Breaking News

ജാഗ്രതയുടെ പുതിയ വായനകള്‍

ജാഗ്രതയുടെ പുതിയ വായനകള്‍

കേരളം വോട്ടെടുപ്പ് ബൂത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ദിവസം തന്നെയാണ് ലോകപുസ്തക ദിനവും. ഏപ്രില്‍ 23 – പ്രചാരണ ദിവസങ്ങളില്‍ നമ്മള്‍ എന്തൊക്കെ കേട്ടു. എന്തൊക്കെ വായിച്ചു: എന്തൊക്കെ മനസിലാക്കി! പറയാനുള്ളതൊക്കെ തന്നെയാണോ അവര്‍ പറഞ്ഞത്. ഇതൊക്കെയായിരുന്നു നമ്മളെ പ്രതിനിധാനം ചെയ്യാമെന്ന് പറഞ്ഞു വന്നവരില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിച്ചത്?
രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും കൂടി നമ്മുടെ പ്രതിനിധികളാകാന്‍ ദാ ഇവരെയൊക്കെ തങ്ങള്‍ തരുന്നുവെന്ന് പറഞ്ഞു. ഓ, ആയിക്കോട്ടെ എന്ന് നമ്മള്‍ സമ്മതം മൂളി. പിന്നീട് അവര്‍ പറഞ്ഞതും അവര്‍ക്കായി പറഞ്ഞതും നമുക്ക് വേണ്ടിയെന്നോണം പറഞ്ഞതുമെല്ലാം വായിച്ചെടുത്ത നമ്മള്‍ വിധിയെഴുതാന്‍ തയ്യാറായി. ബൂത്തിലേക്ക് നടക്കുന്നു.
പറയുന്നതും എഴുതുന്നതും വോട്ടാക്കി മാറ്റാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥികളില്‍ പെരുമാറ്റചട്ട ലംഘനം ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ശേഷവും എത്രയോ പരാതികള്‍, പരിദേവനങ്ങള്‍, പരിഭവങ്ങള്‍! നിയമലംഘനങ്ങള്‍ നിയമം പോലാകുന്ന കാലത്തേതുപോലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. ജയിക്കാനായി എന്തും പറയും. എന്തും എഴുതും എന്ന മട്ടില്‍ കാര്യങ്ങള്‍ മുന്നേറുകയാണ്. പക്ഷേ നമ്മള്‍ രാഷ്ട്രീയത്തിന്റെ പുസ്തകങ്ങളെയും അവയുടെ രചയിതാക്കളെയും നിര്‍ദ്ദേശങ്ങളെയും വരികള്‍ക്കിടയില്‍ വായിച്ചെടുക്കുന്നുണ്ടായിരുന്നു. എഴുതാതെ പോയതും പറയാതെ പോയതുമെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു. ഇതൊക്കെ തന്നെയാണോ നിങ്ങള്‍ ഉദ്ദേശിച്ചത്, ചെയ്തത് എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
അച്ചടി മഷി പുരണ്ട താളുകള്‍ മറിച്ച് മറിച്ച് വായിക്കുന്ന പുസ്തക സങ്കല്‍പ്പത്തിനുമപ്പുറത്തേക്ക് ജീവിത പരിസരങ്ങളുടെ നാനാര്‍ത്ഥങ്ങളെ വായിച്ചെടുക്കാന്‍, വിമര്‍ശന ബുദ്ധ്യാ അവയെ മനസ്സിലാക്കാന്‍ പുസ്തകങ്ങളുടെ ആധുനികാനന്തര കാലത്തിന്റെ രൂപഭാവമാറ്റങ്ങളെ തിരിച്ചറിഞ്ഞ് സമീപിക്കാന്‍ നമ്മള്‍ എപ്പോഴെ പ്രാപ്തരായിരിക്കുന്നു. ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ട്വിറ്ററും, യൂ ട്യൂബും തുടങ്ങി നവീന സാങ്കേതിക വിദ്യയുടെ അക്ഷരക്കൂട്ടുകള്‍ വിവേചന ബുദ്ധിയോടെ നോക്കി കാണാന്‍ പ്രാപ്തിയുള്ളവരായി മലയാളികള്‍ മാറുന്നുണ്ട്. ഇതേ മലയാളികളെ പറ്റിക്കാന്‍ ഇതേ സാങ്കേതിക വിദ്യതന്നെ പ്രയോഗിക്കുന്ന വിരുതന്മാരുമുണ്ട്. വാര്‍ത്തയെ അല്ലാതായി മാറുന്ന സാമ്പത്തിക തട്ടിപ്പുകളും വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സൂത്രപണികളും മലയാളിയെ വീഴ്ത്തുന്നതും അതുകൊണ്ടാണല്ലോ. എന്നിട്ടും നമ്മള്‍ വിവേകശ്യൂന്യരാണെന്ന് ആരും കരുതുന്നില്ല. ചില ജാഗ്രത കുറവുകള്‍ ഉണ്ടായെന്ന് മാത്രം. അറിവുണ്ടായിട്ടും കരുതല്‍ ഉണ്ടായിട്ടും കുടുക്കില്‍ കുരുങ്ങാന്‍ പ്രയാസമേതുമുണ്ടായില്ലയെന്നുസാരം!
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് നവീന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരുടെ സ്മാര്‍ട്ട് ഫോണുകളിലേക്ക് ഇരമ്പിയെത്തിയ വാര്‍ത്തകളും ചിത്രങ്ങളും അവരുടെ അബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ടാകും. അതാണ് യാഥാര്‍ത്ഥ്യമെന്ന് മനസ്സ് സ്വയം പറഞ്ഞിട്ടുണ്ടാകും. ബോധമനസ്സ് എത്രകിണഞ്ഞ് ശ്രമിച്ചിട്ടും അതിനെ അതിജീവിക്കാന്‍ പാടുപെട്ടിട്ടുണ്ടാകും. ഈ മനഃശാസ്ത്രം തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നതും വിജയം തീരുമാനിക്കുന്നതും. പറഞ്ഞ് ഉണ്ടാക്കുന്ന സത്യത്തിന്റെ വാഹകരായി നമ്മള്‍ അറിയാതെ നമ്മുടെ മനസ്സ് മാറുന്നു. ഇതൊക്കെയാണ് സത്യാനന്തര കാലത്തിന്റെ പ്രചാരണ തന്ത്രങ്ങള്‍. അവര്‍ ചുട്ടെടുത്ത അപ്പത്തിന്റെ പൊട്ടും പൊടിയും ഭുജിക്കാന്‍ മനസ്സ് തയ്യാറാക്കപ്പെടുന്നു. ആവര്‍ത്തിക്കപ്പെടുന്ന നുണകള്‍ ഏതോ ഒരു തലത്തില്‍ മനസ്സില്‍ സത്യമായി മാറുന്നു. നമ്മുടെ മറവികള്‍ പലരുടെയും നുണപ്രചരണങ്ങള്‍ക്ക് സത്യത്തിന്റെ പരിവേഷം നല്‍കുന്നു. സിനിമ കഥയില്‍ നുണപറയുന്ന കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ? അവിടെ ബിരിയാണി വിളമ്പുന്നുണ്ടെന്ന് അയാള്‍ തമാശ പറയുകയാണ്. ആള്‍ക്കുട്ടം അത് കേട്ട് അങ്ങോട്ട് പായുന്നു. ആളുകളുടെ ഓട്ടവും ആവേശവും കണ്ട് അയാളും അവരുടെ പിന്നാലെ കൂടുന്നു. പിന്നീടാണ് ട്രോളുകള്‍ക്ക് പ്രിയങ്കരമായ ആത്മഗതം ആയാളില്‍ നിന്ന് ഉയരുന്നത് . എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? ! താന്‍ പറഞ്ഞ നുണയില്‍ താന്‍ തന്നെ കുരുങ്ങിപോകുന്ന ഈ കഥാപാത്രം പോലെയാണ് നവീന മാധ്യമ ലോകത്ത് കഥകള്‍ പ്രചരിപ്പിക്കുന്നവരുടെയും രീതികള്‍. ആവര്‍ത്തിക്കപ്പെടുന്ന കാര്യങ്ങള്‍ ഒരു തവണയെങ്കിലും കേള്‍ക്കുന്നയാളിന്റെ മനസ്സില്‍ സംശയത്തിന്റെ ആനുകൂല്യത്തിന് ഇടവരുത്തുമെന്ന് ഈ പഴയ തന്ത്രം തന്നെയാണ് എല്ലാ പരിശീലന മുറകളുടെയും അടിസ്ഥാന സൂത്രവാക്യം.
