ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

ജലന്ധര്‍ വിഷയത്തില്‍ കെസിബിസി പക്ഷപാതം കാണിച്ചിട്ടില്ല- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

എറണാകുളം: ജലന്ധര്‍ വിഷയത്തില്‍ കെസിബിസി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) അധ്യക്ഷനും തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം വ്യക്തമാക്കി. ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കെസിബിസി വളരെയേറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസരമാണിതെന്ന് ഇതു സംബന്ധിച്ച വിശദീകരണക്കുറിപ്പില്‍ ആര്‍ച്ച്ബിഷപ് സൂസപാക്യം പറഞ്ഞു. സത്യം ആരുടെ ഭാഗത്താണെന്ന് ഇനിയും നിശ്ചയമില്ല. സഭയെ അവഹേളിച്ച സമരത്തെ അപലപിച്ചതിന്റെ പേരിലും, കസ്റ്റഡിയിലുള്ള മെത്രാനെ സ്‌നേഹിതരും സഹപ്രവര്‍ത്തകരുമായ ചില മെത്രാന്മാര്‍ സന്ദര്‍ശിച്ചതിന്റെ പേരിലും, മെത്രാനെ അനുകൂലിച്ചതായും സമരം ചെയ്ത സന്യാസിനികളെ എതിര്‍ത്തതായുമുള്ള വ്യാഖ്യാനങ്ങള്‍ ശരിയല്ല. വ്യക്തിപരമായി ആര്‍ക്കും ആരെയും സന്ദര്‍ശിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അന്വേഷണത്തിന്റെ അവസരത്തില്‍ കെസിബിസി ഇരുകൂട്ടരെയും ഒരുപോലെ ഉള്‍കൊള്ളാനും സമദൂരം പാലിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഞങ്ങളുടെ പക്കലേക്ക് വന്ന ആരെയും സ്വീകരിക്കാതിരുന്നിട്ടുമില്ല.
വര്‍ഷങ്ങളായി ഈ സന്യാസിനി അടിച്ചമര്‍ത്തലും ഭീഷണിയും അപമാനവും സഹിക്കുന്നുവെന്നതാണ് പരാതി. ഭാരതത്തിലെ അപ്പസ്‌തോലിക നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും റോമിലെ ഉത്തരവാദിത്വപ്പെട്ടവര്‍ക്കും വ്യക്തിപരമായി കേരളത്തിലെ ചില മെത്രാന്മാര്‍ക്കും പരാതികള്‍ അയച്ചുവെന്നും സഭയുടെ ഭാഗത്തുനിന്നു പരിഹാരത്തിനായുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ പൊലീസിനെ സമീപിക്കുവാന്‍ നിര്‍ബന്ധിതയായിത്തീര്‍ന്നുവെന്നുമാണ് ആ സമര്‍പ്പിതയുടെ വിശദീകരണം. വളരെയേറെ ഗൗരവമായി എടുക്കേണ്ട വിഷയമാണിത്. കെസിബിസി അധ്യക്ഷനെന്ന നിലയില്‍ പ്രശ്‌നപരിഹാരത്തില്‍ നിന്നും നിലപാടു വ്യക്തമാക്കുന്നതില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദീകരണക്കുറിപ്പ് തയ്യാറാക്കുന്ന 2018 ഒക്‌ടോബര്‍ 5-ാം തീയതി വരെ കെസിബിസിക്കോ വ്യക്തിപരമായി തനിക്കോ ഈ സന്യാസിനിയില്‍നിന്ന് ഒരു പരാതി പോലും ലഭിച്ചിട്ടില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അയച്ച പരാതി വ്യക്തിപരമാണെന്നും രഹസ്യാത്മകമായി (ുലൃീെിമഹ മിറ രീിളശറലിശേമഹ) സൂക്ഷിക്കുവാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല, ഈ പരാതികളിലൊന്നിലും ലൈംഗികമായ ആരോപണങ്ങള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് സൂചന. മൂന്നു മാസങ്ങള്‍ക്കു മുമ്പ്, ജൂണ്‍ മാസം അവസാനം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിനെക്കുറിച്ചും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും കെസിബിസി അറിയുന്നത് പത്ര മാധ്യമങ്ങളിലൂടെ മാത്രമാണ്. ജൂലൈ ആരംഭത്തില്‍ കൊച്ചിയില്‍ ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ഇപ്രകാരമുള്ള പ്രശ്‌നങ്ങളെ കെസിബിസി എങ്ങനെയാണ് നേരിടുന്നത് എന്നതിനെക്കുറിച്ച് പൊതുവായി താന്‍ ചില കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. ന്യായം നിഷേധിക്കപ്പെട്ടു എന്നു തോന്നുന്ന അവസരങ്ങളില്‍ പൊലീസില്‍ പരാതിപ്പെടാനുള്ള സന്യാസിനിയുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും കെസിബിസി മാനിക്കുന്നുവെന്ന് അന്ന് വ്യക്തമാക്കിയിരുന്നു. സഭയുടെ ഭാഗത്തുനിന്നു പരാതി സ്വീകരിച്ചവര്‍ അന്വേഷണം മുറപോലെ നടത്തും. തക്കസമയത്ത് തീരുമാനങ്ങളും തിരുത്തലുകളും ശിക്ഷാനടപടികളും ഉണ്ടാകും. പൊലീസ് അന്വേഷണം ആരംഭിച്ചതുകൊണ്ടും അതിന് മുന്‍ഗണന നല്കാനുള്ളതുകൊണ്ടും സമാന്തരമായി പരസ്യമായ അന്വേഷണം സഭയുടെ ഭാഗത്തുനിന്നുണ്ടാവില്ല. സത്യം അറിയാനും നീതി നടപ്പാക്കാനും പൊലീസിന്റെ അന്വേഷണവുമായി സഭ അങ്ങേയറ്റം സഹകരിക്കും. പ്രശ്‌നത്തിന്റെ വാദിയും പ്രതിയും സഭാംഗങ്ങളാണ്. രണ്ടിലൊരാള്‍ കള്ളം പറയുന്നു. ആരു ജയിച്ചാലും ആരു തോറ്റാലും അതിന്റെ അപമാനവും മുറിവും വേദനയും സഭാ കുടുംബം മുഴുവന്‍ ഏറ്റെടുത്തേ മതിയാവൂ. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു (1കോറി.12:26). ഈ വസ്തുത എളിമയോടെ തങ്ങള്‍ അംഗീകരിക്കുന്നു. അന്വേഷണം പൂര്‍ത്തിയായി വിധിവരുന്നതുവരെ ചിലരെ വേട്ടക്കാരായും മറ്റു ചിലരെ ഇരകളായും നിശ്ചയിക്കുന്ന സമീപനത്തോട് കെസിബിസിക്ക് യോജിപ്പില്ല. ഇതിന്റെ മറവില്‍ സഭയെ മുഴുവനും അടച്ചാക്ഷേപിക്കുന്നതിനെ കെസിബിസി അങ്ങേയറ്റം അപലപിക്കുന്നു എന്നീ കാര്യങ്ങളാണ് അന്ന് വ്യക്തമാക്കിയിരുന്നത്.
ഈ പത്രസമ്മേളനം കഴിഞ്ഞ് രണ്ടാഴ്ചകള്‍ക്കുശേഷം സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാല്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസിനെയും നുണ്‍ഷ്യോയെയും ഡല്‍ഹി മെത്രാപ്പോലീത്തായെയും താന്‍ ടെലിഫോണില്‍ ബന്ധപ്പെടുകയുണ്ടായി. കേരളത്തില്‍ ഈ പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാണെന്നും സാധിക്കുകയാണെങ്കില്‍ ജലന്ധര്‍ രൂപതാധ്യക്ഷന്‍ രൂപതാഭരണത്തില്‍ നിന്നു മാറിനിന്ന് അന്വേഷണം നേരിടാന്‍ ഉപദേശിക്കണമെന്നും താന്‍ അഭിപ്രായപ്പെട്ടിരുന്നു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ച് അനുഭാവപൂര്‍വം ചിന്തിക്കാമെന്ന മറുപടിയാണ് അവരില്‍ നിന്ന് തനിക്കു ലഭിച്ചത്. സെപ്തംബര്‍ എട്ടിന് എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനില്‍ സന്യാസിനികളുടെ സമരം ആരംഭിച്ചു. മാധ്യമവിചാരണകള്‍ ഒന്നുകൂടി ശക്തമാകുകയും നിക്ഷിപ്ത താല്പര്യക്കാര്‍ സഭയെ പ്രതികൂട്ടില്‍ നിര്‍ത്തി കൂടുതല്‍ ശക്തി ആര്‍ജിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ സെപ്തംബര്‍ 12ന് അന്വേഷണത്തെ വീണ്ടും സ്വാഗതം ചെയ്തുകൊണ്ടും നേരത്തെ പറഞ്ഞതുപോലെ അന്വേഷണവുമായി ആത്മാര്‍ഥതയോടെ സഹകരിക്കാമെന്ന് ഉറപ്പുനല്കികൊണ്ടും സഭയെ അവഹേളിച്ചുകൊണ്ടുള്ള സമരപരിപാടികളെ അപലപിച്ചുകൊണ്ടും കെസിബിസി പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു.
ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ചില രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും സാംസ്‌കാരിക നായകരും സമരത്തെ അനുകൂലിക്കുകയും നിക്ഷിപ്ത താല്പര്യക്കാര്‍ സഭയെ അവഹേളിക്കുകയും, സിബിസിഐയുടെയും കെസിബിസിയുടെയും ശവപ്പെട്ടിയുണ്ടാക്കി സംസ്‌കാരം നടത്തുകയും ചെയ്തപ്പോള്‍ വേദന തോന്നി. ബോധ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനുള്ള ആരുടെയും അവകാശത്തെയോ സ്വാതന്ത്ര്യത്തെയോ ചോദ്യം ചെയ്യുന്നില്ല.
