മാറുന്നു എന്ന യാഥാര്‍ത്ഥ്യം നിലവിലുണ്ട്. വിദ്യഭ്യാസമില്ലായ്മ കുറ്റകൃത്യങ്ങള്‍ക്കു കാരണമായി പറയുന്നു. ഒസാമ ബിന്‍ലാദന്‍ അടക്കമുള്ള തീവ്രവാദികള്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു എന്ന് മറുപക്ഷം. കൂട്ടുകാരുടെ പ്രേരണയോ മാതൃകയോ കറ്റവാളികളെ സൃഷ്ടിക്കുന്നുവെന്ന് ഒരു വാദം. ജയില്‍കുറ്റവാളികളോടൊപ്പം കിടന്ന ഗാന്ധിയും നെഹ്റുവും ഒന്നും കുറ്റവാളികളായില്ല എന്ന് മറുവാദം. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗം കുറ്റവാളികളെ സൃഷ്ടിക്കുന്നു. മദ്യം ഹറാമായ മുസ്ലീങ്ങളും കുറ്റവാളികളായി തീരുന്നുവെന്ന് മറുവാദം. മാധ്യമങ്ങള്‍ കുറ്റവാളികളെ വീരപുരുഷന്‍മാരായി പ്രതിഷ്ഠിക്കുന്നു; അതുവഴി കൗമാരക്കാരെയും യൗവനക്കാരെയും വഴിതെറ്റിക്കുന്നു എന്നു പറയുമ്പോള്‍ അതേ മാധ്യമങ്ങളില്‍ വരുന്ന നല്ല കഥകള്‍ അവരെ സ്വാധീനിക്കാതെ പോകുന്നതെന്ത് എന്ന മറുചോദ്യവുമായി എതിര്‍ഭാഗം.

ജനിതകമായി കുറ്റകൃത്യങ്ങളെ കാണുന്നവരുണ്ട്. അങ്ങനെയെങ്കില്‍ അവരെ കുറ്റവാളികളായി കരുതാന്‍ പാടില്ല, രോഗികളായി കാണണം എന്നു ചിലര്‍. സാമൂഹിക അരാജകത്വം, പട്ടിണി, അസമത്വം തുടങ്ങിയവയാണ് കുറ്റകൃത്യങ്ങളെ സൃഷ്ടിക്കുന്നതെന്ന് ബുദ്ധിജീവികള്‍ പറയുമ്പോള്‍ സമ്പദ്‌സമൃദ്ധിയില്‍ കഴിയുന്നവര്‍ കുറ്റവാളികളായി മാറുന്നുവെന്ന യാഥാര്‍ത്ഥ്യം അവരെ നോക്കി പല്ലിളിക്കുന്നു. എന്തായാലും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവും കുടുംബപരവുമൊക്കെയായി സങ്കീര്‍ണമായ പരിതസ്ഥിതികളാണ് കുറ്റകൃത്യങ്ങള്‍ക്കു കാരണമെന്നു പറയേണ്ടിയിരിക്കുന്നു.