കര്‍ഷക പ്രശ്‌നങ്ങളോ, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന യജ്ഞമോ തൊഴില്‍ ലഭ്യതയോ, പാര്‍പ്പിട സൗകര്യമൊരുക്കലോ, വേണ്ടത്ര ചര്‍ച്ചചെയ്യപ്പെടാതെ പോകുമ്പോഴും വളരെ കൃത്യതയോടെ ജനങ്ങളുടെ കൈകള്‍ നവീന സാങ്കേതിക വിദ്യ എത്തിക്കാനുള്ള തന്ത്രങ്ങള്‍ ഈ നാടിന്റെ ഭരണസംവിധാനങ്ങള്‍ ഒരുക്കിയിരുന്നല്ലോ. സാങ്കേതിക വിദ്യയുടെ ഭാഗമാകാന്‍ ആവശ്യമായ സിം കാര്‍ഡ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ നിങ്ങളുടെ കൈവശം ഇല്ലെങ്കില്‍ പൗരസമൂഹത്തിന് ലഭ്യമാകേണ്ട കാര്യങ്ങള്‍ പലതും നിങ്ങള്‍ക്ക് കിട്ടാതെ വരും. 130 കോടിക്കടുത്ത് ജനസംഖ്യയുള്ള ഇന്ത്യയില്‍ 100 കോടി സിം കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് അറിയണം. 70 കോടിയിലധികം മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ ഇവിടെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റ് സൗകര്യമുള്ളവയാണ് ഈ ഹാന്‍ഡ് സെറ്റുകള്‍ 90 ശതമാനവും. ഇത് അല്പം പഴയ കണക്കാണ്. ഏറ്റവും പുതിയ കണക്കെടുപ്പില്‍ ശരവേഗത്തിലാണ് കണക്കുകള്‍ കുതിക്കുന്നത്. നിങ്ങളുടെ ഏത് അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റാന്‍ ഇന്റര്‍നെറ്റ് സൗകര്യം അനിവാര്യമാകുന്ന കാലത്ത് ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടില്ലെങ്കിലും ആവശ്യമില്ലാത്തവയും അനാവശ്യമായവയും കൃത്യമായി നിങ്ങളുടെ കൈകളില്‍ എത്തും. മനസ്സില്‍ പ്രവേശിക്കും. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റര്‍ഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാളാറ്റ് ഫോമുകളും ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ ഇഷ്ടപ്പെട്ടാലുമെങ്കിലും അംഗത്വമെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന കാലമെന്ന് നമ്മുടെ കാലം വിളിക്കപ്പെടും. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവയുടെ ഉപഭോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ 27 കോടിയാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലങ്ങളുടെ ഗതിമാറ്റുന്നതില്‍ ഈ പ്ലാറ്റ് ഫോമുകള്‍ക്കുള്ള പ്രസക്തിയും സാംഗത്യവും ആദ്യം തിരിച്ചറിഞ്ഞതുകൊണ്ട് കൂടിയാണ് ബിജെപി അതിനെ നിസ്സാരമായി കണക്കാക്കാത്തത്. ഇപ്പോള്‍ മറ്റ് എല്ലാ പാര്‍ട്ടികളും ഇത് നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട്. മാധ്യമ സെല്‍ രൂപപ്പെടുത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഫഌറ്റ് ഫോമിനായി 5000 കോടി രൂപയിലധികം വരുന്ന തുക പാര്‍ട്ടിബജറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ട് പ്രമുഖ രാഷ്ട്രിയ പാര്‍ട്ടികള്‍. ഇത് നമ്മുടെ വായനയെ അഭിപ്രായ രൂപീകരണത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കുമെന്ന് പ്രവചിക്കാന്‍ വയ്യാതാക്കുന്നു. പരഞ്ചോയ് ഗുഹാ ഠാക്കൂറിനെയും സ്വാതി ചതുര്‍വേദിയെയും പോലുള്ള നിര്‍ഭയരായ മാധ്യപ്രവര്‍ത്തകര്‍ പുതിയ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ജനാധിപത്യ സംസ്‌ക്കാരത്തെ അട്ടിമറിക്കുന്നതെങ്ങനെയെന്ന് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. നേരെ തിരിച്ച് വകതിരിവുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രാഷ്ട്രീയ പ്രവര്‍ത്തകരെയും പാര്‍ട്ടികളെയും എങ്ങനെയെല്ലാം കുരിക്കിലാക്കുമെന്ന് അവര്‍ പറയുന്നുണ്ട്. ‘വിവേകശാലിയായ വായനക്കാരാ’, എന്ന പേരില്‍ കെ.പി. അപ്പന്‍ മാഷിന്റെ ഒരു പുസ്തകമുണ്ട്. ആ പുസ്തക തലക്കെട്ടിനെ ഓര്‍മ്മിപ്പിക്കും വിധത്തില്‍ പുതിയ കാല സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ മാറുകതന്നെ വേണം. കാരണം വായന നിഷ്‌കളങ്കതയുടെ ആഘോഷമല്ലാതായിരിക്കുന്നു. വായന നമ്മളെ നിര്‍മ്മിക്കുന്ന കാലത്ത്, വായനക്കാരുടെയും മീതെ വിവേകശാലിയായ വായനക്കാരി ഉദിക്കുന്ന കാലത്തെ ജാഗ്രതയാകുക നമ്മള്‍.