അന്വേഷണത്തിനായി മെത്രാനെ കേരളത്തില്‍ വിളിച്ചുവരുത്താന്‍ പോകുന്നതായും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി വര്‍ധിക്കുന്നതായും ഏതാനും ദിവസങ്ങള്‍ക്കകം അറസ്റ്റിന് സാധ്യതയുള്ളതായും അറിഞ്ഞ അവസരത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ട് വ്യക്തവും ശക്തവുമായ എഴുത്തുകള്‍ നുണ്‍ഷ്യോയ്ക്കും സിബിസിഐ അധ്യക്ഷനും അയയ്ക്കുകയുണ്ടായി. ഇതുവരെ കെസിബിസിക്ക് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും മേലധികാരികള്‍ക്ക് അവര്‍ അയച്ചുവെന്ന് മാധ്യമങ്ങളില്‍ വന്ന പരാതികളുടെ ഉള്ളടക്കം എന്താണെന്ന് അറിയാത്തതുകൊണ്ട് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും അവരുടെ സംശയങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും കെസിബിസിയുടെ ഭാഗത്തുനിന്ന് പ്രയാസമുണ്ടെന്നും എന്താണ് ഈ പ്രശ്‌നത്തിന്റെ നിജസ്ഥിതിയെന്ന് തങ്ങളെ ബോധ്യപ്പെടുത്തണമെന്നും ഈ എഴുത്തുകളില്‍ ആവശ്യപ്പെട്ടിരുന്നു.
സംശയിച്ചതുപോലെ സെപ്തംബര്‍ 19-ാം തീയതി മെത്രാനെ അറസ്റ്റുചെയ്തു. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ സെപ്തംബര്‍ 23ന് അടിയന്തരമായി കെസിബിസി വിളിച്ചുകൂട്ടി. ഇതുവരെ കെസിബിസി എടുത്ത നിലപാടുകള്‍ ന്യായമാണെന്നും അത് ഒന്നുകൂടി ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കണമെന്നും സഭയ്‌ക്കെതിരായ നിക്ഷിപ്ത താല്പര്യക്കാരുടെ ആക്ഷേപങ്ങളെ ചെറുത്തുനില്‍ക്കണമെന്നും പൊലീസിന്റെയും കോടതിയുടെയും ന്യായമായ എല്ലാ നടപടികളുമായി സഹകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമരം ആരംഭിച്ച് രണ്ടു ദിവസം കഴിഞ്ഞ്, സെപ്റ്റംബര്‍ 10-ാം തീയതി എഴുതിയ പരാതിയാണ് സിബിസിഐയുടെ അധ്യക്ഷന് സന്യാസിനിയുടെ ഭാഗത്തുനിന്നുള്ള ആദ്യത്തെ പരാതി. അതുവരെ മാധ്യമങ്ങളിലൂടെ ലഭിച്ച വിവരങ്ങളേ അദ്ദേഹത്തിന് അറിയാമായിരുന്നുള്ളൂ. ഈ പരാതി കിട്ടിയ ഉടന്‍തന്നെ ഇക്കാര്യങ്ങളെല്ലാം അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെങ്കിലും ടെലിഫോണിലൂടെ റോമിലെ അധികാരികളെ അറിയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
നുണ്‍ഷ്യോയുടെ വ്യക്തിപരമായ മറുപടിയില്‍ പരാതിയെക്കുറിച്ചുള്ള വിശദവിവരങ്ങളൊന്നുമില്ല. ഒരുപക്ഷേ നയതന്ത്രപരമായ രീതിയായിരിക്കാം അത്. ഇവിടത്തെ എല്ലാ വാര്‍ത്തകളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും റോമിലെ മേലധികാരികളെ എല്ലാ വിവരങ്ങളും അറിയിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
കെസിബിസിയെ ഇന്ന് ധാരാളംപേര്‍ ഒളിഞ്ഞും തെളിഞ്ഞും ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടാത്ത ഒരു പരാതിയിന്മേല്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഇതിനുമപ്പുറം എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് അറിയില്ല. കെസിബിസിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് മനസ്സിലാകുന്നില്ല. പറയാനുള്ള വസ്തുതകള്‍ സത്യസന്ധമായ രീതിയില്‍ ഇവിടെ അവതരിപ്പിക്കുവാന്‍ ശ്രമിച്ചുവെന്നെയുള്ളൂ. ആരൊക്കെ ആര്‍ക്കൊക്കെ പരാതികള്‍ അയച്ചുവെന്നോ എന്തൊക്കെയാണ് അതിന്റെ ഉള്ളടക്കമെന്നോ തനിക്കറിയില്ല. പ്രശ്‌നത്തിന്റെ ചുരുളുകള്‍ അഴിയുന്നതേയുള്ളൂ. ആരെയും വിധിക്കാനോ ന്യായീകരിക്കാനോ സമയമായിട്ടില്ല. ആത്മാര്‍ഥതയോടും സത്യസന്ധതയോടും കൂടി സത്യം പുറത്തുകൊണ്ടുവരുവാനും നീതി നടപ്പാക്കാനും നമുക്കൊരുമിച്ച് സഹകരിക്കാം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ മാറിനിന്ന് വിമര്‍ശിക്കാതെ പ്രശ്‌നപരിഹാരത്തിന് സഭാനേതൃത്വത്തെ സഹായിക്കാന്‍ സുസമ്മതരും സഭാസ്‌നേഹികളുമായ ഒരുകൂട്ടം അല്മായര്‍ മുന്നോട്ടുവന്ന് പ്രവര്‍ത്തനമാരംഭിച്ചത് വളരെയേറെ പ്രതീക്ഷകള്‍ക്കു വകനല്കുന്നുണ്ട്. കെസിബിസി തുടര്‍ന്നു സ്വീകരിക്കുന്ന നടപടികളിലും ഈ അല്മായ സമിതിയുടെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും ഗൗരവമായി പരിഗണിക്കുന്നതാണെന്നും ആര്‍ച്ച്ബിഷപ് വ്യക്തമാക്കി.