ധൂര്‍ത്തപുത്രനുവേണ്ടി വിരുന്നൊരുക്കുന്ന പിതാവ്
സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കു പ്രചോദനമാകുന്ന സുവിശേഷത്തിലെ ധൂര്‍ത്തപുത്രന്റെ ഉപമ യേശുസാഹോദര്യത്തിന്റെ അരൂപി തിരിച്ചുവരവുകള്‍ നടത്തുന്നവര്‍ക്കുവേണ്ടി വിരുന്നൊരുക്കുന്ന ദൈവസ്നേഹം തന്നെയാണ്. ഒരല്പം ഭാവനാത്മകമായി ചിന്തിച്ചാല്‍ വിരുന്നൊരുക്കാന്‍ മെഴുത്ത കാളക്കുട്ടിയെ കൊല്ലാനൊരുങ്ങി പരിചാരകന്‍ ചെല്ലുമ്പോള്‍ അത് പ്രാണഭയംകൊണ്ട് ഓടിമറഞ്ഞു. മുള്‍പ്പടര്‍പ്പുകള്‍ പടര്‍ന്നുകിടക്കുന്നിടത്തുവച്ച് പരിചാരകര്‍ നെടിയ അങ്കിധരിച്ച കണ്ണുകളില്‍ ഒരുപിടി കരുണയുള്ള മനുഷ്യനെ കണ്ടുമുട്ടി. അവന്‍ ചോദിച്ചു, നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്? അവര്‍ കാര്യം പറഞ്ഞു. അവന്‍ പറഞ്ഞു: ”കാളക്കുട്ടി പോകട്ടെ, പകരം ഞാന്‍ വരാം.” അവന്‍ അവരോടൊപ്പം നടന്നു. ഏശയ്യ പ്രവചനം പോലെ, കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ അവരോടൊപ്പം നടന്നു. അവന്റെ കഴുത്തു വെട്ടിയ ചോരയില്‍ ധൂര്‍ത്തപുത്രന്‍ സ്നാനപ്പെട്ടു. അവന്റെ കയ്യിലേക്ക് ആണിതറയ്ക്കപ്പെട്ടപ്പോള്‍ ധൂര്‍ത്തപുത്രന്റെ കരങ്ങളില്‍ മോതിരമിടപ്പെട്ടു. കാലുകളില്‍ ആണി തറയ്ക്കപ്പെട്ടപ്പോള്‍ പുതിയ പാദുകം ധൂര്‍ത്തപുത്രനു ലഭിച്ചു. അവസാനം അത്താഴമേശയില്‍ ധൂര്‍ത്തപുത്രന്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവന്റെ രക്തവും മാംസവും ഭക്ഷണമായി വിളമ്പപ്പെട്ടു. ഈ സ്നേഹത്തിന്റെ വിരുന്നിനെ ഓര്‍മിക്കുന്ന പ്രസ്ഥാനമാണ് യേശുസാഹോദര്യം.

മൂത്തപുത്രന്റെ പ്രേതം
ഒരിക്കല്‍ തെറ്റുപറ്റിയാല്‍ പിന്നീടൊരിക്കലും അവന്‍ കുറ്റവാളി എന്ന ലേബലില്‍നിന്ന് രക്ഷപ്പെടുകയില്ല. സമൂഹത്തിന്റെയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും മുന്നില്‍ അവര്‍ കുറ്റവാളിതന്നെ. തൊഴിലന്വേഷിക്കുമ്പോള്‍, ജീവിതപങ്കാളിയെ തിരയുമ്പോള്‍, അങ്ങനെ പുതുജീവിതം കൊതിക്കുന്നിടത്തൊക്കെ തഴയപ്പെടുമ്പോള്‍ ആ വ്യക്തി മുഴുനീളെ കുറ്റവാളിയായി മാറും. ഉപമയിലെ മൂത്തപുത്രന്റെ പ്രേതം അവരെ വേട്ടയാടുന്നു. സമൂഹത്തിനും ഒരു മാനസാന്തരം ആവശ്യമുണ്ട്. പണ്ടെഴുതിയ ഒരു കവിതയിങ്ങനെ: സ്വര്‍ഗ്ഗത്തിന്റെ കവാടത്തില്‍ പത്രോസ് നില്‍ക്കവേ കഴുത്തില്‍ നീലച്ച പാടുള്ളവന്‍ വന്നു പറഞ്ഞു, എന്നെ സ്വര്‍ഗ്ഗത്തിലേക്ക് കടത്തിവിടണം. പത്രോസ് സൂക്ഷിച്ചുനോക്കിയപ്പോള്‍ യൂദാസ്. അവന്‍ പറഞ്ഞു, നമ്മള്‍ രണ്ടുപേരും തെ
റ്റുചെയ്തു. പക്ഷേ ഞാന്‍ മാനസാന്തരപ്പെട്ടു. നീയോ, ആത്മഹത്യചെയ്തു. നിനക്കിവിടെ പ്രവേശനമില്ല. യൂദാസ് പിന്തിരിയുന്നതിനുമുമ്പ് പറഞ്ഞു:

”പത്രോസ്, നിന്റെ മാനസാന്തരത്തിന്റെ പൂക്കളെ വിരിയിച്ച മൂന്നാമത്തെ കോഴികൂവല്‍ കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ എന്റെ പ്രാണന്‍ പിടഞ്ഞ കരച്ചിലായിരുന്നു.”

പിന്‍മൊഴി
കണ്ണൂര്‍ ജയിലില്‍ വച്ച് കണ്ടുമുട്ടിയ, രാഷ്ട്രീയ കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ചെറുപ്പക്കാരനെ ഓര്‍ക്കുന്നു. ”ഞാനാരെയും കൊന്നിട്ടില്ല. പക്ഷേ കുറ്റമേറ്റനാള്‍ മുതല്‍ ഇന്നുവരെ എന്റെ കുടുംബത്തിലേക്ക് പണമെത്തുന്നുണ്ട്. അവര്‍ക്കു വേണ്ടി ഞാന്‍ പണി ഏറ്റെടുത്തിരിക്കുന്നു. വിഷമമുണ്ടെങ്കിലും വീട്ടുകാര്‍ നല്ലരീതിയില്‍ ജീവിക്കുന്നതില്‍ സന്തോഷമുണ്ട്. നാട്ടുകാര്‍ കുറ്റവാളിയാണെന്നു വിചാരിക്കുമ്പോഴും എന്റെ മനഃസാക്ഷിയുടെ മുന്നില്‍ ഞാന്‍ ക്ലിയറാണ്. ഗള്‍ഫില്‍ പോയി ജോലിനോക്കുന്നപോലെ ഞാന്‍ എന്റെ കുടുംബത്തിനുവേണ്ടി ഒരു ജോലിയായി ഈ ജയില്‍ വാസത്തെ കാണുന്നു.” ഇന്ത്യന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചല്ല ഈ കുറിപ്പ്. മറിച്ച് ജയില്‍മുറ്റത്ത് നന്മയുടെ പൂക്കള്‍ ഉണ്ട് എന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം.

Click to join Jeevanaadam Whatsapp ചെയ്യുക

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകരുത് -ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍

നെയ്യാറ്റിന്‍കര: വിദ്യാര്‍ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമാകാതെ പഠനപ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും കോളജിന്റെ ഫ്രെഷേഴ്‌സ്‌ഡെയും

ഈശോയുടെ സ്വന്തം അജ്‌ന: കാല്‍വരിയിലേക്കുള്ള അനുയാത്ര…

മറുനാട്ടിലെ എന്റെ താമസക്കാലം, ഞാന്‍ പഠിക്കുന്ന വിഷയം വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടിരുന്നതിനാല്‍ ഒരു ആശുപത്രിയിലാണ് താമസം. അവിടെ എന്റെ മുറി ഐ.സി.യുവിനും എന്‍.ഐ.സി.യുവിനും ഒത്തനടുക്ക്! ഐ.സി.യുവില്‍ എന്നുംതന്നെ മരണം

കര്‍ഷകരുടെ സമരത്തിന് കാവലായി നിഹാംഗുകള്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി നിഹാംഗുകള്‍. സായുധ സേനയെന്നറിയപ്പെടുന്ന നിഹാംഗ് സിഖ് സിഖുമത്തിലെ പേരാളികളാണ് ഇക്കൂട്ടര്‍. അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ അവരുടെ സമരത്തിന് പിന്തുണയുമായാണ് ഞങ്ങള്‍ എത്തിയതെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*