Related Articles

ചരിത്രപുരുഷനായ പത്രാധിപര്‍ പി. സി വര്‍ക്കി

ഇന്ത്യയിലെ പത്രപ്രവര്‍ത്തനരംഗത്ത് അന്‍പതിലധികം വര്‍ഷം പത്രാധിപരായിരുന്ന എത്രപേര്‍ ഉണ്ടെന്ന സ്വന്തം ചോദ്യത്തിന് ഇതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. എന്റെ അന്വേഷണം തുടരുന്നുണ്ട്. സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി. വര്‍ക്കി മാത്രമാണ്

ഒന്നും മന:പൂര്‍വമായിരുന്നില്ലേയ്‌!

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്ന്‌ മഹാകാവ്യം. ഇതുപോലെ മഹത്തായ കാവ്യപാരമ്പര്യത്തില്‍ നിന്നുമെന്നപോലെ നാട്ടില്‍ പലതും നടക്കുമ്പോള്‍ നാട്ടുകാര്‍ക്ക്‌ ദു:ഖിക്കാനും ദു:ഖനിവാരണത്തിനുമായി, ബുദ്ധന്‍ നിര്‍ദേശിച്ചതുപോലെ സത്‌ചിന്തകളില്‍ അഭയം പ്രാപിക്കാനേ

നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.

കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*