Related Articles

ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാന ശില്പി- ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആധ്യാത്മിക, സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ തലങ്ങളില്‍ കേരള സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാപ്രേഷിതനായിരുന്നു വരാപ്പുഴയുടെ വികാരി അപ്പസ്‌തോലിക്കയായിരുന്ന ബെര്‍ണര്‍ദീന്‍ ബച്ചിനെല്ലി മെത്രാപ്പോലീത്തയെന്ന് വരാപ്പുഴ

ഉയിര്‍പ്പിന്റെ ഞായറുകള്‍: ഈസ്റ്റർ ദിനം

ഈസ്റ്റർ ദിനം വിചിന്തനം:- ഉയിര്‍പ്പിന്റെ ഞായറുകള്‍ നോമ്പും പ്രാര്‍ഥനയും ഉപവാസവുമായി ഏറെ ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ഈശോയുടെ ഉത്ഥാനത്തിരുനാള്‍ ആസന്നമായിരിക്കുന്നു. ഈശോയുടെ മരിച്ചവരില്‍ നിന്നുമുള്ള ഉയിര്‍പ്പാണ് ക്രൈസ്തവ വിശ്വാസത്തിന്റെ

പടച്ചോന്റെ ദൂതന്‍ നൗഷാദ് ഇക്കയുടെ കട

2018, 2019 ആഗസ്റ്റ് മാസത്തില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും നേരിട്ട സംസ്ഥാനമാണ് നമ്മുടേത്. 2018ലെ പ്രളയത്തില്‍ കേരളമാകെ ഒന്നിച്ചുനിന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് നിറഞ്ഞുകവിഞ്ഞൊഴുകി. ജനങ്ങള്‍ നിര്‍ലോപം സഹകരിക്കുകയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*